This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുറീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡുറീന്‍

Dourine

കുതിരകളില്‍ കണ്ടുവരുന്ന ഗുഹ്യരോഗം. ഇണ ചേരുന്നതു വഴിയാണ് ഈ രോഗം പകരുന്നത്. ട്രിപ്പനോസോമ ഇക്വിപെര്‍ഡം (Trypanosama equiperdum) എന്ന പ്രോട്ടോസോവയാണ് രോഗകാരണം. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാംക്രമിക രോഗമാണിത്. ജനനേന്ദ്രിയം നീരുവന്നു വീര്‍ക്കുന്നതാണ് പ്രധാന രോഗലക്ഷണം. ആണ്‍കുതിരകളില്‍ മൂത്രനാളിയില്‍ നിന്നും പെണ്‍കുതിരകളില്‍ യോനീനാളിയില്‍ നിന്നും പഴുപ്പുകലര്‍ന്ന ചലം വരും. രോഗം ബാധിച്ച കുതിര നാള്‍ക്കുനാള്‍ ശോഷിക്കും. തൊലിപ്പുറത്ത് ചൊറിപോലെ ചെറിയ വട്ടത്തിലുള്ള പാടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. രോഗം ബാധിച്ച കുതിരകളെ സമയത്തു ചികിത്സയ്ക്കു വിധേയമാക്കിയില്ലെങ്കില്‍ 50-70 ശ. മാ. മൃഗങ്ങളും മരണമടയുകയാണു പതിവ്. മറ്റുള്ളവ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ലെങ്കിലും രോഗാണുവാഹകരായി രോഗം പരത്താന്‍ സഹായിക്കുന്നു. ഡുറീന്‍ എന്ന രോഗത്തെ സംബന്ധിച്ചിടത്തോളം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതു മുതല്‍ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതു വരെയുള്ള കാലം അഥവാ 'ഇന്‍ക്യുബേഷന്‍ പീരീഡ്' (Incubation period) ഏകദേശം 1-4 ആഴ്ചയാണ്. ജനനേന്ദ്രിയങ്ങളില്‍ രോഗലക്ഷണം കണ്ടുതുടങ്ങി ഏറെനാള്‍ കഴിയുന്നതിനുമുമ്പേ നാഡീവ്യൂഹ സംബന്ധമായ രോഗലക്ഷണങ്ങളും കണ്ടുതുടങ്ങുന്നു. കാലുകള്‍ക്ക് ബലക്ഷയം, മരവിപ്പ്, നടക്കാന്‍ പ്രയാസം എന്നിവ ഉണ്ടാകുകയും ക്രമേണ സ്തംഭിക്കുകയും ചെയ്യുന്നു.

മൂത്രനാളിയിലും യോനീനാളത്തിലുമുണ്ടാകുന്ന പഴുപ്പു കലര്‍ന്ന ചലം ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കിയാല്‍ രോഗഹേതുവായ പ്രോട്ടോസോവയെ കണ്ടെത്താനാകും. ഇതില്‍ നിന്നും രോഗനിര്‍ണയം നടത്താവുന്നതാണ്. കോംപ്ലിമെന്റ് ഫിക്സേഷന്‍ ടെസ്റ്റ് വഴിയും രോഗം നിര്‍ണയിക്കാം. പ്രധാന രോഗലക്ഷണങ്ങളില്‍ നിന്നുതന്നെ രോഗം നിര്‍ണയിക്കാന്‍ സാധിക്കും.

ഡുറീന്‍ രോഗചികിത്സയ്ക്കായി ബെറനില്‍ (Berenil) എന്ന ഔഷധം കുത്തിവയ്ക്കുന്നു. രോഗം പിടിപ്പെട്ടവയെ ദയാവധത്തിനു വിധേയമാക്കുകയാണ് ഈ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള മാര്‍ഗം. പ്രത്യുത്പ്പാദനത്തിനുവേണ്ടി വളര്‍ത്തുന്ന കുതിരകളെ ശാസ്ത്രീയമായും ശുചിത്വത്തോടു കൂടിയും വളര്‍ത്തുകയും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുതിരകളെ ഒഴിവാക്കുകയും ചെയ്താല്‍ ഈ രോഗം ഒരു പരിധിവരെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും.

(ഡോ. കെ. രാധാകൃഷ്ണന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%81%E0%B4%B1%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍