This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേ, ജോണ്‍ (1574 - 1640)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേ, ജോണ്‍ (1574 - 1640)

Day,John

ഇംഗ്ളീഷ് നാടകകൃത്ത്. നോര്‍ഫോക്കിലെ കോസ്റ്റനില്‍ 1574-ല്‍ ജനിച്ചതായി കരുതപ്പെടുന്നു. കേംബ്രിജിലായിരുന്നു വിദ്യാഭ്യാസം. തിയെറ്റര്‍ മാനേജരായ ഫിലിപ്പ് ഹെന്‍സ്ലോയുടെ ഡയറിയില്‍ 1578-ലാണ് നാടകകൃത്തെന്ന നിലയില്‍ ഡേ ആദ്യമായി പരാമര്‍ശി ക്കപ്പെടുന്നത്. ഹെന്റി ചെറ്റില്‍, തോമസ് ഡെക്കര്‍ തുടങ്ങിയ അക്കാലത്തെ പ്രമുഖരായ പല ഇംഗ്ളീഷ് നാടകകൃത്തുക്കളുമായിച്ചേര്‍ന്ന് ഇദ്ദേഹം നാടകരചന നടത്തിയെങ്കിലും മിക്കവയും നഷ്ടപ്പെട്ടുപോയി എന്നാണറിയുന്നത്.

ഡേയുടെ നാടകങ്ങളില്‍ കിട്ടിയിടത്തോളം ഏറ്റവും പഴക്കമു ള്ളത് ചെറ്റിലുമായിച്ചേര്‍ന്നു രചിച്ച ദ് ബ്ളൈന്‍ഡ് ബെഗര്‍ ഒഫ് ബെഡ്നല്‍ ഗ്രീന്‍ (1600) ആണ്. ദ് പാര്‍ലമെന്റ് ഒഫ് ബീസിന്റെ രചനയോടെ ഇദ്ദേഹം നാടകരംഗത്തു ശ്രദ്ധേയനായി. 1607-ല്‍ ഈ കൃതി പ്രസിദ്ധീകരിച്ചതായി സൂചനകളുണ്ടെങ്കിലും 1641-ലെ പതിപ്പുമാത്രമേ ലഭ്യമായിട്ടുള്ളൂ. അന്ത്യപ്രാസത്തോടുകൂടിയ പദ്യത്തില്‍ വിരചിതമായ ആക്ഷേപഹാസ്യാത്മകമായ അന്യാപദേശമെന്ന് (satrical allegory) ഈ നാടകത്തെ വിശേഷിപ്പിക്കാം. വിവിധ മനുഷ്യ പ്രകൃതികളുടെ പ്രതിരൂപമായി തേനീച്ചകള്‍ രംഗത്തു വരുന്ന ഈ മുഖംമൂടി നാടകം (masque) ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ദി ഐല്‍ ഒഫ് ഗള്‍സ് (1606), ലാട്രിക്സ്(1608), ഹ്യൂമര്‍ ഔട്ട് ഒഫ് ബ്രെത് (1608) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു നാടകങ്ങളില്‍ പ്രധാനപ്പെട്ടവ.

1640-ല്‍ ഡേ അന്തരിച്ചു. ചരമദിനം കൃത്യമായി അറിവില്ല. ഇദ്ദേഹത്തിന്റെ ചരമത്തില്‍ അനുശോചിക്കുന്ന ഒരു വിലാപകാവ്യം 1640-ല്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍