This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെലവേര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെലവേര്‍

Dalaware

യു. എസ്സിലെ അത് ലാന്തിക് തീരത്തുള്ള സംസ്ഥാനങ്ങളിലൊന്ന്. റോഡ് ഐലന്‍ഡ് (Rhode Island) കഴിഞ്ഞാല്‍ യു.എസ്സിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഡെലവേര്‍. അത് ലാന്തിക് സമുദ്രം, ഡെലവേര്‍ നദി, ഡെലവേര്‍ ഉള്‍ക്കടല്‍ എന്നിവയുടെ തീരത്തായി വ്യാപിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തിനും വാഷിങ്ടണ്‍ ഡിസിക്കും ഏതാണ്ട് മധ്യഭാഗത്തായാണ് ഇതിന്റെ സ്ഥാനം. യു. എസിലെ 13 പഴയ സംസ്ഥാനങ്ങളിലൊന്നാണ് ഡെലവേര്‍. വിസ്തീര്‍ണം: 5295 ച.കി.മീ.; ജനസംഖ്യ: 666168 (1990); 717041 (1991 ല); അതിരുകള്‍: വ.- പെന്‍സില്‍വാനിയ, വ. കി.: ന്യൂജഴ്സി, കി. ഡെലവേര്‍ ഉള്‍ക്കടല്‍, തെ. ഉം പ. ഉം മേരിലാന്റ്; തലസ്ഥാനം: ഡോവര്‍.

ഡെലവേറിലെ ഒരു ഗ്രാമപ്രദേശം

ഡെല്‍മാര്‍വ (Delmarva) ഉപദ്വീപിന്റെ തെ. കി. ഭാഗത്ത് സ്ഥിതിചെയ്യുന്ന ഡെലവേറിന് ഏതാണ്ട് 160 കി.മീ. നീളവും 16-56 കി.മീ. വീതിയുമുണ്ട്. ഡെലവേര്‍ നദി ഉത്തരഡെലവേറിനെ ഡെലവേര്‍ ഉള്‍ക്കടലുമായും അത് ലാന്തിക് സമുദ്രവുമായും ബന്ധിപ്പിക്കുന്നു. ഈ സംസ്ഥാനത്തിലെ ഏക വന്‍നഗരമാണ് വില്‍മിങ്ടണ്‍ (Wilmington). ഒരു പ്രധാന രാസവ്യവസായകേന്ദ്രമാണിത്. 2000-ലെ സെന്‍സസ് പ്രകാരം 72664 ആയിരുന്നു ഇവിടത്തെ ജനസംഖ്യ; നിവര്‍ക് (28547), ഡോവര്‍ (32135), മില്‍ഫോര്‍ഡ് (6732); സീഫോഡ് (6699), മിഡില്‍ ടൗണ്‍ (6161) എന്നിവ മറ്റു പ്രധാന നഗരങ്ങളാകുന്നു.

അത് ലാന്തിക് തീരദേശ കാലാവസ്ഥാ വിഭാഗ (Atlantic Coast Climate Zone)ത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഡെലവേര്‍. തെ. ഉം വ. ഉം ഉള്ള പ്രദേശങ്ങള്‍ തമ്മില്‍ താപനിലയില്‍ ഗണ്യമായ വ്യത്യാസം കാണുന്നില്ല. എന്നാല്‍ ഉള്‍പ്രദേശങ്ങളെ അപേക്ഷിച്ച് തീരപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് താരതമ്യേന ചൂടു കുറഞ്ഞതും മഞ്ഞുകാലത്ത് ഇളംചൂടുള്ളതുമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വാര്‍ഷിക വര്‍ഷപാതം: 112 സെ.മീ. മുതല്‍ 119 സെ.മീ. വരെ. ഏതാണ്ട് 38 സെ.മീ. ഓളം മഞ്ഞു വീഴ്ചയും ഇവിടെ രേഖപ്പെടുത്താറുണ്ട്.

ഡെലവേറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമതലങ്ങളാണ്. വ. പ. പ്രദേശങ്ങളില്‍ കുന്നിന്‍പുറങ്ങള്‍ കാണാം. ഡെലവേറിന്റെ ഉത്തര പശ്ചിമഭാഗങ്ങള്‍ അപലേച്ചിയന്‍ പീഡ് മോണ്ട് പ്രവിശ്യയില്‍പ്പെടുന്നു. 120 മീ.-ലേറെ ഉയരമുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ അത് ലാന്തിക് തീരസമതലത്തിന്റെ ഭാഗമാകുന്നു. 18 മീ. ആണ് ഇവിടത്തെ ശ. ശ. ഉയരം. ഇവിടത്തെ ടൈഡല്‍ തീരസമതലം ഏതാണ്ട് 613 കി.മീ. ഓളം വ്യാപിച്ചിരിക്കുന്നു.

ഡെലവേറാണ് ഡെലവേര്‍ സംസ്ഥാനത്തെ മുഖ്യനദി. ഇതു കൂടാതെ കുന്നിന്‍പ്രദേശങ്ങളിലൂടൊഴുകുന്ന ധാരാളം ചെറു അരുവികളും സംസ്ഥാനത്തുണ്ട്. തീരപ്രദേശത്തോടടുത്ത് ധാരാളം ചെറുനദികളും കുളങ്ങളും ചതുപ്പുപ്രദേശങ്ങളും കാണാം. തെക്കന്‍ ഡെലവേറിലെ മുഖ്യനദികളായ നാന്റികോക്കും (Nanticoke), പോകോമോകും (Pokomoke), ചെസപീക് ഉള്‍ക്കടലില്‍ പതിക്കുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ചെറുനദികളും ഡെലവേര്‍ ഉള്‍ക്കടലിലോ നദിയിലോ ആണ് നിപതിക്കുന്നത്. സസക്സ് (Sussex) കൗണ്ടിയുടെ തെ. കി. ഭാഗത്തുകൂടി ഒഴുകുന്ന ഇന്ത്യന്‍ നദി അത് ലാന്തിക് സമുദ്രത്തില്‍ പതിക്കുന്നു. പരമ്പരാഗതമായി ഡെലവേറിലെ ഉത്പാദന മേഖല വില്‍മിങ്ടണ്‍ നഗരത്തിലും അതിന്റെ പ്രാന്തങ്ങളിലുമായി വ്യാപിച്ചിരിക്കുന്നു. രാസവസ്തുക്കളുടെ നിര്‍മാണത്തിനാണ് വ്യവസായങ്ങളില്‍ മുന്‍തൂക്കം. വില്‍മിങ്ടണിന് രാസതലസ്ഥാനം (Chemical Capital) എന്ന പേരു ലഭിച്ചിരിക്കുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്. യു. എസ്സിലെ വന്‍വ്യവസായങ്ങളുള്‍പ്പെടെ ധാരാളം വ്യവസായശാലകള്‍ ഡെലവേറിലുണ്ട്.

മുഖ്യമായും ഒരു വ്യാവസായിക സംസ്ഥാനമാണ് ഡെലവേര്‍. കാര്‍ഷികമേഖലയില്‍ സോയാബീന്‍സ്, പച്ചക്കറികള്‍, കാലിത്തീറ്റയ്ക്കുപയോഗിക്കുന്ന ചോളം എന്നിവയാണ് മുഖ്യവിളകള്‍. രാസവസ്തുക്കള്‍, ഗതാഗതോപകരണങ്ങള്‍, ഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവയുടെ വ്യവസായകേന്ദ്രങ്ങളെ കൂടാതെ പേപ്പര്‍, ഫൈബര്‍ എന്നിവയുടെ മില്ലുകള്‍, തുകല്‍ സംസ്കരണകേന്ദ്രങ്ങള്‍, ടെക്സ്റ്റൈല്‍ മില്ലുകള്‍, സ്റ്റീല്‍ വാര്‍പ്പുകേന്ദ്രങ്ങള്‍ (steel foundaries) എന്നിവയും ഡെലവേറിലുണ്ട്. കന്നുകാലി വളര്‍ത്തലും പ്രധാന ഉപജീവനമാര്‍ഗം തന്നെ. ധാരാളം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളും ഡെലവേറിലങ്ങോളമിങ്ങോളം കാണാം.

വില്‍മിങ്ടണ്‍ തുറമുഖം

സംസ്ഥാന ഭൂവിസ്തൃതിയുടെ 30 ശ. മാ. വനമാണ്. തീരസമതലത്ത് ഓക്-പൈന്‍ കാടുകള്‍ക്കും പീഡ്മ് പീഠഭൂമിപ്രദേശത്ത് ഓക്-ടൂളിപ് കാടുകള്‍ക്കുമാണ് മുന്‍തൂക്കം. വിവിധയിനത്തില്‍പ്പെട്ട ഓക്കുമരങ്ങള്‍, ഷാഗ്ബാര്‍ക് (shag bark), മോക്കര്‍നട് (mocker), പിഗ്നട് (pig nut), ബിറ്റ്ലര്‍ നട് (bittler nut), ഹിക്കറി (hickory), ലോബ് ലോലി (lob lolly), പിച് പൈന്‍ (pitch pine), ടൂളിപ് (tulip), സ്വീറ്റ് ഗം (sweet gum), റെഡ് മേപ്പിള്‍ (red maple) തുടങ്ങിയവ ഇവിടത്തെ സാധാരണ വൃക്ഷങ്ങളാകുന്നു. ചരല്‍, മണല്‍, ഗ്രാനൈറ്റ്, കയോലിന്‍ തുടങ്ങിയവയാണ് മുഖ്യധാതുവിഭവങ്ങള്‍. അത് ലാന്തിക് തീരത്തെ മണല്‍ത്തിട്ട (sand reef) ഒരു പ്രധാന അവധിക്കാല വിനോദ സഞ്ചാരകേന്ദ്രമാണ്.

1999-ല്‍ ഡെലവേറിലെ റോഡുകളുടെ മൊത്തം നീളം സു. 8080 കി.മീ. ആയിരുന്നു; റെയില്‍പ്പാതയുടേത് സു. 435 കി.മീറ്ററും. വില്‍മിങ്ടണ്‍ തുറമുഖത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയാണ് ഇവിടത്തെ ചരക്കുഗതാഗതത്തെ സഹായിക്കുന്ന മുഖ്യഘടകം. 1998-ല്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി 11 വിമാനത്താവളങ്ങളും ഒരു ഹെലിസ്റ്റോപ്പും ഡെലവേറിലുണ്ടായിരുന്നു. ഡെലവേര്‍ നദീമുഖത്തുള്ള ലൂയിസ് (Lewes) ഒഴികെ ഡെലവേറിലെ മറ്റു തുറമുഖങ്ങളെല്ലാം സംസ്ഥാനത്തിന്റെ വ. ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

ഡോവറിലെ ഡെലവേര്‍ സംസ്ഥാന ഗ്രന്ഥശാല, വില്‍മിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്രീ ലൈബ്രറി (Wilmington Institute free Library) എന്നിവയാണ് സംസ്ഥാനത്തെ മുഖ്യലൈബ്രറികള്‍. ദ് ഹെന്റി ഫ്രാന്‍സിസ് ദു പോന്ത് വിന്റര്‍ഥര്‍ മ്യൂസിയം (The Henry Francis du pont winterthur mesuem), ഹാഗ്ലീ മ്യൂസിയം (Hagley Museum) തുടങ്ങിയവയും ഇവിടെ സ്ഥിതിചെയ്യുന്നു. ഡെലവേറിലെ പ്രധാന റിക്രീയേഷന്‍ കേന്ദ്രമായ റിഹബത് ബീച്ച് (Rehobath beach) ദേശീയ വേനല്‍ക്കാല തലസ്ഥാനം (National Summer Capital) എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. നിവാര്‍കിലെ (Newark) ഡെലവേര്‍ സര്‍വകലാശാല, ഡോവറിലെ ഡെലവേര്‍ സംസ്ഥാന സര്‍വകലാശാല, ഡെലവേര്‍ ടെക്നിക്കല്‍ ആന്‍ഡ് കമ്യൂണിറ്റി കോളജ്, വെസ്ലി കോളജ് (Wesley College) തുടങ്ങിയവയാണ് ഡെലവേറിലെ മുഖ്യവിദ്യാഭ്യാസകേന്ദ്രങ്ങള്‍. 1990-ലെ സെന്‍സസ് പ്രകാരം 103/ച.കി.മീ. ആയിരുന്നു ഡെലവേറിലെ ജനസാന്ദ്രത. വടക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ ജനസാന്ദ്രത കാണപ്പെടുന്നത്. ജനങ്ങളില്‍ ഏറിയ പങ്കും വെള്ളക്കാരാണ് (80.3 ശ.മാ.) കറുത്ത വര്‍ഗക്കാര്‍ 16.9 ശ.മാ. ആകുന്നു. ചൈനീസ്, ഏഷ്യ-ഇന്ത്യന്‍, അമേരിക്കന്‍ തുടങ്ങിയവരാണ് മറ്റുള്ളവര്‍. മെതഡിസ്റ്റ്സ് (26.5 ശ.മാ.) റോമന്‍ കത്തോലിക്കര്‍ (26.4 ശ.മാ.) എന്നിവര്‍ മുഖ്യ മതവിഭാഗങ്ങളാകുന്നു.

ഡെലവേറിന് 'ഫസ്റ്റ് സ്റ്റേറ്റ്' (first state) എന്നും പേരുണ്ട്. പഴയ 13 സംസ്ഥാനങ്ങളില്‍ ആദ്യമായി യു. എസ്. ഭരണഘടന അംഗീകരിച്ച സംസ്ഥാനം എന്നതിലാണ് ഡെലവേറിന് പ്രസ്തുത പേര് ലഭിച്ചത് (1787). 1897-ല്‍ അംഗീകരിച്ച ഭരണഘടനയാണ് ഇപ്പോള്‍ ഇവിടെ നിലവിലുള്ളത്. ഇതിന് 51 ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഡെലവേറിലെ പരമോന്നത നീതിന്യായാധികാരം സുപ്രീംകോടതിയില്‍ നിക്ഷിപ്തമായിരിക്കുന്നു. സെനറ്റിന്റെ അംഗീകാരത്തോടെ ഗവര്‍ണറാണ് സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നത്. വധശിക്ഷ ഇവിടെ അംഗീകൃതമായിരിക്കുന്നു. 2001-ലായിരുന്നു ഏറ്റവും ഒടുവില്‍ ഇതു നടപ്പിലാക്കിയത്.

ചരിത്രം. വെള്ളക്കാരായ കുടിയേറ്റക്കാര്‍ എത്തുന്നതിനുമുന്‍പ് ഇവിടെ പാര്‍ത്തിരുന്നത് ആദിവാസികളായിരുന്നു. ഇവര്‍ പിന്നീട് 'ഡെലവേര്‍ ഇന്‍ഡ്യന്‍സ്' എന്നാണ് വിളിക്കപ്പെട്ടിരുന്നത്. 17-ാം ശ.-ത്തിന്റെ തുടക്കത്തില്‍ യൂറോപ്യന്മാര്‍ ഇവിടെ എത്തിയിരുന്നെങ്കിലും അവര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1621-ല്‍ സ്ഥാപിതമായ ഡച്ച് വെസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ പ്രവര്‍ത്തനത്തിലൂടെയാണ് പിന്നീട് ഈ പ്രദേശത്തേക്ക് യൂറോപ്യന്മാരുടെ കടന്നുകയറ്റമുണ്ടായത്. ഇപ്പോഴത്തെ ലെവിസിനു സമീപം സ്വാനെന്‍ഡെയ് ല്‍(Zwaanendael) എന്ന സ്ഥലത്ത് 1631-ല്‍ ഡച്ചുകാര്‍ നടത്തിയതാണ് ഡെലവേറിലെ ആദ്യ യൂറോപ്യന്‍ കുടിയേറ്റം. തിമിംഗല വേട്ടയും ധാന്യം, പുകയില എന്നിവയുടെ കൃഷിയുമായിരുന്നു ഈ കോളനിയുടെ സ്ഥാപനോദ്ദേശ്യം. എന്നാല്‍ കോളനിവാസികള്‍ ആദിവാസികള്‍ നടത്തിയ കൂട്ടക്കൊലയ്ക്കു വിധേയരായി. കഷ്ടിച്ച് ഒരു വര്‍ഷം കഴിഞ്ഞതോടെ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

പിന്നീട് സ്വീഡന്‍കാരും ഡച്ചുകാരും ഡെലവേറില്‍ കോളനി സ്ഥാപിച്ചു. ന്യൂ സ്വീഡന്‍ കോളനിയുടെ ഭാഗമെന്ന നിലയില്‍ ഫോര്‍ട്ട് ക്രിസ്റ്റീനയില്‍ (ഇപ്പോള്‍ വില്‍മിങ്ടണ്‍) 1638-ല്‍ സ്വീഡന്‍കാരുടെ കോളനി സ്ഥാപിതമായി. 1655-ല്‍ ഡച്ചുകാര്‍ ഈ കോളനി പിടിച്ചെടുത്തു. 1664-ല്‍ ഡച്ചുകാര്‍ ഇംഗ്ലീഷുകാര്‍ക്ക് കീഴടങ്ങി. പിന്നീടുള്ള കുറേക്കാലത്തേക്ക് ഡെലവേര്‍ ഇംഗ്ലീഷുകാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 1682 മുതല്‍ പെന്‍സില്‍വേനിയയുടെ ഭാഗമായി ഡെലവേറിന്റെ ഭരണം നടന്നുവന്നു. 1704-ല്‍ ഡെലവേറിന് സ്വന്തമായി അസംബ്ലിയുണ്ടായി. പെന്‍സില്‍വേനിയ ഗവര്‍ണറുടെ കീഴില്‍ സ്വയംഭരണാവകാശവും ലഭിച്ചിരുന്നു. 1776-ല്‍ ഡെലവേറിന് സംസ്ഥാനതുല്യ പദവി ലഭ്യമായി. കാര്‍ഷിക പ്രാധാന്യമുണ്ടായിരുന്ന ഡെലവേറില്‍ 19-ാം ശ.-ത്തിന്റെ അവസാനത്തോടെ വ്യവസായം വളരാന്‍ തുടങ്ങി. 20-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും ഡെലവേര്‍ വ്യാവസായികമായി ഏറെ അഭിവൃദ്ധിപ്പെട്ടു കഴിഞ്ഞിരുന്നു. ദ്രുതഗതിയിലുള്ള വ്യാവസായിക സാമ്പത്തികാഭിവൃദ്ധിയെത്തുടര്‍ന്നുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഇപ്പോള്‍ ഡെലവേറിനെ അലട്ടുന്നുണ്ട്.

ദ് ഹെന്‍റി ഫ്രാന്‍സിസ് ദു പോന്ത് വിന്റര്‍ഫര്‍ മ്യൂസിയം

1897-ലെ ഭരണഘടനയനുസരിച്ചാണ് ഡെലവേറില്‍ ഇപ്പോള്‍ ഭരണം നടന്നുവരുന്നത്. ഡെലവേറിലെ നാലാമതു ഭരണഘടനയാണിത്. ഒരു ഭരണഘടനാ കണ്‍വെന്‍ഷനിലൂടെയാണ് ഇത് നിലവില്‍ വന്നത്. ഗവണ്‍മെന്റിന് ഭരണനിര്‍വഹണ വിഭാഗം, നീതിന്യായവിഭാഗം, നിയമനിര്‍മാണ വിഭാഗം എന്നീ പ്രധാന വിഭാഗങ്ങളുണ്ട്. ഭരണ നിര്‍വഹണ വിഭാഗത്തില്‍ ഗവര്‍ണര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, ട്രഷറര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ്. ഗവര്‍ണറുടെ ഔദ്യോഗിക കാലാവധി നാലുവര്‍ഷമാണ്. രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ മത്സരിക്കുവാന്‍ പാടില്ല. സെനറ്റും ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സും ചേര്‍ന്നതാണ് നിയമനിര്‍മാണസഭ. സെനറ്റംഗങ്ങളുടെ പ്രവര്‍ത്തന കാലാവധി നാലുവര്‍ഷവും റെപ്രസെന്റേറ്റീവ്സിലേത് രണ്ടു വര്‍ഷവുമാണ്. സുപ്രീം കോടതിയും അതിനുതാഴെയുള്ള കോടതികളും ചേര്‍ന്നതാണ് നീതിന്യായ സംവിധാനം.

(സി. മീര, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍