This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെന്‍വര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെന്‍വര്‍

Denver

കൊളറാഡോ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യു.എസ്സിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഡെന്‍വര്‍, സംസ്ഥാനത്തിന്റെ ഉത്തര-മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്നു. സൗത്ത് പ്ലാറ്റ് (South Platte) നദിക്കും, ചെറി ക്രീക്കിനും (Cherry Creek) മധ്യേ വ്യാപിച്ചിരിക്കുന്ന ഈ നഗരത്തിന്റെ സ്ഥാനം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1610 മീ. ഉയരത്തിലാണ്. നഗരമുള്‍പ്പെടുന്ന കൗണ്ടിക്കും ഇതുതന്നെയാണ് പേര്. സംസ്ഥാനത്തെ ചെറു കൗണ്ടികളിലൊന്നാണെങ്കിലും ഡെന്‍വര്‍ കൗണ്ടിയില്‍ ജനസാന്ദ്രത ഏറെ കൂടുതലാകുന്നു. നഗരസംഖ്യ : 467610 (1990); ഡെന്‍വര്‍ മെട്രോപൊലിറ്റന്‍ പ്രദേശത്തെ ജനസംഖ്യ: 1,622,980 ('90).

റോക്കി പര്‍വതനിരകളുടെ അടിവാരത്തിനും, മഹാസമതലത്തിന്റെ (Great Plain) പടിഞ്ഞാറേയറ്റത്തിനും ഇടയ്ക്കുള്ള പ്രദേശത്തെ ഏറ്റവും വലിയ നഗരമാണിത്. താരതമ്യേന സമതല പ്രദേശമായ ഡെന്‍വറില്‍ റോക്കിനിരകളിലെ 4200 മീ. ലേറെ ഉയരമുള്ള ഹിമാവൃതമായ ചില പര്‍വത ഭാഗങ്ങള്‍ ദൃശ്യമാണ്. ലോങ്സ് കൊടുമുടി (4348 മീ.), മൗണ്ട് ഈവന്‍സ് (4350 മീ.) എന്നിവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ഡെന്‍വര്‍-ഒരു നഗരദൃശ്യം

നഗരത്തിന്റെ ഉയരംമൂലം ഇതിന് മൈല്‍-ഹൈസിറ്റി (Mile High City) എന്ന പേരുണ്ടായിട്ടുണ്ട്. സുഖകരമായ കാലാവസ്ഥയാണ് ഡെന്‍വറില്‍ അനുഭവപ്പെടുന്നത്. നഗരത്തിന് പ്രത്യേക പ്രാധാന്യം നേടിക്കൊടുത്തിരിക്കുന്ന ഘടകവും സൂര്യപ്രകാശം ധാരാളം നല്‍കുന്ന ഈ കാലാവസ്ഥയാണ്. ജനു.-ല്‍ 0.6°C ഉം ജൂലായില്‍ 22.8°C ഉം ശ.ശ. താപനില ഡെന്‍വറിലനുഭവപ്പെടുന്നു; ശ. ശ. വാര്‍ഷിക വര്‍ഷപാതം: 358 മി. മീ.. ഉയര്‍ന്ന വേനല്‍ക്കാല ഊഷ്മാവും താഴ്ന്ന ശീതകാല ഊഷ്മാവും കുറഞ്ഞ വാര്‍ഷിക വര്‍ഷപാതവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്. ഇലപൊഴിയും മരങ്ങളാണ് മുഖ്യ സസ്യജാലം.

ഡെന്‍വര്‍ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വാസസ്ഥലങ്ങളാണ്. നഗരത്തിലൂടെ ഒഴുകുന്ന സൗത്ത് പ്ലാറ്റ് നദിക്കരയിലാണ് വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. നഗരത്തിന്റെ വ. പ. ഭാഗത്ത് ആധുനിക ഹര്‍മ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഹോട്ടലുകളും മറ്റും കേന്ദ്രീകരിച്ചിരിക്കുന്നു.

1960-കളുടെ അവസാനത്തില്‍ ഡെന്‍വറില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു നിവാസ നിര്‍മാണ പദ്ധതി രൂപംകൊണ്ടു. ന്യൂനപക്ഷ വിഭാഗത്തിന് ചെലവു കുറഞ്ഞ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുകയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേശീയ -നഗരഭരണകൂടങ്ങള്‍ പിന്താങ്ങിയ ഈ സംഘടന സുസ്ഥിരവും വിഭിന്ന മതക്കാര്‍ സഹവര്‍ത്തിച്ചു പാര്‍ക്കുന്നതുമായ വാസകേന്ദ്രം നിര്‍മിക്കുന്നതില്‍ വിജയം കണ്ടെത്തി. ഡെന്‍വറിന്റെ ഉത്തര-പൂര്‍വ ഭാഗത്തുള്ള ഈ പ്രദേശം പാര്‍ക്ക് ഹില്‍ (Park Hill) എന്ന പേരിലാണറിയപ്പെടുന്നത്. രാജ്യത്തിലെ പ്രമുഖ കെട്ടിട നിര്‍മാണ വ്യസ്ഥകളിലൊന്നായ ഓപ്പണ്‍ ഹൗസിങ് നിയമവും ഈ പദ്ധതിയെ പിന്താങ്ങിയിരുന്നു.

മൊത്ത വ്യാപാരം, ധനകാര്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഒരു പ്രാദേശിക കേന്ദ്രമായി ഡെന്‍വര്‍ വര്‍ത്തിക്കുന്നു. നഗരത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യപങ്കു വഹിക്കുവാന്‍ ഇവിടത്തെ ഉത്പാദന മേഖലയ്ക്കു സാധിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിഭവസംസ്കരണത്തിനാണ് വ്യവസായങ്ങളില്‍ മുന്‍തൂക്കം. ധാന്യം പൊടിക്കല്‍, കരിമ്പു സംസ്കരണം, മീറ്റ് പാക്കിങ് എന്നിവ മുഖ്യ വ്യവസായങ്ങളില്‍പ്പെടുന്നു. ഡെന്‍വറിലും സമീപപ്രദേശങ്ങളിലുമുള്ള മറ്റു വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവ യന്ത്രസാമഗ്രികള്‍, ലോഹസാധനങ്ങള്‍, റബര്‍ ഉത്പ്പന്നങ്ങള്‍, സൂക്ഷ്മോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മിസൈലുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, വസ്ത്രം, തുകല്‍ എന്നിവയുടെ നിര്‍മാണമാണ്. 1950 കളില്‍ വികസനമാരംഭിച്ചതും അന്തര്‍ വന്‍കരാ മിസൈലുകള്‍(Inter continental missiles) ഉത്പാദിപ്പിക്കുന്നതുമായ എയ്റോസ്പേസ് വ്യവസായത്തെ ഡെന്‍വറിലെ ഏറ്റവും പ്രമുഖ വ്യവസായമെന്നു പറയാം. 1960-കളില്‍ ഈ വ്യവസായത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഗവേഷണവും 'മാന്‍-ഇന്‍-സ്പേസ്' (Man-in-space) പദ്ധതിയുമായിരുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും ദേശീയ തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതുമായ രംഗമാണ് ഡെന്‍വറിലെ വ്യവസായ മേഖല. കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകം, എണ്ണ, യൂറേനിയം പോലുള്ള ഇന്ധന വിഭവങ്ങള്‍ എന്നിവ ഖനനം ചെയ്യുന്ന കമ്പനികളുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഡെന്‍വര്‍. അച്ചടി-പ്രസിദ്ധീകരണം, ഇന്‍ഷുറന്‍സ്, വിനോദസഞ്ചാരം തുടങ്ങിയവയും പ്രധാന വ്യവസായങ്ങള്‍ തന്നെ.

1950-കളില്‍ മന്ദഗതിയിലായിരുന്ന ഡെന്‍വറിലെ ജനസംഖ്യാവര്‍ധന 60-കളായപ്പോഴേക്കും കുറഞ്ഞു തുടങ്ങി. നഗരപ്രാന്തങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റമായിരുന്നു ഇതിനു മുഖ്യകാരണം. നഗരത്തിന്റെ പ്രത്യേക സ്ഥാനം മൂലം രാജ്യത്തിന്റെ പശ്ചിമപ്രദേശത്തെ ഒരു പ്രധാന ഗതാഗത കേന്ദ്രമായി ഡെന്‍വര്‍ വര്‍ത്തിക്കുന്നു. ഒരു പ്രധാന ട്രക്കിങ് കേന്ദ്രവും വ്യോമഗതാഗത കേന്ദ്രവും കൂടിയാണ് ഡെന്‍വര്‍. ഇവിടത്തെ സ്റ്റേപ്പിള്‍ടണ്‍ (Stapleton) അന്താരാഷ്ട്ര വിമാനത്താവളം മുനിസിപ്പല്‍ ഭരണത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ഡെന്‍വറിലെ സിവിക് സെന്റര്‍

കൊളറാഡോ സര്‍വകലാശാല, മെട്രൊപൊലിറ്റന്‍ സ്റ്റേറ്റ് കോളജ്, ഡെന്‍വര്‍ സര്‍വകലാശാല, ലോറെറ്റോ ഹൈറ്റ്സ് കോളജ്, ഒട്ടനവധി പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഡെന്‍വറിന്റെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.

കാപ്പിറ്റോള്‍ മന്ദിരത്തെ കൂടാതെ സിവിക് സെന്റര്‍, ആര്‍ട്ട് മ്യൂസിയം, പബ്ലിക് ലൈബ്രറി, ഗ്രീക്ക് മാതൃകയിലുള്ള ഔട്ട്ഡോര്‍ ആംഫി തിയെറ്റര്‍, ലാറിമെര്‍ സ്ക്വയര്‍, ദ് ഡെന്‍വര്‍ സെന്റര്‍ ഫോര്‍ ദ് പെര്‍ഫോമിങ് ആര്‍ട്ട് തുടങ്ങിയവ ഡെന്‍വറിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്. ധാരാളം ലൈബ്രറികളും മ്യൂസിയങ്ങളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. കൊളറാഡോ സ്റ്റേറ്റ് മ്യൂസിയം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, ആര്‍ട്ട് മ്യൂസിയം എന്നിവ എണ്ണപ്പെട്ട കലാസങ്കേതങ്ങളാണ്. കൂടാതെ, ധാരാളം ഉദ്യാനങ്ങളും വിനോദകേന്ദ്രങ്ങളും നഗരത്തില്‍ കാണാം. സിറ്റി പാര്‍ക്ക്, ഡെന്‍വര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് എന്നിവയാണ് ഇതില്‍ പ്രധാനമായവ. ദ് പാര്‍ക്ക് ഒഫ് ദ് റെഡ് റോക്സ്, ലുക്ക് ഔട്ട് മൗണ്ടന്‍ പാര്‍ക്ക് തുടങ്ങിയ മികച്ച പാര്‍ക്കുകളും ഡെന്‍വറിലുണ്ട്. ഇവിടത്തെ എലിച് ഉദ്യാന(Elitch garden)ത്തിലുള്ള സമ്മര്‍ തിയെറ്റര്‍ പ്രശസ്തിയാര്‍ജിച്ചതാണ്. സിംഫണി ഓര്‍ക്കെസ്ട്രയുടെ ധാരാളം തിയെറ്ററുകള്‍ ഡെന്‍വറില്‍ പ്രവര്‍ത്തിക്കുന്നു. തിയെറ്ററുകളും തിയെറ്റര്‍ കോംപ്ലക്സുകളും അടങ്ങിയ ആധുനിക മന്ദിരങ്ങളും നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. വലുപ്പത്തിലും ആകര്‍ഷണീയതയിലും പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന സിറ്റി പാര്‍ക്കിനുള്ളില്‍ അനേകം തടാകങ്ങളുണ്ട്. മൃഗശാല, മ്യൂസിയം ഒഫ് നാച്വറല്‍ ഹിസ്റ്ററി തുടങ്ങിയവ ഈ പാര്‍ക്കിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്.

1858-ല്‍ ചെറിക്രീകിലാരംഭിച്ച സ്വര്‍ണ പര്യവേഷണത്താവളങ്ങളിലൊന്നായിട്ടായിരുന്നു ഡെന്‍വറിന്റെ തുടക്കം. കാന്‍സാസ് മേഖലാ ഗവര്‍ണറായിരുന്ന ജെയിംസ്. ഡബ്ല്യൂ. ഡെന്‍വറിന്റെ പേരില്‍ നിന്നാണ് നഗരനാമം ഉരുത്തിരിഞ്ഞത്. 1861-ല്‍ രൂപംകൊ കൊളറാഡോ ടെറിറ്ററിയുടെ തലസ്ഥാനം ഗോള്‍ഡന്‍ ആയിരുന്നുവെങ്കിലും 1867-ല്‍ ഈ പദവി ഡെന്‍വറിനു ലഭിച്ചു. 1870 വരെ ഭാഗികമായി ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്ന ഈ നഗരം ഡെന്‍വര്‍-പസിഫിക് റെയില്‍പ്പാതയുടെ പണിപൂര്‍ത്തിയായതോടെ മറ്റു നഗരങ്ങളുമായി ബന്ധം സ്ഥാപിച്ചു. 1881-ലെ ഹിതപരിശോധന ഡെന്‍വറിന്റെ സംസ്ഥാന തലസ്ഥാനമെന്ന പദവി ഒന്നുകൂടി ഉറപ്പിച്ചു.

1870-കളില്‍ റെയില്‍വേയുടെ വികസനവും റോക്കി പര്‍വതനിരകളിലെ വെള്ളി നിക്ഷേപത്തിന്റെ കണ്ടെത്തലും ഡെന്‍വറിന്റെ ദ്രുതവികാസത്തിനു വഴിതെളിച്ചു. പെട്ടെന്നുതന്നെ സംസ്ഥാനത്തെ പ്രധാന ഖനന-വിതരണ കേന്ദ്രമായി നഗരത്തിനു മാറാന്‍ കഴിഞ്ഞതിന്റെ കാരണവും ഇതുതന്നെയായിരുന്നു.

ഡെന്‍വര്‍ ആര്‍ട്ട് മ്യൂസിയം

1904-ല്‍ സ്വയംഭരണം നേടിയെടുത്ത ഡെന്‍വറില്‍ 1916 ആയപ്പോഴേക്കും മേയര്‍-കൗണ്‍സില്‍ മാതൃകയിലുള്ള ഭരണകൂടം നിലവില്‍വന്നു. 1927-ല്‍ 10. കി.മീ. ദൈര്‍ഘ്യമുള്ള മോഫത്ത് ടണ്ണലി (Moffat Tannel)ന്റെ പണി പൂര്‍ത്തിയായതോടെ നേരിട്ടുള്ള അന്തര്‍ വന്‍കരാ റെയില്‍പ്പാതയില്‍ ഡെന്‍വര്‍ സ്ഥാനം നേടി. ഒരു പ്രധാന ഖനന-കന്നുകാലി വളര്‍ത്തല്‍-കാര്‍ഷിക-വിനോദ സഞ്ചാരകേന്ദ്രമായി ഉയര്‍ന്ന ഡെന്‍വര്‍ അതോടെ ഈ പ്രദേശത്തെ പ്രമുഖ സാമ്പത്തിക കേന്ദ്രമായി വികസിച്ചു. 1920-കളിലും 30-കളിലും ഡെന്‍വറിന്റെ വളര്‍ച്ചാ നിരക്കില്‍ കുറവു വന്നെങ്കിലും ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കു ശേഷം സ്ഥിതി ഏറെ മെച്ചപ്പെട്ടു. 1950-കളിലും 1970-കളിലും വന്‍തോതിലുണ്ടായ നഗരപ്രാന്ത വികസനം നഗരത്തേക്കാള്‍ കൂടുതല്‍ ജനസാന്ദ്രത പ്രാന്തപ്രദേശങ്ങളിലുണ്ടാകുന്നതിന് ഇടവരുത്തി. 1976-ല്‍ മഞ്ഞുകാല ഒളിമ്പിക്സിന്റെ വേദിയായി ഡെന്‍വര്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡെന്‍വര്‍ നിവാസികളുടെ എതിര്‍പ്പുമൂലം ഇത് റദ്ദാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍