This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീലിയന്‍ ലീഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീലിയന്‍ ലീഗ്

Delian League

പുരാതന ഗ്രീസിലെ നഗരരാഷ്ട്രങ്ങള്‍ ചേര്‍ന്നു രൂപവത്കരിച്ച ഒരു ഫെഡറേഷന്‍. ആദ്യകാലത്ത് ഡീലോസ് ദ്വീപിലായിരുന്നു ഇതിന്റെ ആസ്ഥാനം. ഡീലോസിലെ കോണ്‍ഫെഡറേഷന്‍ (Confederation of Delos) എന്നും ഈ ലീഗ് അറിയപ്പെടുന്നു. ഗ്രീസ് കീഴടക്കുവാന്‍ ശ്രമിച്ചിരുന്ന പേര്‍ഷ്യയ്ക്ക് എതിരായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു ഈ ലീഗ്. ബി. സി. 478-77-ല്‍ ലീഗ് സ്ഥാപിതമായി. പേര്‍ഷ്യയെ പ്രതിരോധിക്കുവാന്‍ സ്പാര്‍ട്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യം വേത്ര ശുഷ്ക്കാന്തി കാണിക്കുന്നില്ലെന്ന ആരോപണം ഉണ്ടായതോടെയാണ് ഇത് രൂപവത്കൃതമായത്. കരയിലൂടെയുള്ള ആക്രമണത്തേക്കാളുപരി കടലില്‍ക്കൂടിയുള്ള ആക്രമണമാണ് പേര്‍ഷ്യയുടെ ഭാഗത്തുനിന്നും ഗ്രീക്കുകാര്‍ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ അക്കാലത്തെ പ്രമുഖ നാവികശക്തിയായിരുന്ന ഏഥന്‍സ് ലീഗിന്റെ നേതൃത്വത്തിലെത്തുകയും ചെയ്തു. ലീഗിന്റെ ആസ്ഥാനമായിരുന്ന ഡീലോസ് ദ്വീപിലാണ് ഇതിന്റെ ഖജനാവു സ്ഥാപിച്ചിരുന്നത്. അംഗരാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട ഒരു അസംബ്ലിയാണ് ലീഗിന്റെ തീരുമാനങ്ങളെടുത്തിരുന്നത്. ഓരോ അംഗരാഷ്ട്രത്തിനും ഓരോ വോട്ട് ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തികം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഏഥന്‍സിനായിരുന്നു പ്രാമാണികത്വമുണ്ടായിരുന്നത്. ഏഥന്‍സിലെ കമാന്‍ഡറും സത്യസന്ധതയ്ക്കു പേരുകേട്ട വ്യക്തിയുമായിരുന്ന അരിസ്റ്റിഡ്സ് ആണ് സാമ്പത്തിക കാര്യങ്ങളില്‍ ഓരോ രാജ്യവും നല്‍കേണ്ടിയിരുന്ന വിഹിതം എത്രയാണെന്നു തീരുമാനിച്ചിരുന്നത്. ഓരോ രാജ്യവും കപ്പലുകളും നാവികരേയും ലീഗിനു നല്‍കിയിരുന്നു. കാലം കഴിഞ്ഞതോടെ ഇതിനു പകരമായി ചില രാജ്യങ്ങള്‍ പണം നല്‍കിത്തുടങ്ങി. കാലക്രമേണ ഇത് ഏഥന്‍സിനു നല്‍കുന്ന കപ്പം എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന അവസ്ഥ ഏഥന്‍സിന്റെ കാര്യശേഷിയിലൂടെ സംജാതമായി. ലീഗില്‍നിന്നു പിരിഞ്ഞുപോകാനാഗ്രഹിച്ച രാജ്യങ്ങളെ ബലാല്‍ക്കാരമായി ഈ ഉദ്യമത്തില്‍നിന്നു തടയുകയോ പിരിഞ്ഞുപോകുന്നതിനു പകരമായി പണം ആവശ്യപ്പെടുകയോ ചെയ്യുവാനും ഏഥന്‍സ് മുതിര്‍ന്നിരുന്നു. ഇതോടെ ഇതൊരു ലീഗ് എന്നതിനേക്കാള്‍ ഏഥന്‍സിന്റെ സാമ്രാജ്യമെന്ന അവസ്ഥയിലെത്തി. ബി. സി. 467-66-ഓടെ പേര്‍ഷ്യയെ പരാജയപ്പെടുത്താനായതും ലീഗില്‍ ഏഥന്‍സിന്റെ മേധാവിത്വം വര്‍ധിക്കുന്നതിനു സഹായകമായി. ലീഗിന്റെ ഖജനാവിന്റെ ആസ്ഥാനം ബി. സി. 454-ല്‍ ഡീലോസില്‍ നിന്നും ഏഥന്‍സിലേക്കു മാറ്റിയിരുന്നു. 449-ഓടെ പേര്‍ഷ്യയുമായി സമാധാനസന്ധി ഒപ്പുവച്ച സാഹചര്യത്തില്‍ ലീഗിന്റെ രൂപവത്കരണോദ്ദേശ്യം പൂര്‍ത്തിയായെങ്കിലും ദേശങ്ങള്‍ തമ്മിലുള്ള ഒരു സഖ്യമെന്ന നിലയില്‍ ഇത് തുടര്‍ന്നും നിലനിന്നിരുന്നു. ഇതോടെ ഏഥന്‍സിന്റെ പിന്തുണ നേടുന്നതിലൂടെ പ്രയോജനം സിദ്ധിക്കുവാന്‍വേണ്ടി ലീഗിലെ അംഗത്വം പല നഗരരാഷ്ട്രങ്ങളും ഉപയോഗപ്പെടുത്തിത്തുടങ്ങി. ക്രമേണ ലീഗിലെ അംഗരാഷ്ട്രങ്ങള്‍ ഏഥന്‍സിന്റെ സാമന്തരാജ്യങ്ങളായി പരിഗണിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ബി. സി. 404-ല്‍ പെലോപ്പൊണീഷ്യന്‍ യുദ്ധത്തില്‍ സ്പാര്‍ട്ട ഏഥന്‍സിനെ പരാജയപ്പെടുത്തുന്നതുവരെ ഈ സ്ഥിതിവിശേഷം നിലനിന്നു. ഈ യുദ്ധത്തോടെ ലീഗ് ഭിന്നിക്കപ്പെട്ടു.

സ്പാര്‍ട്ടയെ ഭയന്നിരുന്ന രാജ്യങ്ങള്‍ ചേര്‍ന്ന് ബി. സി. 377-ല്‍ ലീഗ് പുനഃസംഘടിപ്പിച്ചു. എങ്കിലും ഏഥന്‍സിന് മുന്‍കാല പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. മാസിഡോണിയയിലെ രാജാവായ ഫിലിപ്പ് II 338-ലെ കെയ്റോണിയ യുദ്ധത്തില്‍ ഗ്രീസില്‍ ആധിപത്യം സ്ഥാപിച്ചതോടെ ലീഗ് പൂര്‍ണമായും ഭരണരംഗത്തു നിന്നും അപ്രത്യക്ഷമായി.

(ഡോ. ബി. സുഗീത, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍