This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോപ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോപ

Dopa

തലച്ചോറില്‍ നാഡി ആവേഗങ്ങള്‍ പ്രേഷണം ചെയ്യുന്ന ഡോപമീന്‍ (dopamine) എന്ന രാസപദാര്‍ഥത്തിന്റെ മുന്നോടിയായ ഒരു അമിനോ അമ്ളം. രാസനാമം 3, 4 ഡൈഹൈഡ്രോക്സി ഫിനൈല്‍ അലാനിന്‍. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഔഷധമായി ഡോപ ഉപയോഗിച്ചുവരുന്നു. തലച്ചോറില്‍ ഡോപമീന്‍ ക്ഷയിക്കുന്നതാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകാനുള്ള കാരണം.

ടൈറോസിന്‍ (Tyrosine) എന്ന അമിനോ അമ്ളമാണ് കാറ്റികോളമീന്‍ (catecholamine) വിഭാഗത്തില്‍പ്പെടുന്ന ഡോപമീന്‍, നോര്‍ എപ്പിനെഫ്രിന്‍, എപ്പിനെഫ്രിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രാരംഭപദാര്‍ഥം. ടൈറോസിന്‍ ഹൈഡ്രോക്സിലേസിന്റെ എന്‍സൈമിക പ്രവര്‍ത്തനം വഴി ടൈറോസിന്‍ ചാക്രിക ഹൈഡ്രോക്സിലേഷനു വിധേയമായി ഡോപ ഉത്പാദിപ്പിക്കുന്നു.

കാറ്റിക്കോളമീനുകളുടെ ജൈവിക സംശ്ലേഷണം

രക്തവും തലച്ചോറും തമ്മിലുള്ള അതിര്‍വരമ്പ് കടക്കുവാന്‍ കാറ്റിക്കോളമീന്‍ ഹോര്‍മോണുകള്‍ക്ക് കഴിയുകയില്ല. അതിനാല്‍ തലച്ചോറിനുള്ളില്‍തന്നെ അവ സംശ്ലേഷണം ചെയ്യേണ്ടതുണ്ട്. തലച്ചോറിലെ 'സബ്സ്റ്റാന്‍ഷ്യാ നിഗ്ര'(substantia nigra)യില്‍ ഡോപമീന്‍ സംശ്ലേഷിക്കപ്പെടുന്നത് അപര്യാപ്തമാവുന്നതാണ് കേന്ദ്ര നാഡീവ്യൂഹത്തിനെ ബാധിക്കുന്ന പാര്‍ക്കിന്‍സോണിസം പോലെയുള്ള എല്ലാ രോഗങ്ങള്‍ക്കും കാരണം. ഡോപമീനിന്റെ മുന്നോടിയായ ഡോപയ്ക്ക് രക്തത്തില്‍ നിന്ന് തലച്ചോറിലേക്ക് തടസ്സം കൂടാതെ കടക്കുവാന്‍ കഴിയുന്നതിനാല്‍ ഈ രോഗങ്ങളുടെ ചികിത്സയ്ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. വളരെ ചെറിയ അളവിലാണ് ഡോപ ആദ്യം നല്‍കുന്നത്. തുടര്‍ന്ന് അളവ് സാവധാനം വര്‍ധിപ്പിക്കുകയാണു ചെയ്തുവരുന്നത്. വിശപ്പില്ലായ്മ, മനംപിരട്ടല്‍, ഇടയ്ക്കിടെയുള്ള വയറുവേദന, മലബന്ധം, വയറിളക്കം എന്നിവ ഡോപയുടെ പാര്‍ശ്വഫലങ്ങളാണ്. രക്തസമ്മര്‍ദം കുറഞ്ഞ് തലകറക്കവും നെഞ്ചിടിപ്പും ഉണ്ടാകുന്നതായും കണ്ടുവരുന്നു.

തലച്ചോറിന്റെ ചില പ്രത്യേക സ്ഥാനങ്ങളില്‍ ഡോപമീന്‍ ഉത്പാദിപ്പിക്കപ്പെടുന്നതു കുറയുമ്പോഴാണ് പാര്‍ക്കിന്‍സോണിസം ഉണ്ടാവുന്നതെന്നു കണ്ടെത്തിയതോടെ ഡോപമീന്‍ ഗുളികയായോ കുത്തിവയ്പായോ നല്കി രോഗം ചികിത്സിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇപ്രകാരം നല്കുന്ന ഡോപമീന്‍ തലച്ചോറില്‍ എത്തുകയില്ല എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. എന്നാല്‍ ഡോപ ഗുളികരൂപത്തില്‍ നല്കിയാല്‍ പോലും വളരെ വേഗം രക്തത്തിലേക്കും തുടര്‍ന്ന് തലച്ചോറിലേക്കും വ്യാപിക്കും. തലച്ചോറില്‍വച്ച് ഡോപയ്ക്ക് ഡോപമീനായി മാറ്റം സംഭവിക്കുന്നു. ഡോപ ഗുളിക കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ രക്തത്തിലെ ഡോപയുടെ അളവ് പരമാവധിയാകുന്നു. തുടര്‍ന്ന് രക്തത്തിലെ അളവ് സാവധാനം കുറഞ്ഞ് 67 മണിക്കൂറാകുമ്പോഴേക്കും പൂര്‍ണമായും ഇല്ലാതാകുന്നു. ആറു മണിക്കൂറില്‍ കുറഞ്ഞ ഇടവേളയില്‍ മരുന്നു കഴിക്കുക വഴി രക്തത്തില്‍ ഡോപ കുറയാതിരിക്കും. പാര്‍ക്കിന്‍സോണിസത്തിന്റെ ചികിത്സയ്ക്കായി 1961-ലാണ് ഡോപ ഉപയോഗിച്ചു തുടങ്ങിയത് 30-40 ശ.മാ. രോഗികളില്‍ ഡോപയുടെ ഉപയോഗം അദ്ഭുതകരമായ മാറ്റം വരുത്തുന്നതായി കണ്ടു. ഞരമ്പുകളുടെ കോച്ചിപ്പിടുത്തം, വിറയല്‍ എന്നിവ കുറയുന്നതായും കസേരയില്‍ ഇരിക്കാന്‍ മാത്രം കഴിയുമായിരുന്ന രോഗിക്ക് എഴുന്നേറ്റു നടക്കുവാന്‍ സാധിക്കുന്നതായും കണ്ടുവരുന്നു. മരുന്നു കഴിച്ചു തുടങ്ങി ഏതാനും മാസങ്ങള്‍ക്കു ശേഷം മാത്രമേ ഗുണഫലങ്ങള്‍ പ്രകടമായി കാണുകയുള്ളു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍