This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോസെറ്റിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോസെറ്റിസം

Docetism

മനുഷ്യനായി ജീവിച്ച കാലത്ത് ക്രിസ്തുവിനുണ്ടായിരുന്ന ശരീരം യാഥാര്‍ഥ്യമല്ലെന്നും വെറുമൊരു തോന്നല്‍ ആയിരുന്നുവെന്നും പഠിപ്പിച്ച സിദ്ധാന്തം. 'യഥാര്‍ഥത്തില്‍ നിലവിലില്ലാത്ത ഒരു സംഗതി ഉണ്ടെന്നു തോന്നിക്കുന്ന' എന്നര്‍ഥമുള്ള 'ഡോക്കീസിസ്' (dokesis) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് 'ഡോസെറ്റിസം' (docetism) എന്ന ഇംഗ്ലീഷ് പദം ഉദ്ഭവിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഡോസെറ്റിക് സിദ്ധാന്തമനുസരിച്ച് ക്രിസ്തു ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു ഭൌതികശരീരം ഉണ്ടായിരുന്നില്ല. അക്കാലത്ത് ക്രിസ്തുവിന് ശാരീരികമായ ബാഹ്യ പ്രത്യക്ഷീകരണം (bodily appearance) മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

ഉദ്ഭവവും വളര്‍ച്ചയും. ഒരു സിദ്ധാന്തമെന്ന നിലയില്‍ ഡോസെറ്റിസത്തിന്റെ ആരംഭം എപ്പോഴാണെന്നു നിര്‍ണയിക്കുക എളുപ്പമല്ല. ലൗകികമായ ഏതൊരു വസ്തുവിനെയും തിന്മയായി കാണണം എന്നൊരു ചിന്താഗതി 1-ാം ശ.-ത്തിലെ യാഥാസ്ഥിതികരായ ചില ക്രൈസ്തവര്‍ക്കുണ്ടായിരുന്നു. ക്രിസ്തുവിന് ലൌകികമായ-അതായത് തിന്മയായ-ഒരു ശരീരമുണ്ടായിരുന്നുവെന്നു വിശ്വസിക്കുന്നത് ക്രിസ്തുവിന്റെ ദൈവികസ്വഭാവത്തിനു ചേര്‍ന്നതല്ല എന്ന ഇവരുടെ ചിന്തയാകാം ഡോസെറ്റിസത്തിന്റെ ആവിര്‍ഭാവത്തിനു കാരണമായത്. ക്രിസ്തു അനുഭവിച്ച ചില ശാരീരിക അവശതകള്‍-ദാഹം, വിശപ്പ്, പീഡനങ്ങള്‍, നിന്ദ്യമായ കുരിശുമരണം മുതലായവ-ദൈവികസ്വഭാവത്തിനു ചേര്‍ന്നതല്ല എന്നു വിശ്വസിച്ചവരാകാം ഡോസെറ്റിസത്തിന്റെ ഉപജ്ഞാതാക്കള്‍ എന്നും പറയപ്പെടുന്നുണ്ട്.

ഡോസെറ്റിക് ചിന്താഗതി അപ്പോസ്തലിക കാലത്തുതന്നെ നിലവില്‍ വന്നിരുന്നുവെന്നതിന്റെ സൂചന ബൈബിളിലെ പുതിയ നിയമത്തില്‍ കാണാം. യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തില്‍ ഇപ്രകാരം കാണുന്നു. "ഈശോമിശിഹാ വന്നത് മനുഷ്യശരീരത്തോടു കൂടിയാണ് എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവികമാണ്. ഈശോയെ ഏറ്റുപറയാത്ത ആത്മാവു ദൈവികമല്ല (യോഹന്നാന്റെ ഒന്നാം ലേഖനം, നാലാം അധ്യായം, രണ്ടും മൂന്നും വാക്യങ്ങള്‍). അതായത് യോഹന്നാന്‍ ഒന്നാം ലേഖനം എഴുതിയ കാലത്തുതന്നെ ക്രിസ്തുവിനു ശരീരമില്ലായിരുന്നു എന്ന ചിന്ത ഉടലെടുത്തു കഴിഞ്ഞു. ആ ചിന്താഗതിയെ യോഹന്നാന്‍ അപലപിക്കുകയും ചെയ്തു. യോഹന്നാന്‍ എഴുതിയ രണ്ടാം ലേഖനത്തില്‍ ഇതുപോലെ മറ്റൊരു പരാമര്‍ശമുണ്ട്. "എന്തെന്നാല്‍, അനേകം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഈശോമിശിഹാ മനുഷ്യശരീരത്തോടെ വന്നു എന്ന് അവര്‍ ഏറ്റുപറയുന്നില്ല (യോഹന്നാന്റെ രണ്ടാം ലേഖനം, ഏഴാം വാക്യം). അലക്സാന്‍ഡ്രിയയിലെ ക്ളെമന്റ് എന്ന വേദശാസ്ത്രപണ്ഡിതന്റെ അഭിപ്രായമനുസരിച്ച് ഡോസെറ്റിക് ചിന്താഗതിയുടെ ഉപജ്ഞാതാവ് ജൂലിയസ് കാസിനായുസ് (Julius Cassinaus) എന്ന വ്യക്തിയാണ്. യേശു യഥാര്‍ഥ ദൈവമാണെന്നു ചിന്തിച്ച ചില ആദ്യകാല ക്രൈസ്തവ പണ്ഡിതന്മാര്‍ ക്രിസ്തുവിന്റെ മനുഷ്യസ്വഭാവത്തോടുകൂടിയ ജനനം, മരണം എന്നീ പ്രതിഭാസങ്ങള്‍ അസംഭവ്യമാണെന്നും അയഥാര്‍ഥമാണെന്നും വിശ്വസിച്ചു.

ഡോസെറ്റിസത്തിന് ഒരു തത്ത്വസംഹിതയുടെ പരിവേഷം ഉണ്ടായിരുന്നില്ല. രക്ഷാകര പ്രക്രിയയില്‍ ക്രിസ്തുവിന്റെ പീഡനവും മരണവും വഹിച്ച പങ്കിനെ അവര്‍ നിഷേധിച്ചിരുന്നുവെന്നു മാത്രം. രക്ഷാകര പ്രവര്‍ത്തനത്തിലെ ക്രിസ്തു പീഡനത്തിനു വിധേയനായിരുന്നില്ല. ക്രിസ്തു അനുഭവിച്ചതായി പറയപ്പെടുന്ന ജനനം, പീഡനങ്ങള്‍, മരണം എന്നിവ യഥാര്‍ഥമായിരുന്നില്ല, പ്രത്യുത തോന്നല്‍ മാത്രമായിരുന്നു. എന്നാല്‍, ക്രിസ്തുവിന്റെ മനുഷ്യജനനം ഒരു യാഥാര്‍ഥ്യമായിരുന്നുവെന്ന് ചില ഡോസെറ്റിസ്റ്റുകള്‍ അംഗീകരിച്ചു. അനശ്വരനായ ക്രിസ്തു മനുഷ്യനായി ജനിച്ചുവെങ്കിലും കുരിശാരോഹണത്തിനു മുന്‍പ് ശരീരത്തെ ഉപേക്ഷിച്ചുവെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. ക്രിസ്തു നശ്വരമായ പഴന്തുണിയെ ഉരിഞ്ഞുകളയുകയും അനശ്വരമായതിനെ ധരിക്കുകയും ചെയ്തുവെന്ന് സത്യത്തിന്റെ സുവിശേഷം (Gospel of Truth) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നോസ്റ്റിക് പ്രസ്ഥാനവും ഡോസെറ്റിസവും. രണ്ടാം ശ.-ത്തില്‍ രൂപംകൊണ്ട നോസ്റ്റിക് പ്രസ്ഥാനം (Gno-seoesm) ഡോസെറ്റിസത്തിന്റെ പ്രചാരത്തെ സഹായിച്ചു. "ശരീരം തിന്മയാണ്.... ശരീരമുള്ളതു കാരണം ഉളവാകുന്ന തിന്മകളെ ഒഴിവാക്കുന്നതിലാണ് നിത്യരക്ഷ അടങ്ങിയിരിക്കുന്നത് - ഇതായിരുന്നു നോസ്റ്റിക് ചിന്താഗതിയുടെ സാരാംശം. ശരീരത്തെ തിന്മയായി വിശേഷിപ്പിച്ച നോസ്റ്റിക് പ്രസ്ഥാനക്കാരും വിശ്വസിച്ചത് ക്രിസ്തുവിനു ശരീരമില്ലായിരുന്നു എന്നാണ്. അവരുടെ അഭിപ്രായത്തില്‍ ക്രിസ്തുവിന് ശാരീരികമായ ഒരു പ്രത്യക്ഷീകരണം (appearancce) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസിലിദെസ് (Basilides) എന്ന നോസ്റ്റിക് ചിന്തകന്‍ അഭിപ്രായപ്പെട്ടു. "ക്രൂശാരോഹണത്തിനു വിധേയമായിത്തീര്‍ന്നത് ക്രിസ്തുവിന്റെ ശരീരമല്ല, പ്രത്യുത ഒരു അദ്ഭുതം വഴി സൈറീന്‍കാരനായ ശെമയോന്റെ ശരീരമായിരുന്നു...... ക്രിസ്തുവാകട്ടെ, യാതൊരുവിധ പീഡനവും ഏല്ക്കാതെ സ്വര്‍ഗത്തിലേക്കു തിരിച്ചുപോവുകയാണുണ്ടായത്. വാലെന്റീനിയന്‍ എന്ന നോസ്റ്റിക് ചിന്തകന്‍ അഭിപ്രായപ്പെട്ടത് മറ്റൊരു വിധത്തിലാണ്: "ഒരു ചാലില്‍ക്കൂടി വെള്ളം ഒഴുകിപ്പോകുന്നതുപോലെ മറിയത്തില്‍ക്കൂടി ക്രിസ്തു കടന്നുപോയി; അതിനാല്‍ ക്രിസ്തുവിന് പ്രത്യേകമായി ഒരു ശരീരം വേണ്ടിവന്നില്ല. നോസ്റ്റിക് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടൊപ്പം ഡോസെറ്റിസ്റ്റ് സിദ്ധാന്തവും വളര്‍ച്ച കൈവരിച്ചു.

ഡോസെറ്റിസ്റ്റ് ചിന്തകര്‍ എല്ലാവരും ഒരേ രീതിയിലുള്ള ആശയമല്ല പുലര്‍ത്തിയത്. ക്രിസ്തു ആത്മാവു മാത്രമായിരുന്നുവെന്ന് ചിലര്‍ ദൃഢമായി വിശ്വസിച്ചു. മറ്റു ചിലരുടെ അഭിപ്രായത്തില്‍ ക്രിസ്തുവിന് ആത്മാവും പ്രാണനും ഉണ്ടായിരുന്നു, എന്നാല്‍ മാംസളമായ ശരീരം ഉണ്ടായിരുന്നില്ല. ക്രിസ്തു പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നൊരു വിശ്വാസവും 2-ാം ശ.-ത്തില്‍ പ്രചരിച്ചു. ഓരോ വ്യക്തിയും ക്രിസ്തുവിനെ ഏതു വിധത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ശ്രമിച്ചുവോ ആ വിധത്തിലാണ് അയാള്‍ക്ക് ക്രിസ്തു പ്രത്യക്ഷപ്പെട്ടിരുന്നത്. ഉദാഹരണമായി, ക്രിസ്തുവിനെ ഒരു നേതാവായി കാണാനാഗ്രഹിച്ചവര്‍ക്ക് ക്രിസ്തു പ്രത്യക്ഷപ്പെട്ടത് ഒരു നേതാവായിത്തന്നെയാണ്. ക്രിസ്തുവിനെ ഒരു പ്രവാചകനായി കാണാന്‍ ഇച്ഛിച്ചിരുന്നവര്‍ക്ക് ഒരു പ്രവാചകനെന്നവണ്ണം തന്നെ ക്രിസ്തു പ്രത്യക്ഷപ്പെട്ടു. ഈ ചിന്താഗതിയനുസരിച്ച് ക്രിസ്തുവിന്റെ ശരീരം സാധാരണ മനുഷ്യരുടെ ശരീരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഈ ആശയമാണ് ക്രിസ്തുവിന്റെ ശരീരം ഒരു മിഥ്യയായിരുന്നുവെന്ന വിശ്വാസത്തിന് അവലംബം. 'ശാരീരികം അല്ലാത്ത ഒരു ശരീരം' (Non bodily body) ആണ് ക്രിസ്തുവായി പ്രത്യക്ഷപ്പെട്ടതെന്നും യാഥാര്‍ഥ ക്രിസ്തു അദൃശ്യമായ ആത്മാവു മാത്രമാണെന്നും വിശ്വസിക്കപ്പെട്ടു.

ഡോസെറ്റിസ്റ്റുകള്‍ ക്രിസ്ത്യാനികളാണെങ്കിലും അവരുടെ ചിന്താഗതി "ദൈവശാസ്ത്രപരമായ പ്രമാദം (Theological error) ആണെന്നാണ് ആരംഭം മുതലേ ക്രൈസ്തവസഭയുടെ നിലപാട്. ക്രിസ്തുവിനു ശരീരമില്ല എന്ന ചിന്താഗതിയെ അപ്പോസ്തലനായ യോഹന്നാന്‍ അതിശക്തമായ ഭാഷയില്‍ അപലപിച്ചു. രണ്ടാം ശ.-ത്തിന്റെ ആരംഭത്തില്‍ അന്ത്യോക്യയിലെ ബിഷപ്പായിരുന്ന ഇഗ്നേഷ്യസ് എന്ന വേദശാസ്ത്രപണ്ഡിതന്‍ ഡോസെറ്റിസത്തോട് അനുരജ്ഞനമില്ലാത്തവിധം കടുത്ത നിലപാട് പുലര്‍ത്തി. ക്രിസ്തുവിന്റെ ശരീരം എന്ന യാഥാര്‍ഥ്യത്തെ നിഷേധിക്കുന്നവര്‍ ക്രിസ്തുമതത്തേയും ക്രിസ്തീയ ജീവിതക്രമത്തേയും തകര്‍ക്കുന്നുവെന്ന് ഇഗ്നേഷ്യസ് അഭിപ്രായപ്പെട്ടു. അലക്സാന്‍ഡ്രിയയിലെ ക്ലെമന്റ്, ഓറിജന്‍, പോളികാര്‍പ്പ്, ഇറേനാക്രുസ്, സെറാപിയോന്‍, തെര്‍ത്തുല്യന്‍ തുടങ്ങിയ വേദശാസ്ത്രപണ്ഡിതന്മാര്‍ ഡോസെറ്റിസത്തെ നിശിതമായി എതിത്തു. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിഖ്യാ എന്ന സ്ഥലത്തു വിളിച്ചു കൂട്ടിയ സൂനഹദോസ് "ദൈവപുത്രനായ ക്രിസ്തു മനുഷ്യശരീരത്തോടുകൂടിയാണു ജനിച്ചത്”എന്നു പ്രഖ്യാപിച്ചു. അതോടുകൂടി ഡോസെറ്റിസത്തെ ഒരു പാഷണ്ഡ പ്രസ്ഥാനം (Heretic movement) ആയി ക്രൈസ്തവര്‍ കരുതി. ഡോസെറ്റിസ്റ്റ് ചിന്താഗതി പുലര്‍ത്തിയാല്‍ ക്രൈസ്തവസഭയില്‍നിന്ന് ബഹിഷ്കരിക്കപ്പെടും എന്ന ധാരണ വന്നതോടുകൂടി സ്വാഭാവികമായും ഡോസെറ്റിസത്തിന്റെ ശക്തി ക്ഷയിക്കുകയും ക്രമേണ നാമാവശേഷമാവുകയും ചെയ്തു. എങ്കിലും, പില്ക്കാലത്തും ഡോസെറ്റിസം ക്രൈസ്തവ വേദശാസ്ത്ര പണ്ഡിതന്മാരെ സ്വാധീനിച്ചിരുന്നതായി കാണാം. പരിശുദ്ധ ത്രീത്വത്തിലെ ദ്വിതീയനായ ക്രിസ്തു മനുഷ്യനായി ലോകത്തു ജീവിച്ച കാലത്ത് പൂര്‍ണമായും മനുഷ്യസ്വഭാവം കൈവരിച്ചിരുന്നു എന്ന ചിന്താഗതിയോടു യോജിക്കാത്തവര്‍ തങ്ങളുടെ ആശയങ്ങളെ സാധൂകരിക്കുവാന്‍ മുഖ്യമായും ആശ്രയിച്ചത് ഡോസെറ്റിസത്തെയാണ്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍