This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെലീറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെലീറിയം

Delirium

താത്ക്കാലികവും അസന്തുലിതവുമായ മാനസികാവസ്ഥ. പരിഭ്രമം, അമിതമായ സംസാരം, വിറയല്‍, ദിശാക്കുഴപ്പം, അതിജാഗ്രത, അടങ്ങിയിരിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ സ്വഭാവങ്ങള്‍ ഈ അവസ്ഥയില്‍ പ്രകടമാകുന്നു. അനിച്ഛാനാഡീവ്യൂഹത്തിന്റെ അമിതപ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൃഷ്ണമണിക്കു ചുറ്റുമുള്ള പേശികളുടെ വികാസം, അമിതവിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളും ഈ സമയത്ത് പ്രത്യക്ഷപ്പെടുന്നു. മിഥ്യാദര്‍ശനങ്ങളും, വിഭ്രാന്തിയും ഉണ്ടാകാനുമിടയുണ്ട്.

ഡെലീറിയം ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണ്. തീവ്രമായ രോഗബാധ, ഹൃദ്രോഗം, തൈറോയിഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം, രക്തപിത്തം (pernicious anaemia) മസ്തിഷ്ക ക്ഷതം തുടങ്ങിയവയുടെ ലക്ഷണമായി ഡെലീറിയം ഉണ്ടാകാം. ചില ശസ്ത്രക്രിയകളോട് അനുബന്ധിച്ച്, പ്രത്യേകിച്ച് തിമിര ശസ്ത്രക്രിയയോടനുബന്ധിച്ച്, ഡെലീറിയം ഉണ്ടാകുവാന്‍ കൂടുതല്‍ സാധ്യതയുണ്ട്. മദ്യം, ബാര്‍ബിറ്റുറേറ്റുകള്‍, ബ്രോമൈഡുകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം മൂലവും ഡെലീറിയം ഉണ്ടാകാം. അമിതമായ ശാരീരികാധ്വാനം, വിശ്രമമില്ലായ്മ, നിരന്തരമായ മാനസിക പിരിമുറുക്കം എന്നിവ ഡെലീറിയത്തിനിടയാക്കാറുണ്ട്.

ഉറക്കഗുളികകളുടെ മിതമായ ഉപയോഗം ഡെലീറിയം നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു. ശരീരത്തില്‍ ലവണങ്ങളുടെയും ജലത്തിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും ശ്രദ്ധിക്കേതാണ്. രോഗിയുടെ അകാരണഭീതികള്‍ അകറ്റുവാനും ധൈര്യം പകരുവാനും ശ്രമിക്കണം. രോഗിയുടെ മുറിയില്‍ നല്ല കാറ്റും വെളിച്ചവും ഉണ്ടായിരിക്കണം. ഡെലീറിയത്തിന് കാരണമാക്കുന്ന അവസ്ഥ ദൂരീകരിക്കുന്നതോടൊപ്പം രോഗത്തിന് ചികിത്സിക്കുകയും വേണം.

ഡെലീറിയത്തിന്റെ ലക്ഷണങ്ങള്‍ ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് ഡെലീറിയം ട്രെമന്‍സ് (Delerium tremens). നിരന്തര മദ്യപാനത്തില്‍ നിന്നുമാണ് സാധാരണയായി ഈ അവസ്ഥ സംജാതമാകുന്നത്. നിരന്തര മദ്യപാനം മൂലമുണ്ടാകുന്ന ജീവകം 'ബി'യുടെ ന്യൂനതയാണ് ഡെലീറിയം ട്രെമന്‍സിന് കാരണമാകുന്നത്. മദ്യലഹരി ശമിക്കുന്ന സമയത്ത് ഡെലീറിയം ട്രെമന്‍സിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്തതയില്ലാത്ത സംസാരം, ശരീരം മുഴുവന്‍ കോച്ചി വലിക്കുക, മാനസിക വിഭ്രാന്തി എന്നിവയെല്ലാം ഈ അവസ്ഥയില്‍ ഉണ്ടാകുന്നു. രോഗി അക്രമാസക്തനാകുവാനും സാധ്യതയുണ്ട്. ഈ അവസ്ഥ രണ്ടോ മൂന്നോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കും ഗാഢമായ നിദ്രയിലാണ് ഇത് അവസാനിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഡെലീറിയം ട്രെമന്‍സ് മൂലം രോഗിയുടെ മരണവും സംഭവിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍