This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീഗോ നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീഗോ നൃത്തം

Dego dance

കെനിയയിലെ കാര്‍ഷിക സമുദായമായ ഡീഗോ വിഭാഗത്തിന്റെ തനതു നൃത്തം. 17-ാം ശ. -ത്തില്‍ സോമാലിയയില്‍ നിന്നും കെനിയയിലെ മൊംബാസയ്ക്കു തെക്കുളള തീരദേശത്തു കുടിയേറിപ്പാര്‍ത്തവരാണ് ഡീഗോ ജനത. വേഷത്തിന്റേയും സംഗീതത്തിന്റേയും ചലനത്തിന്റേയും ഒത്തുചേരലിലൂടെ പിറക്കുന്ന പ്രശാന്തമായൊരു സൗകുമാര്യം കൊണ്ട് ആകര്‍ഷകമാണ് ഇവരുടെ നൃത്തം. പാട്ടിനെ അധികരിച്ചാണ് നൃത്തം പുരോഗമിക്കുന്നത്. പാട്ടു സംഘത്തിന്റെ നേതൃത്വം ഒരു സ്ത്രീക്കായിരിക്കും. അവര്‍ തന്നെയായിരിക്കും പലപ്പോഴും മുഖ്യ നര്‍ത്തകിയും. ആദ്യം പതിഞ്ഞ ചുവടുവയ്പുകളോടെ തുടങ്ങുന്ന നൃത്തം ക്രമേണ ചടുലമാകും. തോള്‍ കുലുക്കിക്കൊണ്ടുളള ആ നൃത്ത വേളയില്‍ തോളില്‍ പിടിപ്പിച്ചിട്ടുളള ആകര്‍ഷകമായ കിന്നരികള്‍ ഇളകിയാടുന്നത് അതീവ ഹൃദ്യമാണ്.

12 മുതല്‍ 20 വരെ കലാകാരന്മാര്‍ അടങ്ങുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. തുല്യ എണ്ണം ആണും പെണ്ണും ഓരോ സംഘത്തിലുമുണ്ടാകും. ആണുങ്ങള്‍ പിന്‍ഭാഗത്ത് വലിയ തൂവലുകള്‍ വച്ചു കെട്ടി അലങ്കരിച്ചിരിക്കും. അവരുടെ കണങ്കയ്യിലും മറ്റും നിരവധി മണികളും മറ്റും കെട്ടിയിട്ടുമുണ്ടാകും. സെന്‍ഗെന്യ ആണ് ലക്ഷണമൊത്ത ഒരു ഡീഗോ നൃത്തം. മ്സുംബാനോ ഡീഗോ നൃത്തത്തിന്റെ ഒരു പാഠഭേദമാണ്. ഡീഗോ നൃത്തത്തിന് തടികൊണ്ടുണ്ടാക്കിയ വലിയ കൊട്ടു വാദ്യവും വലിയ കുഴലുകളുമാണ് അകമ്പടിയായുളളത്. കിവോട്ട് എന്നറിയപ്പെടുന്ന പുല്ലാങ്കുഴലും കയാമ്പ എന്നറിയപ്പെടുന്ന കൈമണിയും ഇതിന്റെ അകമ്പടി വാദ്യങ്ങളിലുള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍