This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ് (ദാവീദ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിഡ് (ദാവീദ്)

David

പുരാതന യഹൂദരാജ്യത്തിലെ ഏറ്റവും ശക്തനായ രാജാവ്. ഒരു സാധാരണ ഇടയ കുടുംബത്തില്‍ ജനിച്ച ഡേവിഡ്, ബാലനാ യിരുന്ന കാലത്ത്, യഹൂദരുടെ ശത്രുവായിരുന്ന ഗോലിയത്ത് എന്ന ഭീകര മല്ലനെ കവിണയും കല്ലും ആയുധമായുപയോഗിച്ച് യുദ്ധത്തില്‍ വധിച്ച് യഹൂദ രാജ്യത്തെ രക്ഷിച്ച കഥ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ പ്രസന്നനായിത്തീര്‍ന്ന അന്നത്തെ യഹൂദ രാജാവായ സാവുള്‍ (Saul) ഡേ വിഡിനെ തന്റെ കൊട്ടാര ത്തില്‍ അംഗരക്ഷകനായി നിയമിച്ചു. താമസിയാതെ, ഡേവിഡിന്റെ കഴിവുകളില്‍ അസൂയാലുവായിത്തീര്‍ന്ന സാവുള്‍, ഡേവിഡിനെ വധിക്കുവാന്‍ പദ്ധതി തയ്യാറാക്കി.
ഡേവിഡ് രാജാവ് (വെങ്കല ശില്പം

ഇതു മനസ്സിലാക്കിയ ഡേവിഡ്, സാവുളിന്റെ കൊട്ടാരത്തില്‍ നിന്ന് ഒളിച്ചോടി, യുദയാ പ്രദേശത്തിന്റെ തെക്കന്‍ മരുഭൂമികളില്‍ അഭയം പ്രാപിച്ചു. കുറേക്കാലത്തിനു ശേഷം ഒരു യുദ്ധത്തിലുണ്ടായ പരാജയത്തോടൊപ്പം സാവുളിന്റെ അന്ത്യവും സംഭവിച്ചപ്പോള്‍ ഒളിവില്‍ നിന്നു തിരിച്ചു വന്ന ഡേവിഡ് ബി.സി. 1000-ല്‍ യഹൂദരുടെ രാജാവായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് യഹൂദ രാജ്യം കൂടുതല്‍ വിസ്തൃതിയും ശക്തിയും ആര്‍ജിച്ചു. ജെറുസലേം നഗരം യഹൂദ രാജ്യത്തിന്റെ തലസ്ഥാനമായി മാറിയത് ഡേവിഡിന്റെ ശ്രമഫലമായിട്ടായിരുന്നു. ശത്രുക്കളെ പല തവണ യുദ്ധത്തില്‍ തോല്പിച്ചുകൊണ്ട് രാജ്യത്തിനുള്ളില്‍ ശാശ്വത സമാധാനം കൈവരുത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. യഹൂദരുടെ ഏറ്റവും സംപൂജ്യ വസ്തുവായി കരുതിയിരുന്ന വാഗ്ദത്തപേടകത്തെ ജെറുസലേമില്‍ പ്രതിഷ്ഠിച്ചത് ഡേവിഡ് ആയിരുന്നു. വാഗ്ദത്തപേടകത്തെ കേന്ദ്രമാക്കി ഒരു വലിയ ദേവാലയം പണിയുവാന്‍ ഇദ്ദേഹം ശ്രമിച്ചുവെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഇദ്ദേഹം തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ പുത്രനും പിന്‍ഗാമിയും ആയ സോളമന്‍ രാജാവ് വിഖ്യാതമായ ജെറുസലേം ദേവാലയത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ഇസ്രായേല്‍ രാജ്യത്തു സുശക്തമായൊരു ഭരണ സംവിധാനം ഏര്‍പ്പെടുത്തുവാനും ഡേവിഡിനു കഴിഞ്ഞു. യഹൂദമതത്തിന്റെ ആരാധനാക്രമം നിശ്ചയിക്കുന്ന കാര്യത്തിലും ഡേവിഡിനു വലുതായ പങ്കുണ്ടായിരുന്നു. നാല്പതു വര്‍ഷക്കാലം ഇദ്ദേഹത്തിന്റെ ഭരണം നീണ്ടുനിന്നു. നല്ലൊരു കവി, സംഗീതജ്ഞന്‍ എന്നീ നിലകളിലും ഡേവിഡ് പ്രശസ്തനായിരുന്നു. ബൈബിള്‍ പഴയനിയമത്തിലുള്ള സങ്കീര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തിലെ മിക്ക ഭാഗങ്ങളും രചിച്ചത് ഇദ്ദേഹമാണെന്നു കരുതിപ്പോരുന്നു. യഹൂദരുടെ മോചനത്തിനുവേണ്ടി യഹോവ വാഗ്ദാനം ചെയ്ത രക്ഷകന്‍ ജനിക്കുന്നത് ഡേവിഡിന്റെ വംശപരമ്പരയില്‍ ആയിരിക്കുമെന്ന ദൃഢമായൊരു വിശ്വാസവും പ്രത്യാശയും യഹൂദര്‍ പുലര്‍ത്തിയിരുന്നു. യേശു ജനിച്ചത് ഡേവിഡിന്റെ വംശപരമ്പരയിലാണെന്ന വിശ്വാസത്തിന് ഉപോത്ബലകമായുള്ള ഒരു വംശാവലീവിവരണം ബൈബിള്‍ പുതിയ നിയമത്തിലെ മത്തായി, ലൂക്കോസ് എന്നിവര്‍ രചിച്ച സുവിശേഷങ്ങളില്‍ കാണാം.


(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍