This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊനാറ്റെലോ (സു.1386 - 1466)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊനാറ്റെലോ (സു.1386 - 1466)

Donatello

ഇറ്റലിയിലെ വിഖ്യാത ശില്പി. ഫ്ളോറന്‍സില്‍ സു.1386-ലാണ് ജനനം. ബാല്യകാലത്തെക്കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. നിക്കോളോഡി ബെറ്റോഡി ബാര്‍ഡി എന്നാണ് പിതാവിന്റെ പേര്. ഡൊനാറ്റെലോയുടെ മുഴുവന്‍ പേര് ഡൊനാറ്റോ ഡി ബെറ്റോ ബാര്‍ഡി എന്നാണ്. ആദ്യകാലത്ത് ഇദ്ദേഹം സ്വര്‍ണപ്പണിയില്‍ പരിശീലനം നടത്തി. പിന്നീട് 17-ാം വയസ്സില്‍ ലോറന്‍സോ ഘിബെര്‍ട്ടിയുടെ സ്റ്റുഡിയോയില്‍, ഫ്ളോറന്‍സ് ബാപ്റ്റിസ്റ്ററിയുടെ പിച്ചള വാതിലുകള്‍ നിര്‍മിക്കുന്ന പണിയില്‍ സഹായിയായി പ്രവര്‍ത്തിച്ചു എന്നു തെളിയിക്കുന്ന ചരിത്രരേഖകള്‍ കിട്ടിയിട്ടുണ്ട്. 1406-ല്‍ അവിടെ നിന്നു മാറി ഫ്ളോറന്‍സ് കത്തീഡ്രലിന്റെ അലങ്കാരപ്പണികള്‍ ചെയ്യുന്ന പണിയില്‍ വ്യാപൃതനായി. അവിടെ അക്കാലത്തെ പ്രസിദ്ധരായ നന്നി ഡി ബാങ്കോ, ബ്രൂണെല്‍ഷി എന്നിവരായിരുന്നു മുഖ്യ ശില്പികള്‍. അവരാണ് ഡൊണാറ്റെലോയുടെ ശില്പ വൈദഗ്ധ്യത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ശാസ്ത്രീയമായ ചിട്ടപ്പെടുത്തലിനും സഹായിച്ചത്.

1408-ലെ ഒരു കലാസൃഷ്ടിയാണ് ഡൊനാറ്റെലോ ആദ്യം പൂര്‍ത്തിയാക്കിയ ശില്പം. കത്തീഡ്രലിനുവേണ്ടി നിര്‍മിച്ച ദാവീദിന്റെ ശില്പമായിരുന്നു അത്. ഈ മാര്‍ബിള്‍ ശില്പം ഗോഥിക് ശൈലിയിലാണ് നിര്‍മിച്ചിട്ടുള്ളത്. 1416-ല്‍ ഇത് കത്തീഡ്രലില്‍ നിന്നും മാറ്റി അതേ നഗരത്തിലെ മറ്റൊരിടത്തു പ്രതിഷ്ഠിക്കുകയുണ്ടായി. ഇപ്പോള്‍ ഫ്ളോറന്‍സിലെ ബാര്‍ഗെല്ലോയിലാണ് ഡൊനാറ്റെലോയുടെ ഈ കന്നിശില്പം സ്ഥിതിചെയ്യുന്നത്.

ഡാന്‍സിങ് ചില്‍ഡ്രന്‍ -ഡൊനാറ്റെലോയുടെ ശില്പം

ബ്രൂണെല്‍ഷിയോടൊപ്പം 1409-ല്‍ നടത്തിയ റോമാ യാത്ര ഇദ്ദേഹത്തെ ക്ലാസിക് ശൈലിയോട് കൂടുതല്‍ അടുക്കുവാന്‍ സഹായിച്ചു. ഇതിനെത്തുടര്‍ന്ന് നിര്‍മിക്കപ്പെട്ട ശില്പങ്ങള്‍ ഈ വസ്തുതയ്ക്കു തെളിവാണ്. 1411-ലെ സെന്റ് മാര്‍ക്ക്, 1413-നും 1415-നുമിടയ്ക്ക് പൂര്‍ത്തിയാക്കിയതെന്നു കരുതപ്പെടുന്ന സെന്റ് ജോണ്‍ ദി ഇവാന്‍ജലിസ്റ്റ് എന്നിവ മികച്ച കലാശില്പ മാതൃകക ളായിപ്പറയാം. 1416 മുതല്‍ 39 വരെ ഇദ്ദേഹം നിര്‍മിച്ച ശില്പ പരമ്പര ക്ലാസിക്-ഗോഥിക് ശൈലികളുടെ സമന്വയത്താല്‍ സവി ശേഷ സൗന്ദര്യം നേടിയിട്ടുള്ളവയാണെന്നു ചിത്രകലാമര്‍മജ്ഞര്‍ കരുതുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ, പ്രോഫറ്റ് വിത്ത് എ സ്ക്രോള്‍, ഹബാക്കുക് ബാള്‍ഡ്ഹെഡ് എന്നിവയാണ്.

1415-17 കാലഘട്ടത്തില്‍ ഇദ്ദേഹം നിര്‍മിച്ച വിഖ്യാതശില്പ മാണ് സെന്റ് ജോര്‍ജ് ഓര്‍സാന്‍മിഷേയ് ല്‍ . കത്തീഡ്രല്‍ മന്ദിര ത്തിലാണ് ആദ്യം ഇതു സ്ഥാപിതമായത്. ആ മന്ദിരത്തില്‍ ശില്പം വെറുതേ കൊത്തിവയ്ക്കുന്നതിനു പകരം ഒരു ആധാരപീഠം കൂടി ഇദ്ദേഹം പണിതുയര്‍ത്തി. അതില്‍ സെന്റ് ജോര്‍ജ് ആന്‍ഡ് ദ ഡ്രാഗണ്‍ എന്ന പേര് റിലീഫ് രൂപത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ശില്പത്തേക്കാള്‍ പ്രസിദ്ധമാണ് ഈ റിലീഫ്. നവോത്ഥാന ശില്പകലയുടെ രൂപഭാവങ്ങളും സൗന്ദര്യ സങ്കല്പവും ഈ റിലീഫില്‍ സമന്വയിപ്പിച്ചിരിക്കുന്നു എന്ന് കലാവിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ശില്പരചനയിലെ തന്റെ സ്ഥലസങ്കല്പമെന്താണെന്ന കാര്യവും ഡൊനാറ്റെലോ ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.

ഏതാണ്ട് 1420 മുതല്‍ ഇദ്ദേഹം ശില്പിയും വാസ്തുകലാ വിദഗ്ധനുമായ മൈക്കലോസോയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ആ സംയുക്ത സമാരംഭത്തില്‍ പിറന്ന മികച്ച കലാസൃഷ്ടിയാണ് ഫ്ളോറന്‍സ് ബാപ്റ്റി സ്റ്റെറിയിലെ ജോണ്‍ ഇരുപത്തി മൂന്നാമന്റെ ശില്പം. 1423-25-ലെ സെന്റ് ലൂയിസ് ഒഫ് ടുലൂസെ എന്ന ശില്പം ഡൊനാറ്റെലോയുടെ യഥാര്‍ഥ ശൈലീപരമായ എല്ലാ സവിശേഷതകളും വെളിപ്പെടുത്തുവാന്‍ പര്യാപ്തമായിട്ടുണ്ട്. 1427-ലെ ഫീസ്റ്റ് ഒഫ് ഹെറോദ് ഇദ്ദേഹത്തിന്റെ രംഗാവബോധത്തിന്റെ മികച്ച മാതൃകയായി നിലകൊള്ളുന്നു.

1431 മുതല്‍ 33 വരെയുള്ള കാലയളവിനിടയില്‍ 18 മാസക്കാലം ഇദ്ദേഹം റോമിലായിരുന്നു. ഈ രണ്ടാം റോമാ യാത്ര ഡൊനാറ്റെലോയുടെ ശില്പാവബോധത്തില്‍ ഗണ്യമായ പരിവര്‍ത്തനം വരുത്തി. ആ യാത്രയില്‍ ഇദ്ദേഹത്തോടൊപ്പം ബ്രൂണെല്‍ഷിയും ഉണ്ടായിരുന്നു. റോമില്‍ വച്ച് ഇദ്ദേഹം ക്ലാസിക്കല്‍ റോമന്‍ ചിത്രകലയുടേയും ക്രൈസ്തവ ശില്പകലയുടേയും സാങ്കേതിക തത്ത്വങ്ങളും ആശയപരമായ സവിശേഷതകളും നിരീക്ഷിച്ചറിഞ്ഞു. അവിടെനിന്നും ഫ്ളോറന്‍സില്‍ മടങ്ങിയെത്തിയതിനു ശേഷമുള്ള പ്രഥമ സൃഷ്ടിയാണ് ഡാന്‍സിങ് ചില്‍ഡ്രന്‍ (1433-39). ഇത് ശില്പങ്ങളിലേക്ക് ചലനങ്ങളെ ആവാഹിക്കാന്‍ ഇദ്ദേഹത്തിനുള്ള വൈഭവം പ്രകടമാക്കുന്നതോടൊപ്പം ക്ളാസിക് ശൈലിയിലേക്കുള്ള മടക്കത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.

1443 മുതല്‍ 54 വരെ ഇദ്ദേഹം ഫ്ളോറന്‍സില്‍ നിന്നു മാറി പാദുവയിലാണ് താമസിച്ചത്. ഇക്കാലത്ത് നിര്‍മിച്ച ശില്പങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സെന്റ് ആന്റണി ചര്‍ച്ചിലെ അള്‍ത്താര യില്‍ പണികഴിപ്പിച്ചിട്ടുള്ള ദ് വെര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ് വിത്ത് സെയിന്റ്സ് (1450) ആണ്. ഇത് കേവലമൊരു ശില്പമെന്നതി ലുപരി, ഡൊനാറ്റെലോയുടെ മതദര്‍ശനത്തിന്റെ സാക്ഷിപത്രം കൂടിയാണ്.

1454-ല്‍ ഇദ്ദേഹം ഫ്ളോറന്‍സില്‍ തിരിച്ചെത്തി. അപ്പോഴേക്കും അവിടത്തെ ശില്പകലാശൈലി ഇദ്ദേഹത്തിന്റേതില്‍ നിന്നും തികച്ചും ഭിന്നമായി മാറിക്കഴിഞ്ഞിരുന്നു. സെന്റ് മഗ്ദലീന്‍ (1455) ആണ് അവിടെയെത്തിയതിനു ശേഷം ഇദ്ദേഹം നിര്‍മിച്ച പ്രസിദ്ധ ശില്പം. തുടര്‍ന്ന് 1457 മുതല്‍ 61 വരെ ഇദ്ദേഹം സിയന്നയില്‍ താമസിച്ചു. എങ്കിലും ഈ കാലഘട്ടത്തില്‍ സവിശേഷതകളുള്ള മികച്ച കലാസൃഷ്ടികളൊന്നും അവിടെ വച്ച് നിര്‍മിക്കാന്‍ ഇദ്ദേഹ ത്തിനു കഴിഞ്ഞില്ല.

ഇറ്റലിയിലെ നവോത്ഥാനശില്പകലയുടെ പ്രഭവകേന്ദ്രങ്ങളി ലൊന്നാണ് ഡൊനാറ്റെലോയുടെ കലാസൃഷ്ടികള്‍. ചലനം, വെളിച്ചം എന്നിവയെ തന്റെ ശില്പങ്ങളില്‍ ആവാഹിച്ചുചേര്‍ക്കുക മാത്രമല്ല, ഓരോ ശില്പത്തേയും കാവ്യാത്മകവും പരമാവധി സുതാര്യവുമാക്കിത്തീര്‍ക്കുവാനും ഈ പ്രതിഭാശാലിക്കു സാധിച്ചിരുന്നു.

1466 ഡി. 13-ന് ഫ്ളോറന്‍സില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍