This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ്സണ്‍, ജോണ്‍ (1857 - 1909)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിഡ്സണ്‍, ജോണ്‍ (1857 - 1909)

Davidson, John

ഇംഗ്ളീഷ് കവി, നോവലിസ്റ്റ്, നാടകകൃത്ത്. 1857 ഏ. 11-ന് റെന്‍ഫ്രൂ ഷയറിലെ ബാര്‍ഹെഡില്‍ ജനിച്ചു. ബാലനായിരിക്കേ കുറച്ചുകാലം ഒരു രാസപരീക്ഷണശാലയില്‍ ജോലി ചെയ്തു. അതിനുശേഷം എഡിന്‍ബറോ സര്‍വകലാശാലയില്‍ ചേര്‍ ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആറു വര്‍ഷക്കാലം വിവിധ സ്കോട്ടിഷ് വിദ്യാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1890-ല്‍ ലണ്ടനിലെത്തി. 1908-ല്‍ കോണ്‍വാലിലെ പെന്‍സാന്‍സില്‍ താമസമാക്കി. സിവില്‍ ലിസ്റ്റ് പെന്‍ഷനായി ഒരു ചെറിയ തുക ലഭിച്ചിരുന്നെങ്കിലും ദാരിദ്ര്യവും അനാരോഗ്യവും ഒഴിയാബാധപോലെ ഇദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു.

സ്കോട്ട്ലന്‍ഡില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാല ത്താണ് ഡേവിഡ്സണ്‍ സാഹിത്യരചനയാരംഭിച്ചത്. ബ്രൂസ് (1886), സ്മിത്ത് (1888), സ്കാരാമൗച്ച് ഇന്‍ നാക്സോസ് (1889) എന്നീ മൂന്നു നാടകങ്ങള്‍ ഇക്കാലത്ത് പ്രസിദ്ധീകരിച്ചു. അന്ത്യപ്രാസരഹിത ഛന്ദസ്സില്‍ (blank verse) ഇദ്ദേഹത്തിനുള്ള വൈദഗ്ധ്യം ഈ കൃതികളില്‍ തെളിഞ്ഞു കാണുന്നുണ്ടെങ്കിലും ഗ്രന്ഥകര്‍ത്താവിനു പ്രശസ്തി നേടിക്കൊടുക്കാന്‍ ഇവ പര്യാപ്തമായില്ല. അങ്ങനെയാണ് സാഹിത്യ രചനയില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഡേവിഡ്സണ്‍ ലണ്ടനിലെത്തിയത്. തുടര്‍ന്ന് നിരവധി പത്രങ്ങള്‍ക്കുവേണ്ടി ഉപജീവനാര്‍ഥം നോവലുകളും ചെറുകഥകളും എഴുതി. എന്നാല്‍ 1893-ല്‍ പുറത്തുവന്ന ഫ്ളീറ്റ് സ്ട്രീറ്റ് എക്ളോഗ്സ് എന്ന കവിതാ സമാഹാരമാണ് ഇദ്ദേഹത്തെ സാഹിത്യലോകത്തു ലബ് ധപ്രതിഷ്ഠനാക്കിയത്. ബാലഡ്സ് ആന്‍ഡ് സോങ്സ് (1894) തുടങ്ങി നിരവധി സമാഹാരങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഡേവിഡ്സണ്‍ പ്രസിദ്ധീകരിച്ചു. നാടന്‍ കഥാഗാനങ്ങള്‍ രചിക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള സര്‍ഗകുശലത വിളിച്ചറിയിക്കുന്നവയായിരുന്നു ഇവയെല്ലാം.

നോവലുകളുടേയും നാടകങ്ങളുടേയും രചന ഡേവിഡ്സണ്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ജീവിതത്തിന്റെ സായംകാലത്ത് ടെസ്റ്റ മെന്റ്സ് എന്ന പേരില്‍ ഒരു ഗ്രന്ഥപരമ്പരതന്നെ ഇദ്ദേഹം പ്രസിദ്ധീ കരിച്ചു. മനുഷ്യനെ പ്രപഞ്ചത്തിന്റെ അളവുകോലായി കാണുന്ന സവിശേഷ ദര്‍ശനത്തിന് കലാസുഭഗമായ ആവിഷ്കാരം നല്‍കുക യാണ് ഈ കൃതികളില്‍ ഡേവിഡ്സണ്‍ ചെയ്യുന്നത്. സ്വന്തം വ്യക്തിസത്ത അതിന്റെ പരകോടിയില്‍ അഭിവ്യഞ്ജിപ്പിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട സവിശേഷ ജീവിയാണ് ഡേവിഡ്സന്റെ വീക്ഷണത്തില്‍ മനുഷ്യന്‍. ഈ പ്രമേയം മുന്‍നിറുത്തി ഗോഡ് ആന്‍ഡ് മാമന്‍ എന്ന പേരില്‍ ഒരു നാടകത്രയം ഇദ്ദേഹം വിഭാവനം ചെയ്തിരുന്നെങ്കിലും ദ് ട്രയംഫ് ഒഫ് മാമന്‍ (1907), മാമന്‍ ആന്‍ഡ് ഹിസ് മെസേജ് (1908) എന്നീ രണ്ടു ഭാഗങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളു.

1909 മാ. 23-ന് പെന്‍സാന്‍സില്‍ കടലില്‍ ചാടി ഡേവിഡ്സണ്‍ ആത്മഹത്യ ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍