This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണ്‍ ജൊവാനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോണ്‍ ജൊവാനി

Don Giovanni

മൊസാര്‍ട്ടിന്റെ പ്രസിദ്ധമായ ഓപ്പറ. 1787-ല്‍ രചിക്കപ്പെട്ട ഈ ഓപ്പറ രൂപകല്പന ചെയ്തിട്ടുള്ളത് ഡോണ്‍ ജുവാന്റെ ജീവിതം ചിത്രീകരിക്കുന്ന ഒരു പ്രാചീന സ്പാനിഷ് നാടകത്തെ ആധാരമാക്കിയാണ്. 1787 ഒ. 29-ന് ആദ്യമായി ഈ ഓപ്പറ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍നിന്ന് വമ്പിച്ച പ്രോത്സാഹനമാണ് ലഭിച്ചത്.

നാടകാരംഭത്തില്‍ ഡോണ്‍ ജൊവാനിയുടെ പ്രേമചാപല്യങ്ങള്‍ക്കു വിധേയയായ ഡോണാ അന്നാ രംഗത്തു വന്ന് ഡോണിനെതിരെ ശബ്ദമുയര്‍ത്തുന്നു. തുടര്‍ന്ന് ഡോണായുടെ പിതാവായ കമാന്‍ഡര്‍ കഥാനായകനുമായി ദ്വന്ദ്വയുദ്ധത്തില്‍ ഏര്‍പ്പെടുകയും മുറിവേറ്റ് മരണമടയുകയും ചെയ്യുന്നു. മരണത്തിനു മുന്‍പ് കമാന്‍ഡര്‍ സ്വന്തം മകളുമായും ഡോണിന്റെ ഭൃത്യനുമായും ചേര്‍ന്നു പാടുന്ന രംഗം ഈ നാടകത്തിനു മാറ്റു കൂട്ടുന്നു. കമാന്‍ഡറുടെ മരണത്തെത്തുടര്‍ന്ന് ഡോണ്‍ രക്ഷപ്പെടുന്നുവെങ്കിലും അയാളോടു പകരംവീട്ടുമെന്ന് ഡോണായും അവരുടെ പ്രതിശ്രുത വരനായ ഡോണ്‍ ഒട്ടേവിയോയും പ്രതിജ്ഞ ചെയ്യുന്നു.

അടുത്ത ദിവസം നിരത്തില്‍ മുന്‍കാമുകിയായ ഡോണാ എല്‍വിറയെ കണ്ടുമുട്ടുന്ന ഡോണ്‍ അവരെ സമാധാനിപ്പിക്കാന്‍ ഭൃത്യനെ ചുതലപ്പെടുത്തിയിട്ട് രംഗം വിടുന്നു. യജമാനന് പല രാജ്യങ്ങളിലായി രണ്ടായിരത്തിലേറെ കാമുകിമാരുണ്ടെന്ന വിവരം ഭൃത്യന്‍ എല്‍വിറയെ അറിയിക്കുന്ന രംഗത്തിലെ 'മദാമാനാ' എന്നാരംഭിക്കുന്ന ഗാനം പ്രശസ്തമാണ്.

തുടര്‍ന്നുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത് ഒരു ഗ്രാമപ്രദേശത്താണ്. സുന്ദരിയായ സെര്‍ലീനയുടേയും ഗ്രാമീണനായ മസെറ്റോയുടേയും വിവാഹകര്‍മത്തിനുള്ള ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഗ്രാമീണര്‍. ഡോണ്‍ അവിടെയെത്തി സെര്‍ലീന യെ വശീകരിക്കാനുള്ള ശ്രമം ആരംഭിക്കുന്നു. ആ ഉദ്യമം വിജയിക്കുന്നതിനു മുമ്പ് കടന്നുവരുന്ന എല്‍വിറ ഡോണിനെ പ്രതിക്കൂട്ടിലാക്കുകയും സെര്‍ലീനയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

സെര്‍ലീനയെ വീണ്ടും കണ്ടുമുട്ടുന്നതിനുവേണ്ടി ഡോണ്‍ ഗ്രാമീണര്‍ക്കായി ഒരു പാര്‍ട്ടി നടത്തുന്നു. ഡോണിന്റെ മുന്‍കാമുകിമാരായ മൂന്നുപേര്‍ മുഖംമൂടി ധരിച്ച് പങ്കെടുക്കുന്ന ഈ പാര്‍ട്ടിയില്‍ പലതരം നൃത്ത പരിപാടികള്‍ അരങ്ങേറുന്നു. വ്യത്യസ്ത രീതിയിലുള്ള നൃത്തങ്ങളുടെ സംഗീതം സമന്വയിപ്പിക്കുന്നതില്‍ മൊസാര്‍ട്ട് കാണിക്കുന്ന വൈദഗ്ധ്യം അനന്യ സാധാരണമാണ്. പാര്‍ട്ടി നടക്കുമ്പോള്‍ത്തന്നെ സെര്‍ലീനയെ വശീകരിക്കുവാന്‍ ശ്രമിക്കുന്ന ഡോണിനെ മറ്റു കാമുകിമാര്‍ നേരിടുന്നു. വാളൂരിക്കാണിച്ച് അവരെ ഭീഷണിപ്പെടുത്തി ഡോണ്‍ രക്ഷപ്പെടുന്നു. സ്വന്തനാട്ടില്‍ തിരിച്ചെത്തി ഒരു ശവപ്പറമ്പില്‍ ഒളിച്ചിരിക്കുന്ന ഡോണിന്, മുന്‍പ് കൊലപ്പെടുത്തിയ കമാന്‍ഡറുടെ പ്രതിമയെയും നേരിടേണ്ടിവരുന്നു.

ഡോണിന്റെ കൊട്ടാരത്തില്‍ നടക്കുന്ന അത്താഴവിരുന്നാണ് നാടകത്തിന്റെ അന്തിമരംഗം. വിരുന്നില്‍ പങ്കെടുക്കുന്ന ഡോണാ എല്‍വിറ സന്മാര്‍ഗജീവിതം നയിക്കാന്‍ ഡോണിനെ ഉപദേശിക്കുന്നുവെങ്കിലും അയാളതിനു വഴങ്ങുന്നില്ല. തുടര്‍ന്ന് രംഗത്തു വരുന്ന കമാന്‍ഡറുടെ പ്രതിമ പ്രതികാരമൂര്‍ത്തിയായി മാറുകയും ഡോണിനെ പാതാളത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു.

സംഭവബഹുലമായ ഈ ഓപ്പറയിലെ സംഗീതം അസാധാരണവും അതിശക്തവുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍