This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവീസ്, സര്‍ ജോണ്‍ (1569 - 1626)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവീസ്, സര്‍ ജോണ്‍ (1569 - 1626)

Davies,Sir John

ഇംഗ്ളീഷ് കവിയും അഭിഭാഷകനും. 1569-ല്‍ ജനിച്ച ഇദ്ദേഹം ഏ. 16-ന് വില്‍റ്റ്ഷയറിലെ ടിസ്ബറിയില്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു. വിഞ്ചെസ്റ്റര്‍ കോളജിലും ഓക്സ്ഫഡിലെ ക്വീന്‍സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1588-ല്‍ നിയമപഠനം ആരംഭിച്ച ഡേവീസ് 1595-ല്‍ അഭിഭാഷകനായി. മാസ്റ്റര്‍ റിച്ചാര്‍ഡ് മാര്‍ട്ടിന്‍ എന്ന സുഹൃത്തിനെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ 1598-ല്‍ അഭിഭാഷകവൃത്തിയില്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയെങ്കിലും 1601-ല്‍ മാര്‍ട്ടിനോട് ക്ഷമാപണം ചെയ്തതിനെത്തുടര്‍ന്ന് തിരിച്ചെടുക്കുകയുണ്ടായി. ആ വര്‍ഷംതന്നെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗമായ ഡേവീസ് അയര്‍ലന്‍ഡിലേക്കു നിയോഗിക്കപ്പെട്ടു. എ ഡിസ്കവറി ഒഫ് ദ് ട്രൂ കോസസ് വൈ അയര്‍ലന്‍ഡ് വോസ് നെവര്‍ എന്റയര്‍ലി സബ്ഡ്യൂസ്.........അണ്‍റ്റില്‍ ദ് ബിഗിനിംഗ് ഒഫ് ഹിസ് മെജസ്റ്റീസ് റെയ് ന്‍ (1612) തുടങ്ങിയ നിരവധി പ്രബന്ധങ്ങള്‍ ഐറിഷ് പ്രശ്നത്തെ മുന്‍നിര്‍ത്തി ഇദ്ദേഹം രചിക്കുകയുണ്ടായി. താമസിയാതെ ഐറിഷ് പാര്‍ലമെന്റിലെത്തിയ ഡേവീസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 1619-ല്‍ ഈ പദവി രാജിവച്ച് ഇംഗ്ളണ്ടിലെത്തി ഇംഗ്ളീഷ് പാര്‍ലമെന്റില്‍ അംഗമായി.

ഡേവീസിന്റെ ആദ്യകാല കവിതകള്‍ മിക്കവയും സൂക്തരൂപ ത്തിലുള്ളവയാണ്. 1590-നോടടുത്തു പ്രസിദ്ധീകരിച്ച എപ്പിഗ്രാംസ് ആന്‍ഡ് എലിജീസ് ബൈ ജെ.ഡി. ആന്‍ഡ് സി.എം. എന്ന സമാഹാരത്തില്‍ ജോണ്‍ ഡേവീസിന്റെ കവിതകള്‍ക്കു പുറമേ ക്രിസ്റ്റഫര്‍ മാര്‍ലോയുടെ ചില കവിതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 1599-ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശാനുസരണം ഈ കൃതി തീയിട്ടു നശിപ്പിക്കുകയുണ്ടായി. നൃത്തകലയ്ക്കുള്ള സ്തുതിഗീതമാണ് 1596-ല്‍ പുറത്തുവന്ന ഓര്‍ക്കെസ്ട്ര, എ പോയം ഒഫ് ഡാന്‍സിങ് എന്ന കവിത. എലിസബെത്തന്‍ പ്രപഞ്ചശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ വിരചിതമായ ഈ കവിത മാനുഷിക വ്യാപാരങ്ങള്‍ക്ക് പ്രപഞ്ചഘടനയുമായുള്ള അഭേദ്യമായ ബന്ധത്തിന് ഊന്നല്‍ നല്‍കുന്നു. അഭിഭാഷകവൃത്തി വിലക്കപ്പെട്ടിരുന്ന കാലത്ത് ഡേവീസ് രചിച്ച നോ സെറ്റെയ്പ്സം (1599) എന്ന കവിതയില്‍ ആത്മാവിന്റെ അനശ്വരതയെപ്പറ്റിയുള്ള ദര്‍ശനത്തിന്റെ ആവിഷ്കാരം കാണാം. അതേ വര്‍ഷം പുറത്തു വന്ന ഹിംസ് ഒഫ് അസ്ട്രേയിയ ഇന്‍ അക്രോസ്റ്റിക് വേഴ്സ് എന്ന കവിതാസമാഹാരം അതിന്റെ സവിശേഷമായ ശില്പഘടനകൊണ്ട് വായനക്കാരെ ഹഠാദാകര്‍ഷിക്കുകയുണ്ടായി. ഇതിലെ കവിതകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാല്‍ എലിസബെത്ത് രാജ്ഞിയുടെ ഭരണം എന്നര്‍ഥം വരുന്ന 'എലിസബെത്താ റെജിനാ' എന്ന പദം രൂപംകൊള്ളുന്നു. 1622-ല്‍ തന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു.

1626 ഡി. 8-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍