This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീക്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീക്കന്‍

Decaon

ക്രൈസ്തവസഭയില്‍ പുരോഹിതനു തൊട്ടുതാഴെയുള്ള ഒരു പദവി. സഹായി, ദാസന്‍ എന്നീ അര്‍ഥങ്ങളുള്ള 'ദിക്കനോസ്' (diakonos) എന്ന ഗ്രീക്കുപദത്തില്‍ നിന്നുമാണ് ഡീക്കന്‍ എന്ന പദം നിഷ്പന്നമായിട്ടുള്ളത്.

ക്രൈസ്തവസഭയുടെ ആരംഭകാലം മുതല്‍ തന്നെ ഡീക്കന്‍ പദവിയും ഉണ്ടായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ബൈബിളിലെ പുതിയ നിയമത്തിന്റെ ഭാഗമായ 'അപ്പോസ്തല പ്രവൃത്തികളില്‍' ഇതിനെ സംബന്ധിച്ച പരാമര്‍ശമുണ്ട് (Acts 6:16) ജെറുസലേമിലെ ക്രൈസ്തവരുടെ സംഖ്യ വര്‍ധിച്ചപ്പോള്‍ ഗ്രീക്കുകാരായ ക്രൈസ്തവര്‍ യഹൂദരായ ക്രൈസ്തവര്‍ക്കെതിരായി പരാതികള്‍ ഉയര്‍ത്തി. പ്രതിദിന സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നു എന്നാണ് ഗ്രീക്കുകാര്‍ ഉന്നയിച്ച പ്രധാനപരാതി. ഈ പരാതി പരിഹരിക്കുന്നതിനു വേണ്ടി അപ്പോസ്തലന്മാര്‍ സല്‍സ്വഭാവികളും ആദരണീയരും ദൈവാത്മാവു കൊണ്ടു നിറഞ്ഞവരും വിജ്ഞാനികളും ആയ ഏഴുപേരെ തിരഞ്ഞെടുത്തു. ഇവരാണ് ആദ്യത്തെ ഡീക്കന്മാര്‍ എന്നു വിശ്വസിക്കപ്പെടുന്നു. അപ്പോസ്തലന്മാരെക്കാള്‍ അല്പം താണപദവിയാണ് ഡീക്കന്മാര്‍ക്ക് നല്‍കപ്പെട്ടിരുന്നത്. ഏഴുപേരില്‍ ഒരാളായ ഫിലിപ്പ് പില്ക്കാലത്ത് പാലസ്തീനിലെ കേസറിയയില്‍ താമസമുറപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് സുവിശേഷകന്‍ (Evangelist) എന്നും സ്ഥാനപ്പേരുണ്ടായിരുന്നു (Acts 2:8) സുവിശേഷകര്‍ക്ക് മറ്റുള്ളവരുടെ മേല്‍ കൈവയ്ക്കുന്നതിനുള്ള അധികാരം നല്‍കിയിരുന്നില്ല. (Acts 8: 1417) ഈ അധികാരം അപ്പോസ്തലന്മാര്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം ഡീക്കന്മാര്‍ക്കു തന്നെയായിരുന്നു. സേവിക്കുവാന്‍ വേണ്ടിയാണ് നിയോഗിക്കപ്പെട്ടതെങ്കിലും ഡീക്കന്മാര്‍ക്ക് സഭയുടെ ഭരണകാര്യത്തിലും പങ്കാളിത്തമുണ്ടായിരുന്നു.

2-ാം ശ. -ത്തിനുശേഷം സഭ സംഘടിതമായിത്തീര്‍ന്നതോടെ ഡീക്കന്മാര്‍ ഒരു പ്രത്യേകവിഭാഗമായി മാറി. ബിഷപ്പുമാര്‍, പുരോഹിതര്‍ എന്നിവര്‍ക്കു തൊട്ടുതാഴെയുള്ള പദവിയാണ് അവര്‍ക്കു ലഭിച്ചത്. ദേവാലയ നടത്തിപ്പില്‍ പുരോഹിതരെ സഹായിക്കുക എന്നതായിരുന്നു അവരുടെ മുഖ്യചുമതല. മതപരമായ ചുമതലകള്‍ക്കുപുറമേ, സാധുജനസംരക്ഷണം മുതലായ ദീനാനുകമ്പാപ്രവര്‍ത്തനങ്ങള്‍ക്കും ഡീക്കന്‍ നേതൃത്വം നല്‍കിയിരുന്നു. ദേവാലയസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ചുമതലയും ഡീക്കന്മാരെ ഏല്പിച്ചിരുന്നു. മാര്‍പ്പാപ്പയുടെ പ്രതിനിധിയെന്നവണ്ണം ക്രൈസ്തവസ്ഥാപനങ്ങള്‍ പരിശോധിക്കുക, മാര്‍പ്പാപ്പയുടെയും ബിഷപ്പുമാരുടെയും ഉപദേഷ്ടാക്കളായി പ്രവര്‍ത്തിക്കുക, മാര്‍പ്പാപ്പയുടെ നയതന്ത്രപ്രതിനിധികളായി വിവിധരാജ്യങ്ങളിലേക്കു പോകുക തുടങ്ങിയ ചുമതലകളും ഡീക്കന്മാര്‍ നിര്‍വഹിച്ചു. കത്തോലിക്കാ പൌരോഹിത്യ ശ്രേണിയില്‍ ബിഷപ്പ്, പുരോഹിതന്‍ എന്നിവര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം നല്‍കേണ്ടത് ഡീക്കനാണെന്ന് 325-ല്‍ കൂടിയ നിഖ്യാസൂനഹദോസ് പ്രഖ്യാപിച്ചിരുന്നു. 1917 വരെ അവര്‍ക്കു പാസ്റ്റര്‍ എന്ന പദവിയും നല്‍കിയിരുന്നു. മാമ്മോദീസാ നല്‍കുന്നതിനും, അള്‍ത്താരയില്‍ നിന്നുകൊണ്ട് ദൈവവചന പ്രഘോഷണം നടത്തുന്നതിനും ഡീക്കന്‍ പട്ടം ലഭിച്ച ആള്‍ക്ക് അധികാരമുണ്ട്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍