This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെര്‍മാപ്ടെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെര്‍മാപ്ടെറ

Dermaptera

അപൂര്‍ണകായാന്തരണമുള്ള മെലിഞ്ഞ ചെറുകീടങ്ങള്‍ (insects) ഉള്‍പ്പെടുന്ന ഗോത്രം. ആയിരത്തോളം സ്പീഷീസ് മാത്രമുള്ള ചെറിയൊരു ഗോത്രമാണിത്. ജൂറാസിക് കല്പം മുതല്‍ ഈ ആദിമ വിഭാഗത്തിലെ അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവയ്ക്ക് ചവയ്ക്കാനുതകുന്ന വദനഭാഗങ്ങളും ചെറിയ മുന്‍ചിറകുകളും ജോടിയായുള്ള സംവേദക ഉപാംഗങ്ങളുമുണ്ട്. അവസാനത്തെ ഉദരഖണ്ഡം കൊടിലിന്റെ ആകൃതിയില്‍ രൂപപ്പെട്ടിരിക്കുന്നു. ഡെര്‍മാപ്ടെറാ ഗോത്രത്തിലെ ജീവികളുടെ ശരീരം തിളക്കമുള്ളതാണ്. കാലുകള്‍ തുടര്‍ച്ചയായുള്ള ശ്രേണിയായിട്ടാണ് കാണപ്പെടുന്നത്. മുന്‍ ചിറകുകള്‍ (elytra) പശ്ചവക്ഷ (metathorax) ത്തിന്റെ അവസാനം വരെ മാത്രമേ എത്തുന്നുള്ളു. പിന്‍ ചിറകുകള്‍ വലുപ്പം കൂടിയതും അര്‍ധവൃത്താകൃതിയിലുള്ളതുമാണ്. ഈ ചിറകുകള്‍ മടക്കി മുന്‍ചിറകുകള്‍ക്കടിയിലാക്കിയാണ് ജീവി വിശ്രമിക്കുന്നത്. ഈ ജീവികള്‍ അപൂര്‍വമായി മാത്രമേ പറന്നു നടക്കാറുള്ളൂ. ഡെര്‍മാപ്ടെറകള്‍ കരയില്‍ ജീവിക്കുന്നവയാണ്. പകല്‍സമയങ്ങളില്‍ നനവുള്ളതും തണലുള്ളതുമായ പ്രദേശങ്ങളിലെ കല്ലുകളുടെയും തടിയുടെയും മറ്റും അടിയിലും, ഇടയിലും, മരത്തൊലിയിലും ഇവ ഒളിഞ്ഞിരിക്കും. രാത്രികാലങ്ങളിലാണ് ഇവ ഇരതേടുന്നത്.

ലാബിഡൂറ

ഡെര്‍മാപ്ടെറാ ഗോത്രത്തിലെ ജീവികള്‍ സര്‍വാഹാരികളാണ്. ചില ഇനങ്ങള്‍ സസ്യങ്ങളുടെ ഇളം ഇലകളും പുഷ്പങ്ങളും തിന്നു നശിപ്പിക്കാറുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ജീവിക്കുന്ന ചിലയിനങ്ങള്‍ മാംസഭോജികളാണ്. സാധാരണ ഇവ മുട്ടയിടുന്നത് ചെറിയ അയഞ്ഞകൂട്ടങ്ങളായിട്ടാണ്. ചിലയിനങ്ങളില്‍ പെണ്‍ജീവി മുട്ടയുടെ സമീപത്തുതന്നെ കഴിഞ്ഞുകൂടുകയും മുട്ടകളേയും നിംഫുകളേയും സംരക്ഷിക്കുകയും ചെയ്യുന്നു. നോ. ഇന്‍സെക്റ്റ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍