This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെവണ്‍ഷെയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെവണ്‍ഷെയര്‍

Devonshire

ഇംഗ്ലണ്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. മനോഹരമായ കടല്‍ത്തീരവും വിസ്തൃതമായ കൃഷിയിടങ്ങളും നീണ്ട മലനിര കളും താഴ്വരകളും കൊണ്ട് അനുഗൃഹീതമായ ഡെവണ്‍ഷെ യറിന് കൗണ്ടി പദവിയുണ്ട്. വിസ്തീര്‍ണം: 6,710 ച.കി.മീ.; പ്രധാന പട്ടണങ്ങള്‍: പ്ലിമത്, എക്സിറ്റര്‍, എക്സ്മത്; ആസ്ഥാനം എക്സിറ്റര്‍. സാര്‍ത്പൂര്‍ നാഷണല്‍ പാര്‍ക്കാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം.

ഉത്തര ഡെവണ്‍ കടല്‍ത്തീരം

അതിരുകള്‍: വ.ബ്രിസ്റ്റോള്‍ ചാനല്‍, അത് ലാന്തിക് സമുദ്രം; കി.സോമര്‍സെറ്റ്, ഡോര്‍സെറ്റ് കൗണ്ടികള്‍; തെ.ഇംഗ്ളീഷ് ചാനല്‍; പ.ക്രൌണ്‍വാള്‍. പ്രവിശ്യയുടെ വ.ഭാഗത്തെ എക്സ്മൂര്‍ ഉന്നത തടത്തിന്റെ ഭൂരിഭാഗവും സോമര്‍സെറ്റ് കൗണ്ടിയിലേക്കു വ്യാപിച്ചി രിക്കുന്നു. കിഴക്കന്‍ ഡെവണിന്റെ ഭൂരിഭാഗവും കുന്നിന്‍പുറങ്ങളാണ്. എക്സീ (Exe), ക്രീഡി (Creedy), കും(Culm) നദികളുടെ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍ പ്പെടുന്ന ഭൂപ്രദേശത്തെ എക്സിറ്റര്‍ താഴ്വര എന്നു വിളിക്കുന്നു. ഇവിടത്തെ ചെമ്മണ്ണ് ധാതുസമ്പുഷ്ടമാണ്. പീഠഭൂമിക്കു സമാനവും 120 മീറ്ററോളം ഉയരമുള്ളതുമായ കൗണ്ടിയുടെ ദക്ഷിണ ഭാഗം സൗത് ഹാംസ് (South hams) എന്ന പേരില്‍ അറിയപ്പെടുന്നു. വിസ്തൃതമായ താഴ്വരകളാല്‍ സമ്പന്നമായ ഈ ഉന്നതതടഭാഗത്തെ 'ഡെവണിന്റെ ഉദ്യാനം' എന്നും വിശേഷിപ്പിക്കാറുണ്ട്. സൗത് ഹാംസിന് വടക്കാണ് സാര്‍ത്മൂര്‍ ഗ്രാനൈറ്റ് പീഠഭൂമിയുടെ സ്ഥാനം. സമുദ്രനിരപ്പില്‍ നിന്ന് 621 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പീഠഭൂമിയുടെ അടിവാരം കുന്നിന്‍പുറങ്ങളാണ്.

അത് ലാന്തിക് സമുദ്രതീരം ഡെവണിന്റെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. ശൈത്യത്തില്‍ മൃദുവും വേനലില്‍ ചൂടു കുറഞ്ഞതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഡെവണില്‍ ആഗസ്റ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത് (5°C). 16°C ആണ് താപനിലയുടെ ഏറ്റവും കൂടിയ തോത്. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ.1,400 മി.മീ. (പ്രിന്‍സ് ടൗണ്‍) മുതല്‍ 810 മി.മീ. (എക്സിറ്റര്‍) വരെ.

ടൂറിസമാണ് ഡെവണിലെ ഏറ്റവും വലിയ തൊഴില്‍ മേഖല. കൗണ്ടിയുടെ തെക്കന്‍ തീര ഭൂപ്രകൃതി വിനോദസഞ്ചാരത്തിന് ഏറെ അനുകൂലമായതിനാല്‍ ഇവിടെ നിരവധി സുഖവാസ കേന്ദ്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ടോര്‍ബേ (Torbay), ടെയ് ന്‍ മൗത് (Teignmouth), ഡ്വാലിഷ് (Dwalish), എക്സ്മൗത്, സിഡ്മൗത് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാകുന്നു. വടക്കന്‍ തീരത്ത് മനോഹരമായ നിരവധി ക്ലിഫുകളും കടലേറ്റമുള്ള ചരിഞ്ഞ പ്രദേശങ്ങളും കാണാം. എക്സിറ്റും പ്ലിമത്തുമാണ് മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

കാലി വളര്‍ത്തലിനു പ്രാമുഖ്യമുള്ള കൃഷിയാണ് ഡെവണിലെ പ്രധാനപ്പെട്ട രണ്ടാമത്തെ വ്യവസായം. കൃഷിഭൂമിയുടെ ഭൂരിഭാഗവും മേച്ചില്‍പ്പുറങ്ങളായി വിനിയോഗിക്കുന്നു. ടമര്‍ താഴ്വരയിലും (Tamor valley), കോംബെ മാര്‍ട്ടിന്‍ ജില്ലയിലും പൂക്കളും പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. 20-ാം ശ.-ത്തിന്റെ ആദ്യ ദശാബ്ദങ്ങളില്‍ അഭിവൃദ്ധി പ്രാപിച്ചിരുന്ന മത്സ്യബന്ധനത്തിന് ഇപ്പോള്‍ ചെറുകിട വ്യവസായത്തിന്റെ സ്ഥാനമേയുള്ളൂ.

മിക്ക ഡെവണ്‍ പട്ടണങ്ങളിലും വാര്‍ഷിക വിപണന മേളകളും പരമ്പരാഗത വിനോദങ്ങളും സംഘടിപ്പിക്കുക പതിവാണ്. വര്‍ഷം തോറും എക്സിറ്ററില്‍ സംഘടിപ്പിക്കുന്ന ലെമസ് ഫെയര്‍ (lemmas fair) പ്രസിദ്ധമാണ്. വൈഡ്കോംബെ ഫെയര്‍, ടോറിങ്ടണ്‍ മേഫെയര്‍, ടമിസ്റ്റോക്ക് ഗോസീ ഫെയര്‍ എന്നിവയും പ്രചാരം നേടി യിട്ടുണ്ട്.

പ്ലിമത്, ഡെവണ്‍ പോര്‍ട്ട്, സ്റ്റോണ്‍ഹൗസ് എന്നിവിടങ്ങളില്‍ കപ്പല്‍നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നു. 1987-ല്‍ ഡെവണില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇലക്ട്രോണിക് ഫാക്ടറി, കൗണ്ടിയുടെ വ്യവസായവത്ക്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രമുഖ വസ്ത്രനിര്‍മാണ കേന്ദ്രമാണ് ടിവര്‍ടോണ്‍ (Triverton). അക്സ്മിനിസ്റ്ററില്‍ (Axminister) ഉത്പാദിപ്പിക്കുന്ന കാര്‍പ്പറ്റ് വളരെ പ്രസിദ്ധി നേടിയിട്ടുണ്ട്. ഡാര്‍ട്ട്മൂര്‍, ന്യൂട്ടന്‍ അബോട്ട് മേഖലകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കളിമണ്ണ് ഖനനം ചെയ്യുന്നു.

ലണ്ടനില്‍നിന്ന് ആരംഭിക്കുന്ന ഒരു പ്രധാന റെയില്‍പ്പാത എക് സിറ്റര്‍, ന്യൂട്ടന്‍ അബോട്ട്, പ്ലിമത് എന്നീ പട്ടണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഡെവണിലെ മറ്റു പട്ടണങ്ങളെ തമ്മില്‍ ബന്ധി പ്പിക്കുന്ന നിരവധി ശാഖകളും ഈ റെയില്‍പ്പാതയ്ക്കുണ്ട്. എക് സിറ്റര്‍, പ്ലീമത് എന്നിവിടങ്ങളിലാണ് വിമാനത്താവളങ്ങള്‍ ഉള്ളത്.

എം.എസ്. മോട്ടോര്‍വേ, A303/A30 എന്നിവയാണ് ഡെവണിലേക്കുള്ള പ്രധാന റോഡുകള്‍; A38, A30, A361 എന്നിവ കൗണ്ടിയിലെ മുഖ്യ റോഡുകളും. പ്ലിമത്തില്‍ നിന്നും കടത്തു മാര്‍ഗം ഫ്രാന്‍സിലെ റോഡ്കോഫ്, സ്പെയിനിലെ സാന്‍റ്റാന്‍ഡര്‍ (Santander) എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യാം.

എക്സിറ്റര്‍, ടോര്‍ക്വായ് (Torquay), പ്ലിമത് എന്നീ പട്ടണങ്ങളില്‍ നിന്ന് നിരവധി ദിനപത്രങ്ങളും വാര്‍ത്താപത്രികകളും പ്രസിദ്ധീ കരിക്കുന്നുണ്ട്. ബി.ബി.സി., വെസ്റ്റ് കണ്‍ട്രി ടെലിവിഷന്‍ എന്നിവയുടെ ശാഖകളും റേഡിയോ നിലയങ്ങളും പ്ലിമത്തിലുണ്ട്.

ഭരണസൗകര്യാര്‍ഥം ഡെവണിനെ 8 ജില്ലകളായി വിഭജിച്ചിരി ക്കുന്നു: (1) കിഴക്കന്‍ ഡെവണ്‍, (2) എക്സിറ്റര്‍, (3) മധ്യ ഡെവണ്‍, (4) ഉത്തര ഡെവണ്‍, (5) ദക്ഷിണ ഹാംസ്, (6) ടെയ് ന്‍ബ്രിഡ്ജ്, (7) ടോറിഡ്ജ്, (8) പശ്ചിമഡെവണ്‍. പ്ലിമത്തിനും ടോര്‍ബേക്കും പ്രത്യേക ഭരണമേഖലാ പദവി ലഭിച്ചിട്ടുണ്ട്. എക്സിറ്ററാണ് ഡെവണ്‍ കൗണ്ടി കൗണ്‍സിലിന്റെ ആസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍