This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെക്കാനി പെയിന്റിംഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെക്കാനി പെയിന്റിംഗ്

ഒരു ഭാരതീയ ചിത്രകലാപ്രസ്ഥാനം. ഡെക്കാനി സുല്‍ത്താന്മാരുടെ പ്രചോദനത്തിലൂടെ വളര്‍ന്ന ഒരു രചനാശൈലിയാണിത്. ഗ്രന്ഥ ചിത്രീകരണ രംഗത്തിലൂടെയാണ് ഇതു വേരൂന്നിത്തുടങ്ങിയത്. 16-ാം ശ. -ത്തിന്റെ അന്ത്യപാദം മുതല്‍ ഇതു നിലവില്‍ വന്നു തുടങ്ങി. സ്വദേശീയവും വിദേശീയവുമായ രചനാ സങ്കേതങ്ങളിലൂടെ വൈകാരികതീവ്രത ആവിഷ്കരിക്കുന്ന ശൈലിയാണ് ഇതിലുള്ളത്. വിജയനഗരത്തിലെ ചുവര്‍ചിത്രങ്ങള്‍ക്കു സമാനമായ രൂപരചനയാണ് ഡെക്കാനിയുടെ ഒരു പ്രത്യേകത. പശ്ചാത്തലത്തില്‍ ആകാശവും ചക്രവാളവും ഉണ്ടായിരിക്കുക എന്നതാണ് മറ്റൊരു രീതി. പശ്ചാത്തല ദൃശ്യങ്ങള്‍ക്ക് പേര്‍ഷ്യന്‍ ചിത്രകലയോടാണ് അടുപ്പം. ശൂഭ്രവര്‍ണത്തിനും സ്വര്‍ണവര്‍ണത്തിനുമാണ് ഇതില്‍ പ്രാധാന്യമുള്ളത്. തിളക്കമാര്‍ന്ന ചായങ്ങളാണ് പൊതുവേ ഉപയോഗിക്കപ്പെടുക.

ഒരു ഡെക്കാനി പെയിന്റിംഗ്

ബീജാപ്പൂരില്‍ നിന്നാണ് ഡെക്കാനി പെയിന്റിംഗിന്റെ ആദ്യമാതൃക കിട്ടിയിട്ടുള്ളത്. അവിടെ നിന്നും ലഭിച്ച നുജൂം-ഉല്‍-ഉല്ലും എന്ന ഹസ്തലിഖിതരേഖയിലും (ക്രി. വ. 1570) ഈ ചിത്രകലാശൈലിയെപ്പറ്റി പരാമര്‍ശമുണ്ട്. ഇബ്രാഹിം അദില്‍ ഷാ II (1580-1627) ആണ് ഇതിന്റെ ഏറ്റവും വലിയ സംരക്ഷകനും പ്രചാരകനും ആയിരുന്നത്. ഈ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ഒട്ടനവധി ഛായാചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബീജാപ്പൂരിനു പുറമേ അഹമ്മദ് നഗര്‍, ഗോള്‍ക്കൊ എന്നിവിടങ്ങളായിരുന്നു ഡെക്കാനി ചിത്രകലയുടെ ആദ്യ ഉറവിടങ്ങള്‍. 18-ാം ശ. -ത്തില്‍ ഔറംഗബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അതു വ്യാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍