This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈസൈയ്മിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈസൈയ്മിഡ

Dicyemida

മീസോസോവ (Mesozoa) ജന്തുഫൈലത്തില്‍പ്പെടുന്ന ഒരു ഗോത്രം. വിവിധയിനം സെഫാലോപോഡു (Cephalopod-കക്കാ പ്രാണി)കളുടെ വൃക്കകങ്ങള്‍ക്കുള്ളില്‍ പരാദങ്ങളായി ജീവിക്കുന്ന വിരകള്‍ പോലെയുള്ള സുക്ഷ്മജീവികള്‍ ഇതിലുള്‍പ്പെടുന്നു. ഡൈസൈയ്മ (Dicyema), സ്യൂഡൈസൈയ്മ (Pseudi-cyema), ഡൈസൈമെന്നിയ (Dicyemennia) എന്നിവയാണ് പ്രധാന ജീനസുകള്‍.

കണവ മത്സ്യം, നീരാളി തുടങ്ങിയവയുടെ വൃക്കകങ്ങളില്‍ പരാദങ്ങളായിട്ടാണ് ഡൈസൈയ്മ സാധാരണ കണ്ടുവരുന്നത്. വളരെച്ചെറിയ വിരകളേപ്പോലെയുള്ള ഈ ജീവികള്‍ക്ക് എട്ടു മി.മീ. നീളമുണ്ട്. ജീവിക്ക് നീളത്തിലുള്ള ഒരു അന്തര്‍അക്ഷീയ (axial) കോശമുണ്ടായിരിക്കും. ഓരോ അക്ഷീയ കോശത്തിലും ഒരു കോശ കേന്ദ്രവും പ്രത്യുത്പാദന കോശങ്ങളും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ലാര്‍വകളും കാണപ്പെടുന്നു. പൂര്‍ണ വളര്‍ച്ചയെത്തുന്ന ലാര്‍വകള്‍ മാതൃകോശത്തില്‍ നിന്നും വേര്‍പിരിയുന്നു. അക്ഷീയ കോശം ഒരു നിര സീലിയകളുള്ള കായിക കോശങ്ങളാല്‍ (somatoderm) ആവൃതമായിരിക്കും.

ഡൈസൈയ്മയുടെ ജീവിതചക്രം സങ്കീര്‍ണമാണ്. ശാസ്ത്രകാരന്മാര്‍ക്ക് ഇതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഓരോ ജീവിക്കും രണ്ടു പ്രത്യുത്പാദന ഘട്ടങ്ങളുണ്ടായിരിക്കും; ഈ ഘട്ടങ്ങളില്‍ പ്രത്യുത്പാദന ഘടകങ്ങള്‍ നിമാറ്റോജനുകള്‍ (Nemato-gens), റോംബോജനുകള്‍ (Rhombogens) എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് ഒരു അക്ഷീയ കോശം മാത്രമേ കാണപ്പെടുന്നുള്ളൂ. തരുണാവസ്ഥയിലുള്ള സെഫാലോപോഡുകളിലെ ചിലയിനം ഡൈസൈയ്മിഡകളില്‍ രണ്ടോ മൂന്നോ അക്ഷീയ കോശങ്ങള്‍ ഒരേ നിരയില്‍ത്തന്നെ കാണാവുന്നതാണ്. അക്ഷീയകോശത്തിന്റെ ആവര്‍ത്തിച്ചുള്ള വിഖണ്ഡനം മൂലം അഗാമെറ്റുകളുണ്ടാകുന്നു. ഈ അഗാമെറ്റുകള്‍ പിളര്‍ന്ന് സ്തംഭ (stem) നിമാറ്റോജനുകളായിത്തീരുന്നു. ഇവ മാതൃകോശത്തില്‍ നിന്നു വേര്‍പെട്ട് വൃക്കകത്തിലെ ദ്രാവകത്തില്‍ സഞ്ചരിക്കുന്നു. അധികം താമസിയാതെ സ്തംഭ നിമാറ്റോജനുകള്‍ നിമാറ്റോജനുകളായി രൂപപ്പെടുന്നു. ആതിഥേയ ജീവി ലൈംഗിക പക്വതയെത്തുന്നതുവരെ ഇത്തരത്തിലുള്ള അലൈംഗിക അഗാമെറ്റുകളുണ്ടായിക്കൊണ്ടിരിക്കും. അതിനുശേഷം ഇവ രൂപപ്പെട്ട് റോംബോജനു(rhombogen)കളായിത്തീരുന്നു. ഇവയില്‍ കുറച്ചു കോശങ്ങള്‍ ചെറിയ മുഴകള്‍ പോലെയുള്ള കോശങ്ങളായി മാറുന്നു. ഈ മുഴകള്‍ക്കുള്ളില്‍ ഗ്ളൈക്കോജനും ലിപ്പോപ്രോട്ടീനുകളും അടങ്ങിയ ദ്രവങ്ങളുണ്ടായിരിക്കും. റോംബോജനുകളുടെ അക്ഷീയ കോശങ്ങള്‍ (അഗാമെറ്റുകള്‍) അധികവും നിമാറ്റോജനുകളായി രൂപാന്തരപ്പെടാറില്ല. ഇവ ചലനസ്പോറങ്ങളായിത്തീരുകയാണു പതിവ്. ജലത്തിലേക്ക് ഒഴുകിപ്പോകുന്ന ഇത്തരം ലാര്‍വകള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന കാര്യം ഇനിയും പഠനമര്‍ഹിക്കുന്നു.

റോംബോജന്‍ ഘട്ടത്തില്‍ അക്ഷീയകോശം (axoblasts) നേരിട്ട് ലാര്‍വകളായിത്തീരാറില്ല. ഇവയിലധികവും നശിച്ചുപോവുകയാണു പതിവ്. കുറച്ചുമാത്രം ഇന്‍ഫ്യൂസോറിജനു(Infusorigen) കളായി മാറുന്നു. ഇന്‍ഫ്യൂസോറിജനുകള്‍ക്ക് വികാസത്തിന്റെ വിവിധ അവസ്ഥയിലുള്ള ആണ്‍ബീജങ്ങളടങ്ങിയ ഒരു അക്ഷീയ കോശവും അതിനെ പൊതിഞ്ഞുള്ള പരിധീയ (peripheral) കോശങ്ങളും ഉണ്ടായിരിക്കും. ഈ പരിധീയ കോശങ്ങള്‍ അണ്ഡകോശങ്ങളായി രൂപാന്തരപ്പെടുന്നു. ബീജസങ്കലനശേഷം ഇവ ഇന്‍ഫ്യൂസോറിജനുകളില്‍ നിന്ന് സ്വതന്ത്രമാകുകയും മാതൃ റോംബോജനുകളിലെ അക്ഷീയ കോശത്തില്‍ സ്വതന്ത്രമായി നിലകൊള്ളുകയും ചെയ്യുന്നു. ഇവിടെവച്ച് വളരെ വേഗത്തില്‍ പിളര്‍ന്ന് ഇന്‍ഫ്യൂസോറിഫോം ലാര്‍വകളായിത്തീരുന്നു. ഇന്‍ഫ്യൂസോറിജനുകള്‍ക്കും അതില്‍ നിന്നുണ്ടാകുന്ന ആണ്‍ബീജങ്ങള്‍ക്കും അണ്ഡബീജങ്ങള്‍ക്കും ജീവിതചക്രത്തിലുള്ള പങ്ക് എന്താണെന്ന കാര്യത്തില്‍ ജന്തുശാസ്ത്രകാരന്മാര്‍ ഇതുവരെ വ്യക്തമായ നിഗമനത്തിലെത്തിച്ചേര്‍ന്നിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍