This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേയ്സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേയ്സി

Daisy

ഉദ്യാനസസ്യം. കമ്പോസിറ്റെ (Compositae) സസ്യകുടുംബത്തില്‍ പ്പെടുന്നു. ശാ.നാ. ക്രിസാന്തിമം ല്യുക്കാന്തിമം (Chrysanthemum leucanthemum). യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ചിരസ്ഥായിയായ ഈ സസ്യം പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തപ്പെടുന്നതാണെങ്കിലും പലപ്പോഴും തരിശു ഭൂമികളിലും വെളിപ്രദേശങ്ങളിലും കളയായി വളരുന്നതു കാണാം.

ഡേയ്സി

മണ്ണിനടിയിലുള്ള പ്രകന്ദത്തില്‍നിന്ന് 30-90 സെ.മീ. വരെ ഉയരത്തില്‍ കാണ്ഡം വളരുന്നു. കാണ്ഡത്തിന് ധാരാളം ശാഖകളുണ്ടായിരിക്കും. കാണ്ഡത്തിന്റെ ചുവട്ടിലെ ആയതാകാരത്തിലുള്ള ഇലകള്‍ നീളം കൂടിയ ഞെട്ടോടുകൂടിയവയാണ്. അഗ്രത്തിലേയ്ക്കു വരുംതോറും ഞെട്ടില്ലാത്ത, വീതികുറഞ്ഞ, ദന്തുരമായ ഇലകള്‍ കാണപ്പെടുന്നു. വസന്തകാലം മുതല്‍ ശരത്കാലം വരെയാണ് ഇതിന്റെ പുഷ്പകാലം. ഹെഡ്പുഷ്പമഞ്ജരിയായി പുഷ്പങ്ങള്‍ ഉണ്ടാകുന്നു. പുഷ്പമഞ്ജരിക്ക് 2.5-5 സെ.മീ. വ്യാസമുണ്ടായിരിക്കും. ഓരോ പുഷ്പമഞ്ജരിയിലും അനേകം കടും മഞ്ഞ നിറമുള്ള ഡിസ്ക് പുഷ്പങ്ങളും ഓരോ ഡിസ്ക്പുഷ്പത്തിനും ചുറ്റിലുമായി 15-30 വെളുപ്പുനിറത്തിലുള്ള 'റേ' പുഷ്പങ്ങളും കാണപ്പെടുന്നു. ഫലം സിപ്സെല(Cypsela)യാണ്.

കമ്പോസിറ്റെ കുടുംബത്തിലെതന്നെ ബെല്ലിസ് പെരെന്നിസ് (Bellis perennis) എന്ന സസ്യവും ഡേയ്സി എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. കാണ്ഡത്തിന്റെ ചുവട്ടില്‍നിന്ന് പുഷ്പാകാരിക (റോസെറ്റ്)മായി സ്പൂണ്‍ ആകൃതിയിലുള്ള ഇലകളുണ്ടാകുന്നു. 15 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന കാണ്ഡത്തില്‍ ഇലകള്‍ കാണപ്പെടുന്നില്ല. കാണ്ഡാഗ്രത്തില്‍ ഒരു പുഷ്പം മാത്രം ഉണ്ടാകുന്നു. മഞ്ഞ 'ഡിസ്ക്' പുഷ്പങ്ങളും ഇതിനു ചുറ്റിലുമായി നീളം കൂടിയ 'റേ' പുഷ്പങ്ങളും കാണപ്പെടുന്നു.

യൂറോപ്പില്‍ ഡേയ്സി കളസസ്യമായി വളരുന്നു. നട്ടുവളര്‍ ത്തപ്പെടുന്നയിനത്തിന് 'ഡിസ്ക്' പുഷ്പങ്ങളേക്കാള്‍ കൂടുതല്‍ 'റേ' പുഷ്പങ്ങളാണുള്ളത്. യു.എസ്സിലെ അസ്ട്രാന്തം ഇന്റെഗ്രിഫോളിയം (Astranthum integrifolium) ഡേയ്സി സസ്യത്തിനോട് ഏറെ സാദൃശ്യമുള്ളതാണ്. ഇത് മുന്‍കാലങ്ങളില്‍ ബെല്ലിസ് (Bellis) ജീനസ്സായി അറിയപ്പെട്ടിരുന്നു. ഈ ഇനം 40 സെ.മീ. ഉയരത്തില്‍ വളരും. ഇതിന് മഞ്ഞ 'ഡിസ്ക്' പുഷ്പങ്ങളും ഇളം ചുവപ്പു കലര്‍ന്ന 'റേ' പുഷ്പങ്ങളുമാണുള്ളത്.

കമ്പോസിറ്റെ കുടുംബത്തിലെ ഏതാണ്ട് 12 ഇനങ്ങള്‍ ഡേയ്സി എന്ന പേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. ആസ്റ്ററിനും (Michaelmas daisy) എറിജെറോണിനും (Erigeron) ഡേയ്സി എന്നു പേരുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%87%E0%B4%AF%E0%B5%8D%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍