This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോവ്സ്, ചാള്‍സ് ഗേറ്റ്സ് (1865 - 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോവ്സ്, ചാള്‍സ് ഗേറ്റ്സ് (1865 - 1951)

Dawes,Charles Gates

മുന്‍ യു.എസ്. വൈസ് പ്രസിഡന്റ് (1925-29). ബാങ്കിങ്-വ്യവ സായ മേഖലകളില്‍ നൂതന സമാരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ഇദ്ദേഹം നയതന്ത്രജ്ഞനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1925-ല്‍ ഇദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത ജനറല്‍ റൂഫസ് ഡോവ്സിന്റേയും മേരി ബീമാന്റേയും പുത്രനായി ഡോവ്സ് 1865 ആഗ. 27-ന് ഒഹിയോവില്‍ ജനിച്ചു. സിന്‍സിനാറ്റി ലോ സ്കൂളില്‍ നിന്ന് നിയമബിരുദമെടുത്ത ശേഷം 1887 മുതല്‍ 94 വരെ നെബ്രാസ്കയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം തുടര്‍ന്ന് വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും വിപുലമായ ബിസിനസ്സ് ശൃംഖലയുടെ ഉടമയാവുകയും ചെയ്തു.

1896-ല്‍ വില്യം മക്കന്‍ലി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോള്‍ ഇല്ലിനോയിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കിക്കൊണ്ടായിരുന്നു ഡോവ്സ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. വില്യം മക്കന്‍ലിയുടെ തെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് ഡോവ്സ് കംപ്ട്രോളര്‍ ഒഫ് കറന്‍സി ആയി നിയമിക്കപ്പെട്ടു. 1905-ല്‍ ഡോവ്സ് ഈ പദവിയില്‍ നിന്നു രാജിവച്ചതിനുശേഷം സെനറ്റിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് കുറച്ചുകാലം ഇദ്ദേഹം ബാങ്കിങ് മേഖലയില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.

ഒന്നാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ എക്സ്പെഡീഷനറി ഫോഴ്സിന്റെ മുഖ്യ പര്‍ച്ചേസിങ് ഏജന്റായി നിയമിതനായ ഡോവ്സ്, യുദ്ധ സാമഗ്രികള്‍ സേനയ്ക്കു ലഭ്യമാക്കുന്നതില്‍ പ്രത്യേക കാര്യക്ഷമത പ്രകടിപ്പിച്ചു. യുദ്ധം അവസാനിക്കുമ്പോള്‍ ഇദ്ദേഹം ബ്രിഗേഡിയര്‍ ജനറലായിരുന്നു. 1921-ല്‍ പ്രസിഡന്റ് ഹാര്‍ഡിങ്, ഡോവ്സിനെ 'ബ്യൂറോ ഒഫ് ബജറ്റി'ന്റെ ആദ്യത്തെ ഡയറക്ടറായി നിയമിച്ചു.

ഒന്നാം ലോകയുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനി നഷ്ടപരിഹാരത്തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയപ്പോള്‍ ആ തുക പുതുക്കി നിശ്ചയിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട കമ്മിഷന്റെ ചെയര്‍മാനായി 1923-ല്‍ ഡോവ്സ് നിയമിതനായി. ചെയര്‍മാന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം ഇദ്ദേഹം അനുഷ്ഠിച്ചു; യുദ്ധം മൂലം താറുമാറായ ജര്‍മന്‍ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന് മാര്‍ഗങ്ങള്‍ സ്വീകരിച്ച ഇദ്ദേഹം ന്യായപൂര്‍വമായ ഒരു ജര്‍മന്‍ നഷ്ടപരിഹാര പദ്ധതിക്കും രൂപം നല്കി. 'ഡോവ്സ് പദ്ധതി' എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 1925-ലെ നോബല്‍ സമാധാന സമ്മാനം ഇദ്ദേഹത്തിന് ആസ്റ്റണ്‍ ചേംബര്‍ലെയിനുമായി പങ്കിടുവാന്‍ സാധിച്ചു.

1924-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോവ്സ് യു.എസ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു (1924-29). 1929-ല്‍ ബ്രിട്ടനിലെ യു.എസ്. അംബാസഡറായി നിയുക്തനായ ഇദ്ദേഹം 1932-ല്‍ റീ കണ്‍സ്ട്രക്ഷന്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ പദവി സ്വീകരിച്ചു. 1932 ജൂണില്‍ കോര്‍പ്പറേഷനില്‍ നിന്നു രാജിവച്ച് സ്വന്തം ബിസിനസ്സ് കാര്യത്തില്‍ വ്യാപൃതനായിക്കഴിഞ്ഞ ഇദ്ദേഹം 1951 ഏ. 23-ന് ഇല്ലിനോയിയിലെ ഇവാന്‍സ്റ്റണില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍