This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്ലെക്സിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസ് ലെക്സിയ

Dyslexia

വായിക്കുവാനും എഴുതുവാനും ഉള്ള ശേഷിക്കുറവ്. ഇതിനെ പഠനശേഷിക്കുറവ് എന്നും പറയുന്നു. ഡിസ്ലെക്സിയ എന്ന ഗ്രീക്കുപദത്തിന് വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് എന്നാണര്‍ഥം. മറ്റു ബുദ്ധിമുട്ടുകളെ സൂചിപ്പിക്കാനും ഈ പദം പ്രയോഗിച്ചുവരുന്നു. മസ്തിഷ്ക പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുകളാണ് ഡിസ് ലെക്സിയയ്ക്ക് കാരണമാകുന്നത്.

ഡിസ്ലെക്സിയ ബാധിച്ച കുട്ടികള്‍ക്ക് ബുദ്ധിശക്തിക്ക് കുറവ് ഉണ്ടാകാറില്ല. പഠനം നിര്‍വഹിക്കുവാന്‍ മസ്തിഷ്കത്തിലെ വ്യത്യസ്ത കോശങ്ങളുടെ സംയോജിത പ്രവര്‍ത്തനം ആവശ്യമാണ്. ഈ സംയോജിത പ്രവര്‍ത്തനത്തിനു തകരാറുകള്‍ സംഭവിക്കുമ്പോഴാണ് ഡിസ്ലെക്സിയ ഉണ്ടാകുന്നത്. വായന, എഴുത്ത്, അക്ഷരവിന്യാസം, കണക്കുകൂട്ടല്‍ തുടങ്ങിയ കഴിവുകള്‍ സ്വായത്തമാക്കുവാന്‍ തന്മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ഡിസ്ലെക്സിയ രോഗിയുടെ മസ്തിഷ്കകോശങ്ങളുടെ ക്രമീകരണവും പ്രവര്‍ത്തനവും മറ്റു വ്യക്തികളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഇത് ജനിതകപരമോ പരിസ്ഥിതിപരമോ ആയ കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. 85 ശ. മാ. ഡിസ്ലെക്സിയ രോഗികളുടേയും അടുത്തബന്ധുക്കള്‍ക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആണ്‍കുട്ടികളിലാണ് ഈ വൈകല്യം കൂടുതലായി കാണപ്പെടുന്നത്. ഈ വൈകല്യമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അനുപാതം 3:1 ആണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അപകടവും രോഗവും വഴി തലച്ചോറില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍മൂലവും, ഗര്‍ഭകാലത്തും പ്രസവസമയത്തും പ്രസവത്തിനു തൊട്ടുപിമ്പെയുമുള്ള വൈറല്‍ അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവ നിമിത്തവും ഡിസ്ലെക്സിയ ഉണ്ടാകാവുന്നതാണ്.

ചിത്രരചനയും സംഗീതവും പോലെ അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നതു മസ്തിഷ്കത്തിന്റെ വലത്തേ അര്‍ധഗോളമാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അര്‍ധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേള്‍ക്കുകയും വഴിയുള്ള ഉള്‍ക്കൊള്ളലും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇവിടെത്തന്നെ. വലത്തേ അര്‍ധഗോളത്തിലും ഒരു ചെറിയ 'ഭാഷാ കേന്ദ്രം' ഉണ്ട്. ദൃശ്യവും ശ്രാവ്യവുമായ സന്ദേശങ്ങള്‍ വിവിധ ഭാഗങ്ങളിലായി അപഗ്രഥിച്ചു തിരിച്ചറിയുകയാണ് ഭാഷ ഉപയോഗിക്കുമ്പോള്‍ മസ്തിഷ്കം ചെയ്യുന്നത്. ഡിസ്ലെക്സിക് മസ്തിഷ്കങ്ങള്‍ 'ഭാഷാകേന്ദ്ര'ങ്ങളുടെ കാര്യത്തില്‍ ആന്തരഘടനയില്‍ വ്യത്യസ്തമാണ്. ഇതുമൂലം സന്ദേശങ്ങള്‍ വേണ്ടവിധം അപഗ്രഥിക്കാനും പ്രതികരിക്കാനും അവര്‍ക്കു കഴിയാതെവരുന്നു. ഇതു പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

ഡിസ് ലെക്സിയ നേരത്തെ കണ്ടെത്തി കുട്ടിക്ക് ആവശ്യമായ സഹായം നല്‍കിയില്ലെങ്കില്‍ ഇത് പെരുമാറ്റ വൈകല്യങ്ങള്‍ക്കും കാരണമാവും. പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെടുകയും സ്കൂള്‍ ഒരു തടവറയായി കുട്ടിക്ക് തോന്നുകയും ചെയ്യും. ഡിസ്ലെക്സിയ ബാധിച്ച കുട്ടികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനാല്‍ അവര്‍ വീട്ടിലും സ്കൂളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ടെലിവിഷനോടുള്ള അടിമത്തം ഈ കുട്ടികള്‍ക്ക് ഒരു രക്ഷാമാര്‍ഗമാണ്. പരാജയത്തിന്റെ തീവ്രത കുറയ്ക്കാന്‍ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരില്‍ സാധാരണമാണ്. കാലക്രമേണ ഇവര്‍ മുന്‍കോപികളും പ്രക്ഷോഭകാരികളുമായി മാറുന്നു. ആത്മനിന്ദ കുറയ്ക്കാനുള്ള മാര്‍ഗമായിട്ടാണ് ഇവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കാണുന്നത്.

അധ്യാപകരാണ് സാധാരണയായി ഡിസ്ലെക്സിയ കണ്ടെത്തുന്നത്. കുട്ടികളുടെ കഴിവുകള്‍ താരതമ്യം ചെയ്യുവാനും, പഠനശേഷി വിലയിരുത്തുവാനും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അവസരം അവര്‍ക്കു ലഭിക്കുന്നതാവാം ഇതിന് കാരണം.

മനഃശാസ്ത്രജ്ഞന്‍, ശിശുരോഗവിദഗ്ധന്‍, മനോരോഗചികിത്സകന്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, സ്പീച്ച് തെറാപിസ്റ്റ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഡിസ്ലെക്സിയ സംബന്ധിച്ചുള്ള പരിശോധനകള്‍ നടത്തുന്നത്. ഇവര്‍ കുട്ടികളുടെ ശാരീരിക മാനസികശേഷി, കാഴ്ചശക്തി, കേള്‍വിശക്തി, ഐ.ക്യൂ., വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍, മറ്റു കഴിവുകള്‍ എന്നിവ പരിശോധിക്കുന്നു. വായിക്കാനും അക്ഷരവിന്യാസം മനസ്സിലാക്കാനും കണക്കുക്കൂട്ടാനുമുള്ള കുട്ടികളുടെ കഴിവുകള്‍ അളന്നും നിരീക്ഷണം നടത്തിയും ദീര്‍ഘസംഭാഷണത്തിനു വിധേയമാക്കിയും തെറ്റുകളുടെ അപഗ്രഥനം നടത്തിയുമാണ് ഡിസ്ലെക്സിയയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നത്.

ഡിസ്ലെക്സിക്ക് കുട്ടികള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാന്‍ സ്കൂളുകള്‍ തയ്യാറാകണം. ഒന്നില്‍ക്കൂടുതല്‍ ഭാഷ പഠിക്കുന്നതില്‍നിന്ന് ഇവരെ ഒഴിവാക്കുക, എഴുത്തു പരീക്ഷയില്‍ കേട്ടെഴുത്തുകാരെ ഉപയോഗിക്കാന്‍ ഇവരെ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കാവുന്നതാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഈ സമ്പ്രദായം നിലവില്‍വന്നു കഴിഞ്ഞിട്ടുണ്ട്.

കുട്ടികളില്‍ ആത്മവിശ്വാസവും മതിപ്പും വര്‍ധിപ്പിക്കുവാന്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് സ്നേഹവും പ്രത്യേകപരിഗണനയും നല്‍കുകയും അവരുടെ കഴിവുകള്‍ കണ്ടെത്തി അതു വികസിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുകയുമാണ് ഡിസ്ലെക്സിയ പരിഹരിക്കാനുള്ള മാര്‍ഗം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ലിയൊനാര്‍ഡോ ഡാവിഞ്ചി, തോമസ് ആല്‍വാ എഡിസന്‍, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നീ മഹാന്മാരെല്ലാം ഡിസ് ലെക്സിയയെ വിജയകരമായി നേരിട്ടവരാണ്.

ഹൈദരാബാദ്, സിക്കന്ദരാബാദ്, ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ പല സ്ഥലങ്ങളിലും ഡിസ്ലെക്സിക്കുകളുടെ സഹായത്തിനായി പ്രത്യേക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ കൊച്ചിയിലും തൃശൂരുമാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍