This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോറിയന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോറിയന്മാര്‍

Dorians

ഗ്രീസിലെ ഒരു പ്രാചീന ജനവിഭാഗം. ഡോറിയന്മാര്‍ ഹെര്‍ക്കുലീസിന്റെ പിന്‍ഗാമികളായിരുന്നുവെന്നാണ് ഐതിഹ്യം. ഇന്തോ- യൂറോപ്യന്‍ വര്‍ഗത്തില്‍പ്പെട്ട ഇവര്‍ മാസിഡോണിയയില്‍ നിന്നു ഗ്രീസിലേക്ക് കുടിയേറി പാര്‍ത്തതായി കരുതപ്പെടുന്നു. ഏതാണ്ട് 1100 ബി.സി.യില്‍ ഗ്രീസിലെത്തിയ ഇവര്‍ തദ്ദേശീയ മൈസീനിയന്‍ സംസ്കാരത്തെ നശിപ്പിച്ചു. ശക്തമായ ഇരുമ്പ് ആയുധങ്ങളുപയോഗിച്ച് ഇവര്‍ മൈസീനിയന്‍ (അക്കിയന്‍) രാജാക്കന്മാരെ വധിക്കുകയും പല മൈസീനിയന്‍ പട്ടണങ്ങളേയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഗ്രീസിലേക്ക് ഇരുമ്പ് ആദ്യമായി കൊണ്ടു വന്നത് ഡോറിയന്മാരായിരുന്നു. ഇവരുടെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ട കുറേ മൈസീനിയന്മാര്‍ ഏഷ്യാമൈനറില്‍ അഭയം പ്രാപിച്ചപ്പോള്‍, ശേഷിച്ചവരില്‍ കുറേപ്പേരെ ഇവര്‍ അടിമകളാക്കുകയും മറ്റുള്ളവരെ വധിക്കുകയും ചെയ്തു. ഇവരുടെ കുടിയേറ്റക്കാലം ഗ്രീക്ക്ചരിത്രത്തിലെ ഇരുണ്ട അധ്യായമായി അറിയപ്പെടുന്നു. ഏഥന്‍സ് ഉള്‍പ്പെട്ട ആറ്റിക്ക ഉപദ്വീപ് മാത്രമാണ് ഡോറിയന്മാരുടെ ആക്രമണങ്ങള്‍ക്കിരയാകാതെ രക്ഷ പ്രാപിച്ചത്. സു.1000 ബി.സി.യോടെ ഗ്രീക്ക് വന്‍കരയാകെ വ്യാപിച്ച ഇവര്‍ ക്രമേണ ക്രീറ്റ്, റോഡ്സ് (Rhodes) എന്നീ ദ്വീപുകളും പിടിച്ചടക്കി.

കുടുംബം, കുലം, ഗോത്രം എന്നിങ്ങനെ മൂന്ന് തലങ്ങള്‍ ഉള്‍പ്പെട്ട സാമൂഹ്യക്രമമായിരുന്നു ഡോറിയന്മാര്‍ക്കുണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ സ്ഥിരമായ ഒരു താവളമില്ലാതെ അലഞ്ഞുനടന്ന നാടോടികളായിരുന്നു ഡോറിയന്മാര്‍. മൃഗങ്ങളെ മേയ് ച്ചും വേട്ടയാടിയും ഉപജീവനം നടത്തിയ ഇവര്‍ക്ക് എഴുത്തും വായനയും അന്യമായിരുന്നു. കുടിപ്പകയും ആക്രമണവാസനയുമായിരുന്നു ഇവരുടെ പ്രത്യേകതകള്‍. ഗ്രീസിലെത്തിയതിനുശേഷം 400 വര്‍ഷങ്ങളോളം ഇവര്‍ തങ്ങളുടെ പ്രാകൃത ജീവിതശൈലി തന്നെ തുടര്‍ന്നു. ബി.സി. 750-ഓടെ ഇവരുടെ ജീവിതരീതിയില്‍ മൗലികമായ മാറ്റങ്ങളുണ്ടായി. അലഞ്ഞുതിരിഞ്ഞ ജീവിതരീതിക്കു വിരാമമിട്ടുകൊണ്ട് സ്ഥിരമായി ഒരിടത്ത് വാസമുറപ്പിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ നഗരരാഷ്ട്രസംസ്കാരത്തിലേക്ക് ചുവടുവച്ചു. സൈനിക പര്യടനങ്ങളിലൂടെ ഗോത്രത്തലവന്മാര്‍ക്ക് വര്‍ധിച്ച പ്രാമുഖ്യം കൈവരുകയും ക്രമേണ അവര്‍ യോദ്ധാക്കളായ രാജാക്കന്മാരായി (warrior kings) ആധിപത്യമുറപ്പിക്കുകയും ചെയ്തു. ഭരണനിര്‍വഹണത്തില്‍ ഇവരെ സഹായിക്കാന്‍ കൗണ്‍സിലുകളും നിലവില്‍ വന്നു.

ദക്ഷിണ പെലപ്പനേഷ്യയായിരുന്നു ഗ്രീസിലെ ഇവരുടെ പ്രധാന ആവാസകേന്ദ്രം. സ്പാര്‍ട്ട, കോറിന്ത്, ആര്‍ഗോസ് എന്നി വയായിരുന്നു പ്രധാനപ്പെട്ട ഡോറിയന്‍ നഗരരാഷ്ട്രങ്ങള്‍. ബി.സി. 8-ാം ശ.-ത്തില്‍ ആഫ്രിക്ക, ഇറ്റലി, സിസിലി എന്നിവിടങ്ങളില്‍ കോളനികള്‍ സ്ഥാപിക്കുവാനും പ്രതാപവും ശക്തിയും പൂര്‍വാധികം വ്യാപരിപ്പിക്കുവാനും ഡോറിയന്മാര്‍ക്കു സാധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍