This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീമോസ്പോഞ്ചിയെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീമോസ്പോഞ്ചിയെ

Demospongiae

പോറിഫെറ (Porifera) ജന്തുഫൈലത്തിലെ ഒരു വര്‍ഗം. സ്പോഞ്ജുകളെയാണ് ഈ വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമുദ്ര ജലത്തില്‍ ജീവിക്കുന്ന സ്പോഞ്ജ് ഇനങ്ങളില്‍ വിതരണ വിശാലതയിലും സംഖ്യാബലത്തിലും ഡീമോസ്പോഞ്ചിയെ വര്‍ഗം മുന്നിട്ടു നില്‍ക്കുന്നു. സമുദ്രത്തില്‍ വേലാമേഖല (tidal zone) മുതല്‍ ആഴക്കടല്‍ മേഖലകളില്‍ വരെ ഇവയെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഈ വര്‍ഗത്തിലെ മൂന്നു കുടുംബങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പീഷീസ് ശുദ്ധജലത്തിലും കാണപ്പെടുന്നുണ്ട്. വലുപ്പത്തിലും ഈ വര്‍ഗത്തിലെ ജീവികള്‍ വൈവിധ്യം പുലര്‍ത്തുന്നു. ഏതാനും സെ. മീ. വ്യാസമുള്ളവ മുതല്‍ ഭീമാകാര കേക്കിന്റെ ആകൃതിയില്‍ രണ്ടു മീ. വ്യാസമുള്ളവ വരെ ഈ വര്‍ഗത്തില്‍ കാണപ്പെടുന്നു.

ഹാലിസര്‍കയുടെ പാരന്‍ കൈമെല്ല ലാര്‍വ

ഡീമോസ്പോഞ്ചിയെ വര്‍ഗത്തിലെ ജന്തുക്കളില്‍ ഏതാനും ജീനസ്സുകള്‍ ഒഴികെ മറ്റെല്ലാ ജീവികള്‍ക്കും പ്രത്യേക അസ്ഥിവ്യൂഹം കാണപ്പെടുന്നു. ശൂകങ്ങള്‍ (spicules) കൊണ്ടോ സ്പോഞ്ജൂ തന്തുക്കള്‍ (spongin fibers) കൊണ്ടോ ആണ് അസ്ഥിവ്യൂഹം രൂപമെടുക്കുന്നത്. ചിലയിനങ്ങളില്‍ ഇവ രണ്ടും ചേര്‍ന്ന അസ്ഥിവ്യൂഹവും കാണാറുണ്ട്. സ് ക്ലീറോബ്ലാസ്റ്റ് (scleroblast) കോശങ്ങളുടെ അന്തഃകോശ (intracelluar) സ്രാവങ്ങളാണ് ശൂകങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഒരു ജൈവ അക്ഷീയ തന്തുവിനു ചുറ്റുമായി ജലയോജിത സിലിക്കണ്‍ ഡയോക്സൈഡിന്റെ തുടര്‍ച്ചയായുള്ള നിക്ഷേപണത്തിലൂടെയാണ് ഓരോ കോശത്തിനുള്ളിലും ശൂകങ്ങള്‍ രൂപമെടുക്കാറുള്ളത്. ശൂകത്തിന്റെ ദൈര്‍ഘ്യവും കനവും സിലിക്കാ നിക്ഷേപത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് വ്യത്യസ്തമാവാറുണ്ട്. സ്പോഞ്ചിയോ ബ്ളാസ്റ്റുകള്‍ എന്നറിയപ്പെടുന്ന സവിശേഷ കോശങ്ങള്‍ കൊളാജന്‍ തന്തുകങ്ങളുടെ ഇഴപാകലിലൂടെ സ്പോഞ്ച് തന്തുക്കള്‍ക്ക് രൂപം നല്‍കുന്നു. ചിലയിനങ്ങളില്‍ ഇത്തരം സ്പോഞ്ച് തന്തുക്കള്‍ സിലിക്കാമയ ശൂകങ്ങളായി ചേര്‍ന്നും അസ്ഥിവ്യൂഹത്തിനു രൂപം നല്‍കാറുണ്ട്.

ഡീമോസ്പോഞ്ചിയെ വര്‍ഗത്തെ സെറാക്റ്റിനോമോര്‍ഫ (Ceractinomorpha), ടെട്രാക്റ്റിനോമോര്‍ഫ (Tetractinomorpha) എന്നിങ്ങനെ രണ്ട് ഉപവര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഉപവര്‍ഗത്തെയും വിവിധ ഗോത്രങ്ങളായും വര്‍ഗീകരിച്ചിട്ടുണ്ട്.

സെറാക്റ്റിനോമോര്‍ഫ. ഈ ഉപവര്‍ഗത്തിലെ ഹാലിസര്‍ക (Halisarca) എന്ന ജീനസില്‍ അസ്ഥിശകലങ്ങള്‍ ഇല്ലാത്ത സ്പോഞ്ചുകളാണുള്ളത്. ഇവ ആദിമ (primitive)ജീവികളുമാണ്. ഇവയുടെ ലാര്‍വ ഡിപ്ലോബ്ലാസ്റ്റുല (diploblastula) അഥവാ പാരന്‍കൈമെല്ല (parenchymella) എന്നറിയപ്പെടുന്നു. ലാര്‍വയ്ക്ക് ഫ്ളാജെല്ലകളുള്ള കോശങ്ങളുടെ ഒരു ബാഹ്യസ്തരവും എക്റ്റോമീസെന്‍കൈമ കോശങ്ങളുടെ ഒരു ആന്തരികസ്തരവും ഉണ്ട്. വളര്‍ച്ച പുരോഗമിക്കുന്നതോടെ ബാഹ്യസ്തരകോശങ്ങളുടെ ഫ്ളാജെല്ലകള്‍ നഷ്ടമാവുകയും ആ കോശങ്ങള്‍ ഉള്ളിലേക്കു കടന്നുകൂടി ഫണല്‍ കോശങ്ങള്‍ (choanocytes) ആയി മാറുകയും ചെയ്യും. തുടര്‍ന്ന് പ്രൌഢാവസ്ഥാകോശങ്ങളും അന്തര്‍വാഹി കനാലുകളും രൂപമെടുക്കുന്നു. ഇതോടെ ഫണല്‍ കോശങ്ങളുടെ ആവരണമുള്ള ഒരു ആന്തരിക ഗഹ്വരവും (cavity) മുകളറ്റത്തായി ഒരു ദ്വാരവുമുള്ള രൂപത്തിലേക്ക് ലാര്‍വ വളരുന്നു. വികാസത്തിന്റെ ഈ ഘട്ടം റാഗോണ്‍ (rhagon) ഘട്ടമെന്നറിയപ്പെടുന്നു. തുടര്‍ന്നു ഫണല്‍ കോശപാളികള്‍ ഫ്ളാജെല്ലിത അറകളായി മാറുകയും ഇവയ്ക്കിടയില്‍ അപവാഹി കനാലുകള്‍ രൂപമെടുക്കുകയും ലാര്‍വ ക്രമേണ പ്രൗഢാവസ്ഥ കൈവരിക്കുകയും ചെയ്യുന്നു.

സെറാക്റ്റിനോമോര്‍ഫ ഉപവര്‍ഗത്തിലെ മറ്റൊരു ജീനസായ അപ്ലിസില്ല (Aplysilla)ക്ക് ശാഖിതമായ തന്തുമയ അസ്ഥിവ്യൂഹമാണുള്ളത്. ഈ ഉപവര്‍ഗത്തിലെ മിക്ക സ്പോഞ്ചിനങ്ങളും നിവര്‍ന്നു നില്‍ക്കുന്ന ശാഖിത കോളനികളായാണ് കാണപ്പെടുന്നത്. ആഴം കുറഞ്ഞ ജലത്തില്‍ ജീവിക്കുന്ന മിക്കയിനങ്ങള്‍ക്കും വഴങ്ങുന്ന ശരീരഘടനയാണുള്ളത്. എന്നാല്‍ ആഴക്കടല്‍ വാസികള്‍ ദൃഢശരീരഘടനയോടുകൂടിയവയാണ്.

ടെട്രാക്റ്റിനോമോര്‍ഫ. ഈ ഉപവര്‍ഗത്തിലെ ജീനസായ ഓസ്കറെല്ലാ (Oscarella) ആദിമ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ഇവയുടെ ശരീരത്തില്‍ അസ്ഥിവ്യൂഹവും ഇല്ല. ഓസ്കറെല്ലയുടെ ലാര്‍വ മോറുല (morula) എന്നറിയപ്പെടുന്നു. ഇതിന് കോശങ്ങളുടെ ഘനാകാരപിണ്ഡത്തിന്റെ രൂപമാണുള്ളത്. പിന്നീട് ഇതിന്റെ ഉള്‍വശം പൊള്ളയായിത്തീരുകയും ലാര്‍വ മാതൃശരീരത്തില്‍ നിന്നും സ്വതന്ത്രമാവുകയും ചെയ്യുന്നു. തുടര്‍ന്ന് ഫ്ളാജെല്ലിത കോശങ്ങളുടെ ഒരു സ്തരമുള്ള ലാര്‍വയായി മാറുന്നു. ഇത് ആംഫിബ്ലാസ്റ്റുല എന്നറിയപ്പെടുന്നു. ഒരു ചെറിയ സ്വതന്ത്ര നീന്തല്‍ ഘട്ടത്തിനുശേഷം ലാര്‍വ അടിത്തട്ടില്‍ ഉറപ്പിക്കപ്പെട്ട നിലയിലാവുന്നു. തുടര്‍ന്നുള്ള പരിവര്‍ധനം ഈ സ്ഥിതിയില്‍ത്തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും പ്രൗഢാവസ്ഥ കൈവരിക്കുകയും ചെയ്യുന്നു.

ടെട്രാക്റ്റിനോമോര്‍ഫ ഉപവര്‍ഗത്തിലെ മറ്റ് പ്രധാന ജീനസുകള്‍ പ്ലാക്കോര്‍ട്ടിസ് (Plakortis), പ്ലാക്കിന (Plakina) എന്നിവയാണ്.

ചില ശാസ്ത്രകാരന്മാര്‍ സ്ക്ളീറോസ്പോഞ്ചസിനെ (Sclero sponges) ഡീമോസ്പോഞ്ചിയെയുടെ ഒരു ഉപവര്‍ഗമായി കണക്കാക്കാറുണ്ട്. എങ്കിലും സ്ക്ളീറോസ്പോഞ്ചസിനെ ഡീമോ സ്പോഞ്ചിയെയുമായി ബന്ധപ്പെടുത്താതെ പ്രത്യേകം ഒരു വര്‍ഗമായി കണക്കാക്കുന്ന വര്‍ഗീകരണത്തിനാണ് ഏറെ അംഗീകാരം ലഭ്യമായിട്ടുള്ളത്.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍