This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീബഗ്ഗിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീബഗ്ഗിങ്

Debugging

കംപ്യൂട്ടര്‍ പ്രോഗ്രാമിലെ പിശകുകള്‍ കണ്ടുപിടിച്ച് തിരുത്തുന്ന പ്രക്രിയ. പ്രസിദ്ധ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞയായ ഗ്രേസ് മുറെ ഹോപ്പെര്‍ ഡീബഗ്ഗിങ് എന്ന പദത്തിന്റെ ഉത്ഭവത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1945-ലെ വേനല്‍ക്കാലത്ത് ഹാര്‍വാഡ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ മാര്‍ക് II കംപ്യൂട്ടറില്‍ ഒരു പ്രോഗ്രാം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കുശേഷവും പ്രോഗ്രാം നിര്‍വഹണം സാധ്യമാകാതെ വന്നപ്പോള്‍ അവസാന മാര്‍ഗം എന്ന നിലയില്‍ കംപ്യൂട്ടര്‍ തുറന്ന് അതിന്റെ ഉള്‍വശം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ചത്തുപോയ ഒരു പ്രാണിയുടെ അവശിഷ്ടം അതിനുള്ളില്‍ അവര്‍ക്കു കാണാന്‍ കഴിഞ്ഞു. പ്രസ്തുത അവശിഷ്ടം കംപ്യൂട്ടറിലെ ഇലക്ട്രോണിക് പരിപഥത്തിലെ ഒരു റിലെ സംവിധാനത്തിന്റെ (relay circuit) പ്രവര്‍ത്തനത്തിന് തടസ്സമായതാണ് പ്രോഗ്രാമിന്റെ നിര്‍വഹണത്തിന് വിഘാതമായതെന്ന് ബോധ്യമായി. പ്രാണിയുടെ അവശിഷ്ടം നീക്കം ചെയ്തതോടെ പ്രോഗ്രാമിന്റെ നിര്‍വഹണവും സുഗമമായിത്തീര്‍ന്നു. മൂട്ടപോലുള്ള ചെറിയ ജീവികളെ ഇംഗ്ളീഷ് ഭാഷയില്‍ ബഗ് (bug,moth) എന്നാണ് പറഞ്ഞു വരുന്നത്. 1945-ലെ ഈ സംഭവത്തിനു ശേഷം, കംപ്യൂട്ടര്‍ പ്രോഗ്രാമിലെ തെറ്റുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്ന പ്രവൃത്തി, ഡീബഗ്ഗിങ് എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി.

ഗ്രേസ് മുറെ ഹോപ്പെര്‍

ഹോപ്പെര്‍ ഈ വാക്ക് ഉപയോഗിക്കുന്നതിന് വളരെ മുമ്പു തന്നെ (1880-കളില്‍), മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ യന്ത്രങ്ങളില്‍ വരാവുന്ന പോരായ്മകളെ 'ബഗ്' എന്നു വിവക്ഷിച്ചിരുന്നു. തോമസ് ആല്‍വ എഡിസണ്‍ 1878 ന. 18-ന് തിയഡോര്‍ പസ്കാസിന് അയച്ച ഒരു കത്തില്‍ തന്റെ കണ്ടുപിടിത്തങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള വിവരണത്തില്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തില്‍ സംജാതമാകുന്ന കുറവുകളെ 'ബഗ്' എന്നു നാമകരണം ചെയ്തിരുന്നു. പ്രഥമ ഇലക്ട്രോണിക് ഡിജിറ്റല്‍ കംപ്യൂട്ടറായ ഏനിയാക്കിന്റെ നിര്‍മാതാക്കളിലൊരാളായ ജോണ്‍ പ്രെസ്പെര്‍ എക്കര്‍ട്ട് കംപ്യൂട്ടര്‍വേള്‍ഡ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഇതേ വാദഗതിയാണുള്ളത്. ചുരുക്കത്തില്‍, 1880-കളില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എന്‍ജീനിയര്‍മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ബഗ്' എന്ന പദത്തിന്, കംപ്യൂട്ടര്‍ ശാസ്ത്രമേഖലയിലും സ്ഥായിയായ അര്‍ഥം നേടിക്കൊടുക്കാന്‍ മുന്‍കൈയെടുത്തത് ഹോപ്പെര്‍ ആണെന്നു മാത്രം.

പ്രോഗ്രാമിലെ പിശകുകള്‍ക്ക് ഉത്തരവാദി പ്രോഗ്രാമര്‍ അല്ല എന്ന തെറ്റായ ഒരു ധ്വനി ഈ പ്രയോഗം സൃഷ്ടിക്കുന്നു എന്നതിനാല്‍ ഈ വാക്കിന്റെ ഉപയോഗം ശരിയല്ല എന്നാണ് എഡ്സ്ജെര്‍ വൈയ്ബി ഡിജിക്സ്ട്ര പോലുള്ള ചില കംപ്യൂട്ടര്‍ വിദഗ്ധരുടെ അഭിപ്രായം.

കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ സാധാരണമായി മൂന്നു തരം തെറ്റുകള്‍ കടന്നുകൂടാറുണ്ട്. പ്രോഗ്രാം ഭാഷയുടെ പ്രയോഗ ശൈലിയില്‍വരുന്ന പിശകു മൂലം വാക്യഘടനാ പിശക് (syntactic error) ഉണ്ടാവാറുണ്ട്. പ്രോഗ്രാം നിര്‍ദേശങ്ങളിലെ യുക്തി ഭംഗം കാരണം അര്‍ഥഘടനാ പിശക് (semantic error) സംഭവിക്കാം. ഇവയെ യുക്തിഭംഗപ്പിശക് (logical error) എന്നും പറയാറുണ്ട്. പ്രോഗ്രാമിന്റെ നടപടി ക്രമത്തിന്റെ തെറ്റായ ആസൂത്രണത്തില്‍ നിന്നും അല്‍ഗോരിഥം പിശക് (algorithmic error) ഉണ്ടാവാനും സാധ്യതയുണ്ട്. ഇത്തരം പിശകുകളെ കണ്ടെത്തി അവയെ തിരുത്തിയെടുക്കേണ്ടത് കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍