This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഗ്മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഗ്മ

Dogma

ആധികാരികമായി സ്ഥാപിതമായ സിദ്ധാന്തം. എതിര്‍വാദങ്ങളില്ലാതെ സ്വീകരിക്കപ്പെടുന്ന അടിസ്ഥാനപരമായ തത്ത്വവും ഡോഗ്മയായി കരുതപ്പെടുന്നു. ഒരു പ്രത്യേക സിദ്ധാന്തത്തിന്റേയൊ ഒരു മതവിഭാഗത്തിന്റേയൊ ചോദ്യം ചെയ്യാനാവാത്ത അനുശാസനസംഹിതയ്ക്കാണ് 'ഡോഗ്മ' എന്ന പേരില്‍ പ്രസിദ്ധി ലഭിച്ചിട്ടുള്ളത്. അഭിപ്രായം എന്നര്‍ഥത്തിലുള്ള ഗ്രീക്കുപദമാണ് 'ഡോഗ്മ'. ഓരോ മതവിഭാഗത്തിന്റേയും ഓരോ ചിന്താപ്രസ്ഥാനത്തിന്റേയും ആചാര്യന്‍മാരുടെ അനുശാസനങ്ങള്‍ക്ക് പ്രാചീനകാലം മുതല്‍ അംഗീകാരം സിദ്ധിച്ചിരുന്നു. ഇപ്രകാരമുള്ള ഓരോ അഭിപ്രായഗതിയും പില്‍ക്കാലത്ത് 'ഡോഗ്മ'യായി പരിണമിച്ചു.

ക്രൈസ്തവമതത്തിന്റെ ഓരോ വിഭാഗവും അംഗീകരിക്കുന്ന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ദൈവീകമായ വെളിപാടുകളുടെ പഠനം സംബന്ധിച്ച സിദ്ധാന്തത്തേയും ഡോഗ്മ എന്നാണു വിശേഷിപ്പിക്കുന്നത്. ഡോഗ്മയുടെ അടിസ്ഥാനത്തില്‍ വസ്തുതകളെ സമീപിക്കുന്ന സമ്പ്രദായത്തെ 'ഡോഗ്മാറ്റിസം' എന്നു പറയുന്നു. ക്രിസ്തുമതത്തില്‍ ഒന്നാമതായി എല്ലാവര്‍ക്കും സ്വീകാര്യമായ തത്ത്വങ്ങളും രണ്ടാമതായി പഴയനിയമാവലി(Old Testament Law)കളുമാണ് ഡോഗ്മ എന്ന നിലയില്‍ അപ്പോസ്തലിക് കൌണ്‍സിലിന്റെ അംഗീകാരംനേടിയിട്ടുള്ളത്. ഇസ്ളാം മതത്തില്‍ 'കലിമ'യും യഹൂദമതത്തില്‍ 'ഷേമ'യുമാണ് ഡോഗ്മയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് ദൈവം ഏകനാണെന്നും ഏകദൈവം അല്ലാഹുവാണെന്നും, (ലാ ഇലാഹ ഇല്ലല്ലാഹു-ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല) മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നും സാക്ഷ്യപ്പെടുത്തുന്നതാണ് 'കലിമ'. ഡോഗ്മയുടെ ലക്ഷ്യം മതപരമായ സിദ്ധാന്തങ്ങളുടെ സാംഗത്യത്തെ ആശയാധിഷ്ഠിതമായ രീതിയിലവതരിപ്പിക്കുക എന്നതാണ്.

വിവിധ വിജ്ഞാന മണ്ഡലങ്ങളില്‍ നിലവിലുള്ള രൂഢമൂലമായ വിശ്വാസങ്ങളേയും ചോദ്യം ചെയ്യാതെ അംഗീകരിക്കപ്പെടുന്ന വസ്തുതകളേയും ഡോഗ്മ എന്നു വിശേഷിപ്പിക്കാം. ഭാരതീയദര്‍ശനങ്ങളുടെ ഏക ലക്ഷ്യമായ മോക്ഷപ്രാപ്തിയാണ് ദര്‍ശനങ്ങളിലെ ഡോഗ്മയായി കണക്കാക്കപ്പെടുന്നത്. താവോമതത്തിലെ ഡോഗ്മയായി അറിയപ്പെടുന്നത് 'തായോ', 'തേ' (മാര്‍ഗവും ധര്‍മവും) എന്നിവയത്രേ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍