This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെസ്ഡിമോണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെസ്ഡിമോണ

Desdemona

ഇംഗ്ലീഷ് നാടകകൃത്തായ ഷെയ്ക്സ്പിയറുടെ ഒഥല്ലോ എന്ന ദുരന്ത നാടകത്തിലെ നായിക. വെനീസ് സൈന്യത്തില്‍ ഉദ്യോഗസ്ഥനും മൂര്‍വംശജനുമായ ഒഥല്ലോ അവളെ വിവാഹം കഴിക്കുന്നു. ഒഥല്ലോയുടെ കീഴ്ജീവനക്കാരനായ ഇയാഗോക്ക് ഒഥല്ലോയോട് അപ്രീതി തോന്നിയതിനാല്‍ അയാള്‍ ഏതുവിധേനയും ഒഥല്ലോയെ നശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടുകൂടി അയാളുടെ കുതന്ത്രങ്ങള്‍ക്ക് ഇരയാവേണ്ട ദുര്‍ഗതി ഡെസ്ഡിമോണയ്ക്കു വന്നുചേരുന്നു. ഡെസ്ഡിമോണ പാതിവ്രത്യ ലംഘനം നടത്തിയെന്ന് യജമാനനെ 'ബോധ്യപ്പെടുത്താന്‍' അയാള്‍ കെണിയൊരുക്കുന്നു. ഡെസ്ഡിമോണയുടെ തൂവാല തഞ്ചത്തില്‍ കൈക്കലാക്കുന്ന അയാള്‍ അത് ഒഥല്ലോയുടെ വിശ്വസ്ത സൈനികനായ കാഷ്യോയുടെ ഭവനത്തില്‍ കൊണ്ടിടുന്നു. ആ തൂവാല അവിടെ കാണാനിടയായ ഒഥല്ലോയ്ക്ക് ഭാര്യയില്‍ അവിശ്വാസം ജനിക്കുകയും അയാള്‍ കോപാകുലനായി അവളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ വൈകിയാണെങ്കിലും ഭാര്യയുടെ വിശ്വസ്തതയും സ്നേഹവായ്പും അയാള്‍ തിരിച്ചറിയുകയും ഇയാഗോയുടെ ദുഷ്ടലക്ഷ്യത്തിന് ബലിയാടാവുകയായിരുന്നു അവള്‍ എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

പാരീസിലെ കരിഞ്ഞി തിയെറ്ററില്‍ അവതരിപ്പിച്ച ഒഥല്ലോ നാടകത്തില്‍ ഡെസ്ഡിമോണയുടെ വേഷത്തില്‍ എലിനോര്‍ ഹേര്‍ട്

ഷെയ്ക്സ്പിയറുടെ മാനസപുത്രിമാരില്‍ കുലീനതയും സ്വഭാവ മഹിമയും കൊണ്ട് മുന്‍നിരയിലാണ് ഡെസ്ഡിമോണയുടെ സ്ഥാനം. അവള്‍ക്ക് ഒഥല്ലോയോടുള്ള സ്നേഹാധിക്യവും കൂറും നാടകത്തിന്റെ ആദ്യഭാഗത്തുതന്നെ ഷെയ്ക്സ്പിയര്‍ വ്യക്തമാക്കുന്നുണ്ട്. സുന്ദരിയും സമ്പന്നയുമായ അവളുടെ കരംഗ്രഹിക്കാന്‍ സുന്ദരന്മാരും സമ്പന്നന്മാരുമായ കമിതാക്കള്‍ നിരവധി പേരുണ്ടായിരുന്നെങ്കിലും അവളുടെ മനോഗതി വേറൊരു വഴിക്കായിരുന്നു തിരിഞ്ഞത്. പുരുഷന്മാരുടെ ബാഹ്യപ്രകൃതിയേക്കാള്‍ മനോഗുണത്തിനായിരുന്നു ആ സാധ്വി പ്രാധാന്യം കല്പിച്ചത്. അങ്ങനെയാണ് മൂര്‍വംശജനായ ഒഥല്ലോക്ക് അവള്‍ തന്റെ മനസ്സു പകുത്തു നല്കിയത്. പിതാവിന്റെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഒഥല്ലോയുടെ വീരസാഹസിക കഥകള്‍ സ്ത്രീസഹജമായ കൗതുകത്തോടെ മണിക്കൂറുകളോളം കേട്ടിരിക്കുന്നത് അവള്‍ ക്കോരു വിനോദമായിരുന്നു. ഒഥല്ലോയുടെ ജീവിതകഥ മുഴുവന്‍ കേള്‍ക്കണമെന്നു വരെ ഒരിക്കല്‍ അവള്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.

അനുരാഗജന്യമായ ദൃഢചിത്തത ഡെസ്ഡിമോണയില്‍ തെളിഞ്ഞു വിളങ്ങുന്നുണ്ട്. ഒഥല്ലോയുമായുള്ള തന്റെ രഹസ്യ വിവാഹം വിവാദവിഷയമായപ്പോള്‍ അവള്‍ സെനറ്റില്‍ ഹാജരായി തന്റെ വാദമുഖങ്ങള്‍ ഉന്നയിക്കാനുള്ള ധൈര്യം കാട്ടി. ജീവന്റേയും വിദ്യാഭ്യാസത്തിന്റേയും പേരില്‍ പിതാവിനോടുള്ള കടപ്പാട് അംഗീകരിച്ചുകൊണ്ടുതന്നെ ഭര്‍ത്താവിനോടുള്ള ഹൃദയബന്ധം (അതു പിതാവിനോടുള്ളതിനേക്കാള്‍ തുലോം ഉയര്‍ന്നതാണുതാനും) നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്ന് പകുതി വെല്ലുവിളിയായും പകുതി അഭ്യര്‍ഥനയായും അവള്‍ ആവശ്യപ്പെട്ടു. തന്റെ മാതാവ് അവരുടെ ഭര്‍ത്താവും തന്റെ പിതാവുമായ ബ്രബാന്‍ഷ്യോയ്ക്കാണ് അവരുടെ പിതാവിനോട് ഉള്ളതില്‍ കവിഞ്ഞ പരിഗണന നല്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടാനും അവള്‍ മടിച്ചില്ല. വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കേണ്ട വേളയില്‍ രാജ്യത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനുവേണ്ടി ഭര്‍ത്താവിനെ നിറഞ്ഞ ഹൃദയത്തോടെ യാത്രയാക്കാന്‍ അവളെ പ്രേരിപ്പിക്കുന്നതും അദ്ദേഹത്തോടുള്ള സ്നേഹാതിരേകമല്ലാതെ മറ്റൊന്നുമല്ല.

ഭര്‍ത്താവു തനിക്കു നല്കിയ തൂവാല നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഡെസ്ഡിമോണ ദുഃഖാകുലയാകുന്നതിന്റെ കാരണവും ഭര്‍ത്താവിനോടുള്ള സ്നേഹവായ്പു തന്നെയാണ്. ആ തൂവാല തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഒഥല്ലോ വിവരിക്കുമ്പോള്‍ അവള്‍ ഭയം കൊണ്ടു മരിക്കാന്‍ തയ്യാറാവുന്നു. തൂവാലയോടൊപ്പം ഭര്‍ത്താവിന്റെ സ്നേഹവും നഷ്ടപ്പെടുമെന്നാണ് അവളുടെ ഉത്ക്കണ്ഠ. കോപാക്രാന്തനായി ഒഥല്ലോ മുറിയില്‍ നിന്നു പോകുമ്പോള്‍ ഭര്‍ത്താവു തന്നെ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അവള്‍ വിചാരിക്കുന്നതുപോലും മനസ്സില്ലാമനസ്സോടെയാണ്. ഒരു നിമിഷം ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്ന അവള്‍ അടുത്ത നിമിഷം ആത്മോപാലംഭത്തില്‍ മുഴുകുന്നു. ഭര്‍ത്താവ് തന്നെ ശകാരിച്ചത് അദ്ദേഹം തന്നെ ഒരു ശിശുവായി കാണുന്നതു കൊണ്ടാണെന്നാണ് ആ നിര്‍മല മനസ്വിനിയുടെ വിചാരം. അവസാനം അവള്‍ ഭര്‍ത്താവിന്റെ അത്യാചാരത്തിനു വിധേയയായി ജീവന്‍ വെടിയുമ്പോള്‍ നിഷ്കളങ്കത ചിറകറ്റുവീണതോര്‍ത്ത് കണ്ണീര്‍ പൊഴിക്കാനേ പ്രേക്ഷകര്‍ക്ക് കഴിയുകയുള്ളൂ. പാത്രസൃഷ്ടിയില്‍ ഷെയ്ക്സ്പിയര്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അതുല്യമായ സര്‍ഗവൈഭവത്തിനുദാഹരണമാണ് ഡെസ്ഡിമോണ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍