This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമാക്ക്, ഗെര്‍ഹാര്‍റ്റ് (1895 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊമാക്ക്, ഗെര്‍ഹാര്‍റ്റ് (1895 - 1964)

Domagk,Gerhard

നോബല്‍ സമ്മാനം നേടിയ ജര്‍മന്‍ വൈദ്യശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും. പ്രോണ്‍ടോണ്‍സില്‍ എന്ന രാസവസ്തുവിന്റെ പ്രതിബാക്ടീരിയല്‍ പ്രഭാവം കണ്ടുപിടിച്ചതിനാണ് 1939-ലെ വൈദ്യ ശാസ്ത്ര-ശരീരശാസ്ത്രശാഖയിലെ നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.

1895 ഒ. 30-ന് ജര്‍മനിയിലെ ലാഗോവില്‍ ഡൊമാക്ക് ജനിച്ചു. 1921-ല്‍ കീല്‍ സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ എം.ഡി. ബിരുദം നേടി. 1924-ല്‍ ഗ്രൈവസ്വല്‍ഡ് സര്‍വകലാശാലയില്‍ പാത്തോളജി വിഭാഗം റീഡറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം 1925-ല്‍ മ്യൂണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ റീഡറായി.

ഗെര്‍ഹാര്‍റ്റ് ഡൊമാക്ക്

പ്രതിരോധക്ഷമത പ്രദാനം ചെയ്യുന്നതില്‍ ജാലികാസ്തര വ്യൂഹ(reticulo endothelial system)ത്തിന്റെ പങ്കിനെക്കുറിച്ച് 1924-ല്‍ ഡൊമാക്ക് പ്രസിദ്ധീകരിച്ച ലേഖനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി. ഈ പഠനവും രാസൌഷധ ചികിത്സ(കീമോതെറാപ്പി)യിലുള്ള താത്പര്യവും കണക്കിലെടുത്ത് വുപ്പര്‍റ്റല്‍-എല്‍ബര്‍ ഫെല്‍ഡിലെ പാത്തോളജി-ബാക്ടീരിയോളജി ലബോറട്ടറികളുടെ ഗവേഷണവിഭാഗം തലവനായി ഇദ്ദേഹത്തെ നിയമിച്ചു. രാസൌഷധങ്ങള്‍ എന്ന നിലയ്ക്ക് അസോചായങ്ങ(Azo dyes) ളുടെ പ്രവര്‍ത്തനത്തിലാണ് ഡൊമാക്ക് ഇക്കാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആയിരത്തിലേറെ അസോചായങ്ങള്‍ പരീക്ഷിച്ചു നോക്കിയ ഡൊമാക്ക് പ്രോണ്‍ടോണ്‍സില്‍ (prontonsil) എന്ന ഒരു ചായം (സള്‍ഫോണാമൈഡ്-ക്രിസോയ്ഡിന്‍) എലികളില്‍ കൃത്രിമമായി ഉളവാക്കിയ സ്ട്രെപ്റ്റോകോക്കല്‍ രോഗബാധയ്ക്കെതിരേ പ്രയോഗക്ഷമമാണെന്നു കണ്ടെത്തി. വളരെ ചെറിയ തോതിലുള്ള വിഷാംശം മാത്രമേ പ്രോണ്‍ടോണ്‍സിലിനുള്ളു എന്നും ഡൊമാക്കിന്റെ പഠനങ്ങള്‍ വ്യക്തമാക്കി. പക്ഷേ, പ്രോണ്‍ടോണ്‍സിലിനു സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയങ്ങളുടെ മേല്‍ നേരിട്ട് പ്രഭാവം ചെലുത്താനാവില്ല എന്ന് ടെസ്റ്റ്ട്യൂബുകളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നു തെളിഞ്ഞു. എന്നാല്‍ ശരീരത്തിനുള്ളില്‍ വച്ച് സള്‍ഫാനിലാമൈഡ് (sulphanilamide) എന്ന പ്രവര്‍ത്തനക്ഷമമായ രാസവസ്തുവായി മാറുന്നതിനാല്‍ ഔഷധമെന്ന നിലയില്‍ പ്രോണ്‍ടോണ്‍സില്‍ ഫലപ്രദമാണെന്ന് ഡൊമാക്ക് തെളിയിച്ചു. സള്‍ഫാ ഔഷധങ്ങള്‍ എന്ന പേരില്‍ തുടര്‍ന്ന് ഉത്പാദിപ്പിക്കപ്പെട്ട വിവിധ ഔഷധങ്ങളില്‍ ആദ്യത്തേതായി പ്രോണ്‍ടോണ്‍സിലിനെ കണക്കാക്കി വരുന്നു. സള്‍ഫാ മരുന്നുകളുടെ സ്ഥാനം ഇന്ന് മറ്റ് പല ആന്റിബയോട്ടിക്കുകളും കൈയടക്കിക്കഴിഞ്ഞുവെങ്കിലും മൂത്രാശയ സംബന്ധമായ ചില രോഗങ്ങള്‍ക്ക് ഇന്നും സള്‍ഫാ മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. മസ്തിഷ്കജ്വരം, ന്യുമോണിയ തുടങ്ങിയ അനവധി മാരകരോഗങ്ങളുടെ നിര്‍ണയത്തിലും ചികിത്സയിലും പുരോഗതിക്കു വഴിതെളിച്ചത് ഡൊമാക്കിന്റെ കണ്ടുപിടുത്തമാണ്.

പ്രോണ്‍ടോണ്‍സിലിനെ സംബന്ധിക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്ക് 1939-ല്‍ വൈദ്യശാസ്ത്രം അഥവാ ശരീരശാസ്ത്ര ശാഖയിലെ നോബല്‍ സമ്മാനം ഡൊമാക്കിനു ലഭിച്ചുവെങ്കിലും അതു സ്വീകരിക്കുന്നതിന് ജര്‍മന്‍ സര്‍ക്കാര്‍ വിലക്കു കല്പിച്ചിരുന്നതു കൊണ്ട് 1947-ല്‍ മാത്രമേ സമ്മാനം സ്വീകരിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞുള്ളു.

ക്ഷയരോഗത്തിനുള്ള രാസൗഷധം കണ്ടുപിടിക്കുന്നതിനായിരുന്നു പിന്നീട് ഡൊമാക്ക് പ്രയത്നിച്ചത്. ഈ രംഗത്ത് പില്ക്കാലത്തുണ്ടായ പല നേട്ടങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ ഉപയോഗപ്രദമായി. അര്‍ബുദത്തിന് പറ്റിയ രാസൗഷധം കണ്ടുപിടിക്കുന്നതും ഡൊമാക്കിന്റെ ലക്ഷ്യമായിരുന്നു. എതിലീന്‍ ഇമി നോക്വിനോണു(Ethylene Imnoquinones)കളിലാണ് പരീക്ഷണം നടത്തിയത്. നിര്‍ഭാഗ്യവശാല്‍ ലക്ഷ്യം നേടാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല. 1964 ഏ. 24-ന് ഡൊമാക്ക് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍