This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, ജെഫേര്‍സണ്‍ (1808 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിസ്, ജെഫേര്‍സണ്‍ (1808 - 89)

Davis,Jefferson

മുന്‍ കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സ് ഒഫ് അമേരിക്കയുടെ പ്രസിഡന്റ്. 1861-ല്‍ യു.എസ്സില്‍ നിന്നും വിഘടിച്ചു മാറിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപവത്കരിച്ച ഗവണ്‍മെന്റാണ് 'കോണ്‍ഫെഡ റേറ്റ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക.'

1808 ജൂണ്‍ 3-ന് കെന്റക്കിയില്‍ ജനിച്ചു. മിസിസ്സിപ്പിയിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടര്‍ന്ന് ഇദ്ദേഹം വെസ്റ്റ് പോയിന്റിലെ മിലിട്ടറി അക്കാദമിയില്‍ കേഡറ്റായി ചേര്‍ന്നു.
ജെഫേര്‍സണ്‍ ഡേവിസ്
ബിരുദം നേടിയതിനുശേഷം ഇദ്ദേഹം യു.എസ.സൈന്യത്തില്‍ ലഫ്റ്റനന്റ് ആയി സേവനം അനുഷ്ഠിച്ചു. അനാരോഗ്യം നിമിത്തം 1853-ല്‍ സൈനിക സേവനത്തില്‍ നിന്നു വിരമിക്കേണ്ടിവന്നു. തുടര്‍ന്ന് പരുത്തിക്കൃഷിയില്‍ വ്യാപൃതനായിക്കഴിയവേ പൊതുപ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഡേവിസ് താത്പര്യം പ്രകടിപ്പിച്ചു.

1845-ല്‍ ഡേവിസ് യു. എസ്. കോണ്‍ഗ്രസ്സിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1846-ല്‍ മെക്സിക്കോയ്ക്ക് എതിരേയുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ചു. ഡേവിസ് പരിശീലനം നല്കിയ 'മിസിസ്സിപ്പി റൈഫിള്‍സ്' എന്ന സൈന്യവിഭാഗം എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന മെക്സിക്കന്‍ സേനയെ ബ്യൂനാവിസ്റ്റയില്‍ വച്ച് പരാജയപ്പെടുത്തി. ഈ വിജയം ഡേവിസിന് വമ്പിച്ച പ്രശസ്തി നേടിക്കൊടുത്തു. കുറഞ്ഞ കാലത്തിനുള്ളില്‍ത്തന്നെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുവാനും ഇദ്ദേഹത്തിനു സാധിച്ചു. ജനസമ്മതനായിത്തീര്‍ന്ന ഡേവിസ് 1847-ല്‍ യു.എസ്. സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സെനറ്റര്‍ എന്ന നിലയില്‍ ഇദ്ദേഹം ശക്തമായി വാദിച്ചിരുന്നു. ഓരോ ഘടക സംസ്ഥാനവും ഫെഡറല്‍ യൂണിയനില്‍ ചേര്‍ന്നിട്ടുള്ളത് സ്വമേധയാ ആയതിനാല്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനും അവയ്ക്ക് സ്വാതന്ത്യമുണ്ടെന്ന് ഇദ്ദേഹം വിശ്വസിച്ചു. മാത്രവുമല്ല, യൂണിയന്‍ ഗവണ്‍മെന്റ് ഉണ്ടാക്കുന്ന നിയമങ്ങള്‍ തങ്ങളുടെ താത്പര്യങ്ങള്‍ക്കു ഹാനികരമാണെങ്കില്‍ അവയെ നിരാകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇദ്ദേഹം യുക്തിസഹമായി വാദിച്ചു. കേന്ദ്രഗവണ്‍മെന്റിന്റെ അധികാരം തികച്ചും പരിമിതമായിരിക്കണം എന്ന സിദ്ധാന്തക്കാരനായിരുന്നു ഡേവിസ്.

1851-ല്‍ ഇദ്ദേഹം സെനറ്റില്‍ നിന്നു രാജിവച്ച് മിസിസ്സിപ്പിയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1853-ല്‍ യു.എസ. പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ പിയേര്‍സ് യുദ്ധകാര്യ സെക്രട്ടറിയായി ഡേവിസിനെ നിയമിച്ചു. തീരദേശ അതിര്‍ത്തി സംരക്ഷണം ശക്തമാക്കുക, പട്ടാളക്കാരുടെ വേതനം വര്‍ധിപ്പിക്കുക, മിലിട്ടറി അക്കാദമി പുനഃസംഘടിപ്പിക്കുക തുടങ്ങിയ പുരോഗമനപരമായ ഒട്ടേറെ പരിഷ്കാരങ്ങള്‍ ഈ കാലയളവില്‍ ഇദ്ദേഹം നടപ്പിലാക്കുകയുണ്ടായി.

1857-ല്‍ ഡേവിസ് രണ്ടാം തവണയും സെനറ്റില്‍ അംഗമായി. ഈ കാലഘട്ടത്തിലാണ് അടിമസമ്പ്രദായം അവസാനിപ്പിക്കണമോ നിലനിര്‍ത്തണമോ എന്ന പ്രശ്നത്തെക്കുറിച്ച് ഉത്തര-ദക്ഷിണ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിത്തീര്‍ന്നത്. കൃഷിയെ ആശ്രയിച്ചു കഴിഞ്ഞ ദക്ഷിണ സംസ്ഥാനങ്ങളുടെ പുരോഗതിക്ക് അടിമസമ്പ്രദായം അനിവാര്യമാണ് എന്ന ചിന്താഗതിക്കാരനായിരുന്നു ഡേവിസ്. നീഗ്രോ വര്‍ഗക്കാരനായ അടിമയുടെ ആത്യന്തിക ഗുണത്തിനും നന്മയ്ക്കും അവന്‍ അടിമയായിരിക്കുന്നതാണ് അഭികാമ്യം എന്ന് ഡേവിസ് കരുതി.

അടിമസമ്പ്രദായത്തെ അപലപിച്ച എബ്രഹാം ലിങ്കണ്‍ യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്, അടിമത്തത്തില്‍ വിശ്വസിച്ച ദക്ഷിണ സംസ്ഥാനങ്ങള്‍ക്ക് കനത്ത ആഘാതമായി ഭവിച്ചു. പുതിയ പ്രസിഡന്റിന്റെ നയങ്ങള്‍ തങ്ങളുടെ താത്പര്യങ്ങള്‍ക്കു ഹാനികരമായിരിക്കും എന്ന് അവര്‍ ഭയപ്പെട്ടു. തുടര്‍ന്ന് 1860-ല്‍ യൂണിയനില്‍ നിന്ന് ദക്ഷിണ കരോലീന പിന്മാറി. എന്തു വിലകൊടുത്തും യൂണിയന്‍ നിലനിര്‍ത്തണമെന്ന പക്ഷക്കാരനായിരുന്നു ഡേവിസ്. അതേസമയം ഭരണഘടനയനുസരിച്ച് യൂണിയനില്‍ നിന്നു വിഘടിക്കുവാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് ഡേവിസ് വിശ്വസിക്കുകയും ചെയ്തിരുന്നു. ദക്ഷിണ സംസ്ഥാനങ്ങള്‍ യൂണിയനില്‍ത്തന്നെ ഉറച്ചു നില്ക്കുമെന്ന് ഇദ്ദേഹം പ്രത്യാശിച്ചുവെങ്കിലും, യൂണിയന്‍ വിട്ടുപോകാനുള്ള വ്യഗ്രതയാണ് പൊതുവേ ദക്ഷിണ സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്. 1861-ല്‍ യൂണിയനില്‍ നിന്ന് സ്വന്തം സംസ്ഥാനമായ മിസിസ്സിപ്പി വേര്‍പിരിയുവാന്‍ തീരുമാനിച്ചതോടെ ഇദ്ദേഹം യു.എസ്. സെനറ്റിനോടു വിടപറഞ്ഞു.

ഫെഡറല്‍ യൂണിയനില്‍ നിന്നു പിന്മാറി സ്വതന്ത്ര രാഷ്ട്രമായി സംഘടിച്ച ദക്ഷിണ സംസ്ഥാനങ്ങള്‍ 'കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക' എന്നറിയപ്പെട്ടു. 1861-ല്‍ കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റായി ഡേവിസ് തെരഞ്ഞെടുക്കപ്പെട്ടു. വടക്കന്‍ സംസ്ഥാനങ്ങളുമായി സായുധ സംഘട്ടനം ഒഴിവാക്കുന്നതിനായി ഡേവിസ് സമാധാന കാംക്ഷികളെ വാഷിങ്ടണിലേക്ക് അയച്ചെങ്കിലും അവരെ കാണാന്‍ പ്രസിഡന്റ് ലിങ്കണ്‍ തയ്യാറായില്ല. യുദ്ധസാധ്യതകള്‍ തെളിഞ്ഞതോടെ ദക്ഷിണ സംസ്ഥാനങ്ങളെ ശക്തമാക്കുന്നതില്‍ ഇദ്ദേഹം വ്യാപൃതനായി.

1861-ല്‍ സൗത്ത് കരോലീനയിലെ യൂണിയന്‍ വക വെടിക്കോപ്പ് സംഭരണശാലയെ ആക്രമിക്കുവാന്‍ ഡേവിസ് ഉത്തരവിട്ടതോടെ യുദ്ധത്തിനു തിരികൊളുത്തപ്പെട്ടു. കോണ്‍ഫെഡറേറ്റ് സേനയുടെ നേതൃത്വം കുറച്ചുകാലം ഇദ്ദേഹം ഏറ്റെടുത്തെങ്കിലും പിന്നീട് റോബര്‍ട്ട് ലീയെ ഏല്പിക്കുകയാണു ചെയ്തത്. യുദ്ധം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇദ്ദേഹം നിര്‍ബന്ധ യുദ്ധസേവനം നടപ്പിലാക്കി. ഘടക സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കൈകടത്തലാണിതെന്ന ആക്ഷേപങ്ങള്‍ ഉയര്‍ ന്നെങ്കിലും കോണ്‍ഫെഡറസിയുടെ വിജയത്തിന് നിര്‍ബന്ധ യുദ്ധസേവനം അനിവാര്യമാണെന്ന് ഇദ്ദേഹം തറപ്പിച്ചു പറഞ്ഞു.

നാലു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന്റെ ആരംഭദശയില്‍ കോണ്‍ഫെഡറസി നേടിയ വിജയം ഡേവിസിന് ശുഭപ്രതീക്ഷകള്‍ നല്കി. ദക്ഷിണ സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിച്ച പഞ്ഞിയെ ആശ്രയിച്ച ബ്രിട്ടനും ഫ്രാന്‍സും വടക്കന്‍ സംസ്ഥാനങ്ങളെ തഴഞ്ഞുകൊണ്ട് കോണ്‍ഫെഡറസിയെ അംഗീകരിക്കുമെന്ന് ഡേവിസ് കരുതി. എന്നാല്‍ 1862-നു ശേഷം കോണ്‍ഫെഡറസിക്കുണ്ടായ തുടര്‍ച്ചയായ പരാജയങ്ങള്‍മൂലം ബ്രിട്ടനും ഫ്രാന്‍സും കോണ്‍ഫെഡറസിയെ അംഗീകരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കോണ്‍ഫെഡറസിയുടെ പരാജയം ഏതാണ്ട് ഉറപ്പായതോടുകൂടി ഡേവിസ് കോണ്‍ഫെഡറസിയുടെ തലസ്ഥാനമായ റിച്ച്മണ്ടില്‍ നിന്നു പലായനം ചെയ്തു. അധികം വൈകാതെ ഇദ്ദേഹത്തെ ഫെഡറല്‍ സൈന്യം പിടികൂടി (1865). രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഡേവിസ് തടവിലാക്കപ്പെട്ടു. 1867-ല്‍ ഇദ്ദേഹം 1,00,000 ഡോളര്‍ ജാമ്യത്തില്‍ ജയില്‍ മോചിതനായി. 1868-ല്‍ പ്രസിഡന്റ് ജോണ്‍സണ്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റ് ഇദ്ദേഹത്തിനെതിരെയുണ്ടായിരുന്ന എല്ലാ കേസുകളും പിന്‍വലിച്ചു. ഡേവിസ് കീഴടങ്ങിയതിനെത്തുടര്‍ന്ന് 'കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക' പിരിച്ചുവിടപ്പെട്ടു. വിഘടിച്ച തെക്കന്‍ സംസ്ഥാനങ്ങള്‍ യൂണിയനില്‍ ലയിച്ചു. പരാജയപ്പെട്ടെങ്കിലും മനസ്താപമില്ലാതെതന്നെ ഡേവിസ് ശേഷിച്ച കാലം കഴിച്ചുകൂട്ടി. ഫെഡറല്‍ യൂണിയനില്‍ നിന്നു വിഘടിക്കുവാനുള്ള സ്വാതന്ത്യം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്ന ദൃഢവിശ്വാസത്തില്‍ ഇദ്ദേഹം കഴിഞ്ഞു. ഈ കാലയളവില്‍ ഇദ്ദേഹം എഴുതിയ റൈസ് ആന്‍ഡ് ഫാള്‍ ഒഫ് കോണ്‍ഫെഡറേറ്റ് ഗവണ്‍മെന്റ് എന്ന കൃതി ഈ സിദ്ധാന്തത്തെ ന്യായീകരിച്ചുകൊണ്ടുള്ളതാണ്.

1889 ഡി. 6-ന് ഡേവിസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍