This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെന്‍ഡ്രോബിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെന്‍ഡ്രോബിയം

Dendrobium

ഒരു ഉദ്യാനസസ്യം. ഏകബീജപത്രികളിലെ ഓര്‍ക്കിഡേസി (Orchidaceae) കുടുംബത്തില്‍പ്പെടുന്നു. ഇതിന് ഏകദേശം 1600 സ്പീഷീസുണ്ട്. ബള്‍ബോഫില്ലം കഴിഞ്ഞാല്‍ ഓര്‍ക്കിഡേസി കുടുംബത്തില്‍ ഏറ്റവുമധികം സ്പീഷീസുള്ളത് ഡെന്‍ഡ്രോബിയത്തിനാണ്. ഇന്ത്യ, മ്യാന്‍മര്‍, മലേഷ്യ, ആസ്റ്റ്രേലിയ, ന്യൂസിലാന്‍ഡ്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം ഡെന്‍ഡ്രോബിയത്തിന്റെ അനേകം സ്പീഷീസ് നട്ടുവളര്‍ത്തിവരുന്നു. വൃക്ഷങ്ങളിലും അവയുടെ ശാഖകളിലും തൂങ്ങിക്കിടന്നു വളരുന്ന ഈ സസ്യത്തിന്റെ ആഹാരം വൃക്ഷത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചീഞ്ഞ ഇലയുടെ അവശിഷ്ടങ്ങളും മറ്റുമാണ്. വൃക്ഷങ്ങളില്‍ തൂങ്ങിക്കിടന്നു വളരുന്ന സ്വഭാവമുള്ളതിനാലായിരിക്കാം 'വൃക്ഷത്തില്‍ വളരുന്നത്' എന്നര്‍ഥം വരുന്ന ഡെന്‍ഡ്രോബിയം എന്ന പേര് ഈ സസ്യത്തിനു ലഭിച്ചത്.

സെന്‍ഡ്രോബിയം ക്രിസന്തം

ദ്വിവര്‍ഷിയായ ഡെന്‍ഡ്രോബിയം ആദ്യത്തെ വര്‍ഷം, വേനല്‍ക്കാല ഉപയോഗത്തിനായി ഇതിന്റെ തടിച്ച തണ്ടില്‍ ഭക്ഷണവും വെള്ളവും ശേഖരിച്ചുവയ്ക്കുന്നു. തുകള്‍ മുട്ടുകളുള്ളതാണ്. വേനല്‍ക്കാലാരംഭത്തോടെ ഇലകള്‍ കൊഴിഞ്ഞു പോവുകയും മുളക്കൂട്ടങ്ങള്‍ പോലെ തുകള്‍ വളര്‍ന്നു നില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഇത് 'ബാംബു ഓര്‍ക്കിഡ്' എന്നും അറിയപ്പെടുന്നു. പടര്‍ന്നു വളരുന്ന വായവമൂലങ്ങള്‍ സസ്യത്തെ വൃക്ഷങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ സഹായിക്കുന്നു. മഴക്കാലാരംഭത്തോടെ ഇലകളും, ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്നു പൂങ്കുലകളുമുണ്ടാകുന്നു. വെള്ള, പാടലം, സ്വര്‍ണ മഞ്ഞ, റോസ്, തവിട്ട് എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളാണുണ്ടാകാറുള്ളത്. ബാഹ്യദളങ്ങളും ദളങ്ങളും ഒരേ വലുപ്പത്തിലായിരിക്കും. മെഴുകു മയമുള്ള നാലു പൊളീനിയകളുണ്ട്. ഫലം അണ്ഡാകൃതിയിലുള്ള കാപ്സ്യൂളാണ്.

അവിടവിടെ ദ്വാരങ്ങളുള്ള മണ്‍ചട്ടികളാണ് ഇവ നട്ടുവളര്‍ത്താന്‍ അനുയോജ്യം. ചട്ടികളില്‍, ചകിരി, മണല്‍, കരി, ഇഷ്ടിക കഷണം, ഇലവളം, ചാണകപ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതം നിറയ്ക്കുന്നു. ഭംഗിയുള്ള വലിയ പുഷ്പങ്ങള്‍ക്കുവേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ ഈ ചെടി നട്ടുവളര്‍ത്തപ്പെടുന്നു. സങ്കരപരീക്ഷണങ്ങളില്‍ ആദ്യമായി വിജയം വരിച്ച ഓര്‍ക്കിഡ് ഇനം ഡെന്‍ഡ്രോബിയമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍