This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈനമിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈനമിസം

Dynamism

ഒരദൃശ്യബലത്തെ ആസ്പദമാക്കി പ്രാപഞ്ചിക പ്രതിഭാസങ്ങളെ വിശദീകരിക്കുവാന്‍ ശ്രമിക്കുന്ന വീക്ഷണഗതി. ഇതനുസരിച്ച് എല്ലാ ഭൗതിക പ്രതിഭാസങ്ങളും ബലത്തിന്റെ ബാഹ്യപ്രതിഫലനങ്ങളാണ്. 'ശക്തി' എന്നര്‍ഥം വരുന്ന ഡൈനമിസ്(Dynamis) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് 'ഡൈനമിസം' എന്ന വാക്ക് നിഷ്പന്നമായത്. ഫ്രഞ്ച് നരവംശ ശാസ്ത്രജ്ഞനായ ആര്‍നോള്‍ഡ് വാന്‍ ഗെന്നപ് (Arnold van Gennep)ആണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. റുഡ്ജര്‍ ബോസ്കൊവിച്ച് (1711-87) ആണ് ഡൈനമിസത്തിന് സിദ്ധാന്തത്തിന്റെ രൂപം നല്കിയത് എന്ന് പൊതുവേ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിനു മുമ്പ് തന്നെ ഈ വീക്ഷണം നിലനിന്നിരുന്നതായി കാണാവുന്നതാണ്. എല്ലാ വസ്തുക്കളിലും ജീവജാലങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന നിഗൂഢ ബലമാണ് ഋതുഭേദത്തേയും ഖഗോളങ്ങളുടെ ചലനത്തേയും നിയന്ത്രിക്കുന്നത് എന്ന വിശ്വാസം പ്രാചീന മതങ്ങളില്‍ നിലനിന്നിരുന്നു.

ശാസ്ത്രത്തിലും തത്ത്വചിന്തയിലും 'ഡൈനമിസ'ത്തിന് വ്യത്യസ്തമാനങ്ങള്‍ കൈവന്നിട്ടുണ്ട്. സോക്രട്ടീസിനു മുന്‍പുള്ള ചില ചിന്തകന്മാര്‍ ഭൗതികവ്യതിയാനങ്ങള്‍ വിശദീകരിക്കുവാനായി മൂലകങ്ങളുടെ ഘനീഭാവം, ലഘൂകരണം എന്നീ പ്രക്രിയകളെക്കുറിച്ചും സ്നേഹത്തിന്റെ ബന്ധനശക്തി, സ്പര്‍ധയുടെ വിഘടന ശക്തി എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ശൂന്യതയില്‍ അണുക്കളുടെ നിരന്തരചലനം മൂലമാണ് എല്ലാ മാറ്റങ്ങളും സംഭവിക്കുന്നത് എന്ന് അണുവാദികള്‍ സിദ്ധാന്തിച്ചു. സോക്രട്ടീസിന്റെ കാലത്താണ് എല്ലാ ജീവജാലങ്ങളുടേയും പ്രവര്‍ത്തനത്തെ ആത്മാവും വസ്തുക്കളുടെ പ്രവര്‍ത്തനത്തെ പ്രകൃതിയും നിയന്ത്രിക്കുന്നു എന്ന ആശയം പ്രബലമായിത്തീര്‍ന്നത്.

ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം ഡൈനമിസത്തിന്റെ ഒരു രൂപഭേദമാണ്. ഗുരുത്വാകര്‍ഷണ ബലം പ്രപഞ്ച പ്രക്രിയകളെ നിര്‍ണായകമായി സ്വാധീനിക്കുന്നു. ബലം പിണ്ഡത്തിന്റേയും ത്വരണത്തിന്റേയും ഗുണനഫലമാണെന്ന് ന്യൂട്ടന്‍ നിര്‍വചിച്ച തിനുശേഷം 16, 17, 18 ശ.-ങ്ങളില്‍ സമാനസ്വഭാവമുള്ള സിദ്ധാന്തങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. ഏകവും സ്ഥിരവും അവിഭാജ്യവും അനശ്വരവുമായ പരമാണുക്കളാണ് (monads) പ്രപഞ്ചത്തിന്റെ ആത്യന്തികമായ അടിസ്ഥാനമായി വര്‍ത്തിക്കുന്നതെന്ന് ലൈബ്നിസ് വാദിച്ചു.

ന്യൂട്ടന്റേയും ലൈബ്നിസിന്റേയും വീക്ഷണങ്ങള്‍ ബോസ്കൊ വിച്ചിന്റെ സിദ്ധാന്തത്തിന് വഴിതെളിച്ചു. ഭൗതിക പദാര്‍ഥങ്ങള്‍ കൃത്യമായ പിണ്ഡമുള്ള അണുക്കള്‍ കൊണ്ടല്ല, മറിച്ച് അവിഭാജ്യ മായ ചെറുകണികകള്‍ കൊണ്ടാണ് നിര്‍മിതമായിരിക്കുന്നത് എന്നും, ഓരോ കണികയ്ക്കു ചുറ്റും കേന്ദ്രത്തില്‍ നിന്നുള്ള ദൂരമനുസരിച്ച് ആകര്‍ഷണവും വികര്‍ഷണവും ഉളവാക്കുന്ന ബല മേഖലകളുണ്ടെന്നും ബോസ്കൊവിച്ച് അഭിപ്രായപ്പെട്ടു. ദ്രവ്യത്തിന്റെ രാസികവും ഭൌതികവുമായ എല്ലാ ഗുണങ്ങളും ഇതിനെ ആസ്പദമാക്കി വിശദീകരിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ബോസ്കൊവിച്ചിന്റെ ആശയങ്ങള്‍ ഫാരഡേ, മാക്സ്വെല്‍ തുടങ്ങിയവരുടെ വീക്ഷണങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പിണ്ഡവും ഊര്‍ജവും പദാര്‍ഥത്തിന്റെ രൂപഭേദങ്ങളാണെന്നും പ്രപഞ്ചം മുഴുവന്‍ വ്യത്യസ്ത തീവ്രതകളിലുള്ള ബല മേഖലകളുണ്ടെന്നുമുള്ള ആധുനിക ഊര്‍ജതന്ത്ര വീക്ഷണത്തെ ഡൈനമിസത്തിന്റെ ഒരു വകഭേദമായി കണക്കാക്കാവുന്നതാണ്. അണുക്കളിലും തന്മാത്രകളിലും അടങ്ങിയിട്ടുള്ള ബലം ജൈവ പ്രവര്‍ത്തനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് കണ്ടെത്താനാണ് ആധുനിക ജൈവരസതന്ത്രം ശ്രമിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%88%E0%B4%A8%E0%B4%AE%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍