This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈനമൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈനമൈറ്റ്

Dynamite

ആല്‍ഫ്രഡ് നോബല്‍

നൈട്രോഗ്ലിസറിന്‍ അടങ്ങുന്ന ഒരു ഉഗ്ര സ്ഫോടക പദാര്‍ഥം. സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നോബലാണ് ഈ സ്ഫോടക പദാര്‍ഥം കണ്ടുപിടിച്ചതും ഡൈനമൈറ്റ് എന്ന് നാമകരണം ചെയ്തതും (1867). അസ്കാനിയോ സൊബ്റേറോ എന്ന ഇറ്റാലിയന്‍ രസതന്ത്രജ്ഞന്‍ 1846-ല്‍ നൈട്രോ ഗ്ളിസറിന്‍ സംയുക്തം കണ്ടുപിടിച്ചുവെങ്കിലും ഈ പദാര്‍ഥത്തിന്റെ സ്ഫോടന ക്ഷമത മനസ്സിലാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തത് നോബലാണ്. വളരെ ഉയര്‍ന്ന സ്ഫോടനക്ഷമതയുള്ള നൈട്രോ ഗ്ലിസറിന്‍ ഡയറ്റമയമുള്ള മണ്ണില്‍ അവശോഷണം ചെയ്യുന്നതോടെ ആഘാതങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തമാകുന്നതായി നോബല്‍ കണ്ടെത്തി. കൈകാര്യം ചെയ്യുന്നതിനും പരിവഹിക്കുന്നതിനും കൂടുതല്‍ സുരക്ഷിതമായ ഈ സ്ഫോടക പദാര്‍ഥമാണ് ഡൈനമൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി പാറ പൊട്ടിക്കാനും വെടിമരുന്നു നിര്‍മിക്കാനും മറ്റും ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുവിന്റെ-പൊട്ടാസിയം നൈട്രേറ്റ്, സള്‍ഫര്‍, കരി എന്നിവയുടെ മിശ്രിതം-സ്ഥാനം ഇത് വളരെ വേഗം കൈയടക്കി.

ഡൈനമൈറ്റ് പിന്നീട് പലവിധ നവീകരണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. 7 ശ.മാ. നൈട്രോ സെല്ലുലോസ് ഉപയോഗിച്ച് നൈട്രോ ഗ്ലിസറിനെ നോബല്‍ പശിമയുള്ളതാക്കി മാറ്റിയതോടെ ജലത്തിനടിയില്‍ വച്ചും വിജയകരമായി സ്ഫോടനം ചെയ്യാന്‍ കഴിവുള്ള സംയോജിത ഡൈനമൈറ്റുണ്ടായി (1875). ഗ്ലിസറിന്‍, എതിലീന്‍ ഗ്ലൈകോള്‍, ഗ്ലൈകോള്‍ നൈട്രേറ്റുകള്‍, അമോണിയം നൈട്രേറ്റ്, സോഡിയം നൈട്രേറ്റ് എന്നിവയും അറക്കപ്പൊടി, അന്നജം, കരിമ്പിന്‍ചണ്ടി എന്നിവ ചേര്‍ന്ന ഒരു പള്‍പ്പും അടങ്ങുന്നതാണ് ആധുനിക ഡൈനമൈറ്റ്. ഉണങ്ങിയ തരികള്‍പോലെയിരിക്കുന്ന ഈ സ്ഫോടക വസ്തു 2-20 സെ.മീ. വ്യാസവും 20-91 സെ.മീ. നീളവുമുള്ള സിലിന്‍ഡറിന്റെ ആകൃതിയിലുള്ള പേപ്പര്‍ കൂടുകളിലാണ് നിറയ്ക്കുന്നത്. ഘടക പദാര്‍ഥങ്ങളുടെ അനുപാതവും തരികളുടെ വലുപ്പവുമാണ് സ്ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. ശുദ്ധമായ നൈട്രോ ഗ്ലിസറിന്‍ 13ീഇ-ല്‍ ഉറഞ്ഞു കട്ടിയാവുന്നതിനാല്‍ ആഘാതങ്ങളോടുള്ള സംവേദന ക്ഷമത കുറവാണ്. ഇത് പരിഹരിക്കാന്‍ എതിലീന്‍ ഗ്ലൈകോള്‍ നൈട്രേറ്റുകള്‍ ചേര്‍ക്കുന്നതോടെ ഉറയല്‍ നില കുറേക്കൂടി താഴ്ന്നു കിട്ടും. അങ്ങനെ വളരെ തണുത്ത കാലാവസ്ഥയിലും സ്ഫോടനം നടത്താനാവും.

പാറ പൊട്ടിച്ച് തുരങ്കങ്ങളുണ്ടാക്കുന്നതിനും ലോഹഖനനത്തി നും സമുദ്രാന്തര്‍ഭാഗത്ത് സ്ഫോടനങ്ങള്‍ നടത്തുന്നതിനും ഉപ യോഗിക്കുന്ന ജെലാറ്റിന്‍ ഡൈനമൈറ്റില്‍ 25-50 ശ.മാ. നൈട്രോഗ്ലിസറിന്‍ അടങ്ങിയിരിക്കും. നൈട്രോഗ്ലിസറിന്റെ അളവ് കുറച്ച് അമോണിയം നൈട്രേറ്റും കൂടി കലര്‍ത്തി ചെലവു കുറച്ചു നിര്‍മിക്കുന്ന ഡൈനമൈറ്റ്, ഖനനത്തിനും പാറപൊട്ടിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. അമോണിയം നൈട്രേറ്റ് കൂടിയ അളവിലും സോഡിയം ക്ലോറൈഡ്, സോഡിയം കാര്‍ബണേറ്റ് എന്നിവ മിതമായ തോതിലും ചേര്‍ത്തുണ്ടാക്കുന്ന ഡൈനമൈറ്റ് കല്‍ക്കരി ഖനനത്തിനുപയോഗിക്കുന്നു. ഖനികള്‍ക്കുള്ളിലുള്ള മീഥേന്‍/വായു മിശ്രിതം കത്തിപ്പിടിക്കാത്ത വിധത്തില്‍ വളരെ കുറഞ്ഞ ഊഷ്മാവിലുള്ള ജ്വാലയാണ് ഈ മിശ്രിതം കത്തുമ്പോള്‍ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഡൈനമൈറ്റ്, 'അനുവദനീയ ഡൈനമൈറ്റു'കളുടെ ഉപയോഗത്തോടെ, കല്‍ക്കരി ഖനികളിലെ അപകടങ്ങള്‍ വിരളമായിട്ടുണ്ട്. നൈട്രോഗ്ലിസറിനു പകരം അന്നജത്തിന്റെ നൈട്രേറ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഖനിത്തൊഴിലാളികള്‍ക്ക് അനുഭവപ്പെട്ടിരുന്ന തലവേദനയും ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഡൈനമൈറ്റിന്റെ സ്ഫോടനപ്രതിക്രിയയില്‍ CO2, N2, നീരാവി എന്നിവയുണ്ടാകുന്നു. നൈട്രേറ്റുകളും പള്‍പ്പും തമ്മിലുള്ള അനു പാതം സൂക്ഷ്മമായി സന്തുലനം ചെയ്താല്‍ CO, NO2 എന്നീ വിഷവാതകങ്ങള്‍ സുരക്ഷിതമായ അളവില്‍ത്തന്നെ നിലനിര്‍ത്താനാവും.

ഡൈനമൈറ്റ് സ്ഫോടനം മൂലം 900-1200 കലോറി/ഗ്രാം താപം ബഹിര്‍ഗമിക്കുന്നു. നൈട്രോഗ്ലിസറിന്റെ അളവാണിതു നിര്‍ണയിക്കുന്നത്. ഉദാ. നൈട്രോഗ്ലിസറിന്‍ വളരെ കൂടുതല്‍ അടങ്ങിയിട്ടുള്ള ഡൈനമൈറ്റിന്റെ സ്ഫോടനം നിമിഷാര്‍ധത്തില്‍ 70,000 കി.ഗ്രാം/(സെ.മീ.)2 മര്‍ദം ഉളവാക്കുന്നതിനാല്‍ ഒരു സെക്കന്‍ഡിനുള്ളില്‍ അനവധി ആയിരം കി.മീ. ദൂരത്തേക്ക് ആഘാതം വ്യാപിക്കുന്നു. ഡൈനമൈറ്റ് സിലിന്‍ഡറുകള്‍ ഇറക്കിവയ്ക്കാന്‍ പാകത്തില്‍ 25-50 കുഴികള്‍ ഉണ്ടാക്കി, അവയില്‍ സു. 13500 കി.ഗ്രാം ഡൈനമൈറ്റ് മിശ്രിതം നിറയ്ക്കുന്നു. മര്‍ദിത വായുവിന്റെ സഹായത്താല്‍, ഇന്ധന എണ്ണയും അമോണിയം നൈട്രേറ്റും അടങ്ങുന്ന ഒരു മിശ്രിതം പൈപ്പിലൂടെ അടിച്ചു കയറ്റിയാണ് ജലാംശമില്ലാത്ത കുഴികളില്‍ ഡൈനമൈറ്റ് നിറയ്ക്കുന്നത്. ജലാംശമുള്ള കുഴികളിലാകട്ടെ അമോണിയം നൈട്രേറ്റ്, ടി.എന്‍.ടി. മിശ്രിതം 10-20 ശ.മാ. ജലവുമായി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കിയാണ് നിറയ്ക്കുന്നത്.

ഖനനത്തിനും മറ്റ് വന്‍സ്ഫോടനങ്ങള്‍ക്കും നൈട്രോഗ്ലിസറിന്‍ ഇല്ലാത്ത സ്ഫോടകങ്ങളാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. കൂടുതല്‍ ശക്തമായ സ്ഫോടകങ്ങളുടെ ഡെറ്റണേറ്റര്‍ എന്ന നിലയിലേക്ക് ഡൈനമൈറ്റിന്റെ ഉപയോഗം ചുരുങ്ങിയിട്ടുണ്ട്. നോ: നോബല്‍, ആല്‍ഫ്രഡ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍