This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെസ്ക് റ്റോപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെസ്ക് റ്റോപ്പ്
Desktop
കംപ്യൂട്ടറുകളില്‍ നിലകൊള്ളുന്ന സോഫ് റ്റ് വയറുകളുടേയും ഫയലുകളുടേയും സൂചകങ്ങളായ ചെറുചിത്രങ്ങള്‍ (ഐക്കണുകള്‍) നിരത്തി കംപ്യൂട്ടര്‍ സാധാരണ അവസ്ഥയിലായിരിക്കു മ്പോള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം. ഐക്കണുകളില്‍ ക്ലിക് ചെയ്താണ് കംപ്യൂട്ടറുകളിലെ വിവിധ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിശോധിക്കുന്നതും. ആധുനിക പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ ഇത്തരത്തിലുള്ള സംവിധാനം ഒഴിച്ചു കൂടാനാകാത്തതായി മാറിയിട്ടുണ്ട്.1980-കളില്‍ ആപ്പിള്‍ കമ്പനിക്കാരാണ് അവരുടെ മകിന്‍ടോഷ് കംപ്യൂട്ടറില്‍ ഡെസ് ക് റ്റോപ്പ് സംവിധാനം ആദ്യമായി ക്രമീകരിച്ചത്. തുടര്‍ന്ന് ഐബിഎം, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളും തങ്ങളുടെ കംപ്യൂട്ടറുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തി. ഒരു ഓഫീസില്‍ ജോലിക്കാര്‍ തങ്ങളുടെ മേശപ്പുറത്ത് ഫയലുകളും ഫോള്‍ഡറുകളും ആവശ്യാനുസരണം സുഗമമായി കൈകാര്യം ചെയ്യാന്‍ പാകത്തില്‍ അടുക്കിക്കൊണ്ടാണ് പ്രവര്‍ത്തനനിരതരാവുന്നത്. ഇതേ രീതിയില്‍ കംപ്യൂട്ടറില്‍, ഉപയോക്താവ് തന്റെ 'ജോലികള്‍' ചെയ്യാനുപയോഗിക്കുന്ന 'മേശപ്പുറമാണ്' ഡെസ് ക് റ്റോപ്പ് . ഇത്തരത്തില്‍, ചിട്ടപ്പെടുത്തപ്പെട്ട ഒരു മേശപ്പുറത്തിനു സദൃശമായി, ഉപയോക്താവ് എപ്പോഴും കൈകാര്യം ചെയ്യുന്ന ഫയലുകളെ സിസ്റ്റത്തില്‍ 'മൈ ഡോക്കുമെന്റ്സ്/മൈ ബ്രീഫ്കേസ് ' എന്ന ഫോള്‍ഡറില്‍ സംഭരിച്ചു വയ്ക്കുന്നു. ഡെസ് ക് റ്റോപ്പിലെ ബട്ടണുകളേയും ഷോര്‍ട്ട്കട്ട് ഐക്കണുകളേയും മൗസ് ഉപയോഗിച്ച് ക്ലിക്കു ചെയ്ത് പ്രോഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കുന്നു. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും, മൗസ് ഉപയോഗിച്ച് ഫയലുകളും മറ്റും പകര്‍ത്തുമ്പോഴും (മൂവ്/കോപ്പി/കട്ട് ആന്‍ഡ് പേസ്റ്റ്, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ്) അവയുടെ പുരോഗതിയെ സൂചിപ്പിക്കുന്ന 'ഡയലോഗ് ബോക്സുകള്‍' പ്രദര്‍ശിപ്പിക്കപ്പെടുന്നതും ഡെസ് ക് റ്റോപ്പിലാണ്.
സ്റ്റാര്‍ട്ട് + സെറ്റിങ്സ് + കണ്‍ട്രോള്‍ പാനല്‍ + ഡിസ് പ്ലേ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഉപയോക്താവിന് തന്റെ ഡെസ് ക് റ്റോപ്പിന്റെ വാള്‍പേപ്പര്‍, സ്ക്രീന്‍സേവര്‍, റെസൊല്യൂഷന്‍ മുതലായ സ്വഭാവസവിശേഷതകളില്‍ മാറ്റം വരുത്താന്‍ കഴിയുന്നു. തനിക്ക് ഇടയ്ക്കിടെ പ്രാവര്‍ത്തികമാക്കേണ്ട പ്രോഗ്രാമുകളുടെ ഷോര്‍ട്ട്കട്ടുകള്‍ ഉപയോക്താവിന് ഡെസ് ക് റ്റോപ്പില്‍ ചിട്ടപ്പെടുത്താനാകും. ഇതുമൂലം, പ്രസ്തുത പ്രോഗ്രാമുകള്‍ സംഭരിച്ചുവയ്ക്കപ്പെട്ടിട്ടുള്ള ദ്വിതീയ മെമ്മറിയില്‍ നേരിട്ടു പോകാതെ, ഡെസ് ക് റ്റോപ്പില്‍ പ്രസ്തുത പ്രോഗ്രാമിന്റെ ഷോര്‍ട്ട്കട്ട് ഐക്കണിനെ മൗസ്-ക്ലിക്കിലൂടെ 'സജീവമാക്കി' (activate) പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ഡെസ് ക് റ്റോപ്പല്‍ മൂന്നു വിധത്തില്‍ ഐക്കണുകളെ ചിട്ടപ്പെടുത്താനാകും. ഐക്കണിന്റെ പുറത്ത് മൗസ് പോയിന്റര്‍ കൊണ്ടു വന്നശേഷം ഒറ്റ പ്രാവശ്യം ക്ലിക്കു ചെയ്ത് (സിംഗിള്‍ ക്ലിക്) ഐക്കണിനെ തിരഞ്ഞെടുക്കുകയും രണ്ടു പ്രാവശ്യം ക്ലിക്കു ചെയ്ത് (ഡബിള്‍ ക്ലിക്) ഐക്കണുമായി ബന്ധപ്പെട്ട പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് ക്ലാസിക്കല്‍ ക്രമീകരണ സംവിധാനം. ഐക്കണിനു പുറത്ത് മൗസ് പോയിന്റര്‍ എത്തിക്കുമ്പോള്‍ത്തന്നെ ഐക്കണ്‍ തിരഞ്ഞെടുക്കപ്പെടുകയും ഒറ്റ ക്ലിക്കിലൂടെ പ്രസ്തുത പ്രോഗ്രാമിനെ സജീവമാക്കുകയുമാണ് വെബ് രീതി. ഇവ രണ്ടിനും പുറമേ, ഉപയോക്താവിന് സ്വേച്ഛാനുസരണം കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍ സൗകര്യം നല്കുന്ന കസ്റ്റം രീതിയും പ്രയോഗത്തിലുണ്ട്.
ഒരു ഉപയോക്താവ് തനിക്കു യോജിച്ച ഒരു ഡെസ് ക് റ്റോപ് തിരഞ്ഞെടുക്കുന്നുവെന്നിരിക്കട്ടെ. ഉപയോക്താവ് സ്വയം ഇടപെട്ട് മാറ്റം വരുത്താത്തിടത്തോളം പ്രസ്തുത ഡെസ് ക് റ്റോപ്പിന്റെ ഘടനയ്ക്ക് വ്യത്യാസം വരുകില്ല. കംപ്യൂട്ടര്‍ ബൂട്ട് ചെയ്യുമ്പോഴെല്ലാം ഒരേ രീതിയിലുള്ള ഡെസ് ക് റ്റോപ്പ് (സ്റ്റാറ്റിക്) തന്നെയാകും ലഭിക്കുക.
ഇതിനു പകരം ഉപയോക്താവിന് തന്റെ ഡെസ് ക് റ്റോപ് 'ആക്റ്റീവ്' അഥവാ സക്രിയം ആയും ക്രമീകരിക്കാം. ഇത്തരത്തിലുള്ളതാണ് 'ആക്റ്റീവ് ഡെസ് ക് റ്റോപ്പ്.'ഇവിടെ ഓരോ തവണ ബൂട്ട് ചെയ്യുമ്പോഴും ലഭിക്കുന്ന ഡെസ് ക് റ്റോപ് ഒന്നായിരിക്കണെമെന്നില്ല. ഉദാഹരണമായി ഒരു വെബ്പേജിനെ ഡെസ് ക് റ്റോപ്പിലെ വാള്‍പേപ്പറായി ക്രമീകരിച്ചാല്‍ പ്രസ്തുത വെബ്പേജ് പുതുക്കപ്പെടുമ്പോഴെല്ലാം, സിസ്റ്റത്തിന് ഇന്റര്‍നെറ്റുമായോ വെബ്പേജ് സംഭരിച്ചുവച്ചിട്ടുള്ള നെറ്റ് വര്‍ക്കുമായോ ബന്ധമുണ്ടെങ്കില്‍, വാള്‍ പേപ്പറിലും തദനുസരണമായ മാറ്റങ്ങള്‍ ഉണ്ടാകും. 'ഓഫ് ലൈന്‍' അവസ്ഥയില്‍ 'അപ്ഡേറ്റിങ്' നടന്നാല്‍ പോലും പ്രസക്ത കംപ്യൂട്ടര്‍ 'ഓണ്‍ലൈന്‍' ആവുന്ന മുറയ്ക്ക് സിസ്റ്റം സ്വയം വെബ്പേജ് ലിങ്കുകള്‍ കണ്ടെത്തി പേജുകള്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. എന്തെങ്കിലും അപാകതകള്‍ മൂലം ആക്റ്റീവ് ഡെസ് ക് റ്റോപ്പിനു മാറ്റം വന്നാല്‍ പുനഃസംവിധാനം നിര്‍വഹിക്കാനുള്ള സൗകര്യവും (ആക്റ്റീവ് ഡെസ് ക് റ്റോപ്പ് റിക്കവറി) സിസ്റ്റത്തില്‍തന്നെ ഉണ്ടായിരിക്കും.
ഉപയോക്താവ് സാധാരണയായി കൈകാര്യം ചെയ്യുന്നത് താന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിലെ ഡെസ് ക് റ്റോപ്പായിരിക്കും. ആവശ്യ മെങ്കില്‍ ഉപയോക്താവിന് തന്റെ സിസ്റ്റത്തിലൂടെ മറ്റൊരിടത്തിരിക്കുന്ന കംപ്യൂട്ടറിലെ ഡെസ് ക് റ്റോപ്പിനെ പ്രവര്‍ത്തിപ്പിക്കാനുള്ള 'റിമോട്ട് സംവിധാനവും' ഇപ്പോള്‍ ലഭ്യമാണ്.
ഒന്നിലധികം ഉപയോക്താക്കള്‍ ഉപയോഗപ്പെടുത്തുന്ന ഒരു കംപ്യൂട്ടറില്‍, ഓരോരുത്തര്‍ക്കും അവരവരുടേതായ ഡെസ് ക് റ്റോപ്പ് ക്രമീകരിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇവിടെ ഓരോ ഉപയോക്താവിനും ഒരു നിശ്ചിത 'യുസര്‍ നെയിം' നല്കുന്നു. പ്രസ്തുത പേരിലാണ് ഉപയോക്താവ് കംപ്യൂട്ടറില്‍ 'ലോഗ്ഇന്‍' ചെയ്യുന്നത്. ലോഗ്ഇന്‍ നടക്കുമ്പോള്‍ ആവശ്യമെങ്കില്‍ ഓരോരുത്തര്‍ക്കും വെവ്വേറെ പാസ് വേഡും സ്വീകരിക്കാനാവും. ലോഗ്ഇന്‍ ചെയ്തശേഷം ഉപയോക്താവ് തനിക്കനുയോജ്യമായ ഒരു ഡെസ് ക് റ്റോപ്പ് ചിട്ടപ്പെടുത്തി അതിനെ സംബന്ധിച്ച വിവരങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിച്ചു വയ്ക്കുന്നു. തന്മൂലം ലോഗ്ഇന്‍ ചെയ്താലുടന്‍ ഓരോ ഉപയോക്താവിനും തനതായ ഡെസ് ക് റ്റോപ്പ് ക്രമീകരിക്കപ്പെടുന്നു.