This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡീയിസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡീയിസം
Deism
ദൈവത്തെ മനസ്സിലാക്കുവാന്‍ വേദഗ്രന്ഥങ്ങളിലൂടെയോ മറ്റുവിധത്തിലോ ഉള്ള വെളിപാടുകളെ (Revelations) അല്ല, പ്രത്യുത സ്വന്തം ബുദ്ധിയേയും യുക്തിയേയും ആണ് ആശ്രയിക്കേണ്ടത് എന്നു പഠിപ്പിച്ചിരുന്ന പ്രത്യയശാസ്ത്രം. 17-ാം നൂറ്റാണ്ടിലായിരുന്നു ഈ ചിന്താപദ്ധതി രൂപം കൊണ്ടത്. ഡീയിസ്റ്റുകള്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം പ്രകൃതിദത്തമായ യുക്തിചിന്തയായിരിക്കണം, അല്ലാതെ അമാനുഷികമായ വെളിപാടുകള്‍ ആകരുത് എന്ന് ഇക്കൂട്ടര്‍ ചിന്തിച്ചിരുന്നു. സ്വര്‍ഗത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കുകയും അതേസമയം ക്രിസ്തുമതത്തെ നിരാകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഡീയിസം എന്ന് പീയറെ വിറെറ്റ് (Piere Viret) എന്ന ചിന്തകന്‍ വിശദീകരിച്ചിട്ടുണ്ട്.
ഡീയിസത്തിന്റെ ഉദ്ഭവം. പതിനേഴാം നൂറ്റാണ്ടില്‍ ഡീയിസ്റ്റ് പ്രസ്ഥാനം രൂപംകൊള്ളുവാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ശക്തി പ്രാപിച്ചതോടുകൂടി ക്രൈസ്തവര്‍ക്ക് ബൈബിളിനോടുള്ള സമീപനത്തില്‍ മാറ്റം വന്നു. പ്രൊട്ടസ്റ്റന്റ് ചിന്താഗതിക്കനുസൃതമായി ബൈബിളിനെ വ്യാഖ്യാനിച്ചാല്‍ മാത്രമേ നിത്യരക്ഷ പ്രാപിക്കുവാനുള്ള മാര്‍ഗം തുറന്നുകിട്ടുകയുള്ളൂ എന്ന് പ്രൊട്ടസ്റ്റന്റുമാര്‍ പഠിപ്പിച്ചു. ബൈബിളിനെക്കുറിച്ചു പരമ്പരാഗതമായി കത്തോലിക്കാസഭ പഠിപ്പിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി പുതിയ പ്രൊട്ടസ്റ്റന്റു സഭകള്‍ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ യൂറോപ്പിലെ - വിശേഷിച്ചും ഇംഗ്ളണ്ടിലെ - ക്രൈസ്തവര്‍ ചിന്താക്കുഴപ്പത്തിലായി. പലരും പലവിധത്തില്‍ ബൈബിളിനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ ബൈബിള്‍ യഥാര്‍ഥത്തില്‍ ദൈവനിവേശിത ഗ്രന്ഥമായിരുന്നോ എന്ന സംശയം തന്നെ അനേകം ക്രൈസ്തവരിലുണ്ടായി. പുരാതന ക്ലാസിക്കല്‍ സാഹിത്യഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്തമായൊരു പദവി ബൈബിളിനു നല്‍കുവാന്‍ ഇത്തരം ക്രൈസ്തവര്‍ക്കു പ്രയാസം നേരിട്ടു. മറ്റു സാഹിത്യഗ്രന്ഥങ്ങളിലുള്ളതുപോലെ ബൈബിളിലും ന്യൂനതകള്‍ ഉണ്ടെന്ന വസ്തുത ഇവര്‍ മനസിലാക്കി. ദൈവത്തെ കണ്ടെത്താന്‍ ബൈബിളിലെ ഉള്ളടക്കം അപര്യാപ്തമാണെന്ന് ഇവര്‍ക്കു ബോധ്യം വന്നു. സ്വന്തം അനുഭവങ്ങള്‍, സ്വന്തം യുക്തി ചിന്തകള്‍, സ്വന്തം ബുദ്ധിശക്തി എന്നിവയെ ആശ്രയിച്ചാല്‍ മാത്രമേ ദൈവത്തെക്കുറിച്ചു മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ എന്ന് ഇവര്‍ ദൃഢമായി വിശ്വസിച്ചു.
പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ വളര്‍ച്ച പ്രാപിച്ച പുതിയ ശാസ്ത്രീയ വിജ്ഞാനവും ഡീയിസ്റ്റ് ചിന്താഗതിയുടെ ഉദ്ഭവത്തിനു കാരണമായിത്തീര്‍ന്നു. ഇക്കാലത്തുണ്ടായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ പ്രപഞ്ചത്തെ സംബന്ധിച്ച അടിസ്ഥാന വിജ്ഞാനത്തില്‍ മാറ്റങ്ങളുണ്ടാക്കി. അതുവരെയും പ്രപഞ്ചത്തെക്കുറിച്ച് ജനങ്ങള്‍ പുലര്‍ത്തിയിരുന്ന വിജ്ഞാനം പരമ്പരാഗതമായി ക്രൈസ്തവ സഭ പഠിപ്പിച്ചിരുന്ന വിധത്തിലുള്ളതായിരുന്നു. ശാസ്ത്രീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണ ജനങ്ങളില്‍ വളര്‍ത്തണമെങ്കില്‍, അതിനു മുന്‍പു ദൈവശാസ്ത്രത്തില്‍ത്തന്നെ ചില വ്യതിയാനങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ചിന്തകര്‍ ധരിച്ചു. ക്രൈസ്ത സഭയിലെ യാഥാസ്ഥിതികരായ ചിന്തകന്മാര്‍ പ്രപഞ്ചത്തെ സംബന്ധിച്ച നിലവിലുള്ള ധാരണകളില്‍ നിന്നും വ്യതിചലിക്കുവാന്‍ തയ്യാറായില്ല. വിജ്ഞാന കുതുകികളായ യൂറോപ്യന്മാരുടെ മുന്‍പില്‍ രണ്ടു പോംവഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ -- ഒന്നുകില്‍ പരമ്പരാഗത ദൈവശാസ്ത്രത്തെ തള്ളിപ്പറയുക, അല്ലെങ്കില്‍ നവീന ശാസ്ത്രീയ വിജ്ഞാനത്തെ തള്ളിപ്പറയുക. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൈവഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയെ വലം വയ്ക്കുന്നുവെന്നായിരുന്നു പരമ്പരാഗത ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നത്. എന്നാല്‍ നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനത്തിനു കാരണം ഗുരുത്വാകര്‍ഷം (Gravitational attraction) ആണെന്നു കോപ്പര്‍നിക്കസ്, കെപ്ളര്‍, ഗലീലിയോ, ഐസക് ന്യൂട്ടന്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞപ്പോള്‍ അതിന്റെ പരിണിത ഫലമെന്നവണ്ണം, ദൈവം എന്നൊരു ശക്തി ഇല്ലെങ്കിലും പ്രപഞ്ചത്തിലെ ചലനങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുമെന്ന് ചിന്തകര്‍ മനസ്സിലാക്കി. ഉറച്ചദൈവവിശ്വാസി ആയിരുന്ന ഐസക് ന്യൂട്ടന്‍ പുതിയൊരു ആശയം അവതരിപ്പിച്ചു. 'പ്രപഞ്ചത്തിന്റെ ഉത്പ്പത്തിക്കുകാരണം സര്‍വശക്തനായ ദൈവം തന്നെയാണ്. പ്രപഞ്ചസൃഷ്ടിക്കു ശേഷം സ്വയം ചലിക്കുന്നതിനുള്ള കഴിവ് നക്ഷത്രാദികള്‍ക്കു കൈവരുമെങ്കിലും, അവയുടെ ഗതിയില്‍ ഇടയ്ക്കിടെ ഉണ്ടാകാവുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനു കാലാകാലങ്ങളില്‍ ദൈവ സാന്നിധ്യവും ദൈവപരിപാലനവും ആവശ്യമാണ്' ഇതായിരുന്നു ഐസക് ന്യൂട്ടന്റെ ആശയം. എന്നാല്‍ ദൈവത്തിന്റെ ഇടപെടല്‍ കൂടാതെ തന്നെ പ്രപഞ്ചവസ്തുക്കള്‍ സ്വയം ചലിച്ചുകൊള്ളുമെന്ന് പില്ക്കാലത്ത് ഉരുത്തിരിഞ്ഞ 'ശക്തിതന്ത്രനിയമങ്ങള്‍' (Laws of Mechanics) തെളിയിച്ചു. അതിനെ തുടര്‍ന്ന്, പ്രപഞ്ചസൃഷ്ടിക്കു മാത്രമേ ദൈവത്തിന്റെ ആവശ്യം വേണ്ടി വരുന്നുള്ളൂ എന്ന ആശയത്തില്‍ ശാസ്ത്രജ്ഞന്മാര്‍ ഉറച്ചുനിന്നു. അന്യൂനശില്പി (Perfect Architect) ആയ ദൈവം സൃഷ്ടിച്ച പ്രപഞ്ചം അന്യൂനമാണെന്നും, ദൈവത്തിന്റെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെടത്തക്കവിധം തകരാറുകള്‍ പ്രപഞ്ചത്തില്‍ ഉണ്ടാവുകയില്ലെന്നും ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടു. അതായത്, അവരുടെ അഭിപ്രായത്തില്‍ ദൈവത്തിന് ഒരു സ്രഷ്ടാവിന്റെ ധര്‍മം (Role) മാത്രമേ നിര്‍വഹിക്കാനുള്ളൂ. ദൈവം സൃഷ്ടിച്ച പ്രപഞ്ചം ഭൗതികനിയമ (Physical Laws)ങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ചലിച്ചുകൊണ്ടേയിരിക്കുന്നു. ദൈവത്തിന് സര്‍വശക്തന്റെ പദവി നല്‍കാത്ത, അതേസമയം ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാത്ത, ഡീയിസ്റ്റ് ചിന്താഗതിയാണ് ഇവിടെ രൂപം കൊണ്ടത്.
പതിനഞ്ചും പതിനാറും നൂറ്റാകളില്‍ യൂറോപ്യന്‍ നാവികര്‍ നടത്തിയ സാഹസിക യാത്രകളുടെ ഫലമായി പുതിയ ഭൂവിഭാഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതും ഡീയിസ്റ്റു ചിന്തയുടെ ഉദ്ഭവത്തിനു കാരണമായിത്തീര്‍ന്നു. ക്രിസ്തുമതത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്ത അനേകം ജനതതികളെ യൂറോപ്യന്മാര്‍ കണ്ടെത്തി. എന്നാല്‍ ഈ ജനവിഭാഗങ്ങളില്‍ പലതും ഉറച്ച ദൈവവിശ്വാസം പുലര്‍ത്തിയിരുന്നവരും സദാചാരബോധം നിലനിറുത്തിയിരുന്നവരും ആയിരുന്നു. ഈശ്വരവിശ്വാസവും സദാചാരബോധവും വളര്‍ത്തുവാന്‍ ക്രിസ്തുമതം ഇല്ലെങ്കിലും സാധിക്കുമെന്ന് ഡീയിസ്റ്റു ചിന്തകന്മാര്‍ ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് വാദിച്ചു. ചില അക്രൈസ്തവ സമൂഹങ്ങള്‍ പുലര്‍ത്തിയിരുന്ന ഈശ്വരവിശ്വാസവും സന്മാര്‍ഗ ബോധവും ക്രിസ്ത്യന്‍ സംസ്കാരം നിലനിന്ന യൂറോപ്പിലേതിനെക്കാള്‍ ശ്രേഷ്ഠമാണെന്ന സത്യവും അവര്‍ ചൂണ്ടിക്കാട്ടി. ഈശ്വരചിന്തയും സദാചാരബോധവും വളര്‍ത്തുവാന്‍ മനുഷ്യന്റെ സാമാന്യബുദ്ധി മതിയെന്നും, ഇക്കാര്യത്തിന് ദൈവിക വെളിപാട് അത്യന്താപേക്ഷിതമല്ലെന്നും അവര്‍ ചിന്തിച്ചു.
ഡീയിസം ഇംഗ്ലണ്ടില്‍. ഡീയിസ്റ്റു ചിന്താഗതി ആദ്യം പ്രത്യക്ഷപ്പെട്ടത് ഇംഗ്ലണ്ടിയിരുന്നു. ഡീയിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന 'ഷേര്‍ബറിയിലെ ഹെര്‍ബര്‍ട്ട് പ്രഭു' (Lord Herbert of Cherbery) തന്റെ ഡീയിസ്റ്റ് ഗ്രന്ഥം (De Ueritate,Prout distinguitur arevelatione,a Uerisimilli,Possibili,et a falso) 1624-ല്‍ പ്രസിദ്ധീകരിച്ചു. 1696-ല്‍ ജോണ്‍ ടാളന്‍ഡ് ( (John Toland) എന്ന ചിന്തകന്‍ ക്രിസ്റ്റ്യാനിറ്റി നോട്ട് മിസ്റ്റീരിയസ് (Christianty not mysterious) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. യുക്തിക്കു വിരുദ്ധമായി ഒന്നും സുവിശേഷത്തിലില്ല, ഗഹനരഹസ്യം (Mystery) എന്നു വിളിക്കത്തക്ക ആശയങ്ങളൊന്നും ക്രൈസ്തവ തത്ത്വസംഹിതയിലില്ല എന്നൊക്കെയായിരുന്നു ടൊളന്‍ഡിന്റെ അഭിപ്രായങ്ങള്‍. പ്രകൃതിദത്തമായ സദാചാരബോധം (Natural Morality) ആണ് യഥാര്‍ഥ മതം എന്നു സമര്‍ഥിക്കുവാന്‍ ടോളന്‍ഡ് ശ്രമിച്ചു. മനുഷ്യന്റെ യുക്തിയില്‍ ഒതുങ്ങാത്ത ത്രിത്വം (Trinity), ക്രിസ്തുവിന്റെ മനുഷ്യാവതാരം തുടങ്ങിയ ആശയങ്ങളെ അന്ധവിശ്വാസങ്ങളായി പരിഗണിച്ച് അവയെ നിരാകരിക്കാമെന്ന് ടൊളന്‍ഡ് അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു ഡീയിസ്റ്റ് ചിന്തകനായ ആന്റണി കോജിന്‍സ് അന്ത്യവിധി എന്ന ക്രിസ്ത്യന്‍ സിദ്ധാന്തത്തെ അബദ്ധമെന്നു പറഞ്ഞു നിരാകരിച്ചു. പ്രകൃതിദത്തമാംവിധമുള്ള ആചാരരീതികള്‍ (Natural Ethics) പാലിക്കാമെങ്കില്‍ മനുഷ്യര്‍ കൂടുതല്‍ സന്മാര്‍ഗബോധമുള്ളവരായിത്തീരുമെന്ന് കോജിന്‍സ് പഠിപ്പിച്ചിരുന്നു. ബൈബിളിലെ പഴയ നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രവചനങ്ങള്‍ എല്ലാംതന്നെ അര്‍ഥശൂന്യമാണെന്നു കോജിന്‍സ് പ്രസ്താവിച്ചു. 1730-ല്‍ മാത്യു ടിന്റാല്‍ (Mathew Tindal) എന്ന ചിന്തകന്‍ ക്രിസ്റ്റ്യാനിറ്റി ആസ് ഓള്‍ഡ് ആസ് ദ് ക്രിയേഷന്‍ (Christanity as old as the Creation) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഡീയിസ്റ്റുകളുടെ ബൈബിള്‍ എന്നാണ് ഈ ഗ്രന്ഥം അറിയപ്പെടുന്നത്. പ്രകൃതിദത്തമായ ഒരു മതത്തെ (Natural religion)യാണ് സുവിശേഷങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ടിന്റാല്‍ പ്രസ്താവിച്ചു.
ഇംഗ്ലണ്ടില്‍ ഡീയിസ്റ്റ് ചിന്തകര്‍ക്കു യാഥാസ്ഥിതികരായ ക്രൈസ്തവരില്‍നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടിേവന്നിരുന്നു. ഡീയിസ്റ്റു ചിന്താഗതിയെ ദൈവദൂഷണം (Blasphemy) ആയിട്ടാണ് യാഥാസ്ഥിതികര്‍ ചിത്രീകരിച്ചത്. ഡീയിസ്റ്റു ചിന്തകരില്‍ പലര്‍ക്കും ജയില്‍വാസം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് വിധേയമാകേണ്ടിവരികയും ചെയ്തിരുന്നു.
ഡീയിസം യൂറോപ്യന്‍ വന്‍കരയില്‍. പതിനെട്ടാം നൂറ്റാണ്ടില്‍ ഡീയിസ്റ്റു ചിന്താഗതി ഉള്‍ക്കൊള്ളുന്ന അനേകം ഗ്രന്ഥങ്ങള്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഗ്രന്ഥങ്ങള്‍ ബൈബിളിന്റെ ചരിത്രയാഥാര്‍ഥ്യത്തെ (Historicity) ചോദ്യം ചെയ്തു. പരിശുദ്ധ ത്രിത്വം (Hole Trinity), ഉദ്ഭവപാപം, പാപമോചനം തുടങ്ങിയ ആശയങ്ങളെയും ഇക്കൂട്ടര്‍ ചോദ്യം ചെയ്തു. വോള്‍ട്ടയര്‍, റൂസ്സോ എന്നിവരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഫ്രെഞ്ചു ഡീയിസം അതിന്റെ വളര്‍ച്ചയുടെ പാരമ്യതയിലെത്തി. രാജവാഴ്ചയ്ക്കും പൗരോഹിത്യത്തിനും എതിരായ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു എന്നതാണ് ഫ്രെഞ്ചു ഡീയിസ്റ്റ് ചിന്താഗതിയുടെ പ്രത്യേകത. ദിദെറൊ (Diderot) തുടങ്ങിയ ഫ്രെഞ്ചു ഡീയിസ്റ്റു ചിന്തകര്‍ നിരീശ്വര വാദത്തിനു സമാനമായ ആശയങ്ങളും പ്രകടിപ്പിച്ചിരുന്നു.
ജര്‍മന്‍ രാജാവായിരുന്ന ഫ്രെഡറിക് രാമന്റെ പ്രോത്സാഹനത്തോടുകൂടി ജര്‍മന്‍ പ്രദേശങ്ങളിലും ഡീയിസം പ്രചരിച്ചു. ജര്‍മന്‍ ഡീയിസ്റ്റു ചിന്തകരില്‍ പലരും ഫ്രെഡറിക് രാജാവിന്റെ കൊട്ടാരത്തില്‍ രാജാവിന്റെ ആശ്രിതരായിട്ടാണ് കഴിഞ്ഞിരുന്നത്. താമസിയാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഡീയിസത്തിന്റെ അലയടികള്‍ ദൃശ്യമായി.
ഡീയിസം അമേരിക്കയില്‍. യൂറോപ്പില്‍ രൂപംകൊണ്ട ഡീയിസ്റ്റ് ആശയങ്ങള്‍ കാലക്രമത്തില്‍ അമേരിക്കയിലേക്കും കടന്നുചെന്നു. 1784-ല്‍ എഥാന്‍ അല്ലെന്‍ (Ethan Allen) പ്രസിദ്ധീകരിച്ച റീസണ്‍, ദി ഒണ്‍ലി ഒറെക്കിള്‍ ഒഫ് മാന്‍ (Reason,the only oracle of man) എന്ന ഗ്രന്ഥത്തില്‍ ഡീയിസ്റ്റ് ആശയങ്ങള്‍ കാണപ്പെട്ടു. 1794-ല്‍ തോമസ് പെയിന്‍ എന്ന അമേരിക്കന്‍ ചിന്തകന്‍ രചിച്ച ദി ഏജ് ഒഫ് റീസണ്‍ (The age of Reasons) എന്ന ഗ്രന്ഥത്തിലും ഡീയിസ്റ്റു ആശയങ്ങള്‍ ഉണ്ടായിരുന്നു. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, തോമസ് ജെഫേഴ്സണ്‍ എന്നീ ചിന്തകരും ഡീയിസ്റ്റു ആശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മതത്തേയും ശാസ്ത്രത്തേയും കൂട്ടിയിണക്കുവാന്‍ നടന്ന ശ്രമങ്ങള്‍ അമേരിക്കയില്‍ ഡീയിസത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമായി.
ഡീയിസത്തിലെ വൈവിധ്യങ്ങള്‍. ഡീയിസം ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. എങ്കിലും ഡീയിസം എന്ന ലേബലില്‍ മതപരവും തത്ത്വശാസ്ത്രപരവും ആയ അനേകം പ്രസ്ഥാനങ്ങള്‍ രംഗ പ്രവേശം ചെയ്തിരുന്നു. ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പരമ്പരാഗതമായി നിലവിലുണ്ടായിരുന്ന ആശയങ്ങളെ ഈ പ്രസ്ഥാനങ്ങള്‍ പൊതുവേ ചോദ്യം ചെയ്തു. ദൈവം ഇല്ലായ്മയില്‍ നിന്നാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ഒരുകൂട്ടം ഡീയിസ്റ്റുകള്‍ കരുതുമ്പോള്‍, അതല്ല, നേരത്തേതന്നെ നിലവിലുണ്ടായിരുന്ന താറുമാറായ ഒരു അവസ്ഥയില്‍ നിന്നുമാണ് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് മറ്റൊരു കൂട്ടം ഡീയിസ്റ്റുകള്‍ വിശ്വസിച്ചു. പ്രപഞ്ചത്തിലുള്ള സര്‍വതും ദൈവിക പരിപാലനയ്ക്കു വിധേയമാണെന്ന് ഇക്കൂട്ടര്‍ കരുതി. മനുഷ്യര്‍ക്കു മരണാനന്തര ജീവിതമുണ്ടെന്നും ഈ ഘട്ടത്തില്‍ സുകൃതികള്‍ക്കു നല്‍വരങ്ങളും, ദുഷ്ടര്‍ക്കു ശിക്ഷാവരങ്ങളും ലഭിക്കുമെന്നും അവര്‍ പഠിപ്പിച്ചു. ദൈവത്തിലൂടെ മനുഷ്യര്‍ക്കു വെളിപാടുകള്‍ ലഭിക്കുന്നു എന്ന ആശയത്തോട് അവര്‍ യോജിച്ചിരുന്നില്ല. ദൈവത്തിന്റെ നിലനില്‍പ്പ്, ദൈവത്തിന്റെ സ്വഭാവം, മനുഷ്യന്റെ സദാചാരധര്‍മങ്ങള്‍ എന്നിവയെക്കുറിച്ചു മനുഷ്യര്‍ മനസിലാക്കേത് അവരുടെ സ്വന്തം ബുദ്ധിയിലൂടെയും യുക്തിയിലൂടെയും ആയിരിക്കണം. വേറൊരു വിഭാഗം ഡീയിസ്റ്റുകള്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നില്ല. മനുഷ്യരുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം - സല്‍കര്‍മം ചെയ്യുന്നവര്‍ക്കു നല്‍വരവും ദുഷ്കര്‍മം ചെയ്യുന്നവര്‍ക്കു ശിക്ഷാവരവും - ഈ ജന്മത്തില്‍ത്തന്നെ ലഭിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മനുഷ്യരുടെ സാന്മാര്‍ഗിക പ്രവര്‍ത്തനമണ്ഡലം ദൈവിക പരിപാലനത്തിന്റെ വ്യാപ്തിയില്‍ വരുന്നില്ലെന്നും മനുഷ്യര്‍ ജീവിച്ചിരുന്ന കാലത്ത് അനുഭവിക്കുന്ന ദുഃഖങ്ങളും സന്തോഷങ്ങളും ദൈവവിധി അനുസരിച്ചുള്ളതല്ല, പ്രത്യുത അവരവരുടെ സ്വന്തം ഇച്ഛയുടേയും പ്രവൃത്തിയുടേയും ഫലമാണെന്നും വിശ്വസിക്കുന്ന ഡീയിസ്റ്റുകളുമുണ്ട്.
തീവ്രവാദികളായ (extreme) ഡീയിസ്റ്റുകളുടെ അഭിപ്രായം ഇപ്രകാരമാണ്. ബുദ്ധിമാനും സര്‍വശക്തനും ആയ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു. മുന്‍പു നിലവിലുണ്ടായിരുന്ന ഒരു സംവിധാനത്തിനും പുനര്‍ക്രമീകരണം നല്‍കിക്കൊണ്ട് പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാവശ്യമായ പ്രകൃതി നിയമങ്ങള്‍ രൂപീകരിച്ചതു ദൈവമാണ്. എന്നാല്‍ സൃഷ്ടികര്‍മത്തിനുശേഷം പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളിലും ദൈവം ഇടപെടുന്നില്ല. ദിവ്യാത്ഭുതം (Miracle) എന്നൊരു പ്രതിഭാസം ഇല്ല. മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ദൈവം ഇടപെടുന്നില്ല. എന്നാല്‍ മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തെ അംഗീകരിക്കുകയും, ബഹുമാനിക്കുകയും, അതോടൊപ്പം തന്നെ തന്റെ സഹമനുഷ്യനോട് നീതി പൂര്‍വകമാംവിധം പെരുമാറുകയും ചെയ്താല്‍ മാത്രമേ അവനു സന്തോഷം കൈവരുകയുള്ളു. ദൈവത്തെക്കുറിച്ചുള്ള ഇത്തരം ചിന്താഗതികള്‍ വിദ്യാസമ്പന്നരായ ആള്‍ക്കാര്‍ക്കു മാത്രമേ ഉള്‍ക്കൊള്ളുവാന്‍ കഴിയുകയുള്ളു എന്ന് വോള്‍ട്ടയര്‍ തുടങ്ങിയ ഡീയിസ്റ്റു ചിന്തകന്മാര്‍ അനുഭവത്തില്‍നിന്നു മനസിലാക്കിയിരുന്നു. അവരുടെ അഭിപ്രായത്തില്‍ സാധാരണക്കാരുടെ ഇടയില്‍ സദാചാരബോധം വളര്‍ത്തുന്നതിന് പരമ്പരാഗതമായ മതവിശ്വാസം - വിശേഷിച്ചും മരണാനന്തര ജീവിതത്തിലെ അന്ത്യവിധി, നരകത്തിലെ യാതനകള്‍, സന്മാര്‍ഗജീവിതം നയിച്ചില്ലെങ്കില്‍ ദൈവം ശിക്ഷിക്കുമെന്ന ഭയം തുടങ്ങിയവ - അത്യന്താപേക്ഷിതമാണ്.
ക്രിസ്തുമതത്തെ രൂക്ഷമാംവിധം വിമര്‍ശിച്ചിരുന്ന ഡീയിസ്റ്റുകളെ ദോഷദര്‍ശികളായ (Critical) ഡീയിസ്റ്റുകള്‍ എന്നു വിളിച്ചിരുന്നു. ബൈബിളിന്റെ ചരിത്രയാഥാര്‍ഥ്യത്തെ (Historicity) അവര്‍ ചോദ്യം ചെയ്തു. കൂദാശകളെന്നാല്‍ അര്‍ഥശൂന്യമായ - മനുഷ്യരെ കബളിപ്പിക്കുന്നതിനുള്ള - കാര്യങ്ങളാണെന്ന് അവര്‍ പഠിപ്പിച്ചു. ബൈബിളിന്മേലുള്ള അതിശയോക്തിപരമായ വ്യാഖ്യാനങ്ങള്‍, ദിവ്യാത്ഭുതങ്ങളെ (Miracles)ക്കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന വര്‍ണനകള്‍, കൂദാശകളുടെ യാന്ത്രികമാംവിധമുള്ള സ്വീകരണം തുടങ്ങിയ കാര്യങ്ങളെ ഇക്കൂട്ടര്‍ എതിര്‍ത്തു. കാപട്യങ്ങള്‍ കോര്‍ത്തിണക്കിയ വഞ്ചനാപരമായൊരു ഗ്രന്ഥമായി ബൈബിളിനെ അവര്‍ കരുതി.
ഡീയിസത്തിന്റെ തിരോധാനം. കാലക്രമത്തില്‍ ഡീയിസ്റ്റ് പ്രസ്ഥാനം ദുര്‍ബലമായിത്തീര്‍ന്നു. നേരത്തെതന്നെ വലിയ വിദ്യാഭ്യാസം നേടാത്ത സാമാന്യജനങ്ങള്‍ - അവരായിരുന്നു ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം പേര്‍ - ഡീയിസ്റ്റ് ആശയങ്ങളില്‍ നിന്നും അകന്നു നിന്നിരുന്നു. കാരണം, നല്ല ശാസ്ത്രീയ വിജ്ഞാനം ലഭിച്ചവര്‍ക്കു മാത്രമേ ഡീയിസത്തെ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. ആധുനിക ശാസ്ത്രവിജ്ഞാനത്തിന്റെ വളര്‍ച്ചയോടുകൂടി ശാസ്ത്രവും മതവും തമ്മില്‍ സ്പര്‍ധ ഉണ്ടാകുമെന്നായിരുന്നു ഡീയിസ്റ്റുകള്‍ കരുതിയിരുന്നത്. എന്നാല്‍ സംഭവിച്ചതു മറ്റൊന്നായിരുന്നു - ക്രിസ്തുമതത്തിനുള്ളില്‍ യാഥാസ്ഥിതികരും സ്വതന്ത്രചിന്തകരും തമ്മിലുള്ള സംഘര്‍ഷം. പാരമ്പര്യം, പൗരോഹിത്യമേധവിത്വം, അതിമാനുഷികമായ ദൈവികവെളിപാട് എന്നിവയില്‍ അധിഷ്ഠിതമായ മതചിന്തകളില്‍ യാഥാസ്ഥിതികര്‍ ഉറച്ചുനിന്നു. എന്നാല്‍ സ്വതന്ത്രചിന്തകരാകട്ടെ യുക്തിക്കും സാമാന്യബുദ്ധിക്കും അനുയോജ്യമായ മതമാണു വേതെന്നു കരുതി. തങ്ങള്‍ നാസ്തികര്‍ (Atheists) അല്ലെന്നു ബോധ്യപ്പെടുത്തുവാനും സ്വതന്ത്രചിന്തകര്‍ തത്പരരായിരുന്നു. അങ്ങനെയാണ് ഡീയിസ്റ്റുകള്‍ എന്ന പേരില്‍ സ്വതന്ത്രചിന്തകര്‍ പ്രബലരായിത്തീര്‍ന്നത്. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായി വളര്‍ന്നു. ഈ കാലഘട്ടത്തില്‍ ക്രിസ്തുമതത്തിനുള്ളില്‍ സഹിഷ്ണുത ശക്തമായിത്തീര്‍ന്നു. ക്രിസ്തുമതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ, മതപീഡനത്തെ ഭയപ്പെടാതെ, സ്വതന്ത്രചിന്തകളും വിമര്‍ശനങ്ങളും ധൈര്യപൂര്‍വം പ്രകടിപ്പിക്കാമെന്ന അവസ്ഥവന്നുകൂടി. ആ സാഹചര്യത്തില്‍ സ്വതന്ത്ര ക്രൈസ്തവ ചിന്തകര്‍ ഡീയിസ്റ്റുകള്‍ എന്ന വിശേഷണം സ്വീകരിക്കാതെയായി. തത്ഫലമായി ഡീയിസം എന്ന ലേബല്‍ മിക്കവാറും വിസ്മൃതിയിലാണ്ടു എന്നുതന്നെ പറയാം. ഡീയിസം എന്ന ലേബല്‍ ഇല്ലെങ്കിലും, പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ ഡീയിസ്റ്റ് ലേബലില്‍ രൂപംകൊണ്ട ആശയ ഗതികള്‍ ഇന്നും വിവിധ മതചിന്തകളില്‍ സജീവമാംവിധം നിലനിന്നുവരുന്നുണ്ട്.
(പ്രൊഫ. നേശന്‍ ടി. മാത്യു)