This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി.സി.ബുക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡി. സി. ബുക്സ്

കേരളത്തിലെ പുസ്തക പ്രസിദ്ധീകരണ സ്ഥാപനം. സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ഡി. സി. കിഴക്കേമുറി 1974 ആഗ. 29-ന് കോട്ടയത്തു സ്ഥാപിച്ചു. 1976-ല്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1990-ല്‍ ഡി.ടി.പി. ഓഫ്സെറ്റ് സംവിധാനമുള്‍പ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഡി. സി. ബുക്സ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്യപ്പെട്ടു. 1998 ആഗ. 8-ന് ഇതിന്റെ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. കറന്റ് ബുക്സ് സഹോദരസ്ഥാപനമാണ്.

ഡി.സി.കിഴക്കേമുറി

ടി. രാമലിംഗം പിള്ളയുടെ ശൈലീനിഘണ്ടുവാണ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ആദ്യകൃതി. തുടര്‍ന്ന് നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍, പ്രാചീന കൃതികള്‍, സമ്പൂര്‍ണകൃതികള്‍, പുസ്തക പരമ്പരകള്‍ തുടങ്ങി 6020 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു (2003 ജൂല.). ടി. രാമലിംഗംപിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം നിഘണ്ടു (3-വാല്യം), മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഹിന്ദി-മലയാളം നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു, ശബ്ദസാഗരം (4 വാല്യം), ഗുണ്ടര്‍ട്ട് നിഘണ്ടു എന്നിവയാണ് ഡി. സി. ബുക്സ് പ്രസാധനം ചെയ്ത പ്രധാന നിഘണ്ടുക്കള്‍. അഖിലവിജ്ഞാനകോശം (4 വാല്യം), ഭാരതവിജ്ഞാനകോശം (3 വാല്യം) എന്നിവയാണ് വിജ്ഞാനകോശങ്ങള്‍. അഖിലവിജ്ഞാനകോശത്തിന്റെ പരിഷ്കരിച്ച പതിപ്പിനോടൊപ്പം അതിന്റെ സി.ഡി-റോം കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003-ല്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ സംഗ്രഹീത മലയാളം പതിപ്പ് (3 വാല്യം) പുറത്തിറക്കി.

1990-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഡി.സി.ബുക്സ് കോംപ്ലക്സ്-കോട്ടയം

സംക്ഷേപ വേദാര്‍ഥത്തിന്റെ പുതിയ പതിപ്പ്, വര്‍ത്തമാനപ്പുസ്തകത്തിന്റെ ആധുനിക ഭാഷാന്തരണത്തോടൊപ്പമുള്ള പതിപ്പ്, ബൃഹദാരണ്യകോപനിഷത്ത് (3 വാല്യം), ഋഗ്വേദം ഭാഷാഭാഷ്യം എന്നിവയാണ് ചില അമൂല്യ കൃതികള്‍. സമ്പൂര്‍ണകൃതികളില്‍ ബഷീറിന്റെ സമ്പൂര്‍ണകൃതികള്‍, കുമാരനാശാന്റെ പദ്യകൃതികള്‍, ഇ. വി കൃതികള്‍, വയലാര്‍ കൃതികള്‍, വി. ടി.യുടെ സമ്പൂര്‍ണകൃതികള്‍, ഷെയ്ക്സ്പിയറിന്റെ സമ്പൂര്‍ണകൃതികള്‍ എന്നിവ ശ്രദ്ധേയമാണ്. ലോകരാഷ്ട്രങ്ങള്‍ (31 വാല്യം), നാം ജീവിക്കുന്ന ലോകം (36 വാല്യം), വിശ്വസാഹിത്യമാല (128 വാല്യം), മഹച്ചരിതമാല (144 വാല്യം) എന്നിവയാണ് പ്രധാന പുസ്തക പരമ്പരകള്‍. 1974 മുതല്‍ ഡി. സി. ബി. ന്യൂസ് എന്ന പേരില്‍ ഒരു ബുള്ളറ്റിനും 2002 ജനു. മുതല്‍ പച്ചക്കുതിര എന്ന സാഹിത്യ-സാംസ്കാരിക ത്രൈമാസികയും പ്രസിദ്ധീകരിച്ചുവരുന്നു.

മികച്ച പുസ്തക നിര്‍മിതിക്കുള്ള കേരള ഗവണ്‍മെന്റ് അവാര്‍ഡ്, ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് അവാര്‍ഡ് എന്നിവ ഡി. സി. ബുക്സിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍