This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെബിറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെബിറ്റ്

ഒരു വ്യാപാര സ്ഥാപനത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ ഉപയോഗിക്കുന്ന അക്കൗണ്ടിംഗ് സമ്പ്രദായം. ചില തത്ത്വങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യാപാര ഇടപാടുകള്‍ ആസൂത്രിതവും ക്രമബദ്ധവുമായി രേഖപ്പെടുത്തുന്നതിനെയാണ് ബുക്ക് കീപ്പിംഗ് എന്നു പറയുന്നത്. ബുക്ക് കീപ്പിംഗിന്റെ ജേര്‍ണലിലാണ് ഡെബിറ്റ് ചെയ്യുന്ന അക്കൗണ്ടിന്റേയും ക്രെഡിറ്റ് ചെയ്യുന്ന അക്കൗണ്ടിന്റേയും പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. എല്ലാ വരവു ചെലവിനങ്ങളേയും കാലക്രമമനുസരിച്ച് ജേര്‍ണലില്‍ രേഖപ്പെടുത്തണം. ജേര്‍ണല്‍ കുറിപ്പുകളില്‍വരുന്ന ഓരോ അക്കൗണ്ടിനെ സംബന്ധിച്ചുമുള്ള വിശദവിവരങ്ങള്‍ മറ്റൊരു പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ഈ അനുബന്ധ പുസ്തകത്തെ ലെഡ്ജര്‍ (പേരേട്) എന്നു വിളിക്കുന്നു.

ഒരാള്‍ ഒരു ലക്ഷം രൂപയുമായി ബിസിനസ് തുടങ്ങുമ്പോള്‍, പ്രസ്തുത പണം ബിസിനസിലേക്കു വരുന്നത് മൂലധനം ആയിട്ടാണ്. അതിനാല്‍ ഈ തുക ഡെബിറ്റ് ആയി രേഖപ്പെടുത്തുന്നു. സ്ഥാപനം ചെലവാക്കുന്ന പണത്തെ അഥവാ മറ്റുള്ളവര്‍ സ്ഥാപനത്തില്‍ നിന്നും പറ്റുന്ന പണത്തെ ഡെബിറ്റിലും സ്ഥാപനത്തിലേക്കു വന്നുചേരുന്ന പണത്തെ ക്രെഡിറ്റിലും ഉള്‍പ്പെടുത്തുകയാണ് ചെയ്യുക.

ബുക്ക് കീപ്പിംഗില്‍ രണ്ടുതരം അക്കൗണ്ടികളുണ്ട്; ഒന്ന്, റിയല്‍ അക്കൗണ്ടുകള്‍: ബിസിനസിലേക്കുവരുന്ന ആസ്തികളെ ഡെബിറ്റ് ചെയ്യുക, പോകുന്നവയെ ക്രെഡിറ്റ് ചെയ്യുക, രണ്ട്, നോമിനല്‍ അക്കൗണ്ടുകള്‍: എല്ലാ ചെലവിനങ്ങളേയും നഷ്ടങ്ങളേയും ഡെബിറ്റ് ചെയ്യുക; വരവിനങ്ങളേയും നേട്ടങ്ങളേയും ക്രെഡിറ്റ് ചെയ്യുക. ഡബിള്‍ എന്‍ട്രി തത്ത്വമനുസരിച്ച് ഓരോ ഇടപാടിനും രണ്ട് അക്കൗണ്ടുകളുണ്ട്. ഒന്നില്‍ ക്രെഡിറ്റും മറ്റൊന്നില്‍ ഡെബിറ്റും രേഖപ്പെടുത്തുന്നു. ഓരോ ഇടപാടിലും ലാഭവും നഷ്ടവും ഉണ്ടാകാം. രൊക്കം പണം നല്‍കി ഒരു ലക്ഷം രൂപയുടെ ചരക്ക് വാങ്ങുമ്പോള്‍, കൈവശമുള്ള ചരക്കില്‍ ഒരു ലക്ഷം രൂപയുടെ വര്‍ധനവുണ്ടാകുന്നു. എന്നാല്‍, രൊക്കം പണത്തില്‍ ഒരു ലക്ഷം രൂപ കുറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ലാഭമുണ്ടാക്കുന്ന അക്കൗണ്ടിനെക്കുറിച്ചും നഷ്ടമുണ്ടാക്കുന്ന അക്കൗണ്ടിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ബുക്ക് കീപ്പിംഗില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടിവരുന്നത്.

ഒരാള്‍ ഒരു ലക്ഷം രൂപയുമായി ഒരു ബിസിനസ് തുടങ്ങി എന്നു വിചാരിക്കുക. തുടര്‍ന്ന്: ഒന്ന്, എ-യുടെ പക്കല്‍ നിന്നും 5000 രൂപ കൈപ്പറ്റി.

രണ്ട്, ബി-ക്ക് 1000 രൂപ നല്‍കി. മൂന്ന്, 500 രൂപ കമ്മിഷന്‍ ലഭിച്ചു. നാല്, വാടകയിനത്തില്‍ 500 രൂപ നല്‍കി. ഈ അക്കൗണ്ടുകളുടെ ബുക്ക് കീപ്പിംഗ് താഴെപ്പറയുന്ന പ്രകാരമാണ്.

ഒന്ന്, ഒരു ലക്ഷം രൂപ മൂലധനമായി കൊണ്ടുവരുമ്പോള്‍ ക്യാഷ് അക്കൗണ്ട് ഡെബിറ്റ് ചെയ്യുന്നു. മൂലധനം അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുന്നു.

രണ്ട്, എ-യുടെ പക്കല്‍ നിന്നും 5000 രൂപ കൈപ്പറ്റുമ്പോള്‍ ക്യാഷ് അക്കൗണ്ട് ഡെബിറ്റു ചെയ്യുകയും എ-യുടെ അക്കൗണ്ട് ക്രെഡിറ്റു ചെയ്യുകയും വേണം.

മൂന്ന്, ബി-ക്ക് 1000 രൂപ നല്‍കുമ്പോള്‍ ബിയുടെ അക്കൗണ്ട് ഡെബിറ്റ് ചെയ്യുകയും ക്യാഷ് അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുകയും വേണം.

നാല്, 500 രൂപ കമ്മിഷന്‍ ലഭിക്കുമ്പോള്‍ ക്യാഷ് അക്കൗണ്ട് ഡെബിറ്റ് ചെയ്യുകയും കമ്മിഷന്‍ അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുകയും വേണം.

അഞ്ച്, വാടകയായി 500 രൂപ നല്‍കുമ്പോള്‍ വാടക അക്കൗണ്ട് ഡെബിറ്റ് ചെയ്യുന്നു. ക്യാഷ് അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുന്നു.

ഓരോ ഇടപാടിനെക്കുറിച്ചും രണ്ട് അക്കൗണ്ടുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍, വര്‍ഷാവസാനത്തിലോ മറ്റേതെങ്കിലും സമയത്തോ ഒരു 'ട്രയല്‍ ബാലന്‍സ്' (ശിഷ്ടസൂചിക) തയ്യാറാക്കി തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ കഴിയുന്നു. അങ്ങനെ കുറ്റമറ്റ ബാലന്‍സ് ഷീറ്റ് (ബാക്കിപത്രം) തയ്യാറാക്കാന്‍ ഈ സമ്പ്രദായം സഹായകമാണ്. ഏത് അക്കൗണ്ടാണ് ഡെബിറ്റ് ചെയ്യേണ്ടതെന്നും ഏതാണ് ക്രെഡിറ്റ് ചെയ്യേതെന്നും നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അമേരിക്കന്‍ സമ്പ്രദായവും ഇംഗ്ലീഷ് സമ്പ്രദായവുമാണ് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍.

അമേരിക്കന്‍ സമ്പ്രദായമനുസരിച്ച് വ്യാപാര ഇടപാടുകളെ അഞ്ചായി തിരിക്കാം:

ഒന്ന്, വ്യാപാരിയുടെ സ്വന്തം ഇടപാടുകള്‍ (മൂലധനം, തന്‍ചെലവ് മുതലായവ),

രണ്ട്, ബാധ്യതകളെ സംബന്ധിച്ചുള്ള ഇടപാടുകള്‍ (കടം, ബാങ്കില്‍ നിന്നുള്ള ഓവര്‍ഡ്രാഫ്റ്റ് മുതലായവ),

മൂന്ന്, ആസ്തികളെ സംബന്ധിച്ച ഇടപാടുകള്‍ (ഭൂമി, കെട്ടിടം, യന്ത്രസാമഗ്രികള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ വാങ്ങലും വില്പനയും),

നാല്, ചെലവ് സംബന്ധിച്ച ഇടപാടുകള്‍ (ശമ്പളം, പലിശ, വാടക, കമ്മീഷന്‍, മുതലായവ),

അഞ്ച്, വരുമാനങ്ങളെ സംബന്ധിച്ച ഇടപാടുകള്‍ (വില്പന, പലിശ, കമ്മിഷന്‍, മുതലാവയ)

ഈ അഞ്ചിന ഇടപാടുകളിലെ അക്കൗണ്ടുകളുടെ ഡെബിറ്റും ക്രെഡിറ്റും നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്.

ഒന്ന്, മൂലധനം: കുറയുമ്പോള്‍ ഡെബിറ്റു ചെയ്യുക; കൂടുമ്പോള്‍ ക്രെഡിറ്റു ചെയ്യുക.

രണ്ട്, ബാധ്യതകള്‍: കുറയുമ്പോള്‍ ഡെബിറ്റു ചെയ്യുക; കൂടുമ്പോള്‍ ക്രെഡിറ്റു ചെയ്യുക.

മൂന്ന്, ആസ്തികള്‍: കൂടുമ്പോള്‍ ഡെബിറ്റു ചെയ്യുക; കുറയുമ്പോള്‍ ക്രെഡിറ്റു ചെയ്യുക.

നാല്, ചെലവുകള്‍: കൂടുമ്പോള്‍ ഡെബിറ്റു ചെയ്യുക; കുറയുമ്പോള്‍ ക്രെഡിറ്റു ചെയ്യുക.

അഞ്ച്, വരുമാനങ്ങള്‍: കുറയുമ്പോള്‍ ഡെബിറ്റു ചെയ്യുക, കൂടുമ്പോള്‍ ക്രെഡിറ്റു ചെയ്യുക.

ഇംഗ്ലീഷ് സമ്പ്രദായമനുസരിച്ച് ഡെബിറ്റും ക്രെഡിറ്റും നിശ്ചയിക്കുന്നതിന് പെഴ്സണല്‍/റിയല്‍/നോമിനല്‍ അക്കൗണ്ടുകള്‍ക്ക് പ്രത്യേകം നിയമങ്ങളുണ്ട്.

പെഴ്സണല്‍ അക്കൗണ്ടുകള്‍: വ്യാപാരിയുടെ പക്കല്‍ നിന്നും പണമോ മറ്റു നേട്ടങ്ങളോ കൈപ്പറ്റുന്ന വ്യക്തിയുടെ/കമ്പനിയുടെ/സ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍ ഡെബിറ്റു ചെയ്യുന്നു. പണമോ മറ്റു നേട്ടങ്ങളോ വ്യാപാരിക്കു നല്‍കുന്നവരുടെ അക്കൗണ്ടുകള്‍ ക്രെഡിറ്റു ചെയ്യുന്നു. ഈ സമ്പ്രദായമനുസരിച്ച്, പറ്റുന്ന ആളിനെ ഡെബിറ്റിലും നല്‍കുന്ന ആളിനെ ക്രെഡിറ്റിലുമാണ് ഉള്‍പ്പെടുത്തുന്നത്. റിയല്‍ അക്കൗണ്ടുകള്‍: ബിസിനസിലേക്കു വന്നുചേരുന്ന ആസ്തികളെ ഡെബിറ്റു ചെയ്യുകയും പോകുന്നവയെ ക്രെഡിറ്റു ചെയ്യുകയും വേണം. നോമിനല്‍ അക്കൗണ്ടുകള്‍: എല്ലാ ചെലവിനങ്ങളേയും നഷ്ടങ്ങളേയും ഡെബിറ്റു ചെയ്യുക. വരവിനങ്ങളേയും നേട്ടങ്ങളേയും ക്രെഡിറ്റു ചെയ്യണം. വരവു ചെലവിനങ്ങളുടെ നീക്കി ബാക്കി കണ്ടുപിടിക്കുന്നതിന് അക്കൗണ്ടിന്റെ ഡെബിറ്റ്-ക്രെഡിറ്റ് ഭാഗങ്ങളിലെ ആകെത്തുക പ്രത്യേകമായി കണ്ടുപിടിക്കണം. ഡെബിറ്റ് കോളത്തിലെ ആകെത്തുകയാണ് കൂടുതലെങ്കില്‍ ഡെബിറ്റ് ബാലന്‍സ് എന്നും മറിച്ചാണെങ്കില്‍ ക്രെഡിറ്റ് ബാലന്‍സ് എന്നും പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍