This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെയ്മ്യോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെയ്മ്യോ

Daimyo

ജപ്പാനില്‍ നിലവിലുണ്ടായിരുന്ന വന്‍കിട പ്രാദേശിക ഫ്യൂഡല്‍ ഭൂപ്രഭുക്കള്‍. 'വലിയ' എന്നര്‍ഥമുള്ള 'ഡെയ്' (dai) എന്നും 'സ്വകാര്യഭൂമി' എന്നര്‍ഥമാക്കാവുന്ന 'മ്യോ' (Myo) എന്നുമുള്ള വാക്കുകള്‍ ചേര്‍ന്നതാണ് 'ഡെയ്മ്യോ' എന്ന പദം. 10-ാം ശ.-ത്തോടെ പ്രാദേശികമായി ഭരണകാര്യങ്ങളും സൈനിക കാര്യങ്ങളും നിയന്ത്രിച്ചുവന്ന പ്രഭുക്കള്‍ ഡെയ്മ്യോകള്‍ എന്നറിയപ്പെട്ടു തുടങ്ങി. 12-ാം ശ. ആയപ്പോഴേക്കും ഇക്കൂട്ടരില്‍ ചിലര്‍ ശക്തി പ്രാപിച്ചു. 14-ാം ശ.ത്തോടെ ജപ്പാനില്‍ അതുവരെ നിലനിന്ന കേന്ദ്രീകൃത ഭരണം തകര്‍ച്ചയിലേക്കു നീങ്ങി. ആഭ്യന്തര മത്സരങ്ങളുടേയും അരാജകത്വത്തിന്റേയും കാലമായിരുന്നു ഇത്. അനിയന്ത്രിതമായ ഈ സാഹചര്യം ഡെയ്മ്യോകളുടെ വളര്‍ച്ചയ്ക്ക് അവസരമേകി. എങ്കിലും ദീര്‍ഘകാലം ഒറ്റപ്പെട്ടും കലഹിച്ചും കഴിഞ്ഞിരുന്ന അവര്‍ക്ക് മേധാശക്തികളായി വളരാന്‍ രണ്ട് ദശാബ്ദക്കാലം പിന്നെയും വേണ്ടിവന്നു. 16-ാം ശ. ആയപ്പോഴേക്കും ഓരോ ഡെയ്മ്യോയും തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ തന്നിഷ്ടംപോലെ കൈകാര്യം ചെയ്ത് സ്വതന്ത്ര ഭരണം നടത്തിപ്പോന്നു. ഡെയ്മ്യോകളുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ 'ഹാന്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 17-ാം ശ.-ത്തില്‍ ഇയെയാസു ടോക്കുഗാവ എന്ന ശക്തനായ ഡെയ്മ്യോ മറ്റു ഡെയ്മ്യോകളെ അപ്പാടെ തന്റെ വരുതിയിലാക്കിക്കൊണ്ട് ടോക്കുഗാവ ഷോഗനേറ്റ് (സൈനിക ഭരണം) സ്ഥാപിച്ചു. തുടര്‍ന്നുള്ള കാലത്ത് ഈ ഷോഗനേറ്റിനു ഭീഷണിയാകുന്നതരത്തില്‍ മറ്റു ഡെയ്മ്യോകള്‍ ശക്തിപ്രാപിക്കാനുള്ള അവസരം ഇല്ലാതാക്കാന്‍ അവര്‍ക്കുമേല്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ ഡെയ്മ്യോകളും ഷോഗനേറ്റിന്റെ ആശ്രിതരാണെന്നു പ്രതിജ്ഞയെടുത്തിരുന്നു. ടോക്കുഗോവ ഷോഗനേറ്റിന്റെ കാലത്ത് 250-ഓളം ഡെയ്മ്യോകളാണ് പ്രാദേശിക ഭരണകര്‍ത്താക്കളായി ഉണ്ടായിരുന്നത്. ഷിമ്പാന്‍ (Shimpan), ഫുദായ് (Fudai), തൊസാമ (Tozama) എന്നിങ്ങനെ പല വിഭാഗങ്ങളായി ഡെയ്മ്യോകളെ തരംതിരിച്ചിരുന്നു. കാലക്രമേണ ഡെയ്മ്യോകളുടെ ശക്തി ക്ഷയിച്ചുവന്നു. 1868-ല്‍ മെയ്ജി ചക്രവര്‍ത്തിയുടെ ഭരണം പുനഃസ്ഥാപിക്കപ്പെട്ടതോടെ ഡെയ്മ്യോകളുടെ പ്രസക്തി ഇല്ലാതായി.

(ഡോ. ആര്‍. മധുദേവന്‍ നായര്‍, സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍