This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബര്‍മാന്‍ പിന്‍ഷെര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോബര്‍മാന്‍ പിന്‍ഷെര്‍

Doberman Pinscher

ഒരിനം ശ്വാനന്‍. കാനിഡെ (Cannidae) ജന്തുകുടുംബത്തിലെ കാനിസ് (Cannis) ജീനസില്‍ ഉള്‍പ്പെടുന്നു. ജര്‍മനിയിലെ തുറിഞ്ചിയ (Thuringia) നിവാസിയായ ലൂയിസ് ഡോബര്‍മാന്‍ നീണ്ട കാലത്തെ പ്രജനന പരീക്ഷണങ്ങള്‍ക്കുശേഷം 1865-നും 70-നുമിടയ്ക്ക് ഉത്പാദിപ്പിച്ചെടുത്തതാണ് ഈ ഇനം. ശക്തിയുള്ളതും ബുദ്ധിശക്തിയില്‍ മുന്നിട്ടു നില്ക്കുന്നതും വേഗതയേറിയ ചലനങ്ങളുള്ളതുമായ വലുപ്പം കൂടിയ ടെറിയര്‍ ഇനം കാവല്‍ നായയെയായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായിട്ടാകണം ഈ സങ്കരയിനത്തിന് ഡോബര്‍മാന്‍ എന്ന പേരു നല്കിയിട്ടുള്ളത്. ടെറിയര്‍ ഇനം നായ്ക്കളുടെ ജര്‍മന്‍ നാമമാണ് പിന്‍ഷെര്‍. കാവല്‍ നായ്ക്കളുടെ കായികക്ഷമതയും ബുദ്ധിശക്തിയുമുള്ള ഇവ ടെറിയര്‍ ഇനത്തിന്റെ ഊര്‍ജസ്വലതയും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവും സ്വായത്തമാക്കിയിട്ടുണ്ട്.

ഡോബര്‍മാന്‍ നായ്ക്കള്‍ കറുപ്പ്, ചുവപ്പ് കലര്‍ന്ന തവിട്ട്, നീലകലര്‍ന്ന ചാരം, തിളക്കമുള്ള വെള്ളി എന്നീ നിറങ്ങളില്‍ കണ്ടു വരുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ തുരുമ്പുനിറത്തിലുള്ള അടയാളങ്ങള്‍ കാണുന്നു. ഇതിന്റെ ഇടതൂര്‍ന്ന രോമങ്ങള്‍ കട്ടിയുള്ളതും നീളം കുറഞ്ഞതും മിനുസമുള്ളതുമാണ്. ഈ ഇനത്തില്‍പ്പെട്ട ആണ്‍നായ്ക്കള്‍ക്ക് തോളറ്റംവരെ 60-70 സെ.മീ. ഉയരമുണ്ടായിരിക്കും; 25-40 കി.ഗ്രാം ഭാരവും. പെണ്‍നായ്ക്കള്‍ക്ക് 65 സെ.മീ. ഉയരമുണ്ടായിരിക്കും. ഈ ഇനത്തില്‍പ്പെട്ട ആണ്‍നായ്ക്കള്‍ക്ക് പെണ്‍നായ്ക്കളേക്കാള്‍ വലുപ്പക്കൂടുതല്‍ കാണുന്നു. നിവര്‍ന്നു നില്ക്കുന്ന ചെവിയും വാലും ദൃഢതയുള്ള മാംസപേശിയും ഇവയുടെ സവിശേഷതകളാണ്.
ഡോബര്‍മാന്‍ പിന്‍ഷെര്‍ നായ

ഡോബര്‍മാന്‍ ശ്വാനന്മാരുടെ ആകാരഭംഗിയും ബുദ്ധികൂര്‍മതയും ശക്തിയും വേഗതയും വേട്ടയാടി ഇരപിടിക്കാനുള്ള സാമര്‍ഥ്യവും കൊണ്ടാകണം യു.എസ്സിലും മറ്റു രാജ്യങ്ങളിലും ഇവയെ വേട്ടപ്പട്ടികളായി വളര്‍ത്താന്‍ പലരും ഉത്സുകരായത്. സാധാരണ ഇവയെ കാവല്‍ നായ്ക്കളായാണ് വളര്‍ത്താറുള്ളത്. ബുദ്ധിശക്തിയിലും വേഗതയിലും മുന്‍പന്തിയില്‍ നില്ക്കുന്ന ഇത്തരം നായ്ക്കളെ പരിശീലിപ്പിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ നല്ല വൈദഗ്ധ്യമുള്ള പരിശീലകര്‍ക്കേ സാധ്യമാകൂ. സൈനികരും പൊലീസും ഇത്തരം നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്കി കുറ്റവാളികളെ കണ്ടുപിടിക്കാനും ബോംബുവച്ച സ്ഥലങ്ങള്‍ തിരിച്ചറിയാനും ഇവയെ പ്രയോജനപ്പെടുത്തുന്നുണ്ട്. മയക്കുമരുന്നും മറ്റു ലഹരി പദാര്‍ഥങ്ങളും മണത്തറിഞ്ഞു കണ്ടെത്തുവാന്‍ ഇവയ്ക്കു പ്രത്യേക കഴിവുള്ളതിനാല്‍ മയക്കുമരുന്നു വേട്ടയ്ക്കും ഇവയുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. യജമാനസ്നേഹവും യജമാനനെ പരിരക്ഷിക്കാനുള്ള ഉത്സാഹവും പ്രായോഗിക ബുദ്ധിശക്തിയും ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍