This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്ക് പ്രൊലാപ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസ്ക് പ്രൊലാപ്സ്

Disc Prolapse

നട്ടെല്ലിനുണ്ടാവുന്ന ഒരു തകരാറ്. നട്ടെല്ലിലെ കശേരുക്കള്‍ക്കിടയിലുളള തളിക പോലെ പരന്ന തരുണാസ്ഥിയായ ഡിസ്കിനു ക്ഷതമേല്‍ക്കുമ്പോള്‍ അകത്തെ മജ്ജയ്ക്ക് സ്ഥാനഭ്രംശം സംഭവിച്ച് അതു പുറത്തേക്ക് തള്ളിവരുന്നു. ഡിസ്ക് പ്രൊലാപ്സ് വളരെ വേദനാജനകമായ ഒരവസ്ഥയാണ്.

95 ശ. മാ. ഡിസ്ക് പ്രൊലാപ്സും നട്ടെല്ലിന്റെ താഴത്തെ ഭാഗത്താണ് സംഭവിക്കുക. എന്നാല്‍ കഴുത്തിലോ നട്ടെല്ലിന്റെ മറ്റു ഭാഗങ്ങളിലോ പ്രൊലാപ്സ് ഉണ്ടാവാനുളള സാധ്യതയും വിരളമല്ല. പ്രായം കൂടുന്നതനുസരിച്ച് ഡിസ്കുകള്‍ക്കു സ്വാഭാവികമായുണ്ടാവുന്ന തേയ്മാനം മൂലമാണ് സാധാരണ ഈ രോഗം ഉണ്ടാവുന്നത്. വളരെ വലിയ ഭാരം പെട്ടെന്നു എടുത്തു പൊക്കുന്നതും വല്ലാതെ തിരിയുകയോ പിരിയുകയോ ചെയ്യുന്നതും ഡിസ്ക് പ്രൊലാപ്സിനു കാരണമാകാം. 30-നും 40-നും ഇടയ്ക്ക് പ്രായമുളളവരിലാണ് ഡിസ്ക് പ്രൊലാപ്സ് സാധാരണം. ഈ പ്രായത്തില്‍ ഡിസ്കുകള്‍ നിര്‍ജലീകരണത്തിന് വിധേയമായി വഴക്കമില്ലാതായിത്തീരുന്നു. 40-നു ശേഷം ഡിസ്കുകള്‍ക്കു ചുറ്റും കൂടുതല്‍ തന്തുകലകള്‍ രൂപീകൃതമാവുന്നതിനാല്‍ ശക്തി വര്‍ധിക്കുന്നു.

വളരെ നേരം ഇരുന്നു ജോലികളിലേര്‍പ്പെടുന്നവര്‍ക്ക് ഡിസ്ക് പ്രൊലാപ്സിനുളള സാധ്യതയേറും. നട്ടെല്ലിന്റെ താഴെയുളള ഡിസ്കുകള്‍ക്കുണ്ടാവുന്ന പ്രൊലാപ്സ് മൂലം നിതംബ നാഡിക്ക് (Sciatic nerve) സങ്കോചമുണ്ടാവുന്നതിനാല്‍ നിതംബം മുതല്‍ ഉപ്പൂറ്റി വരെ വേദന അനുഭവപ്പെടുന്നു. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുക, കുനിയുക, ഏറെ സമയം ഇരിക്കുക തുടങ്ങിയവയെല്ലാം വേദന വര്‍ധിക്കാനുളള സാഹചര്യമൊരുക്കാറുണ്ട്. കഴുത്തിലുണ്ടാവുന്ന പ്രൊലാപ്സ് മൂലം വേദനയോടൊപ്പം കഴുത്തു തിരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. കൈകളിലേക്ക് പോകുന്ന ഞരമ്പുകള്‍ സങ്കോചിക്കുകയാണെങ്കില്‍ കൈകള്‍ക്കും വേദനയുണ്ടാകും. നട്ടെല്ലില്‍ തന്നെ സമ്മര്‍ദം ഉണ്ടാവുകയാണെങ്കില്‍ കാലുകള്‍ക്ക് ബലക്ഷയമുണ്ടാവുകയും മലമൂത്ര വിസര്‍ജനത്തിന്മേലുളള നിയന്ത്രണം നഷ്ടമാവുകയും ചെയ്യുന്നു. വേദന സംഹാരികള്‍ ഉപയോഗിക്കുക, പലകക്കട്ടിലില്‍ നിവര്‍ന്നു കിടക്കുക, കഴുത്തു പട്ടയോ, മാര്‍ച്ചട്ടയോ ധരിക്കുക, പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുക എന്നിവയാണ് സാധാരണ ചികിത്സാക്രമങ്ങള്‍, ഗുരുതരാവസ്ഥകളില്‍ ക്ഷതമേറ്റ ഡിസ്ക് ശസ്ത്രക്രിയ ചെയ്തു നീക്കാറുണ്ട്. നോ : നടുവേദന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍