This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോള്‍ബി ശബ്ദാലേഖനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോള്‍ബി ശബ്ദാലേഖനം

Dolby sound recording

ഡോള്‍ബി പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്ത ശബ്ദാലേഖന സാങ്കേതികവിദ്യ. ചലച്ചിത്രരംഗത്തുപയോഗിക്കുന്ന ഡോള്‍ബി സ്റ്റീരിയൊ, ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി ഡിജിറ്റല്‍ സറൌണ്ട് ഇഎക്സ്, ഹോം തിയെറ്റര്‍ രംഗത്ത് പ്രചരിപ്പിച്ചിട്ടുള്ള ഡോള്‍ബി സറൗണ്ട്, ഡോള്‍ബി സറൗണ്ട് പ്രൊലോജിക് എന്നിവ ഈയിനത്തില്‍പ്പെട്ട സാങ്കേതിക സംവിധാനങ്ങളാണ്. ആലേഖനം ചെയ്ത ശബ്ദം പുനഃപ്രേഷണം ചെയ്യുമ്പോള്‍ (പ്ളേബാക്ക്) മെച്ചപ്പെട്ട ഗുണമേന്മ ലഭ്യമാക്കുന്നതോടൊപ്പം ശ്രോതാവിന് നവ്യമായൊരു ശ്രവ്യാനുഭൂതി പ്രദാനം ചെയ്യാനും ഡോള്‍ബി സംവിധാനം ഉപകരിക്കുന്നു. സ്ക്രീനില്‍ ദൃശ്യമാകുന്ന കഥാപാത്രങ്ങളില്‍ ഏതു കഥാപാത്രമാണ് സംഭാഷണം നടത്തുന്നത്, താന്‍ കേള്‍ക്കുന്ന ഇതര ശബ്ദങ്ങള്‍ സ്ക്രീനിലെ ഏതേതിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത് തുടങ്ങിയ വിവരങ്ങള്‍ സൂക്ഷ്മമായി ഗ്രഹിക്കാന്‍ പ്രേക്ഷകനേയും ശ്രോതാവിനേയും ഡോള്‍ബി സംവിധാനം സഹായിക്കുന്നു. ഉദാഹരണമായി, തത്സമയത്ത് നേരില്‍ക്കാണുന്ന സംഭവങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ, അടുത്ത ദൃശ്യത്തില്‍ സ്ക്രീനിന്റെ ഇടതു വശത്തുനിന്ന് ഒരു വിമാനം പ്രത്യക്ഷപ്പെടുന്നുണ്ടെന്നു കരുതുക. പ്രസ്തുത വിമാനത്തിന്റെ ഇരമ്പല്‍ ശബ്ദം ക്രമേണ അടുത്തുവരുന്നതായ ഒരു പ്രതീതി പ്രഥമ ദൃശ്യം വീക്ഷിച്ചു കൊണ്ടിരിക്കേതന്നെ പ്രേക്ഷകനില്‍ സൃഷ്ടിക്കാന്‍ ഡോള്‍ബി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.

ചരിത്രം. ശബ്ദ സിനിമ പ്രചാരത്തില്‍വന്ന 1920-കളുടെ അവസാന കാലത്ത് പ്രകാശിക രീതിയിലാണ് ചലച്ചിത്ര ഫിലിമില്‍ ശബ്ദം ആലേഖനം ചെയ്തിരുന്നത്. അനലോഗ്, ഡിജിറ്റല്‍ രൂപത്തില്‍ ഇന്നും ഇവ ഉപയോഗപ്പെടുത്തുന്നുമുണ്ട്. താരതമ്യേന കുറഞ്ഞ ചെലവ്, സരളത, മികച്ച ഈടുറപ്പ് തുടങ്ങിയവയാണ് പ്രകാശിക ശബ്ദ ട്രാക്കുകളുടെ ഗുണമേന്മകള്‍. ഫിലിമില്‍ പ്രതി ബിംബങ്ങള്‍ ആലേഖനം ചെയ്യുന്ന സമയത്തുതന്നെ ശബ്ദ ട്രാക്കുകള്‍ ഫൊട്ടോഗ്രാഫിക് സംവിധാനത്തിലൂടെ ഫിലിമില്‍ പതിപ്പിക്കാനും കഴിഞ്ഞിരുന്നു.

ഏക ട്രാക്ക്, പ്രകാശിക, ശബ്ദാലേഖനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ശബ്ദതദ്രൂപത (sound fidelity) നല്കുന്ന കാന്തിക ആലേഖന രീതി 1950-കളോടെ നിലവില്‍വന്നു. ഇതോടെ ടേപ്പ്റെക്കോഡറുകളിലെപ്പോലെ ചലച്ചിത്ര ഫിലിമിലും കാന്തിക സ്റ്റീരിയോ ശബ്ദാലേഖന സൗകര്യം ലഭ്യമായി. സ്ക്രീനില്‍ കാണുന്ന ദൃശ്യത്തിന്റെ ഇടത്, മധ്യ, വലത് ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ സ്ക്രീനിന്റെ പുറകില്‍ യഥാക്രമം ഇടതും മധ്യത്തും വലതും ഭാഗങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെ പ്രേക്ഷകര്‍ക്ക് കേള്‍ക്കാനും കഴിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ ചടുലത നല്കാന്‍ ഈ സംവിധാനം ഉപകരിക്കുന്നു. പക്ഷേ, പ്രകാശിക രീതികളെ അപേക്ഷിച്ച് ചെലവേറിയവയാണ് കാന്തിക രീതികള്‍. മാത്രമല്ല ഏക ട്രാക്ക, പ്രകാശിക രീതിയില്‍ തയ്യാറാക്കപ്പെട്ട ഫിലിം പ്രിന്റുകള്‍ പ്രദര്‍ശിപ്പിക്കാവുന്ന പ്രൊജക്റ്ററുകളില്‍ കാന്തിക രീതിയില്‍ ശബ്ദാലേഖനം ചെയ്യപ്പെട്ട പ്രിന്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിനായി പ്രത്യേക ഉപകരണങ്ങള്‍തന്നെ തിയെറ്ററില്‍ ഉപയോഗിക്കേണ്ടിയിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയിരുന്ന ഭാരിച്ച ചെലവ് മറ്റൊരു അസൗകര്യമായിരുന്നു.

1970-കളില്‍ ആഗോള തലത്തില്‍ ചലച്ചിത്ര വ്യവസായ രംഗത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക സംവിധായകരും പ്രകാശിക രീതികളിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരായി. ബഹു-ട്രാക്ക് കാന്തിക സ്റ്റീരിയോഫോണിക് രീതികള്‍ ശബ്ദാലേഖനത്തിന് അപൂര്‍വമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

1980-കളുടെ മധ്യത്തില്‍ ഫിലിം വ്യവസായരംഗത്തെ സാമ്പത്തിക നില മെച്ചപ്പെട്ടതോടെ കാന്തിക രീതികള്‍ വീണ്ടും പ്രാബല്യത്തില്‍ വന്നുതുടങ്ങി. ഇക്കാലത്താണ് ഡോള്‍ബി പരീക്ഷണശാലക്കാര്‍ നൂതന ശബ്ദാലേഖന സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഈ രീതിയില്‍ ശബ്ദാലേഖനം ചെയ്ത ഫിലിം പ്രിന്റുകള്‍ പ്രകാശിക സംവിധാനം ഉപയോഗിക്കുന്ന പ്രൊജക്റ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്ന വസ്തുത ഡോള്‍ബി സംവിധാനത്തിന്റെ പ്രചാരത്തിന് വഴിയൊരുക്കി. ഡോള്‍ബി പ്രഭാവം ലഭിക്കാന്‍ ഇതര ഉപകരണങ്ങള്‍ തീര്‍ച്ചയായും സജ്ജീകരിക്കണം; സാധാരണ പ്രൊജക്റ്ററുകളിലൂടെ ഡോള്‍ബി പ്രിന്റുകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഡോള്‍ബി പ്രഭാവം പ്രേക്ഷകനു ലഭ്യമാകുന്നില്ലെന്ന കുറവു മാത്രമാണുള്ളത്.

ഡോള്‍ബി രീതികള്‍. ഡോള്‍ബി പരീക്ഷണശാലയില്‍ നിന്ന് ആദ്യമായി വിപണിയിലെത്തിയ ശബ്ദാലേഖന സംവിധാനമാണ് ഡോള്‍ബി സ്റ്റീരിയൊ. അനലോഗ് രീതിയില്‍ നാലു പ്രകാശിക ട്രാക്കുകളിലായി ഫിലിമില്‍ ശബ്ദവിവരം ആലേഖനം ചെയ്യുന്ന സംവിധാനമായിരുന്നു അത്. ഗാര്‍ഹികോപയോഗത്തിലുള്ള സ്റ്റീരിയൊ സംവിധാനത്തിലെപ്പോലെ സ്ക്രീനില്‍ കാണുന്ന ദൃശ്യത്തിലെ ഇടതും വലതും ഭാഗങ്ങളില്‍ നിന്നു വരേണ്ട ശബ്ദ വീചികളെ വ്യത്യസ്ത ട്രാക്കുകളിലായി ആലേഖനം ചെയ്യുന്നു. ദൃശ്യത്തിന്റെ മധ്യത്തില്‍നിന്നു ലഭിക്കേണ്ട ശബ്ദവീചികളെ മൂന്നാമതൊരു ട്രാക്കില്‍ ആലേഖനം ചെയ്യുമ്പോള്‍ ദൃശ്യത്തിലെ ഇതര ശബ്ദവീചികളേയും മറ്റേതെങ്കിലും തരത്തില്‍ ദൃശ്യത്തില്‍ നിന്നു ലഭിക്കേണ്ട പ്രത്യേക ശബ്ദാനുഭവങ്ങളെക്കുറിക്കുന്ന വീചികളേയും (special effect) നാലാമതൊരു ട്രാക്കിലും ആലേ ഖനം ചെയ്യുന്നു. മെച്ചപ്പെട്ട തദ്രൂപത, പുനഃപ്രേഷണ സൌകര്യം എന്നിവ ഡോള്‍ബി സ്റ്റീരിയൊയുടെ സവിശേഷതകളാണ്. ദൃശ്യ വിവരങ്ങള്‍ ഫിലിമില്‍ പകര്‍ത്തുന്നതിനോടൊപ്പം ശബ്ദവീചിക ളേയും ആലേഖനം ചെയ്യാമെന്നത് മറ്റൊരു ഗുണമേന്മയാണ്. തന്മൂലം ഏകവര്‍ണ (monochrome) പ്രിന്റുകള്‍ തയ്യാറാക്കുന്നത്ര ലാഘവത്തോടെ 4-ചാനല്‍ പ്രകാശിക ഡോള്‍ബി സ്റ്റീരിയൊ പ്രിന്റുകള്‍ നിര്‍മിക്കാം. ഇതര ശബ്ദാലേഖന സംവിധാനം ഉപ യോഗിച്ചു തയ്യാറാക്കപ്പെട്ട പ്രിന്റുകളെ ഡോള്‍ബി സ്റ്റീരിയൊ സംവി ധാനത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനും എളുപ്പമാണ്. ഇക്കാരണങ്ങളാല്‍ ഡോള്‍ബി സംവിധാനം വളരെ വേഗം സാര്‍വത്രിക അംഗീകാരം നേടി.

1986-ല്‍ ഡോള്‍ബി സ്പെക്ട്രല്‍ റെക്കോഡിങ് (ഡോള്‍ബി എസ്ആര്‍) രീതി പ്രാബല്യത്തില്‍ വന്നു. ഡോള്‍ബി സ്റ്റീരിയൊയെ അപേക്ഷിച്ച് കൂടിയ ശബ്ദ ആവൃത്തി പരിധിയും കുറഞ്ഞ ശബ്ദ വിരൂപണവും ഉള്ള ഡോള്‍ബി എസ്ആറില്‍ തീവ്രതയേറിയ ശബ്ദ തരംഗങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ആലേഖനം ചെയ്യാനും സൗകര്യമുണ്ട്.

ഡോള്‍ബി സ്റ്റീരിയൊയും ഡോള്‍ബി എസ്ആറും അനലോഗ് രീതിയിലാണ് ശബ്ദാലേഖനം പ്രാവര്‍ത്തികമാക്കുന്നത്. 1992-ല്‍ വികസിപ്പിച്ചെടുക്കപ്പെട്ട ഡോള്‍ബി ഡിജിറ്റല്‍ സംവിധാനത്തില്‍ ശബ്ദവിവരം ഫിലിമില്‍ ആലേഖനം ചെയ്തിരുന്നത് ഡിജിറ്റല്‍ രൂപത്തിലായിരുന്നു. 4-ചാനല്‍ അനലോഗ് ഡോള്‍ബി എസ്ആര്‍ രീതിയില്‍ ശബ്ദാലേഖനം ചെയ്യുന്നതിനു പുറമേ, ശബ്ദവിവരത്തെ 6-ചാനല്‍ പ്രകാശിക ഡിജിറ്റല്‍ ശബ്ദ ട്രാക്കുകളായി ഫിലിമില്‍ ചിട്ടപ്പെടുത്താന്‍ ഇത് അവസരമൊരുക്കി. ഫിലിമിലെ ദൃശ്യങ്ങ ളോടൊപ്പം പ്രസരണം ചെയ്യേണ്ട ശബ്ദവീചികളെ ഇടത്, മധ്യം, വലത്, ഇടംപക്കം, വലംപക്കം എന്നിങ്ങനെ അഞ്ചായി വര്‍ഗീകരി ക്കുന്നതു കൂടാതെ ദൃശ്യത്തിലെ മന്ദ (bass) ശബ്ദ വിവരങ്ങളെ മാത്രം ആറാമതൊരു ചാനലിലായി ക്രമീകരിക്കുകയാണ് ഇതിലെ പ്രത്യേകത. മികച്ച ഗതിക സവിശേഷത, ഉയര്‍ന്ന ശബ്ദ ആവൃ ത്തി പരാസം, നന്നേ കുറഞ്ഞ ശബ്ദ വിരൂപണം, കുറഞ്ഞ തേയ് മാന നിരക്ക് തുടങ്ങിയവ ഡോള്‍ബി ഡിജിറ്റലിന്റെ സ്വഭാവവിശേ ഷങ്ങളാണ്.

1999-ല്‍ ഡിജിറ്റല്‍ ഡോള്‍ബി സറൗണ്ട് ഇഎക്സ് സംവിധാനം നിലവില്‍ വന്നു. ഡോള്‍ബി ഡിജിറ്റല്‍ രീതിയില്‍ ഉള്ള രണ്ട് ശബ്ദ ചാനലുകള്‍ക്കു പുറമേ, മൂന്നാമതൊരു ശബ്ദ ചാനല്‍ കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചെടുത്തതാണ് ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് ഇഎക്സ്. സൂക്ഷ്മതയേറിയ ദിശാനിര്‍ണയം, മിഴിവുറ്റ യഥാതഥ സ്വഭാവം, തദ്രൂപത മുതലായവ ലഭ്യമാക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെട്ടു.

ഉപകരണ ക്രമീകരണം

ഡോള്‍ബി സ്റ്റീരിയൊ. ഡോള്‍ബി അനലോഗ് രീതിയില്‍ സ്ക്രീനിന്റെ പുറകില്‍ മധ്യത്തും ഇടതും വലതുമായി മൂന്ന് ഉച്ചഭാഷിണികള്‍ ഘടിപ്പിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ ഒരു സബ്വൂഫറും ഉപയോഗിക്കാറുണ്ട്. കൂടാതെ തിയെറ്ററിലെ ഭിത്തികളില്‍ പ്രേക്ഷകര്‍ക്കു ചുറ്റും ഇടം/വലം പക്കങ്ങളില്‍ നിന്നുള്ള ശബ്ദം പ്രസരണം ചെയ്യാനുള്ള ഉച്ചഭാഷിണികള്‍ ഘടിപ്പിക്കുന്നു.

ഡോള്‍ബി ഡിജിറ്റല്‍ രീതിയില്‍ സ്ക്രീനിന്റെ പുറകിലായി നാലു ഉച്ചഭാഷിണികളും (ഇടത്, വലത്, മധ്യം എന്നിവയ്ക്കു വേണ്ടി മൂന്നെണ്ണവും കുറഞ്ഞ ആവൃത്തി പ്രഭാവത്തിനു വേണ്ട നാലാമതൊരെണ്ണവും), പ്രേക്ഷകന്റെ ഇടതും വലതും ഉള്ള ഭിത്തികളിലായി ഇടം/വലം പക്കങ്ങളിലെ ശബ്ദപ്രസാരണത്തിനുള്ള ഉച്ചഭാഷിണികളും ഉറപ്പിക്കുന്നു.

ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് ഇഎക്സ്. ഇവിടെ ഡോള്‍ബി ഡിജിറ്റല്‍ സംവിധാനത്തിലെ ക്രമീകരണങ്ങള്‍ക്കു പുറമേ, തിയെറ്ററിലെ പ്രേക്ഷകനു പിന്നിലുള്ള ചുമരില്‍ മൂന്നാമത്തെ സറൌണ്ട് ശബ്ദവീചികള്‍ പ്രസരിപ്പിക്കാനുള്ള ഉച്ചഭാഷിണികള്‍ കൂടി ഘടിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍