This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെക്കാപോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെക്കാപോഡ

Decapoda

ആര്‍ത്രൊപ്പോഡ (Arthropoda) ജന്തുഫൈലത്തിലെ ക്രസ്റ്റേഷ്യ (Crustacea) വര്‍ഗത്തിന്റെ ഉപവര്‍ഗമായ മലാക്കോസ്ട്രാക്ക (Matacostraca)യില്‍പ്പെടുന്ന ഗോത്രം. ഏകദേശം 8500-ലധികം സ്പീഷീസ് ഉള്‍ക്കൊള്ളുന്ന ഡെക്കാപോഡയില്‍ ക്രസ്റ്റേഷ്യകളില്‍ മൂന്നിലൊരു ഭാഗം ഉള്‍പ്പെടുന്നു. കൊഞ്ച്, കല്ലുറാള്‍ (lobster), ചിറ്റക്കൊഞ്ച് (cray fish), ഞണ്ട്, സന്ന്യാസി ഞണ്ട് തുടങ്ങിയവ ഇതിലെ അംഗങ്ങളാണ്. ഇവയ്ക്ക് അഞ്ചുജോടി വക്ഷക്കാലുകള്‍ (പെരിയോപോഡുകള്‍) ഉള്ളതിനാലാണ് ഡെക്കാപോഡ എന്നു പേരു ലഭിച്ചത്. ഈ കാലുകള്‍ നടക്കുന്നതിനും, നീന്തുന്നതിനും കുഴികുഴിക്കുന്നതിനും മറ്റും ഉപയോഗപ്പെടുത്തത്തക്കവിധത്തില്‍ രൂപപ്പെട്ടിരിക്കുന്നു. ആദ്യത്തെ ഒരു ജോടി കാലുകള്‍ ഉള്ളിലേക്ക് വലിക്കാവുന്ന നഖങ്ങളുള്ള കെലിപീഡു (cheliped)കളായി രൂപാന്തരപ്പെട്ടിരിക്കും. ഇവയാണ് ഡെക്കാപോഡകളുടെ പ്രതിരോധനാവയവങ്ങളായി വര്‍ത്തിക്കുന്നത്. കാലുകളില്‍ ബഹിര്‍പാദാംശം ഇല്ല എന്നുള്ളതാണ് മറ്റു ക്രസ്റ്റേഷ്യകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം.

ഡെക്കാപോഡകള്‍ സമുദ്രജലജീവികളാണ്. വേലിയേറ്റ- വേലിയിറക്ക മേഖലാപ്രദേശങ്ങളിലെ സമുദ്രത്തില്‍ 5,500 മീ. വരെ ആഴത്തില്‍ ഇവയെ കാണാം. ഉഷ്ണമേഖലാപ്രദേശങ്ങളിലെ ആഴം കുറഞ്ഞ സമുദ്രജലത്തിലാണ് ഇവ കൂടുതലായും വളരുന്നത്.

ഡെക്കാപോഡകളില്‍ മൂന്നു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഇതില്‍ ആദ്യത്തേത് ഏറ്റവും ആദിമ ഇനമായ കൊഞ്ചുവര്‍ഗമാണ്. ഇവയ്ക്ക് സിലിറാകാരമാണുള്ളത്. ശരീരം പാര്‍ശ്വസമ്മര്‍ദിതമാണ്. ഉദരഭാഗം അധിവികാസം പ്രാപിച്ചിരിക്കുന്നു. കല്ലുറാള്‍, ചിറ്റക്കൊഞ്ച് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ വിഭാഗം. വലുപ്പം കൂടിയ, ഏറെക്കുറെ പരന്ന ഉദരഭാഗമുള്ള ഇവ പാറകളുടേയും പവിഴപ്പുറ്റുകളുടേയും ഇടയ്ക്കുള്ള മാളങ്ങളിലാണ് കാണപ്പെടുന്നത്. നിരവധി സവിശേഷ ഗുണങ്ങളുള്ള ഞണ്ടുകളാണ് മൂന്നാമത്തെ വിഭാഗം. ഇവയുടെ ഉദരഭാഗം വളരെ ചെറുതും ശിരോവക്ഷത്തിനടിയിലായി സ്ഥിതി ചെയ്യുന്നതുമാണ്.

ചിറ്റക്കൊഞ്ച് ‍‍

ഒട്ടു മിക്ക ഡെക്കാപോഡകളും സമുദ്ര ജലജീവികളാണെങ്കിലും ഞണ്ടുകള്‍, ചെമ്മീനുകള്‍, ചിറ്റക്കൊഞ്ച് എന്നിവയുടെ ചില ഇനങ്ങളെ ശുദ്ധജലത്തിലും കാണാം. ചില ഞണ്ടുകള്‍ കരയിലും ജീവിക്കുന്നു. ഏറെ വാണിജ്യപ്രാധാന്യമുള്ള ഡെക്കാപോഡകളെ ഇപ്പോള്‍ വ്യാപകമായി വളര്‍ത്തി വരുന്നു. ചെമ്മീനുകള്‍, കല്ലുറാള്‍, ഞണ്ട്, ചിറ്റക്കൊഞ്ച് തുടങ്ങിയവ പോഷകസമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കളാണെന്നതിനാല്‍ അവയ്ക്ക് ഏറെ കയറ്റുമതി മൂല്യവുമുണ്ട്.

കല്ലുറാള്‍

ഡെക്കാപോഡകളുടെ പൊതുവായ പ്രത്യേകതകള്‍ ഇവയാണ്:- ശരീരം ശിരോവക്ഷം, ഉദരം എന്നീ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു; കൈറ്റിന്‍ നിര്‍മിതമായ ഒരു ബാഹ്യ അസ്ഥികൂടം ശരീരത്തെ പൊതിഞ്ഞിരിക്കുന്നു; ശിരോവക്ഷത്തിനു പുറത്തായി പൃഷ്ഠകവചം (carapace) എന്ന ആവരണം കാണപ്പെടുന്നു. കനം കുറഞ്ഞതും വളയുന്നതുമായ ബാഹ്യാസ്ഥികൂടമാണ് കൊഞ്ചുകള്‍ക്കുള്ളത്. ഇവയുടെ പൃഷ്ഠകവചത്തിന്റെ അഗ്രഭാഗത്ത് ദന്തുരമായ ഒരു റോസ്ട്രം ഉണ്ട്. താരതമ്യേന കട്ടിയുള്ളതും എന്നാല്‍ വളയുന്നതുമായ ബാഹ്യാസ്ഥികൂടമാണ് കല്ലുറാളുകള്‍ക്കുള്ളത്. ബലമുള്ളതും നല്ല കട്ടിയുള്ളതുമായ പൃഷ്ഠകവചം ഞണ്ടുകളുടെ പ്രത്യേകതയാണ്.

ഡെക്കാപോഡകള്‍ക്ക് എല്ലാ ശരീരഖണ്ഡങ്ങളിലും ഉപാംഗങ്ങള്‍ (appendages) ഉണ്ടാവാം. ആദ്യത്തെ മൂന്നു ജോടി വക്ഷീയ ഉപാംഗങ്ങള്‍ മാക്സിലിപീഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ബാക്കി അഞ്ചു ജോടി വക്ഷീയ ഉപാംഗങ്ങള്‍ കാലുകളായി വര്‍ത്തിക്കുന്നു. ഇവക്ക് അഞ്ചു ജോടി കാലുകളുണ്ട്. ഇവയില്‍ ഒന്നാമത്തെ ജോടി കാലുകളെ കെലിപ്പീഡുകള്‍ (chelipeds) എന്നു പറയുന്നു. മറ്റു കാലുകളെക്കാള്‍ ഏറെ വലുപ്പമുള്ളതും ബലിഷ്ഠവും പല്ലുകളുള്ളതുമായ കെലിപ്പീഡുകളാണ് ഡെക്കാപോഡകള്‍ പ്രതിരോധനത്തിനായി ഉപയോഗിക്കുന്നത്. കാലുകളില്‍ ബഹിര്‍പാദാംശം (exopod) ഇല്ല എന്നതാണ് ഇവക്ക് മറ്റു ക്രസ്റ്റേഷ്യകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം. ഡെക്കാപോഡകളില്‍ പൃഷ്ഠകവചം ഇരുവശങ്ങളിലേക്കും വളര്‍ന്ന് ഗില്ലുകള്‍ക്കു മുകളില്‍ ക്ലോമ അറ (branchial chamber) ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

1.കല്ലുറാളിന്റെ ഫില്ലോസോമ ലാര്‍വ, 2. ഞണ്ടിന്റെ മെഗാലോപ ലാര്‍വ

ശരീരഘടനയിലും സ്വഭാവരീതികളിലും ഡെക്കാപോഡകള്‍ ഏറെ വൈവിധ്യം പുലര്‍ത്തുന്നുണ്ട്. ഏറ്റവും ചെറിയ ഡെക്കാപോഡ സാന്‍ഡ് ഡോളറുകള്‍ക്കുള്ളില്‍ സഹഭോജി (commensal) കളായി ജീവിക്കുന്ന ഡിസ്സോഡാക്റ്റെലസ് (Dissodactylus) എന്ന ഇനം ഞണ്ടാണ്. ഇവയുടെ പൃഷ്ഠകവചത്തിന്റെ വീതി ഏതാനും മില്ലിമീറ്ററുകള്‍ മാത്രമാണ്. മാക്രോകീറാ കാംഫേറി (Macrocheira kaempferi) എന്ന ജപ്പാനിലെ ചിലന്തിഞണ്ടിന്റെ പൃഷ്ഠകവചത്തിനു 45 സെ. മീറ്ററും കെലിപ്പീഡുകള്‍ക്ക് നാലു മീറ്ററും നീളമുണ്ട്.

ഡെക്കാപോഡകള്‍ക്ക് ആറു ജോടി വദനാംഗങ്ങളുണ്ട്. അധരവശത്തു കാണുന്ന വായക്കു ചുറ്റുമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയില്‍ മൂന്നു ജോടി പശ്ച (പിന്‍) വദനാംഗങ്ങള്‍ വക്ഷക്കാലുകളായി രൂപാന്തരപ്പെടുന്നു. ഏറ്റവും പുറമേ കാണുന്ന മൂന്നാമത്തെ മാക്സിലിപ്പീഡുകളാണ് മറ്റു വദനാംഗങ്ങളെ മൂടുന്നത്. ഡെക്കാപോഡകളില്‍ ഇര പിടിയന്മാരും ശവം തീനികളുമുണ്ട്. കെലിപ്പീഡുകള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന ആഹാരം മൂന്നാമത്തെ മാക്സിലിപ്പീഡുകളിലേക്ക് കൈമാറി പിന്നീട് മറ്റു വദനാംഗങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ആമാശയ അറയ്ക്കുള്ളില്‍ കാണുന്ന പ്ലേറ്റുകളുടേയും മുള്ളുകളുടേയും സഹായത്തോടെയാണ് ഭക്ഷ്യവസ്തുക്കളെ അരച്ചെടുക്കുന്നത്. ഈ ഘടകങ്ങളെ 'ഗ്യാസ്ട്രിക് മില്‍' (Gastric mill) എന്ന് പറയുന്നു. ഡെക്കാപോഡകളില്‍ ഫില്‍ട്ടര്‍ ഫീഡറുകളുമുണ്ട്

‌300px

ഡെക്കാപോഡകളുടെ ശ്വസനാവയവം ഗില്ലുകള്‍ ആണ്. ഇവയുടെ എണ്ണവും സ്ഥാനവും ഓരോ സ്പീഷീസിലും വ്യത്യസ്തമായിരിക്കും. ശരീരത്തിലെ ഗില്ലുകളുടെ സ്ഥാനം അനുസരിച്ചാണ് അവയ്ക്ക് പേരുകള്‍ നിശ്ചയിക്കുന്നത്. രക്തത്തിലെ പ്ലാസ്മയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഹീമോസയാനിന്‍ എന്ന വര്‍ണകമാണ് ഓക്സിജന്‍ പരിവഹനം സാധ്യമാക്കുന്നത്. രണ്ടാമത്തെ മാക്സില്ലയിലെ (വദനഉപാംഗം) വികാസം പ്രാപിച്ച പങ്കായം പോലുള്ള സ്കാഫോഗ്നാതൈറ്റ് (scaphognathite) ഗില്ലുകള്‍ക്ക് മുകളിലൂടെ സ്ഥിരമായി ജലം കടത്തിവിടുന്നതിനു സഹായിക്കുന്നു.

വക്ഷഭാഗത്ത് സ്ഥിതിചെയ്യുന്ന ഹൃദയത്തിനു പെട്ടിയുടെ ആകൃതിയാണുള്ളത്. മറ്റ് ആര്‍ത്രൊപോഡകളെപ്പോലെ ഒരു വിവൃത പരിസഞ്ചരണ വ്യവസ്ഥയാണ് (open circulatory system) ഡെക്കാപോഡകള്‍ക്കുമുള്ളത്.

ഡെക്കാപോഡകളുടെ മുഖ്യ വിസര്‍ജനാവയവം ആന്റെനയില്‍ കാണുന്ന ഗ്രീന്‍ ഗ്ലാന്‍ഡുകളാണ്. കൂടുതല്‍ ഗതിശീലതയുള്ള നേത്രവൃന്ദവും സംയുക്തനേത്രങ്ങളും ഡെക്കാപോഡകളുടെ മറ്റു പ്രത്യേകതകളാണ്. ആന്റെന സ്പര്‍ശനേന്ദ്രിയങ്ങളായും രാസഗ്രാഹികളായും വര്‍ത്തിക്കുന്നു. ആന്റെനയുടെ പശ്ച ഖണ്ഡത്തില്‍ സ്ഥിതിചെയ്യുന്ന സംതുലനപുടികള്‍ (statocysts) ആണ് ശരീരത്തിന്റെ സംതുലനത്തിനായി പ്രവര്‍ത്തിക്കുന്നത്.

സന്ന്യാസി ഞണ്ട്

മിക്ക ഡെക്കാപോഡകളിലും ആദ്യത്തെ ഒരു ജോടി പ്ലവപാദങ്ങള്‍ (pleopods) സംയുഗ്മന അംഗങ്ങളായി (copulatory appendages) രൂപാന്തരപ്പെട്ടിരിക്കുന്നു. പെണ്‍ജീവികളുടെ ശരീരത്തിലേക്ക് ബീജം കൈമാറ്റം ചെയ്യുന്നത് സംയുഗ്മനാംഗങ്ങള്‍ വഴിയാണ്. ബീജാണുധരം (spermatophore) വഴിയാണ് ബീജം കൈമാറ്റം ചെയ്യുന്നത്. സാധാരണയായി പെണ്‍ജീവികളുടെ ഉരോസ്ഥി (sternum)യിലെ ഒരു പ്രത്യേക അറയിലാണ് ബീജംശേഖരിച്ചുവയ്ക്കുന്നത്.

ഡെക്കാപോഡകള്‍ മുട്ട നിക്ഷേപിക്കുന്ന രീതിക്കും വ്യത്യാസമുണ്ട്. പിനയിഡ് (penaeid) ചെമ്മീനുകള്‍ മുട്ടകള്‍ വെള്ളത്തില്‍ നേരിട്ട് നിക്ഷേപിക്കുമ്പോള്‍ മറ്റുള്ളവ പ്ലവ പാദങ്ങളില്‍ അവ ഒട്ടിച്ചു വച്ച് നടക്കും. കരയില്‍ ജീവിക്കുന്ന ഞണ്ടുകളും മുട്ടയിടാന്‍ വെള്ളത്തിലെത്തും. ഇവക്ക് സ്വതന്ത്രമായ ലാര്‍വകള്‍ ഉണ്ടാവില്ല. മറ്റു ഡെക്കാപോഡകളെല്ലാം നിരവധി ലാര്‍വാ ദശകള്‍ വഴിയാണ് ജീവിതചക്രം പൂര്‍ത്തിയാക്കുന്നത്. നോപ്ലിയസ് (nauplius), മെറ്റാനോപ്ലിയസ് (metanauplius), പ്രോട്ടോസോയിയ (protozoea), സോയിയ (zoea), മൈസിസ് (mysis) എന്നിവ ചെമ്മീനുകളുടെ ലാര്‍വകളാണ്. ഞണ്ടുകളുടെ പ്രധാന ലാര്‍വ മെഗാലോപ (megalopa) ആണ്. കല്ലുറാളിന്റെ പ്രധാന ലാര്‍വ ഫില്ലോസോമ (phyllosoma) എന്ന പേരിലറിയപ്പെടുന്നു.

(ഡോ. എ. ബിജുകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍