This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോളി

Dolly

ആദ്യത്തെ ക്ലോണിങ് സസ്തനി. അലൈംഗിക പ്രത്യുത്പാദനത്തിലൂടെ രൂപംകൊണ്ട ചെമ്മരിയാട്ടിന്‍കുട്ടിയാണിത്. ജീവന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ പിറവി. 1996 ജൂല. അഞ്ചിനാണ് ഡോളി ജനിച്ചത്. സ്ക്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടി(എഡിന്‍ബറോ)ലെ ഇയാന്‍ വില്‍മുട്ടും (lan Wilmut) സഹപ്രവര്‍ത്തകരുമാണ് ഇതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത്. ഡോളി ജനിക്കുമ്പോള്‍ 6.6 കി.ഗ്രാം തൂക്കമുണ്ടായിരുന്നു. ഡോളിക്ക് പിതാവ് ഇല്ല, മാതാവ് മാത്രമേയുള്ളു.

ലൈംഗിക പ്രത്യുത്പാദനത്തില്‍ സ്ത്രീബീജമായ അണ്ഡവും പുരുഷ ബീജവും തമ്മില്‍ യോജിച്ച് സിക്താണ്ഡം (zygote) ഉണ്ടാവുന്നു. സിക്താണ്ഡകോശം വിഭജിച്ചാണ് മനുഷ്യനുള്‍പ്പെടെയുള്ള ഉയര്‍ന്ന ജീവികളെല്ലാം രൂപപ്പെടുന്നത്. ജീവികളുടെ കോശകേന്ദ്രത്തിലെ ക്രോമസോമില്‍ സ്ഥിതിചെയ്യുന്ന ജീനുകളാണ് എല്ലാ ജീവികളുടേയും സ്വഭാവങ്ങള്‍ നിയന്ത്രിക്കുന്നത്. ക്രോമസസംഖ്യ ഓരോ ജീവിയിലും നിശ്ചിതമായിരിക്കും. മനുഷ്യന് 46, തവളയ്ക്ക് 26, ചെമ്മരിയാടിന് 54. എല്ലാ ചെമ്മരിയാടുകളുടെ കോശകേന്ദ്രത്തിലും 27 ജോടി(രണ്ടുസെറ്റ്-2 n)കളായി 54 ക്രോമസോമുകളാണുള്ളത്.

ക്രോമസസംഖ്യാസ്ഥിരതയുടെ കാരണം ബീജരൂപീകരണ ത്തിനു മുമ്പു നടക്കുന്ന അസമവിഭജന(meiosis)മാണ്. ഇതിന്റെ ഫലമായി ബീജകോശങ്ങളായ അണ്ഡത്തിലും പുരുഷബീജത്തിലും ക്രോമസസംഖ്യ ഓരോ സെറ്റ് (n=27) ആയിത്തീരുന്നു. ബീജസങ്കലന സമയത്ത് ബീജസംയോജനം മൂലമുണ്ടാകുന്ന സിക്താണ്ഡത്തില്‍ ക്രോമസസംഖ്യ 54 ആയിരിക്കും. സിക്താണ്ഡകോശം വിഭജിച്ചു വളര്‍ന്ന് പരിപക്വമായ ആട് ആകുമ്പോഴും ക്രോമസ സംഖ്യ 54 തന്നെ ആയിരിക്കും.

ജീവികളുടെ സിക്താണ്ഡത്തിന്റെ തുടര്‍ച്ചയായ വിഭജനം കൊണ്ടു മാത്രം ഒരു ജീവിയും അതേ രൂപത്തില്‍ രൂപപ്പെടുന്നില്ല. വ്യതിരീകരണം മൂലം അവയവങ്ങള്‍ രൂപപ്പെടണം. പൂര്‍ണവളര്‍ച്ചയെത്തിയ കോശം സാധാരണ വിഭജിക്കാറില്ല. ഇത്തരം കോശങ്ങളിലെ ജീനുകള്‍ മിക്കവാറും നിദ്രാവസ്ഥയിലായിരിക്കും.

ഇയാന്‍ വില്‍മുട്ട്

ഓരോ ജീവിയുടേയും എല്ലാ കോശങ്ങളിലും എല്ലാ ജീനുകളുമുണ്ട്. അതിനാല്‍ ഒരു ജീവിയിലെ ഏതു കോശത്തിനും ഒരു ജീവിയായി വളരാനുള്ള താത്ത്വിക സാധ്യതയുണ്ട്. വളര്‍ച്ച പ്രാപിച്ച കോശങ്ങളിലെ നിഷ്ക്രിയമായ (നിദ്രയിലായ) ജീനുകളെ ഉണര്‍ത്തി കോശവിഭജനം സാധ്യമാക്കുകയാണ് ഡോളി എന്ന ചെമ്മരിയാടിന് ജന്മം കൊടുക്കുന്നതിന് ഇയാന്‍ വില്‍മുട്ട് ചെയ്തത്.

ശരീരകോശകേന്ദ്രത്തിലും സിക്താണ്ഡത്തില്‍ കാണപ്പെടുന്നതു പോലെ രണ്ടുസെറ്റ് (2n) ക്രോമസോമുകളുണ്ട്. അണ്ഡവും പുരുഷബീജവും സംയോജിക്കുമ്പോള്‍ പുരുഷബീജകോശകേന്ദ്രം മാത്രമേ അണ്ഡത്തിനകത്തു പ്രവേശിക്കുന്നുള്ളു. അതിനാല്‍ സിക്താണ്ഡം അണ്ഡത്തിന്റെ ആവരണത്തില്‍ കഴിയുന്ന രണ്ടു കോശകേന്ദ്രങ്ങളാണ്. ഇത്തരത്തിലുള്ള സിക്താണ്ഡം കൃത്രിമമായുണ്ടാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. അണ്ഡത്തിനകത്തെ ന്യൂക്ലിയസ് (n) മാറ്റി ആ സ്ഥാനത്ത് ശരീരകോശകേന്ദ്രം (2n) സ്ഥാപിച്ചപ്പോള്‍ ക്രോമസസംഖ്യയിലും അണ്ഡാവരണത്തിലും സ്വാഭാവിക സിക്താണ്ഡത്തിനോട് സമാനമായ അനുകരണ സിക്താണ്ഡം (imitation zygote) ഉടലെടുത്തു. എന്നാല്‍ ഇതിന് വിഭജനശേഷിയുണ്ടായിരുന്നില്ല.

ഡോളിയും കുഞ്ഞും

അണ്ഡത്തിലെ കോശകേന്ദ്രത്തിനു പകരം ആറ് വയസ്സായ ഒരു ചെമ്മരിയാടിന്റെ അകിടിലെ (udder cell) കോശകേന്ദ്രം (2n) മറ്റൊരു ചെമ്മരിയാടിന്റെ ജനിതകപദാര്‍ഥം പാടേ മാറ്റിയ ബീജ സങ്കലനം നടക്കാത്ത അണ്ഡവുമായി സംയോജിപ്പിച്ചാണ് ഇയാന്‍ വില്‍മുട്ടും സഹപ്രവര്‍ത്തകരും കൃത്രിമ സിക്താണ്ഡമുണ്ടാക്കിയത്. ഈ കൃത്രിമ സിക്താണ്ഡത്തെ നേരിയ വൈദ്യുതി ചാര്‍ജിനു വിധേയമാക്കിയപ്പോള്‍ അത് വിഭജിച്ചു തുടങ്ങി. ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത് ചെമ്മരിയാടിന്റെ ശരീരത്തില്‍വച്ചായിരുന്നില്ല. ടെസ്റ്റ് ട്യൂബുകളിലാണ് ഈ പരീക്ഷണം നടത്തിയത്. വിഭജിച്ചു തുടങ്ങിയ ഏതാനും കോശങ്ങളടങ്ങിയ ഭ്രൂണം മറ്റൊരു ചെമ്മരിയാടിന്റെ ഗര്‍ഭപാത്രത്തിലേക്കു മാറ്റി. ഗര്‍ഭപാത്രത്തിലെ സ്വാഭാവിക വളര്‍ച്ചയിലൂടെ ഡോളി ജനിച്ചു. ഡോളി സ്വഭാവത്തിലും രൂപത്തിലും ജനിതക ഘടനയിലും ശരീരകോശകേന്ദ്രം എടുത്ത ചെമ്മരിയാടിന്റെ തനിപ്പകര്‍പ്പായിരുന്നു. ആടിന്റെ അകിടിലെ കോശകേന്ദ്ര ക്ലോണിങ് 277 പ്രാവശ്യം ആവര്‍ത്തിച്ചു നടത്തിയതോടെയാണ് ഡോളിയുടെ ക്ലോണിങ് വിജയകരമായത്.

ഓരോ ക്രോമസോമിന്റേയും അറ്റത്തുള്ള ഡിഎന്‍എ അനുക്രമങ്ങള്‍ ആവര്‍ത്തിച്ചു കാണപ്പെടുന്നു. ഇത് ടീലോമിയറുകള്‍ (telomeres) എന്നറിയപ്പെടുന്നു. ഓരോ പ്രാവശ്യവും ഡിഎന്‍എ വിഭജിക്കപ്പെടുമ്പോള്‍ ടീലോമിയറിന്റെ നീളം കുറഞ്ഞുവരുന്നു. പ്രായം കൂടുംതോറും നീളം കുറഞ്ഞുവരുന്ന ടീലോമിയര്‍ ഏറ്റവും നീളം കൂടിയ അവസ്ഥയിലുള്ളത് ഭ്രൂണത്തിലാണ്. ടീലോമിയറിന്റെ നീളം വര്‍ധിപ്പിക്കാനായാല്‍ വാര്‍ധക്യത്തെ അതിജീവിക്കാനുമാകും. അതുപോലെ കാന്‍സര്‍ കോശങ്ങളിലെ ടീലോമിയറിനെ ചെറുതാക്കാനായാല്‍ കാന്‍സര്‍ രോഗത്തിനേയും ചെറുക്കാനാകും.

ചെമ്മരിയാടിന്റെ ആയുര്‍ദൈര്‍ഘ്യത്തില്‍ ആറുവയസ് എന്നത് ഏതാണ്ട് അതിന്റെ വാര്‍ധക്യാവസ്ഥയിലെത്താറാകുന്ന അവസ്ഥയാണ്. അത്തരത്തില്‍ ആറുവയസ്സുള്ള ചെമ്മരിയാടിന്റെ ശരീരകോശകേന്ദ്രത്തില്‍ നിന്നും ക്ളോണ്‍ ചെയ്തെടുത്ത ഡോളി അധികകാലം ജീവിക്കാനിടയില്ല എന്നുതന്നെയാണ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ഡോളി അതിന്റെ ശൈശവാവസ്ഥയിലായിരുന്നെങ്കിലും ടീലോമിയര്‍ വാര്‍ധക്യത്തിലെത്തിയ ചെമ്മരിയാടിന്റേതിനോടു തുല്യമായിരുന്നതിനാല്‍ പ്രായാധിക്യമുള്ളതായിരുന്നു.

1998 ഏ. 20-ന് ബോണി (Bonnie) എന്ന ഒരാട്ടിന്‍ കുട്ടിയെ പ്രസവിച്ച് ഡോളി സ്വാഭാവിക പ്രജനനശേഷി തെളിയിച്ചു. അതിനുശേഷം 1999-ല്‍ മൂന്ന് ആട്ടിന്‍ കുട്ടികളും 2000-ല്‍ ഇരട്ടക്കുട്ടികളുമുണ്ടായി.

ലോകത്തിലെ അദ്ഭുത സൃഷ്ടിയായ ഡോളിയുടെ അന്ത്യം 2003 ഫെ. 14-ന് ശ്വാസകോശ സംബന്ധമായ രോഗംമൂലമായിരുന്നു.

(ഡോ. എ.എന്‍. നമ്പൂതിരി, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍