This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെവലപ്മെന്റല്‍ സൈക്കോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെവലപ്മെന്റല്‍ സൈക്കോളജി

Developmental Pshychology

ഒരു വ്യക്തിയുടെ വളര്‍ച്ചയിലെ വ്യത്യസ്ത ഘട്ടങ്ങളില്‍ അയാളില്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളെക്കുറിച്ചു നിരീക്ഷണം നടത്തുന്ന മനഃശാസ്ത്രശാഖ. വികാസ മനഃശാസ്ത്രം എന്നു പരിഭാഷപ്പെടുത്താം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി രൂപം കൊള്ളുന്ന നിമിഷം മുതല്‍ മരണം വരെ ഒരു വ്യക്തിയില്‍ വന്നുചേരുന്ന ശാരീരികവും മാനസികവുമായ പരിവര്‍ത്തനങ്ങളാണ് ഡെവലപ്മെന്റല്‍ സൈക്കോളജിയുടെ വിഷയം എന്ന് ചില മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. മറ്റു ചില മനഃശാസ്ത്രജ്ഞര്‍ ജീവിതത്തിലെ ചില പ്രത്യേക കാലഘട്ടങ്ങളെ (ഉദാ. ബാല്യം, കൗമാരം, വാര്‍ധക്യം) മാത്രമേ ഈ പഠനത്തിനു വിധേയമാക്കുന്നുള്ളൂ.

പുരാതനകാലം മുതല്‍ തന്നെ മാതാപിതാക്കളും ശിശുവിഷയ തത്പരരും കുഞ്ഞുങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കുകയും അവരുടെ വളര്‍ച്ചയെക്കുറിച്ചു പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വികാസത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ക്കു നാന്ദി കുറിച്ചത് ജീവ പരിണാമ ശാസ്ത്രജ്ഞരായ ചാള്‍സ് ഡാര്‍വിന്‍, വില്‍ഹെം ടി. പ്രെയര്‍ എന്നിവരാണ്. പരിണാമത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനായി ഇവര്‍ ശിശുക്കളുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചു. വികാസത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്ക് ഈ നിരീക്ഷണയത്നം തുടക്കം കുറിച്ചു. ജി. സ്റ്റാന്‍ലി ഹാള്‍ ആണ് ഒരര്‍ഥത്തില്‍ വികാസ മനഃശാസ് ത്രത്തിന്റെ ഉപജ്ഞാതാവ്. വ്യക്തിചരിത്രം പരിശോധിക്കുന്നതു വഴി വംശചരിത്രവും മനസ്സിലാക്കാന്‍ സാധിക്കുമെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു. കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ പരിണാമത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ മനുഷ്യ വ്യവഹാരനില എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കുവാന്‍ സാധിക്കുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ചോദ്യാവലി ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതി ആരംഭിച്ചത് ഇദ്ദേഹമാണ്. കുട്ടികളുടെ ചിന്തകള്‍, താത്പര്യങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാനുപകരിക്കുന്ന ചോദ്യാവലികള്‍ തയ്യാറാക്കി പ്രായോഗിക തലത്തിലെത്തിക്കുവാന്‍ ഇദ്ദേഹം ശ്രമമാരംഭിച്ചു. കുട്ടികളിലെ ഐന്ദ്രിയാനുഭവം (sensation), അവബോധം (perception), ഓര്‍മ (memory), പഠനം (learning) എന്നിവയെക്കുറിച്ചെല്ലാം പരീക്ഷണശാലകളില്‍ പല ഘട്ടങ്ങളിലുള്ള ഗവേഷണങ്ങള്‍ നടക്കുകയുണ്ടായി.

ഓരോ കാലത്തും സമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനായിരുന്നു വികാസ മനഃശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രശ്നത്തിനു പരിഹാരമാര്‍ഗമാരായു വാന്‍ നടന്ന ശ്രമങ്ങളില്‍ നിന്നാണ് ആദ്യത്തെ ബുദ്ധിപരീക്ഷ (Alfred Binet) രൂപം കൊണ്ടത്. ആല്‍ഫ്രഡ് ബിനെ (അഹളൃലറ ആശില) എന്ന മനഃശാസ്ത്രജ്ഞന്‍ ഇതിനു തുടക്കം കുറിച്ചു.

1909-ല്‍ ക്ലാര്‍ക്ക് സര്‍വകലാശാലയില്‍വച്ച് സിഗ് മണ്ട് ഫ്രോയിഡ് തന്റെ മാനസികാപഗ്രഥന സിദ്ധാന്തം അവതരിപ്പിച്ചുവെങ്കിലും 1930-കളില്‍ മാത്രമേ വികാസ മനഃശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇതിനു പ്രചാരം നേടുവാന്‍ കഴിഞ്ഞുള്ളൂ. ബാല്യകാലത്തുണ്ടാകുന്ന എല്ലാ അനുഭവങ്ങളും വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണെന്നും ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് രൂപം നല്കുന്നതില്‍ ബാല്യകാലാനുഭവങ്ങള്‍ ഗണ്യമായ പങ്ക് വഹിക്കുന്നു എന്നും ഫ്രോയ്ഡ് സ്പഷ്ടമാക്കി.

1920-കളിലാണ് വികാസ മനഃശാസ്ത്രം ഒരു പ്രധാന മനഃശാ സ്ത്രശാഖയായി അംഗീകരിക്കപ്പെട്ടത്. കുട്ടികളുടെ വളര്‍ച്ചയുടെ ശാസ്ത്രീയാപഗ്രഥനം, ശിശുസംരക്ഷണം, വിദ്യാഭ്യാസം, ചികിത്സ മുതലായ രംഗങ്ങളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ ഇതു സഹായകമാകും എന്ന് മനഃശാസ്ത്രജ്ഞര്‍ വിശ്വസിച്ചു. ലോറ സ്പെല്‍മാന്‍റോക്ക്ഫെല്ലര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ കൊളംബിയ, കാലിഫോര്‍ണിയ, അയോവ, മിനിസോട്ട, ടൊറോണ്‍ടോ എന്നീ സര്‍വകലാശാലകളില്‍ കുട്ടികളുടെ വികാസത്തെക്കുറിച്ചു ഗവേഷണം നടത്തുവാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഫെല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, യേല്‍ ചൈല്‍ഡ് സ്റ്റഡി സെന്റര്‍ എന്നീ സ്ഥാപനങ്ങളായിരുന്നു ഈ പഠനത്തിനു വേണ്ടി യു.എസ്സില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ പ്രധാന ഗവേഷണ കേന്ദ്രങ്ങള്‍. ജനീവയിലെ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ജെ-ജെറൂസോയും വിയന്ന സൈക്കോളോജിഷെ ഇന്‍സ്റ്റിറ്റ്യൂട്ടും ആയിരുന്നു യൂറോപ്പിലെ ഈദൃശ പഠനകേന്ദ്രങ്ങള്‍.

1930-കളില്‍ വ്യവഹാരവാദം വികാസ മനഃശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമായി അവതരിപ്പിക്കപ്പെട്ടു. ഇത് വികാസ മനഃ ശാസ്ത്രത്തിന്റെ ധ്രുവീകരണത്തിനു കാരണമായി. വ്യത്യസ്ത മനഃശാസ്ത്ര സിദ്ധാന്ത സമിതികള്‍ അവലംബിച്ച വീക്ഷണങ്ങ ളുടെ സാധുത പരീക്ഷിക്കുക എന്നതായിരുന്നു പിന്നീട് നടന്ന ഗവേഷണത്തിന്റെ ലക്ഷ്യം.

പ്രമുഖ വ്യവഹാര വാദിയായ ജോണ്‍ ബി.വാട്ട്സണിന്റെ നിരീക്ഷണങ്ങള്‍ വികാസ മനഃശാസ്ത്രത്തില്‍ വളരെയധികം പ്രഭാവം ചെലുത്തി. ശിശുക്കളിലുണ്ടാകുന്ന ഭയവും അത് ദൂരീകരിക്കാനുള്ള മാര്‍ഗവും എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ പ്രസിദ്ധമാണ്. ആന്തരിക നിരീക്ഷണമല്ല, മറിച്ച് വസ്തുനിഷ്ഠമായ നിരീക്ഷണവും മാപനവുമാണ് മനുഷ്യ വ്യവഹാരം മനസ്സിലാക്കുവാന്‍ ഉപയോഗിക്കേണ്ടത് എന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. ഈ നിഗമനം വികാസ മനഃശാസ്ത്രത്തെ ഒരു പുതിയ വഴിത്തിരിവിലേക്കെത്തിക്കുവാന്‍ പര്യാപ്തമായി.

എന്നാല്‍ വ്യവഹാരവാദത്തിന് നിരവധി വിമര്‍ശനങ്ങള്‍ നേരി ടേണ്ട സ്ഥിതി വന്നുചേര്‍ന്നു. ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രജ്ഞരും, മാനസികാപഗ്രഥനവാദികളും വ്യവഹാരവാദത്തെ നിശിതമായി വിമര്‍ശിച്ചു. വ്യവഹാരവാദത്തിന്റെ ഒരു പ്രധാന വിമര്‍ശകന്‍ ജീന്‍ പിയാജെറ്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പിന്നീട് ധാരണാവികാസത്തെ സംബന്ധിച്ച ഒരു സിദ്ധാന്തമായി രൂപപ്പെട്ടു.

വികാസ മനഃശാസ്ത്ര ഗവേഷണങ്ങള്‍ ധാരണാവികാസത്തിന്റെ പഠനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. ആര്‍നോള്‍ഡ് ഗെസല്‍ എന്ന മനഃശാസ്ത്രജ്ഞന്‍ വ്യത്യസ്ത കഴിവുകളുടെ വികാസത്തെക്കുറിച്ച് സമഗ്രമായ ഗവേഷണം നടത്തി. ഒരേ അനുഭവം തന്നെ പല വ്യക്തികളില്‍ വ്യത്യസ്ത പ്രഭാവം ചെലുത്തുവാന്‍ സാധ്യതയുണ്ടെന്ന് ഗെസല്‍ തെളിയിച്ചു. ഒരു വ്യക്തിക്ക് ശാരീരിക വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായാണ് ഓരോ അനുഭവവും അയാളില്‍ പ്രഭാവം ചെലുത്തുന്നത് എന്ന സിദ്ധാന്തത്തിന് വ്യാപകത്വം ലഭിച്ചു.

1940 മുതല്‍ 50 വരെയുള്ള കാലഘട്ടത്തില്‍ ഈ മനഃശാസ്ത്ര ശാഖയുടെ വളര്‍ച്ചയ്ക്ക് മാന്ദ്യം സംഭവിച്ചു. 1950-നു ശേഷം വികാസ മനഃശാസ്ത്ര ഗവേഷണത്തിന് ആക്കം കൂടി. മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കും ഗവേഷണോപാധികള്‍ക്കും ഉണ്ടായ പുരോഗമനം വികാസ മനഃശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. 1962-ല്‍ യു.എസ്സില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ്് ഹ്യൂമന്‍ ഡെവലപ്മെന്റ് സ്ഥാപിക്കപ്പെട്ടു. വികാസ മനഃശാസ്ത്രത്തിലും സമാന സ്വഭാവമുള്ള മറ്റു ശാസ്ത്ര ശാഖകളിലും ഗവേഷണം നടത്തുവാന്‍ ആവശ്യമായ പരിശീലനം നല്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.

വികാസ മനഃശാസ്ത്രത്തിന്റെ പ്രാരംഭ ദശയില്‍ ബാല്യവും കൗമാരവും മാത്രം കേന്ദ്രീകരിച്ചാണു ഗവേഷണം നടന്നിരുന്നത്. ക്രമേണ മനുഷ്യായുസ്സിന്റെ മറ്റു ദശകളും ഗവേഷകരില്‍ കൗതുകം ഉണര്‍ത്തിത്തുടങ്ങി. ഇന്ന് വികാസ മനഃശാസ്ത്രജ്ഞര്‍ക്ക് ആറ് പ്രധാന ലക്ഷ്യങ്ങളാണുള്ളത്: ഒരു വ്യക്തിയുടെ രൂപം, പെരുമാറ്റം, താത്പര്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയില്‍ പ്രായത്തിനനുസരിച്ചു ണ്ടാകുന്ന മാറ്റങ്ങള്‍ ഏതെല്ലാമാണെന്നു കണ്ടെത്തുക, ഈ മാറ്റ ങ്ങള്‍ ഏതു സമയത്താണു സംഭവിക്കുന്നത് എന്നു മനസ്സിലാക്കുക, എന്തുകൊണ്ടാണ് ഇവ സംഭവിക്കുന്നത് എന്നു നിര്‍ണയിക്കുക, ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ ഇവ എങ്ങനെ പ്രഭാവം ചെലുത്തുന്നു എന്നു മനസ്സിലാക്കുക, ഈ മാറ്റങ്ങള്‍ പ്രവചിക്കാവുന്നവയാണോ അല്ലയോ എന്നു കണ്ടെത്തുക, ഈ മാറ്റങ്ങള്‍ സാര്‍വത്രികമോ അതോ വ്യക്തിഗതമോ എന്നു പരിശോധിക്കുക.

ശാരീരികമായ വളര്‍ച്ചയെ സൂചിപ്പിക്കുന്ന വിവിധ ഘട്ടങ്ങളുടെ സ്വഭാവത്തിന്റേയും അനുഭവജ്ഞാനത്തിന്റേയും ഫലമായി ഒരു വ്യക്തിയിലുണ്ടാകുന്ന പുരോഗമനോന്മുഖമായ മാറ്റങ്ങളെയാണ് 'വികാസം' (development) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഗുണാത്മകമായ മാറ്റങ്ങള്‍ക്കാണ് വികാസം എന്ന പേര്‍ നല്കാവുന്നതെന്ന് വാന്‍ഡെന്‍ ഡീല്‍ (Vanden Daele) പ്രസ്താവിക്കുന്നു.

വികാസത്തില്‍ പരസ്പരവിരുദ്ധങ്ങളായ രണ്ടു പ്രക്രിയകളാണ് സാധാരണയായി നടക്കുന്നത്. ശാരീരികവും മാനസികവുമായ കഴി വുകളുടെ പോഷണവും (growth) ശോഷണ(atrophy)വും വികാസത്തിന്റെ ഭാഗങ്ങളാണ്. ഈ രണ്ടു പ്രക്രിയകളും ഭ്രൂണം രൂപം കൊള്ളുന്ന നിമിഷം മുതല്‍ ആരംഭിക്കുകയും വ്യക്തിയുടെ മരണം വരെ തുടരുകയും ചെയ്യുന്നു. ചെറുപ്പത്തില്‍ പോഷണവും വാര്‍ധക്യത്തില്‍ ശോഷണവും കൂടുതലായി നടക്കുന്നു. സ്വന്തം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും സഹജീവികളുമായി സഹകരിച്ച് മുമ്പോട്ട് നീങ്ങുവാനും മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വികാസത്തിന്റെ ലക്ഷ്യം.

എലിസബത്ത് ബി.ഹര്‍ലോക്ക് (Elizabeth B.Hurlock) എന്ന മനഃശാസ്ത്ര വിദഗ്ധ അവതരിപ്പിച്ച പത്ത് മനഃശാസ്ത്ര തത്ത്വങ്ങളാണ് ഡെവലപ്മെന്റല്‍ സൈക്കോളജിയുടെ അടിസ്ഥാനം.

1. ബാല്യകാലാനുഭവങ്ങള്‍ നിര്‍ണായകമാണ് : ബാല്യത്തില്‍ രൂപം കൊള്ളുന്ന ശീലങ്ങളും മനോഭാവവും പെരുമാറ്റ രീതികളുമാണ് ഭാവിയില്‍ നാം എന്തായിത്തീരുമെന്ന പരിചിന്തയുടെ ചൂണ്ടുപലകയായി ഒരു പരിധിവരെ നിലകൊള്ളുന്നത്.

കുട്ടിക്ക് അനിവാര്യമായ ഭക്ഷണവും സ്നേഹവും മാതാപിതാക്കള്‍ എങ്ങനെ പ്രദാനം ചെയ്യുന്നു എന്നതനുസരിച്ചാണ് കുട്ടികളില്‍ വിശ്വാസമോ (trust) അവിശ്വാസമോ (mistrust) ഉള്‍ക്കൊ ള്ളുന്ന മനോഭാവം രൂപംകൊള്ളുന്നത് എന്ന് മനഃശാസ്ത്രജ്ഞനായ എറിക്സണിന്റെ വീക്ഷണം ഇവിടെ പ്രസ്താവ്യമാണ്.

ബാല്യത്തില്‍ നൈസര്‍ഗികമായി രൂപപ്പെടുന്ന സ്വഭാവരീതി കള്‍ക്കു മാറ്റം വരുത്തുക എന്നത് ശ്രമകരമാണ്; പക്ഷേ അസാധ്യ മാകുന്നില്ല. ഉചിതവും ശക്തവുമായ പ്രേരണയും മാര്‍ഗദര്‍ശനവും നല്കാമെങ്കില്‍ സ്വഭാവരീതികളില്‍ മാറ്റം വരുത്താവുന്നതാണ്.

2. വികാസത്തില്‍ ശാരീരിക വളര്‍ച്ചയും (maturation) അനുഭവ ജ്ഞാനവും വഹിക്കുന്ന പങ്ക് : ശാരീരിക വളര്‍ച്ചയും അനുഭവ ജ്ഞാനവും വികാസത്തില്‍ ഒരുപോലെ സുശക്തമായ പങ്കുവഹി ക്കുന്നു. ഇരിക്കുക, നില്ക്കുക, നടക്കുക തുടങ്ങിയ വര്‍ഗവിശിഷ്ട സ്വഭാവങ്ങളുടെ വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ശാരീരിക വളര്‍ച്ച അഥവാ സംപ്രാപ്തിയാണ്. വിശിഷ്ട വ്യക്തിത്വ ഘടകങ്ങളായ എഴുത്ത്, വായന, നീന്തല്‍ മുതലായ കര്‍മങ്ങളുടെ വികാസത്തില്‍ പ്രധാന പങ്കു വഹിക്കുന്നത് അനുഭവജ്ഞാനമാണ്.

3. നിശ്ചിതവും പ്രവചിക്കാവുന്നതുമായ ഒരു പാതയാണ് വികാസത്തെ നയിക്കുന്നത് : സെഫാലോ കോഡല്‍ നിയമം (Cephalo caudal law), പ്രോക്സിമോ ഡിസ്റ്റല്‍ നിയമം (prximo disal law) എന്നിവകള്‍ക്ക് അനുസൃതമായാണ് മനുഷ്യ ശരീരത്തില്‍ വികാസം ഉണ്ടാകുന്നത്. വികാസം ശിരോഭാഗത്തു നിന്ന് ആരംഭിച്ച് പാദത്തിലേക്കു വ്യാപിക്കുന്നു എന്നാണ് സെഫാലോ കോഡല്‍ നിയമം സമര്‍ഥിക്കുന്നത്. ഒരു കേന്ദ്രസ്ഥാനത്തു നിന്നും ആരംഭിച്ച് അഗ്രങ്ങളിലേക്കു വ്യാപിക്കുന്ന രീതിയിലാണ് വികാസം നടക്കുന്നത് എന്ന് പ്രോക്സിമോ ഡിസ്റ്റല്‍ നിയമം അനുശാസി ക്കുന്നു.

അത്യധികം വിചിത്രമായ സാഹചര്യങ്ങളിലൊഴികെ, മറ്റെല്ലായ് പ്പോഴും വികാസം നിശ്ചിത പാതതന്നെ പിന്തുടരുന്നു. മുട്ടുകുത്തു കയും ഇരിക്കുകയും ചെയ്തതിനു ശേഷമേ ശിശുക്കള്‍ നടക്കുക യുള്ളൂ എന്നത് ഉദാഹരണമായിപ്പറയാം. വികാസം നിശ്ചിത പാത പിന്തുടരുന്നതിനാല്‍ അത് പ്രവചനാധീനമായിത്തീരുന്നു.

4. എല്ലാ വ്യക്തികളും വ്യത്യസ്തരാണ് : ഒരിക്കലും രണ്ടു വ്യക്തികള്‍ ഒരേ പ്രചോദനത്തോട് ഒരുപോലെ പ്രതികരിക്കുന്നില്ല. ജനിതകവും ശാരീരികവുമായ വ്യത്യാസങ്ങള്‍ എല്ലാ വ്യക്തികളും തമ്മില്‍ ഉള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

5. വികാസത്തിന്റെ ഓരോ ഘട്ടത്തിലും ചില പ്രത്യേക സ്വഭാവ ങ്ങള്‍ കാണപ്പെടുന്നു : ചില ഘട്ടങ്ങളില്‍ സന്തുലിതമായ പെരുമാറ്റവും മറ്റു ചിലപ്പോള്‍ അസന്തുലിതമായ പെരുമാറ്റവും കാണപ്പെടുന്നു. സന്തുലിത ഘട്ടങ്ങളില്‍ വ്യക്തികള്‍ സമൂഹവുമായി വേഗം പൊരുത്തപ്പെടുന്നു. എന്നാല്‍ അസന്തുലിത ഘട്ടങ്ങളില്‍ പൊരുത്തപ്പെടലിനെ സംബന്ധിച്ച് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു.

ചില പ്രത്യേക പ്രായങ്ങളില്‍ പൊരുത്തപ്പെടല്‍ പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഉദാ. കൗമാരം. എന്നാല്‍, ചില വ്യക്തികള്‍ പൊതുവേ, ഈ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്ന വരായിരിക്കും. ചിലരില്‍ കൌമാര പ്രശ്നങ്ങള്‍ യുവത്വത്തിലും മധ്യവയസ്സിലും മറ്റും തുടരുന്നതായി കാണാം. ഇവരുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങളും നിറവേറുന്നില്ല എന്നതാണ് ഈ വിപര്യയം സൂചിപ്പിക്കുന്നത്.

6. വികാസത്തിന്റെ ഓരോ ഘട്ടത്തിലും അപകടങ്ങളുണ്ട് : ശാരീരികമോ മാനസികമോ ആയ അപകടങ്ങള്‍ വികാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൃശ്യമാകുന്നു. ഇത്തരം അപകടങ്ങള്‍ തടയുവാനും വിജയകരമായി തരണം ചെയ്യുവാനും കുട്ടികളെ സഹായിക്കേണ്ടത് മാതാപിതാക്കളുടേയൊ മറ്റു സംരക്ഷകരുടേയോ പ്രധാന ചുമതലയാണ്.

7. ഉദ്ദീപനം വികാസത്തെ ത്വരിതപ്പെടുത്തുന്നു : ഏതു കഴിവും വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതിനെ ഉദ്ദീപിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ വികാസത്തെ ത്വരിതപ്പെടുത്തുന്നു. കഴിവുകളുടെ ഉദ്ദീപനം വാര്‍ധക്യത്തിലെ ശോഷണത്തിന്റെ ഗതിവേഗം കുറയ്ക്കുവാനും സഹായകമാകുന്നു.

8. സാംസ്കാരിക മാറ്റങ്ങള്‍ വികാസത്തില്‍ പ്രഭാവം ചെലുത്തുന്നു: സാംസ്കാരിക വ്യവസ്ഥകള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുസൃതമായാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം കൊള്ളുന്നത്. സാംസ്കാരികമായ മാറ്റങ്ങള്‍ വികാസത്തിന്റെ മാതൃകയില്‍ പ്രഭാവം ചെലുത്തുന്നു.

9. ഓരോ ഘട്ടത്തിലും സമൂഹം വ്യക്തിയില്‍ നിന്ന് ചിലതെല്ലാം പ്രതീക്ഷിക്കുന്നു: ഓരോ സമൂഹവും അതിന്റെ അംഗങ്ങള്‍ ഓരോ പ്രായത്തിലും ഏതൊക്കെ കഴിവുകള്‍ സ്വായത്തമാക്കണമെന്നു നിഷ്കര്‍ഷിക്കുന്നു. ഹാവിഗര്‍സ്റ്റ് (Havighurst) എന്ന മനഃശാസ്ത്ര ജ്ഞന്‍ ഇവയ്ക്ക് വികാസാത്മക കര്‍ത്തവ്യങ്ങള്‍ (developmental) എന്ന പേര് നല്കിയിരിക്കുന്നു. ഒരു ഘട്ടത്തിലെ വികാസാത്മക കര്‍ത്തവ്യം വിജയകരമായി പൂര്‍ത്തിയാക്കുന്നത് അടുത്ത ഘട്ടത്തിലെ കര്‍ത്തവ്യം നിറവേറ്റുന്നതിനു സഹായകമാകുന്നു.

10. ഓരോ പ്രായക്കാരേയും കുറിച്ച് ചില പരമ്പരാഗത വിശ്വാസ ങ്ങള്‍ നിലനില്ക്കുന്നു: വ്യത്യസ്ത പ്രായക്കാരോട് സമൂഹം വ്യത്യസ്ത മനോഭാവം പുലര്‍ത്തുന്നു. ഉദാ. വൃദ്ധരോട് പൊതുവേ പ്രതി കൂലമായ സമീപനമാണ് പാശ്ചാത്യ സമൂഹത്തിനുള്ളത്. ഇത് അവര്‍ക്ക് പൊരുത്തപ്പെടലിനുള്ള നിരവധി പ്രശ്നങ്ങള്‍ സൃഷ്ടി ക്കുന്നു. വാര്‍ധക്യത്തെക്കുറിച്ചുള്ള ഗവേഷണത്തിനു പ്രാധാന്യം നല്കുന്ന ശാസ്ത്രശാഖയാണ് ജെറണ്‍ടോളജി. ഇതനുസരിച്ച് സമൂഹത്തിനു വൃദ്ധന്മാരോടുള്ള പ്രതികൂല മനോഭാവം മാറ്റിയെ ടുക്കുവാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.

വികാസ മനഃശാസ്ത്രജ്ഞര്‍ സാധാരണയായി മനുഷ്യായുസ്സിനെ പത്ത് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.


Image:pno6a.png

Image:pno7b.png


ഓരോ പ്രായത്തിലും ഒരു വ്യക്തിക്കു സന്തോഷം നല്കുവാന്‍ മൂന്ന് കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. അംഗീകാരം, സ്നേഹം, നേട്ടം എന്നിവ ഏതു വ്യക്തിക്കും ആവശ്യമാണ്. മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നത് വ്യക്തിക്ക് സന്തോഷം നല്കുന്നു. സ്വന്തം ലക്ഷ്യങ്ങള്‍ നേടുന്നതും ആനന്ദദായകമാണ്.


വികാസ മനഃശാസ്ത്രജ്ഞര്‍ക്ക് ഗവേഷണം നടത്തുന്നതില്‍ വള രെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. വ്യത്യസ്ത പ്രായ ക്കാരെ ശരിയായി പ്രതിനിധാനം ചെയ്യുന്ന മാതൃകകള്‍ (സാമ്പിളുകള്‍) കണ്ടെത്തുവാന്‍ വിഷമമാണ്. സ്കൂള്‍ - കോളജ് വിദ്യാര്‍ഥി കളുടെ സാമ്പിള്‍ താരതമ്യേന അനായാസം ലഭിക്കും. എന്നാല്‍ മറ്റു പ്രായക്കാരുടെയിടയില്‍ പഠനം നടത്തുന്നത് അല്പംകൂടി ശ്രമകരമാണ്. വികാസ മനഃശാസ്ത്രത്തിന്റെ ഗവേഷണോപാധികള്‍ പലതും വൈദ്യശാസ്ത്രം, ഭൗതിക ശാസ്ത്രങ്ങള്‍, മറ്റു സാമൂഹിക ശാസ്ത്രങ്ങള്‍ (ഉദാ. നരവംശശാസ്ത്രം, മാനവസമുദായ ശാസ്ത്രം) എന്നിവയില്‍ നിന്ന് കടം കൊണ്ടവയാണ്. ഇങ്ങനെ ചില പരിമി തികളുണ്ടെങ്കിലും വികാസ മനഃശാസ്ത്രം അഥവാ ഡെവലപ്മെ ന്റല്‍ സൈക്കോളജി വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു മനഃശാസ്ത്ര ശാഖയാണെന്നുള്ളതിനു സംശയമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍