This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊനാട്ടിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊനാട്ടിസം

Donatism

ക്രിസ്തുമതത്തിലെ ഒരു വിഘടന പ്രസ്ഥാനം. നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ഉത്തര ആഫ്രിക്കയിലാണ് ഈ പ്രസ്ഥാനം രൂപം പൂണ്ടു വളര്‍ന്നത്. വൈദികന്റെ വിശുദ്ധിയാണ് കൂദാശയുടെ സാധുത നിര്‍ണയിക്കുന്നതിനുള്ള മുഖ്യഘടകം എന്ന് ഡൊനാട്ടിസ്റ്റുകള്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്തു.

311-ല്‍ കാര്‍ത്തേജിലെ ബിഷപ്പായി സിസിലിയന്‍ (Caecillian) തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വിവാദം ആരംഭിച്ചത്. സിസിലിയന്റെ പ്രതിഷ്ഠാപനകര്‍മം നിര്‍വഹിച്ച അപ് തുംഗയിലെ ബിഷപ്പായ ഫെലിക്സ് പാപം ചെയ്തവനാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നിര്‍വഹിച്ച കര്‍മങ്ങള്‍ക്ക് സാധുത ഇല്ലെന്ന് ഒരു വിഭാഗം വാദിച്ചു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ളീഷ്യന്റെ ആക്രമണത്തിനു മുന്‍പില്‍ തലകുനിക്കുകയും ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ കൈമാറുകയും ചെയ്തു എന്നതായിരുന്നു ഫെലിക്സിന്റെ മേല്‍ ആരോപിതമായ പാപകര്‍മം. ഫെലിക്സ് പ്രതിഷ്ഠാപനം നിര്‍വഹിച്ച സിസിലിയനെ അംഗീകരിക്കുവാന്‍ വിസമ്മതിച്ച വിഘടനവാദികള്‍ അക്കാരണത്താല്‍ മജോറിനസിനെ (Magorinus) ബിഷപ്പായി തെരഞ്ഞെടുത്തു. 315-ല്‍ ബിഷപ്പായി സ്ഥാനമേറ്റ ഡൊനേട്ടസ് (Donatus) വിഘടന പ്രസ്ഥാനത്തിന് കരുത്തേകി. അതിനാല്‍ പ്രസ്ഥാനത്തിന് ഈ പേരില്‍ പ്രസിദ്ധി ലഭിച്ചു. രക്തസാക്ഷികളുടെ പ്രസ്ഥാനം എന്നും ഡൊനാട്ടിസ്റ്റുകള്‍ അതിനെ സ്വയം വിശേഷിപ്പിച്ചിരുന്നു.

അക്കാലത്ത് ഏകദേശം എല്ലാ നഗരങ്ങളിലും രണ്ടു ബിഷപ്പുമാര്‍ ഉണ്ടായിരുന്നു; സിസിലിയന്റെ പ്രതിനിധിയായും ഡൊനാട്ടിസ്റ്റുകളുടെ പ്രതിനിധിയായും. ഡൊനാട്ടിസ്റ്റുകള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനായി മൂന്നു തവണ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ സമീപിക്കുകയുണ്ടായി. മൂന്നു തവണയും സിസിലിയന് അനുകൂലമായ തീരുമാനമാണുണ്ടായത്. ഡൊനാട്ടിസ്റ്റുകള്‍ ഈ തീരുമാനങ്ങള്‍ നിരാകരിച്ചു. ചക്രവര്‍ത്തിക്ക് മതപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരത്തേയും ഇവര്‍ ചോദ്യം ചെയ്തു. ഡൊനാട്ടസ് ജനങ്ങളുടെ പിന്തുണ നേടുവാന്‍ ശ്രമിച്ചു. അങ്ങനെ പ്രസ്ഥാനത്തിനു റോമന്‍ വിരുദ്ധച്ഛായ കൈവന്നു. ചക്രവര്‍ത്തി ഡൊനാട്ടിസ്റ്റ് ബിഷപ്പുമാരെ നാടുകടത്തുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.

ഡൊനാട്ടിസ്റ്റുകളോടൊപ്പം സര്‍ക്കംസെല്യണുകള്‍(circum-cellions) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തീവ്രവാദികളായ കൊള്ളക്കാരുമുണ്ടായിരുന്നു. ഇവര്‍ ജനങ്ങളെ ബലം പ്രയോഗിച്ച് തങ്ങളുടെ പ്രസ്ഥാനത്തില്‍ ചേര്‍ത്തിരുന്നു. ഡൊനാട്ടിസ്റ്റുകളെ സമാധാനപരമായി കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കംസെല്യണുകളുടെ ചെയ്തികള്‍ വിഘാതമായി നിലകൊണ്ടു. ഓരോ കാലത്തെയും ഭരണാധികാരികള്‍ ഡൊനാട്ടിസ്റ്റുകളോട് വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിച്ചുവന്നത്. 412-ല്‍ ഹൊണൊറിയസ് ചക്രവര്‍ത്തി (Emperor Honorius) ഡൊനാട്ടിസ്റ്റുകളെ നിയമനിര്‍മാണത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇത് പ്രസ്ഥാനത്തിന്റെ അപചയത്തിനു തുടക്കം കുറിച്ചെങ്കിലും 7-ാം ശ.-ത്തില്‍ മുസ്ളിങ്ങള്‍ ആഫ്രിക്ക കീഴടക്കിയതോടു കൂടിയാണ് ഡൊനാട്ടിസം പൂര്‍ണമായി നശിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍