This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമിനിക്കന്‍ റിപ്പബ്ളിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഡൊമിനിക്കന്‍ റിപ്പബ്ളിക്

Dominican Republic

കരീബിയന്‍ മേഖലയിലെ ഒരു സ്വതന്ത്രരാഷ്ട്രം. വെസ്റ്റ് ഇന്‍ഡീസിലെ ഹിസ്പാനിയോള ദ്വീപിന്റെ പൂര്‍വഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ ഔദ്യോഗിക നാമം 'റിപ്പബ്ളിക്ക ഡൊമിനിക്ക' എന്നാണ്. തലസ്ഥാന നഗരമായ സാന്റോ ഡൊമിന്‍ഗോ(Santo Domingo)യില്‍ നിന്നാണ് രാഷ്ട്ര-നാമം നിഷ്പന്നമായിട്ടുള്ളത്. ഹിസ്പാനിയോള ദ്വീപിന്റെ 2/3 ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ മൊത്തം വിസ് തൃതി 48,734 ച.കി.മീ. ആണ്. ഏറ്റവും കൂടിയ നീളം: കി.പ. 21.388 കി.മീ.; തെ.വ. 274 കി.മീ.; തീരദേശ ദൈര്‍ഘ്യം: 972 കി.മീ.; അതിരുകള്‍: വ.അത് ലാന്തിക് സമുദ്രം, കി.മോന പാസേജ് (Mona Passage), തെ.കരീബിയന്‍ കടല്‍, പ.ഹെയ് തി; തലസ്ഥാനം: സാന്റോ ഡൊമിന്‍ഗോ; ജനസംഖ്യ: 88,33634(2004); ഔദ്യോഗിക ഭാഷ: സ്പാനിഷ്.

ഭൂപ്രകൃതിയും കാലാവസ്ഥയും.

ഫലഭൂയിഷ്ഠങ്ങളായ താഴ് വരകളും, നിബിഡവനങ്ങള്‍ നിറഞ്ഞ പര്‍വതപംക്തികളും ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ ഭൂപ്രകൃതിക്കു വൈവിധ്യം നല്കുന്നു. വര്‍ഷത്തിലുടനീളം അനുഭവപ്പെടുന്ന ഊഷ്മളമായ കാലാവസ്ഥ ഈ ദ്വീപ രാഷ്ട്രത്തെ കരീബിയന്‍ മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയെ നിത്യഹരിതാഭമാക്കുന്ന മധ്യപര്‍വതശ്യംഖലയും അനുബന്ധ മലനിരകളുമാണ് മറ്റൊരു പ്രത്യേകത. അക്ഷാംശീയമായ മിതോഷ്ണ മേഖലാസ്ഥാനത്തിന് വിപരീതമായി ഇവിടെ അനുഭവപ്പെടുന്ന പ്രസന്നമായ കാലാവസ്ഥ ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ കാര്‍ഷിക സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

പര്‍വതനിരകളുടേയും മലനിരകളുടേയും നാടാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്. റിപ്പബ്ളിക്കിന്റെ വ.പടിഞ്ഞാറുനിന്നാരംഭിച്ച് രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി കടന്ന് തെ.കിഴക്കന്‍ മേഖലയി ലേക്കു വ്യാപിക്കുന്ന മധ്യപര്‍വത പംക്തിയാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ ഏറ്റവും വലിയ പര്‍വത ശൃംഖല. ഈ പര്‍വതനിരയിലെ 3197 കി.മീ. ഉയരമുള്ള പികോഡുറേറ്റ് (Pico Durate) വെസ്റ്റിന്‍ഡീസിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായാണ്. ലപെലോന (3176 മീ.), യാക്യു (2995 മീ.), ലൊമഡെല്‍ മകോ (2286 മീ.) എന്നിവയാണ് ഈ പര്‍വതനിരയിലെ ശ്രദ്ധേയമായ മറ്റു കൊടുമുടികള്‍. മധ്യപര്‍വതനിരയുടെ തെ.കിഴക്കന്‍ മേഖലയില്‍ താരതമ്യേന ഉയരം കുറഞ്ഞ നിരവധി മലനിരകള്‍ കാണാം. സീയെറാ ദെ നീബാ (Sierra de Neiba), സീയെറാ ദെ ബാരൂകോ (Siera de Baoruco) എന്നിവയാണ് ഇവയില്‍ പ്രധാനം. കള്‍ ദെ ബാക് (Cal de Bac) എന്ന സമതലം ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകമായ എന്റിക്വില്ലൊ (Enriquillo) സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 44 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന് 520 ച.കി.മീ. വിസ്തൃതിയുണ്ട്.

ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ ഒരു പ്രധാന ഭൂപ്രദേശമാണ് രാജ്യത്തിന്റെ വ.പടിഞ്ഞാറന്‍ മേഖലയിലെ സിബാഒ. പൈന്‍ മരങ്ങള്‍ സമൃദ്ധമായി വളരുന്ന മധ്യപര്‍വതനിരയുടെ വടക്കന്‍ ചരിവുകളും ചുണ്ണാമ്പുകല്ല്, ഷേയില്‍ എന്നിവയുടെ നിക്ഷേപങ്ങളാല്‍ സമ്പന്നമായ തെക്കന്‍ മേഖലയും ഈ മേഖലയെ തമ്മില്‍ വേര്‍തിരിക്കുന്ന വിസ്തൃതമായ താഴ് വരകളും ഉള്‍പ്പെടുന്നതാണ് സിബാഒ. രാജ്യത്തെ പ്രധാന കാര്‍ഷികോത്പാദന മേഖലകളില്‍ ഒന്നു കൂടിയാണിത്. സിബാഒയുടെ പൂര്‍വമധ്യമേഖല വീഗാ റിയല്‍ (Vega real) എന്ന പേരില്‍ അറിയപ്പെടുന്നു. കൃഷിക്ക് തികച്ചും അനുയോജ്യമായ പശിമരാശി മണ്ണിനാല്‍ സമ്പുഷ്ടമായ വീഗാ റിയല്‍ പ്രദേശം കരീബിയന്‍ മേഖലയിലെ ഒരു മുഖ്യ കാര്‍ഷികോത്പാദന-വിപണന കേന്ദ്രം കൂടിയാണ്. താരതമ്യേന മലനിരകള്‍ കുറഞ്ഞ സമതല പ്രദേശമാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖല. കരിമ്പാണ് ഇവിടത്തെ പ്രധാന കൃഷി.

ഉഷ്ണമേഖലാ തീരദേശ കാലാവസ്ഥ അനുഭവപ്പെടുന്ന രാജ്യ മാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്. ഗ്രീഷ്മത്തിലാണ് ഏറ്റവും കൂടു തല്‍ മഴ ലഭിക്കുന്നത്. മേയില്‍ ആരംഭിക്കുന്ന കാലവര്‍ഷം ന. വരെ നീണ്ടുനില്ക്കുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെ അപേക്ഷിച്ച് വടക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 14 മി.മീ. ജൂണ്‍-ന. കാലയളവില്‍ ഇവിടെ ചുഴലിക്കൊടുങ്കാറ്റുണ്ടാകാറുണ്ട്. ശ.ശ. താപനില: ജനു. 23.9°C; ജൂല.27.2°C.

ജൈവ വൈവിധ്യത്തിന്റെ സമന്വയ മാതൃകയ്ക്ക് ഉത്തമോ ദാഹരണമാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്. ഭാഗികമായി വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദെ സംക് മേഖലയില്‍ സമൃദ്ധമായി കുറ്റിച്ചെടികളും മുള്‍ച്ചെടികളും വളരുമ്പോള്‍ മറ്റു ഭൂപ്രദേശങ്ങളില്‍ സാവന്ന മാതൃകയിലുള്ള സസ്യപ്രകൃതിയും ഇടതൂര്‍ന്ന മഴക്കാടുകളുമാണുള്ളത്. പര്‍വതങ്ങളുടേയും മലനിരകളുടേയും ചരിവുകളില്‍ മഹാഗണി, ലോഗ് വുഡ്, പൈന്‍ തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. സമീപകാലത്തുണ്ടായ വന നശീകരണം സസ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമായിട്ടുണ്ട്. മൊത്തം ഭൂഭാഗത്തിന്റെ 32.7 ശ.മാ. വനഭൂമിയാണ്.

പര്‍വത പ്രദേശങ്ങളില്‍ വിവിധയിനം ഉരഗങ്ങള്‍, മുയല്‍, അണ്ണാന്‍, എലി എന്നിവയ്ക്കു പുറമേ അപൂര്‍വയിനം പക്ഷിവര്‍ഗങ്ങളേയും കാണാം. ഫ്ളമിംഗോ (Flamingo) എന്ന പക്ഷിവര്‍ഗം ഡൊമിനിക്കന്‍ ജന്തുലോകത്തിന്റെ പ്രത്യേകതയാകുന്നു.

ജനങ്ങളും ജീവിതരീതിയും.

2004-ലെ കണക്കനു സരിച്ച് 88,33,634 ആയിരുന്നു ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ ജനസംഖ്യ. ജനങ്ങളില്‍ 60 ശ.മാ.വും നഗരവാസികളാണ്. ജനസാന്ദ്രത: 165/ച.കി.മീ.

അതിസങ്കീര്‍ണമാണ് ഡൊമിനിക്കന്‍ ജനസമൂഹം. യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ പ്രമുഖ വിഭാഗമായ സ് പാനിഷ് വംശജരും ആഫ്രിക്കന്‍ കറുത്ത വര്‍ഗക്കാരും അവരുടെ പിന്‍ഗാമികളുമായി ഇടകലര്‍ന്ന ഒരു സങ്കരവര്‍ഗമാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ ജനസമൂഹം. ജനസംഖ്യയില്‍ 73 ശ.മാ. സങ്കരവംശജരും, 11 ശ.മാ. ആഫ്രിക്കന്‍ വംശജരും, 16 ശ.മാ. യുറോപ്യന്‍ വംശജരുമാണ്. ഹെയ്തിയന്‍ കുടിയേറ്റക്കാരാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം.

ഡൊമനിക്കന്‍ റിപ്പബ്ളിക്കിലെ ഒരു വിനോദ ഘോഷയാത്ര
സ്പാനിഷ് സാംസ്കാരിക പൈതൃകത്തില്‍ അധിഷ്ഠിതമാണ് റിപ്പബ്ളിക്കിന്റെ ജനജീവിതം. ഗ്രാമീണരില്‍ ഭൂരിഭാഗവും കാര്‍ഷിക സമൂഹങ്ങളായി ജീവിക്കുന്നു. പരമ്പരാഗത ജീവിതശൈലി ഇവ രുടെ പ്രത്യേകതയാണ്. ഗ്രാമീണരില്‍ ഭൂരിഭാഗത്തിനും സ്വന്തമായി കൃഷിഭൂമിയുണ്ട്. ഇടുങ്ങിയ കൃഷിഭൂമിയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ ഗാര്‍ഹികോപയോഗത്തിനു ശേഷമുള്ളത് വിപണനം ചെയ്യുന്നു. കുടിയായ്മ സമ്പ്രദായവും നിലവിലുണ്ട്. വന്‍കിട മുതലാളിമാരുടെ കരിമ്പ്, കാപ്പി, കൊക്കോ തോട്ടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളേയും ഇവിടെ കാണാം. ഓലമേഞ്ഞ ചെറു കുടിലുകളിലാണ് ചെറുകിട കര്‍ഷകത്തൊഴിലാളികള്‍ താമസിക്കുന്നത്. ഗവണ്‍മെന്റ് പദ്ധതിപ്രകാരം ഇവര്‍ക്ക് ആധുനിക രീതിയിലുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്കുന്നുണ്ട്.

നഗരവാസികളില്‍ 30 ശ.മാ.വും തലസ്ഥാനനഗരമായ സാന്റോ ഡൊമിന്‍ഗോയില്‍ വസിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും ഫാക്ടറികളിലും ഗവ. സ്ഥാപനങ്ങളിലുമാണ് ജോലിചെയ്യുന്നത്. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരും കുറവല്ല. സ്പാനിഷ് മാതൃകയില്‍ നിര്‍മിച്ച പഴക്കംചെന്ന കെട്ടിടങ്ങളാണ് ഡൊമിനിക്കന്‍ നഗരത്തിന്റെ മറ്റൊരു പ്രത്യേകത. നഗരവാസി കളില്‍ ഭൂരിഭാഗവും പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങളും ആഭര ണങ്ങളും ധരിക്കുക പതിവാണ്. ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ വ്യവസായിക മേഖല 'ഫ്രീ സോണ്‍' അഥവാ 'ഫ്രീ ട്രേഡ് സോണ്‍' എന്നറിയപ്പെടുന്നു. ജനസംഖ്യയില്‍ നല്ലൊരു ശ.മാ. ഖനന-വ്യവസായ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നു.

സമ്പന്നമായൊരു സാംസ്കാരിക പൈതൃകത്തിനുടമകളാണ് ഡൊമിനിക്കന്‍ ജനത. രാജ്യത്തിന്റെ ചരിത്രം, ദേശീയത, സാംസ് കാരിക പൈതൃകം തുടങ്ങിയവയെ സംബന്ധിച്ച് തീവ്രമായ അവബോധമുള്ളവരാണ് ഡൊമിനിക്കന്‍ ജനത. രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ കാണാം. കൊളംബസിന്റെ ആഗമനത്തിന്റെ 500-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1992-ല്‍ സ്ഥാപിച്ച കൊളംബസ് ലൈറ്റ് ഹൗസ് പ്രസിദ്ധമാണ്. 'മ്യൂസിയം ഒഫ് ദ് ഡൊമിനിക്കന്‍ മെന്‍', 'മ്യൂസിയം ഒഫ് ദ ഹോം', 'കാമ്പസ് റിയല്‍സ്'എന്നിവ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരത്താല്‍ സമ്പന്നമാണ്. സാന്റോ ഡൊമിന്‍ഗോയിലെ റോമന്‍ കാത്തലിക് കതീഡ്രല്‍, കതീഡ്രല്‍ ബാസിലിക്ക മെനൊന്‍ ഡിസാന്റോമറിയ, പ്രിമാ ഡാഡീ അമേരിക്ക എന്നിവയാണ് പ്രമുഖ ചരിത്രമന്ദിരങ്ങള്‍.


മതം

1954-ല്‍ റോമന്‍ കത്തോലിക്കാമതത്തെ ഡൊമി നിക്കന്‍ റിപ്പബ്ളിക്കിന്റെ ദേശീയ മതമായി പ്രഖ്യാപിച്ചു. ജനസംഖ്യ യില്‍ 95 ശ.മാ.വും റോമന്‍ കത്തോലിക്കാ വിഭാഗക്കാരായ ക്രൈസ്തവരാണ്. ശേഷിക്കുന്നവരില്‍ ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കന്‍, സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ ഉള്‍നാടുകളില്‍ ആഫ്രിക്കന്‍ ഗോത്രപാരമ്പര്യത്തില്‍ അധിഷ്ഠിതമായ പ്രാകൃത മതങ്ങളില്‍ വിശ്വസിക്കുന്നവരും അവശേഷിക്കുന്നുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ നയരൂപീകരണത്തിലും നിയമ നിര്‍മാണത്തിലും മതസ്ഥാപനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.

ഡൊമനിക്കന്‍ റിപ്പബ്ളിക്കിലെ ഒരു ഗ്രാമം

വിദ്യാഭ്യാസം

പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൌജന്യവുമായ ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ ജനസംഖ്യയുടെ 80 ശ.മാ.വും സാക്ഷരരാണ്. ഗവണ്‍മെന്റുടമസ്ഥതയിലും ഗവണ്‍ മെന്റിന്റെ ധനസഹായത്താല്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തി ക്കുന്നതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റിപ്പബ്ളിക്കിലുണ്ട്. 1995-96-ലെ കണക്കനുസരിച്ച് 1.4 ദശലക്ഷം വിദ്യാര്‍ഥികള്‍ പ്രാഥമികതലത്തിലും 2,63,236 വിദ്യാര്‍ഥികള്‍ സെക്കന്‍ഡറിതലത്തിലും പഠിക്കുന്നു. നാലു പൊതു സര്‍വകലാശാലകളെ കൂടാതെ മൂന്ന് റോമന്‍ കാത്തലിക് സര്‍വകലാശാലകള്‍, മൂന്ന് സാങ്കേതിക സര്‍വകലാശാലകള്‍ എന്നിവയും മറ്റ് ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നുണ്ട്.

സമ്പദ് വ്യവസ്ഥ

ഒരു കാര്‍ഷിക രാജ്യമാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്. ജനസംഖ്യയുടെ 40 ശ.മാ.വും കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നു. 1997-ല്‍ മൊത്തം ഉത്പാദനത്തിന്റെ 12 ശ.മാ. കാര്‍ഷികമേഖലയില്‍ നിന്നു ലഭിച്ചു. ഗവണ്‍മെന്റു നിയന്ത്രണത്തിലും സ്വകാര്യമേഖലയിലുമായി നിരവധി കൃഷിയിടങ്ങളും തോട്ടങ്ങളും ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലുണ്ട്. വളക്കൂറുള്ള വിസ്തൃത താഴ് വരകളും സമതലപ്രദേശങ്ങളുമാണ് രാജ്യത്തെ പ്രധാന കൃഷിയിടങ്ങളായി വികസിച്ചിട്ടുള്ളത്. കരിമ്പാണ് മുഖ്യ കൃഷി. ഇതിനു പുറമേ കൊക്കോ, ബീന്‍സ്, കാപ്പി, വാഴപ്പഴം, നെല്ല്, പുകയില, ചോളം, തക്കാളി എന്നിവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. പഞ്ചസാരയാണ് മുഖ്യ കയറ്റുമതി ഉത്പന്നം.

കന്നുകാലി വളര്‍ത്തലില്‍ മുന്നിട്ടുനില്ക്കുന്ന കരീബിയന്‍ രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്. കന്നു കാലി സമ്പത്ത്: കന്നുകാലി 2.43 ദശലക്ഷം; പന്നി 9,50,000; ആട് 5,70,000; കോഴി 43 ദശലക്ഷം.

ഭൂവിസ്തൃതിയുടെ 32.7 ശ.മാ. വനമാണ്. 1960 മുതല്‍ വന സംരക്ഷണത്തിനുവേണ്ടി ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മഹാഗണി, ചന്ദനം, പൈന്‍, സിഡാര്‍ എന്നിവയാണ് മുഖ്യ വനവൃക്ഷങ്ങള്‍.

ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ മത്സ്യബന്ധന വ്യവസായം പ്രായേണ അവികസിതമാണ്. ആഴക്കടല്‍ മത്സ്യബന്ധന സാമഗ്രികളുടെ അപര്യാപ് തത, വന്‍തോതില്‍ മത്സ്യം ശീതീകരിച്ചു സൂക്ഷിക്കുവാനുള്ള സാങ്കേതിക വിദ്യയുടേയും മറ്റും അഭാവം എന്നിവ രാജ്യത്തിന്റെ മത്സ്യ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു. മത്തി, ചൂര, ബോണിറ്റോ, സ്റ്റാപ്പര്‍ എന്നിവയാണ് ഇവിടെ നിന്നു ലഭിക്കുന്ന പ്രധാന മത്സ്യങ്ങള്‍.

ബോക് സൈറ്റാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ പ്രധാന ഖനിജം. ബോക്സൈറ്റിനു പുറമേ ഇരുമ്പ്, സ്വര്‍ണം, വെള്ളി എന്നീ ലോഹങ്ങളുടെ അയിരുകളും ഇവിടെ നിന്ന് വ്യാവസായി കാടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നുണ്ട്. ഉത്പാദനം: ബോക് സൈറ്റ് 1,67,800 ടണ്‍ (1988), ഫെറോനിക്കല്‍ 58,313 ടണ്‍ (1992).

പഞ്ചസാര ശുദ്ധീകരണമാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ മുഖ്യ വ്യവസായം. 1990-കളില്‍ പ്രതിവര്‍ഷം 93,500 മെട്രിക് ടണ്‍ പഞ്ചസാര ഉത്പാദിപ്പിക്കപ്പെട്ടിരുന്നതായി കണക്കുകള്‍ സൂചി പ്പിക്കുന്നു. മദ്യം, മൊളാസസ്, സിമന്റ്, പുകയില ഉത്പന്നങ്ങള്‍, സംസ്കരിക്കപ്പെട്ട ഗോതമ്പ്, അരി എന്നിവയാണ് മറ്റ് ഉത്പന്ന ങ്ങള്‍.

1994-ല്‍ അസംസ്കൃത വസ്തുക്കള്‍ സ്വന്തമായി ഇറക്കുമതി ചെയ്യാന്‍ അനുവദിക്കപ്പെട്ടിരുന്ന 38 സ്വതന്ത്ര വ്യാവസായിക മേഖലകള്‍ ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ ഉണ്ടായിരുന്നു. ഈ മേഖ ലയ്ക്ക് സര്‍ക്കാര്‍ നിരവധി നികുതി ഇളവുകള്‍ അനുവദിച്ചിരുന്നു. 1995-ല്‍ പരിസരമലിനീകരണം ഉണ്ടാക്കുന്നതും ആയുധ നിര്‍മാ ണവും ഒഴികെയുള്ള മേഖലകളില്‍ 100 ശ.മാ. വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടു. 1997-ലെ കണക്കനുസരിച്ച് റിപ്പബ്ളിക്കിന് 4,239 ദശലക്ഷം യു.എസ്. ഡോളര്‍ കടബാധ്യതയുണ്ട്.

അസംസ്കൃത പഞ്ചസാര, മൊളാസസ്, കാപ്പി, കൊക്കോ, പുകയില, ഫെറോനിക്കല്‍, സ്വര്‍ണം, വെള്ളി എന്നിവ മുഖ്യ കയറ്റുമതി ഉത്പന്നങ്ങളില്‍പ്പെടുന്നു. പ്രകൃതി എണ്ണയ്ക്കും, അനുബന്ധ ഉത്പന്നങ്ങള്‍ക്കും പുറമേ കല്‍ക്കരി, ആഹാരപദാര്‍ഥങ്ങള്‍, ഗോതമ്പ് എന്നിവയാണ് പ്രധാന ഇറക്കുമതി വിഭവങ്ങള്‍. അമേരിക്ക, ജര്‍മനി, കാനഡ, ബെല്‍ജിയം, മെക് സിക്കോ, വെനിസ്വേല, ജപ്പാന്‍ എന്നിവയാണ് റിപ്പബ്ളിക്കുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍. യു.എന്‍., ഒ.എ.എസ്.; ഇന്റര്‍ അമേരിക്കന്‍ ഡെവലപ്മെന്റ് ബാങ്ക്, എ.സി.എസ്.; ഐ.ഒ.എം., ഇ.യു. എന്നിവയിലെ അംഗരാഷ്ട്രം കൂടിയാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്.

ഗതാഗതവും വാര്‍ത്താവിനിമയവും

1996-ലെ കണക്കനുസരിച്ച് ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ 12,600 കി.മീ. റോഡുകളുണ്ടായിരുന്നു. 757 കി.മീ. മാത്രം ദൈര്‍ഘ്യമുള്ള ഒരു റെയില്‍വേ ശൃംഖലയും റിപ്പബ്ളിക്കിലുണ്ട്. സാന്റോ ഡൊമിന്‍ഗോ, പോര്‍ട്ടോ പ്ളാറ്റ (Puerto plata), ലറൊമാന എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 1995-ല്‍ വ്യോമഗതാഗത മേഖല പൂര്‍ണമായും സ്വകാര്യവത്കരിച്ചു. സാന്റോ ഡൊമിന്‍ഗോ, പോര്‍ട്ടോ പ്ളാറ്റോ, ലാറൊമാന, ഹയ്ന എന്നിവ രാജ്യത്തെ ഒന്നാംകിട തുറമുഖങ്ങളാണ്.

സാന്റോ ഡോമിന്‍ഗോയിലെ ക്രിസ്റ്റഫര്‍ കൊളംബസ് പ്രതിമ

1997-ലെ റിപ്പോര്‍ട്ടനുസരിച്ച് 7,09,200 ടെലിഫോണ്‍ കണക്ഷനുകള്‍ അനുവദിച്ചിരുന്നു. മൊത്തം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവില്‍ 1,30,000 ആയി വര്‍ധിച്ചു. 1999-ല്‍ 25,000-ല്‍ അധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലുണ്ടായിരുന്നു. 215-ല്‍ അധികം പോസ്റ്റ് ഓഫീസുകളും (1995) റിപ്പബ്ളിക്കിലുണ്ട്.

രണ്ട് ഗവണ്‍മെന്റ് നിയന്ത്രിത സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 170 പ്രക്ഷേപണ നിലയങ്ങള്‍ ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ വാര്‍ത്താ വിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്നു. 1996-ലെ കണക്കനുസരിച്ച് 75,000 ടെലിവിഷന്‍ ഉപഭോക്താക്കള്‍ ഡൊമിനിക്കന്‍ റിപ്പബ്ളിക്കി ലുണ്ടായിരുന്നു. മൊത്തം 2,64,000-ല്‍ അധികം കോപ്പികള്‍ സര്‍ക്കുലേഷനുള്ള പതിനൊന്ന് ദിനപ്പത്രങ്ങളും ഇവിടെനിന്ന് പ്രസി ദ്ധീകരിക്കുന്നുണ്ട്.

ഭരണകൂടവും ചരിത്രവും

ഭരണകൂടം

ഒരു ഭരണഘടനാധിഷ്ഠിത പരമാധികാര രാഷ്ട്രമാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക്. 1966-ല്‍ നിലവില്‍ വന്ന ഭരണഘടന പ്രകാരം പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. എക്സിക്യൂട്ടീവിന്റെ അധിപനും പ്രസിഡന്റ് തന്നെ. 1994-ലെ ഭരണഘടനാ ഭേദഗതി അനുസരിച്ച് ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ. 30 അംഗ സെനറ്റും 149 അംഗ ചേംബര്‍ ഒഫ് ഡെപ്യൂട്ടികളും ഉള്‍പ്പെടുന്നതാണ് നിയമനിര്‍മാണസഭ. പ്രസിഡന്റിന്റേയും നിയമ നിര്‍മാണസഭയുടേയും കാലാവധി നാലു വര്‍ഷമാണ്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 18-നു താഴെ പ്രായമുള്ള വിവാഹിതര്‍ക്കും വോട്ടവകാശമുണ്ട്.

ഭരണസൗകര്യാര്‍ഥം രാജ്യത്തെ 29 പ്രവിശ്യകളായും ഒരു ദേശീയ ജില്ലയായും വിഭജിച്ചിരിക്കുന്നു. പ്രസിഡന്റ് നിയമിക്കുന്ന ഗവര്‍ണര്‍മാരാണ് പ്രവിശ്യകളുടെ ഭരണാധികാരികള്‍. പ്രവിശ്യകളേയും ദേശീയ ജില്ലയേയും യഥാക്രമം 18 മുനിസിപ്പല്‍ ജില്ലകളും 72 മുനിസിപ്പാലിറ്റികളുമായി വിഭജിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലുകളാണ് ഇവയുടെ ഭരണനിര്‍വഹണസമിതികള്‍.

സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായപീഠം. സുപ്രീംകോടതിക്കു കീഴില്‍ അപ്പീല്‍, ജില്ലാ, പ്രവിശ്യാ കോടതികള്‍ പ്രവര്‍ത്തിക്കുന്നു. സെനറ്റാണ് സുപ്രീംകോടതി പ്രസിഡന്റിനേയും 8 ജഡ്ജിമാരേയും തെരഞ്ഞെടുക്കുന്നത്. 1924-ല്‍ ഇവിടെ വധശിക്ഷ നിറുത്തലാക്കി.

ചരിത്രം

യൂറോപ്യന്മാര്‍ ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ അധികാരം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വസിച്ചിരുന്നത് അരാവാക് ഇന്ത്യര്‍ (Arawak Indians) എന്ന ജനവര്‍ഗമായിരുന്നു. ഹിസ് പാനിയോള ദ്വീപ് കണ്ടെത്തിയ ആദ്യത്തെ യൂറോപ്യന്‍ ക്രിസ്റ്റഫര്‍ കൊളംബസ് ആണ് (1492 ഡി. 6). വടക്കേ അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ബഹാമയും ക്യൂബയും കണ്ടെത്തിയതിനുശേഷം സ്പെയിനിലേക്കു മടങ്ങവേ കപ്പലിന് കേടുപാടുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ദ്വീപിന്റെ വടക്കന്‍ തീരത്ത് അദ്ദേഹത്തിന് ഇറങ്ങേണ്ടി വന്നു. ദ്വീപിന്റെ മനോഹാരിതയില്‍ ആകൃഷ്ടനായ കൊളംബസ് സ്പാനിഷ് രാജാവിന്റെ പേരില്‍ ദ്വീപിനെ ഏറ്റെടുക്കുകയും 'ലാ ഇസ്ളാ എസ്പാനോള' (സ്പാനിഷ് ഐല്‍) എന്ന് പേരിടുകയും ചെയ്തു. ദ്വീപിന്റെ വടക്കന്‍ തീരത്ത് ഒരു കോട്ട പണികഴിപ്പിച്ചതിനുശേഷം അതിന്റെ സംരക്ഷണം തന്റെ അനുയായികളെ ഏല്പിച്ച കൊളംബസ് സ്പെയിനിലേക്കു മടങ്ങി. 'ലാ-നാവിദാദ' എന്ന പേരിലറിയപ്പെട്ട ഈ കോട്ട നവീന ഭൂഖണ്ഡത്തിലെ ആദ്യത്തെ സ്പാനിഷ് കോളനിയായിരുന്നു.

1493-ല്‍ ആയിരത്തോളം സ്പാനിഷ് അധിനിവേശകരുമായി കൊളംബസ് ദ്വീപില്‍ എത്തിയപ്പോള്‍ കോട്ട മിക്കവാറും നശിപ്പിക്കപ്പെട്ട നിലയിലാണ് കണ്ടത്. അരാവാക് ഇന്ത്യക്കാരുമായുണ്ടായ സംഘര്‍ഷത്തിലാണ് കോട്ട നശിപ്പിക്കപ്പെട്ടതെന്നും കൊളംബസിന്റെ വളരെയധികം അനുയായികള്‍ കൊല്ലപ്പെട്ടതെന്നും അറിയുവാന്‍ സാധിച്ചു. അധിനിവേശകര്‍ ഏതാനും അരാവാക് സ്ത്രീകളെ അടിമകളാക്കിയതാണ് സംഘര്‍ഷത്തിന് കാരണമായിത്തീര്‍ന്നതെന്നും അദ്ദേഹത്തിനു വിവരം ലഭിച്ചു.

സാന്‍റോ ഡൊമിന്‍ഗോ
നയശാലിയായ കൊളംബസ് തദ്ദേശീയരുമായി സന്ധിയുണ്ടാക്കുകയും തുടര്‍ന്ന് ദ്വീപിന്റെ വടക്കന്‍ തീരത്ത് ഇന്നത്തെ പോര്‍ട്ടോപ്ളാറ്റക്കിനു സമീപം ഇസബെല്ല എന്ന പുതിയ കോളനി സ്ഥാപിക്കുകയും ചെയ്തു. പക്ഷേ തദ്ദേശീയരുമായി സ്പാനിഷുകാരുണ്ടാക്കിയ സന്ധി അധികകാലം നീണ്ടുനിന്നില്ല. ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തദ്ദേശിയരെ കീഴടക്കുകയും അവരെ അടിമപ്പണിക്ക് നിയോഗിക്കുകയും ചെയ്തതിന്റെ ഫലമായി ഇരുകൂട്ടരും തമ്മിലുള്ള ബന്ധം ശിഥിലമായി. നദികളില്‍ നിന്നും സ്വര്‍ണം അരിച്ചെടുക്കുന്നതിനാണ് പ്രധാനമായും ആദിവാസികളായ ഇന്ത്യരെ അവര്‍ ഉപയോഗിച്ചത്. തൊഴില്‍ സ്ഥലങ്ങളിലെ പീഡനം കാരണവും സ്പാനിഷ്കാരില്‍ നിന്നു പകര്‍ന്ന രോഗങ്ങള്‍ മൂലവും വലിയൊരു വിഭാഗം തദ്ദേശിയര്‍ മരണമടഞ്ഞു. സ്പാനിഷുകാര്‍ ദ്വീപില്‍ എത്തി ഏതാണ്ട് 50 വര്‍ ഷങ്ങള്‍ക്കുള്ളില്‍ അരാവാക് ജനതയ്ക്ക് പൂര്‍ണമായും വംശനാശം സംഭവിച്ചു. ആധുനിക ചരിത്രകാരന്മാര്‍ സ് പാനിഷുകാരുടെ ക്രൂരതയെ വംശഹത്യയെന്നാണ് (genocide) വിശേഷിപ്പിച്ചിട്ടുള്ളത്.

തെക്കന്‍ തീരത്ത് സ്വര്‍ണ നിക്ഷേപങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞതോടെ 1496-ല്‍ ആ പ്രദേശങ്ങളിലേക്കു മാറിയ സ് പാനിഷുകാര്‍ അവിടെ സാന്റോ ഡൊമിന്‍ഗോ എന്നൊരു പുതിയ പട്ടണം സ്ഥാപിക്കുകയും അതിനെ കോളനിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. 1520-കളില്‍ സ്വര്‍ണം തേടി സ്പെയിനില്‍ നിന്ന് എത്തിയ കുടിയേറ്റക്കാര്‍ വളരെയധികം വര്‍ധിച്ചു. ഹ്രസ്വകാലത്തിനുള്ളില്‍ സ്വര്‍ണനിക്ഷേപങ്ങള്‍ കുറഞ്ഞു തുടങ്ങിയതോടെ പുതിയ കുടിയേറ്റക്കാരുടെ വരവ് നിലച്ചു. ദ്വീപിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും ഭാഗ്യാന്വേഷണാര്‍ഥം സ്പെയിനിന്റെ മറ്റു കോളനികളിലേക്കു പോയതുകാരണം ദ്വീപില്‍ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ഈ പരിവര്‍ത്തന ഘട്ടത്തില്‍ മറ്റു കോളനികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു മൂലം സ്പാനിഷുകാര്‍ ദ്വീപുകാര്യങ്ങളില്‍ അവഗണന കാണിച്ചു. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തേക്ക് കുടിയേറി സ്വാധീനമുറപ്പിച്ച ഫ്രഞ്ചുകാര്‍ സ്പാനിഷു കാരുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും അവിടെ നിന്നും ഒഴിഞ്ഞു പോകാന്‍ വിസമ്മതിച്ചു. ഫ്രഞ്ചുകാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടതു നിമിത്തം ദ്വീപിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെ റിസ്വിക് ഉടമ്പടി (Treaty of Ryswick) പ്രകാരം 1697-ല്‍ ഫ്രാന്‍സിനു വിട്ടുകൊടുക്കാന്‍ സ്പാനിഷ് അധികാരികള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ഫ്രഞ്ച് അധീനതയിലുള്ള പശ്ചിമപ്രദേശം സെയ്ന്റ് ഡൊമിനിക് (Saint Dominigue) എന്ന പേരിലും സ്പാനിഷ് അധീനതയിലുള്ള പൂര്‍വ പ്രദേശം സാന്റോ ഡൊമിന്‍ഗോ എന്ന പേരിലും അറിയപ്പെട്ടു.

ഫ്രാന്‍സിനെതിരെ യൂറോപ്പില്‍ സ് പയിനിനുണ്ടായ യുദ്ധപരാജയത്തെത്തുടര്‍ന്ന് 1795-ല്‍ ബസിലിയ ഉടമ്പടിയനുസരിച്ച് സാന്റോ ഡൊമിന്‍ഗോയെ സ്പെയിന്‍, ഫ്രാന്‍സിനു വിട്ടുകൊടുത്തു. ഫ്രഞ്ച് അധിനിവേശത്തെ എതിര്‍ത്ത് സെയ്ന്റ് ഡൊമിന്‍ഗിലെ നീഗ്രോകള്‍ ഫ്രഞ്ചുകാരെ പുറത്താക്കിക്കൊണ്ട് (1801-ല്‍) ദ്വീപ് പിടിച്ചെടുത്തു. 1804-ല്‍ സെയ് ന്‍റ് ഡൊമിനിഗ് ഹെയ്തി എന്ന സ്വതന്ത്ര റിപ്പബ്ളിക്കായി നിലവില്‍ വന്നപ്പോള്‍ മുന്‍ സ്പാനിഷ് കോളനിയായ സാന്റോ ഡൊമിന്‍ഗോയും അതില്‍ ഉള്‍പ്പെട്ടിരുന്നു. 1809-ല്‍ സ്പാനിഷുകാര്‍ക്ക് തങ്ങളുടെ പഴയ കോളനിയായ സാന്റോ ഡൊമിന്‍ഗോയെ വീണ്ടെടുക്കാന്‍ കഴിഞ്ഞുവെങ്കിലും ഇവിടെ സ്പാനിഷ് ഭരണം അധികകാലം നീണ്ടുനിന്നില്ല. നവീന ഭൂഖണ്ഡത്തിലെ മറ്റു സ്പാനിഷ് കോളനികള്‍ സ്വാതന്ത്യം നേടിയതിന്റെ ചുവടുപിടിച്ചുകൊണ്ട്, സാന്റോ ഡൊമിന്‍ഗോയും 1821-ല്‍ സ്പെയിനിന്റെ അധീശത്വത്തില്‍ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിതിഗതികള്‍ക്കു വീണ്ടും മാറ്റമുണ്ടായി. ഹെയ് തിക്കാര്‍ സാന്റോ ഡൊമിന്‍ഗോയെ ആക്രമിച്ചു ഹെയ് തിയുടെ ഭാഗമാക്കി മാറ്റി.

1843 വരെ സാന്റോ ഡൊമിന്‍ഗോ ഹെയ് തിയുടെ ഭാഗമായി തുടര്‍ന്നുവെങ്കിലും അസ്വസ്ഥതകള്‍ കൂടെക്കൂടെ പൊട്ടിപ്പുറപ്പെടുന്നുണ്ടായിരുന്നു. ഹെയ് തിയുടെ അധിനിവേശത്തെ എതിര്‍ത്തുകൊണ്ട് യുവാന്‍ പാബ്ളോ 1835-ല്‍ ആരംഭിച്ച സ്വാതന്ത്യ പ്രസ്ഥാനം ശക്തിപ്പെടുകയും 1844-ല്‍ ഹെയ് തിയില്‍ നിന്നും സ്വാതന്ത്യം കൈവരിക്കുകയും ചെയ്തു. ഈ സ്വതന്ത്രരാജ്യം ഡൊമിനിക്കന്‍ റിപ്പബ്ളിക് എന്ന പുതിയ പേരില്‍ നിലവില്‍ വന്നു. ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ രാഷ്ട്രപിതാവായി ജുവാന്‍ പാബ്ളോ പ്രഖ്യാപിക്കപ്പെട്ടു.

പെഡ്രോ സന്റാന (Pedro Santana) ആയിരുന്നു റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. പുതിയ റിപ്പബ്ളിക്ക് രൂപീകൃതമായെങ്കിലും ഹെയ് തിമായി നിരന്തരം അതിര്‍ത്തി തര്‍ക്കങ്ങളുണ്ടായി ക്കൊണ്ടിരുന്നതു മൂലം റിപ്പബ്ളിക്കിന് ശാശ്വതമായ സമാധാനമോ സാമൂഹികമായ സുസ്ഥിരതയോ കൈവരിക്കുവാന്‍ കഴിയാതെ വന്നത് പെഡ്രോയുടെ ഭരണത്തെ ദുര്‍ബലമാക്കി. പുതിയ റിപ്പബ്ളിക്കിനെ ഹെയ്തി വീണ്ടും ആക്രമിച്ചു കീഴ് പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ആശങ്കാകുലനായിത്തീര്‍ന്ന പെഡ്രോ റിപ്പബ്ളിക്കിന്റെ ഭരണം ഏറ്റെടുക്കണമെന്ന് സ് പെയിനിനോട് അഭ്യര്‍ഥിച്ചു. ഇതനുസരിച്ച് 1861-65 കാലയളവില്‍ സ് പെയിന്‍ റിപ്പബ്ളിക്കിന്റെ ഭരണം നിര്‍വഹിച്ചുവെങ്കിലും രാജ്യത്ത് സമാധാനം സംസ്ഥാപിക്കുവാന്‍ സാധിക്കാതെവന്നു. ഭരണത്തിനെതിരായുള്ള ജനരോഷവും അതൃപ്തിയും ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എന്നെന്നേക്കുമായി കോളനിയില്‍ നിന്നും ഭരണം ഒഴിഞ്ഞു പോകാന്‍ തന്നെ 1865-ല്‍ സ്പെയിന്‍ അന്തിമമായി തീരുമാനമെടുത്തു.

1869-ല്‍ റിപ്പബ്ളിക്കിനെ ഒരു സംരക്ഷിതരാജ്യമെന്ന നിലയില്‍ (protectorate) ഏറ്റെടുത്തു പരിരക്ഷിക്കുവാന്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് ബായെസ് (Baez) യു.എസ്സിനോട് അഭ്യര്‍ഥിച്ചെങ്കിലും യു.എസ്. കോണ്‍ഗ്രസിന്റെ എതിര്‍പ്പു മൂലം ആ ആശയം സഫലമായില്ല.

1886-97 കാലയളവില്‍ റിപ്പബ്ളിക് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതു നിമിത്തം വിദേശ വായ് പയിന്മേലുള്ള പലിശ കൃത്യമായി അടച്ചുതീര്‍ക്കാനാവാത്ത സാഹചര്യമുണ്ടായി. വിദേശരാജ്യങ്ങളുടെ സമ്മര്‍ദം അനുദിനം വര്‍ധിച്ചതോടെ നിലനില്പിനായി റിപ്പബ്ളിക് വീണ്ടും യു.എസ്സിന്റെ സഹായം അഭ്യര്‍ഥിച്ചു. രണ്ട് ഗവണ്‍മെന്റുകളും ഒരു കരാറിനു സന്നദ്ധമായതനുസരിച്ച് ഡൊമിനിക്കന്‍ റിപ്പബ്ളിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി ശേഖരിക്കുവാനുളള അവകാശം യു.എസ്സിനു ലഭിച്ചു. ഇതിന്റെ ഒരു ഭാഗം റിപ്പബ്ളിക് വരുത്തിവച്ച കടം വീട്ടുന്നതിനായി യു.എസ് .നീക്കിവച്ചു.

1900-കളുടെ ആരംഭത്തില്‍ റിപ്പബ്ളിക്കില്‍ മാറി മാറി വന്ന ഭരണകൂടങ്ങള്‍ സുസ്ഥിരമായ ഭരണം കാഴ്ചവയ്ക്കുന്നതില്‍ പരാജയമടയുകയാണുണ്ടായത്. രാഷ്ട്രീയ കൊലപാതകങ്ങളും സൈനിക അട്ടിമറികളും റിപ്പബ്ളിക്കിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിത്യ സംഭവങ്ങളായി മാറി.

റിപ്പബ്ളിക്കിന്റെ ദുര്‍ബലമായ ഭരണ സമ്പ്രദായം വീണ്ടുമൊരു യൂറോപ്യന്‍ അധിനിവേശത്തിന് വഴിയൊരുക്കിയേക്കുമെന്ന് യു.എസ്. ഭയപ്പെട്ടു. റിപ്പബ്ളിക്കിലെ കരിമ്പിന്‍ തോട്ടങ്ങളില്‍ വമ്പിച്ച നിക്ഷേപങ്ങള്‍ ഉണ്ടായിരുന്ന അമേരിക്കന്‍ ബിസ്സിനസ്സുകാരുടെ സാമ്പത്തിക താത്പര്യങ്ങളെ അവിടത്തെ തുടര്‍ച്ചയായ ആഭ്യന്തര കലഹങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും യു.എസ്. മനസ്സിലാക്കി. ഈ സാഹചര്യത്തില്‍ റിപ്പബ്ളിക്കിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടത് യു.എസ്സിന് അനിവാര്യമായി വന്നു. റിപ്പബ്ളിക്കില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മറീനുകളെ അയച്ച (1916 മേയ്) യു.എസ്. ഗവണ്‍മെന്റ് ന.-ല്‍ ഡൊമിനിക്കന്‍ റിപ്പബ്ളിക് യു.എസ്സിന്റെ സൈനിക ഭരണത്തിന്‍ കീഴിലായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. യു.എസ്. അധിനിവേശം എട്ടു വര്‍ഷം നീണ്ടുനിന്നു. ക്രമേണ അധികാരം ജനങ്ങളിലേക്കു കൈമാറുവാന്‍ സന്നദ്ധമായ യു.എസ്., ഭരണഘടനാപരമായ ഒരു ഗവണ്‍മെന്റ് നിലവില്‍ വരുത്തുകയും (1924) തുടര്‍ന്ന് റിപ്പബ്ളിക്കില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കുകയും ചെയ്തു. എങ്കിലും രാഷ്ട്രീയമായ അസ്ഥിരതയ്ക്ക് പൂര്‍ണമായ പരിഹാരമുണ്ടായില്ല. 1930-ല്‍ ഭരണഘടനാനുസൃത ഗവണ്‍മെന്റിനെ അട്ടിമറിച്ചുകൊണ്ട് സൈനിക ഉദ്യോഗസ്ഥനായ ട്രൂജില്ലോ അധികാരം പിടിച്ചെടുത്തു. ട്രൂജില്ലോ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നടങ്കം നിരോധിക്കുകയും തന്റെ നയങ്ങള്‍ക്ക് വിഘാതമായി നിന്നവരെ കൂട്ടത്തോടെ വകവരുത്തുകയും ചെയ്തു. ലോകം കണ്ട ഏറ്റവും ക്രൂരമായ ഈ സേച്ഛാധിപത്യവാഴ് ച 31 വര്‍ഷം വരെ നീണ്ടുനിന്നു. ഈ കാലയളവില്‍ തന്റെ ആജ്ഞാനുവര്‍ത്തികളെ പ്രസിഡന്റായി വാഴിച്ചെങ്കിലും ഭരണത്തിന്റെ യഥാര്‍ഥ നിയന്ത്രണം ഇദ്ദേഹത്തിന്റെ കയ്യില്‍ത്തന്നെയായിരുന്നു. ജനാധിപത്യനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ഓര്‍ഗനൈസേഷന്‍ ഒഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (ഒ.എ.എസ്.) ഇദ്ദേഹത്തെ അതിനിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യം സാമ്പത്തിക ഭദ്രത കൈവരിച്ചെങ്കിലും അഴിമതിയും സ്വജനപക്ഷപാതവും മൂലം കുപ്രസിദ്ധി നേടിയ ഭരണരീതികളുടെ കുരുക്കില്‍പ്പെട്ട് യഥാര്‍ഥത്തില്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണുണ്ടായത്.

രണ്ടാം ലോകയുദ്ധകാലത്ത് അച്ചുതണ്ടു ശക്തികള്‍ക്കെതി രായി യുദ്ധം പ്രഖ്യാപിച്ച ആദ്യത്തെ കരീബിയന്‍ രാജ്യമാ യിരുന്നു ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്. യു.എസ്സിനുവേണ്ടുന്ന എല്ലാ വിധ യുദ്ധസഹായ സഹകരണങ്ങളും നല്കുവാന്‍ ട്രൂജില്ലോ സന്നദ്ധനായി.

1946-54 കാലയളവില്‍ റിപ്പബ്ളിക്കും മറ്റു കരീബിയന്‍ രാജ്യങ്ങ ളുമായുള്ള ബന്ധം ശിഥിലമായി. 1946-ല്‍ ഹെയ് തിയിലെ ഭരണ കൂടം തന്റെ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ കരുനീക്കുന്നു എന്ന് ട്രൂജില്ലോ ആരോപിച്ചപ്പോള്‍ ഡൊമിനിക്കന്‍ റിപ്പബ്ളിക്ക് ഹെയ് തി വിരുദ്ധ കലാപകാരികള്‍ക്ക് ഒത്താശകള്‍ പലതും ചെയ്തു കൊടുക്കുന്നു എന്ന പരാതിയുമായി ഹെയ് തി 'ഓര്‍ഗനൈസേഷന്‍ ഒഫ് അമേരിക്കന്‍ സ്റ്റേറ്റ്സി'നെ സമീപിച്ചു. 1960-ല്‍ വെനിസ്വേലന്‍ പ്രസിഡന്റിനെതിരെ നടന്ന വധശ്രമത്തില്‍ ട്രൂജില്ലോയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടതോടെ ഒ.എ.എസ്. റിപ്പബ്ളിക്കിനു മേല്‍ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.

1961-ല്‍ ട്രൂജില്ലോ വധിക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹോദരന്മാര്‍ 1961 ന.-ല്‍ അധികാരം പിടിച്ചെടുക്കുവാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും പ്രസിഡന്റ് ബലേഗര്‍ (1960-ല്‍ ട്രൂജില്ലോ ഇദ്ദേഹത്തെ പ്രസിഡന്റായി നിയമിച്ചിരുന്നു) ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ബലേഗര്‍ പ്രസിഡന്റായി തുടരുന്നതിനോടു പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചില്ല. ബലേഗര്‍ പ്രതിപക്ഷകക്ഷികളുമായി അനുരഞ്ജനാത്മകമായ ധാരണ ഉണ്ടാക്കിയതനുസരിച്ച് റിപ്പബ്ളിക്കിനു മേല്‍ ഒ.എ.എസ്. ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ തീരുന്നതുവരെ ഇദ്ദേഹം തന്നെ പ്രസിഡന്റായി തുടരാന്‍ തീരുമാനമുണ്ടായി.

1962-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുവാന്‍ ബോഷ് വിജയം വരിച്ചു. അല്പകാലത്തിനുള്ളില്‍ത്തന്നെ ഇദ്ദേഹത്തിന്റെ നയങ്ങളോട് ജനങ്ങള്‍ക്ക് എതിര്‍പ്പും അതൃപ്തിയുമുണ്ടായി. ഇത് താമസിയാതെ ഒരു സൈനിക അട്ടിമറിയായി കലാശിക്കുകയും തത്ഫലമായി യുവാന്‍ ബോഷ് 1963 സെപ്.-ല്‍ പുറത്താക്കപ്പെടുകയും ചെയ്തു. കമ്യൂണിസ്റ്റുകാരോടുള്ള മൃദുവായ സമീപനവും തെറ്റായ സാമ്പത്തിക നയവുമാണ് ഇദ്ദേഹത്തിന്റെ പതനത്തിന് കാരണമായിത്തീര്‍ന്നത്. യുവാന്‍ബോഷിന്റെ ജനാധിപത്യഗവണ്‍മെന്റിനെ പുറത്താക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്ത സൈനികത്തലവന്മാര്‍ മൂന്ന് പേരടങ്ങിയ ഒരു സിവിലിയന്‍ ഭരണസഭയ്ക്ക് അധികാരം കൈമാറി. ഇവര്‍ക്കും സുഗമമായി ഭരിക്കാന്‍ കഴിഞ്ഞില്ല. ഒരു വിഭാഗം പട്ടാളക്കാര്‍ 1965 ഏപ്രിലില്‍ ഇവര്‍ക്ക് എതിരേ തിരിയുകയും ബോഷിനെ പ്രസിഡന്റായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലാപത്തിനു മുതിരുകയും ചെയ്തു. ഈ സംഭവം രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. കോണ്‍സ്റ്റിറ്റ്യൂഷണലിസ്റ്റുകള്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ വിപ്ളവകാരികള്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരാണെന്ന അഭ്യൂഹം പരന്ന സാഹചര്യത്തില്‍ ക്യൂബയെപ്പോലെ റിപ്പബ്ളിക്കും കമ്യൂണിസ്റ്റ് പാത പിന്തുടരുമോ എന്ന് സംശയിച്ച യു.എസ്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും കമ്യൂണിസ്റ്റുകാര്‍ ഭരണം പിടിച്ചെടുക്കുന്നത് തടയുന്നതിനുമായി സൈന്യത്തെ അയച്ചു. 1965 മേയില്‍ ഒ.എ.എസ്സിന്റെ സമാധാന സേനാംഗങ്ങള്‍ ഇടപെട്ട് രണ്ട് വിഭാഗങ്ങളേയുംകൊണ്ട് യുദ്ധവിരാമത്തിന് സമ്മതിച്ചതോടെ യു.എസ്. മറീനുകളെ റിപ്പബ്ളിക്കില്‍നിന്നും പിന്‍വലിച്ചു. ഒ.എ.എസ്സിന്റെ മധ്യസ്ഥതയില്‍ ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് നടത്താനുള്ള ധാരണയില്‍ എത്തിച്ചേര്‍ന്നു.

1966 ജൂണിലെ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ക്രിസ്ത്യന്‍ റിഫോര്‍മിസ്റ്റ് പാര്‍ട്ടിയിലെ ബലേഗര്‍ പ്രസിഡന്റായി തെരഞ്ഞെടു ക്കപ്പെട്ടു. പ്രസിഡന്റായി ദീര്‍ഘകാലം ഭരിച്ച ഇദ്ദേഹം സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിലും ഭരണപരമായ സുസ്ഥിരത യുണ്ടാക്കുന്നതിലും വിജയിച്ചു. 1970-കളില്‍ ലോകവിപണിയിലു ണ്ടായ പഞ്ചസാരയുടെ വിലയിടിവ് റിപ്പബ്ളിക്കിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. റിപ്പബ്ളിക്കിന്റെ വികസനം ഇതു മൂലം മുരടിക്കുവാനിടയായി; ജനജീവിതം ദുസ്സഹമായിത്തീര്‍ന്നു. 1978-ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വികാരം ബലേഗറിനെതിരേയുള്ള പ്രതിഷേധ വോട്ടായി രൂപപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഡൊമിനിക്കന്‍ റവല്യൂഷനറി പാര്‍ട്ടി(പി.ആര്‍.ഡി.)യുടെ ഗുസ്മാന്‍ വിജയിച്ചു.

1982-ല്‍ പി.ആര്‍.ഡി.യിലെ ബ്ളാന്‍കോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബലേഗര്‍ 1986-ലും 90-ലും 94-ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ഇക്കാലം മുതലുള്ള ഗവണ്‍മെന്റുകള്‍ ശ്രദ്ധവച്ചു. സാമൂഹിക-സാംസ്കാരികരംഗത്തും രാജ്യം ചില നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍