This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിസ്കൌണ്ട് ഹൌസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിസ്കൗണ്ട് ഹൗസ്
Discount House
ലണ്ടന്‍ പണവിപണിയിലെ സവിശേഷ സ്ഥാപനം. ഇംഗ്ലീഷ് ബാങ്കിങ് സമ്പ്രദായത്തിന്റെ പ്രത്യേകതയായ ലണ്ടന്‍ ഡിസ്കൗണ്ട് വിപണിയില്‍, 12 ഡിസ്കൗണ്ട് ഹൗസുകളുണ്ട്. അലക്സാന്‍ഡേഴ്സ് ഡിസ്കൗണ്ട് കമ്പനി ലിമിറ്റഡ്, ഗില്ലറ്റ് ബ്രദേഴ്സ് ഡിസ്കൗണ്ട് കമ്പനി, ദ് നാഷണല്‍ ഡിസ്കൗണ്ട് കമ്പനി ലിമിറ്റഡ് എന്നിവയാണ് പ്രമുഖ സ്ഥാപനങ്ങള്‍. 1867-ല്‍ സ്ഥാപിതമായ ഗില്ലറ്റ് ബ്രദേഴ്സ് ഡിസ്കൗണ്ട് കമ്പനി ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. വാണിജ്യവിനിമയ ബില്ലുകള്‍, ബ്രിട്ടിഷ് ഗവണ്‍മെന്റ് ട്രഷറി ബില്ലുകള്‍, മറ്റ് ദീര്‍ഘകാല സെക്യൂരിറ്റികള്‍ എന്നിവയുടെ വ്യാപാരം നടത്തുക എന്നതാണ് ഡിസ്കൌണ്ട് സ്ഥാപനങ്ങളുടെ മുഖ്യധര്‍മം. വായ്പ വാങ്ങിയ തുക ഹ്രസ്വമായ ഒരു നിശ്ചിതകാലാവധിക്കുശേഷം തിരികെ നല്‍കാമെന്നുള്ള ബ്രിട്ടിഷ് സര്‍ക്കാറിന്റെ വാഗ്ദത്ത പത്രമാണ് ട്രഷറി ബില്‍.
പരിമിതമായ മൂലധനം ഉപയോഗിച്ചുകൊണ്ടാണ് ഡിസ്കൗണ്ട് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത്. വാണിജ്യ ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന വായ്പകളിലൂടെയാണ് ഡിസ്കൗണ്ട് ഹൗസുകള്‍ പ്രധാനമായും മൂലധനം സമാഹരിക്കുന്നത്. വാണിജ്യബാങ്കുകള്‍ നല്‍കുന്ന, ഏതു സമയവും തിരിച്ചുവിളിക്കാവുന്ന വായ്പ കാള്‍മണി വായ്പ എന്നറിയപ്പെടുന്നു. ബാങ്ക് ആവശ്യപ്പെടുമ്പോള്‍ തിരികെ കൊടുക്കാമെന്ന കരാറില്‍ ഡിസ്കൗണ്ട് ഹൗസുകള്‍ എടുക്കുന്ന ഈ വായ്പകള്‍, ബാങ്കുകളുടെ ഫണ്ടുകള്‍ക്ക് ദ്രവത്വ (liquidity)വും പലിശയും ഒരേ സമയം പ്രദാനം ചെയ്യുന്നു. വളരെ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകള്‍ ഇത്തരം വായ്പകള്‍ക്ക് ഈടാക്കുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് തങ്ങളുടെ പക്കലുള്ള അധിക കരുതല്‍ ധനം ഏറ്റവും ആദായകരമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നു എന്നതാണ് ഈ വായ്പകളുടെ മെച്ചം. ചില പ്രത്യേകഘട്ടങ്ങളില്‍ അന്തിമ വായ്പാകേന്ദ്രമായ ബാങ്ക് ഒഫ് ഇംഗ്ലണ്ടില്‍ നിന്നും വായ്പ എടുക്കാറുണ്ട്. വാണിജ്യബാങ്കുകള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ പിന്‍വലിക്കുകയും ഡിസ്കൗണ്ട് വിപണിയില്‍ കമ്മി ഉണ്ടാവുകയും ചെയ്യുമ്പോള്‍, ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്റെ വായ്പകളിലൂടെ അത് നികത്തുന്നു. ഡിസ്കൗണ്ട് ഹൗസുകള്‍ സ്വീകരിക്കുന്ന ഈ വായ്പകള്‍ പരോക്ഷമായി, വാണിജ്യബാങ്കുകളുടെ സാമ്പത്തിക വിഭവശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വാണിജ്യ ബാങ്കുകളും ബാങ്ക് ഒഫ് ഇംഗ്ലണ്ടും തമ്മില്‍ നേരിട്ടു ബന്ധപ്പെടുന്നില്ല എന്നതാണ് ബ്രിട്ടിഷ് ബാങ്കിങ് സമ്പ്രദായത്തിന്റെ ഒരു പ്രത്യേകത. ബാങ്ക് ഒഫ് ഇംഗ്ലണ്ടുമായുള്ള പരോക്ഷബന്ധത്തിലെ കണ്ണി ഡിസ്കൗണ്ട് ഹൗസുകളാണ്.
വിനിമയ ബില്ലുകള്‍, ട്രഷറി ബില്ലുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവ ഡിസ്കൗണ്ട് ചെയ്തു വാങ്ങുകയാണ് ഡിസ്കൗണ്ട് ഹൗസുകളുടെ മുഖ്യധര്‍മം. വ്യാപാരികള്‍ക്ക്, ചരക്കു വാങ്ങിയവരില്‍നിന്ന് പണം കിട്ടാന്‍ താമസം നേരിടുമ്പോള്‍, വിനിമയ ബില്‍ ഡിസ്കൗണ്ട് ചെയ്തു പണം കൊടുക്കുന്നത് ഡിസ്കൗണ്ട് ഹൗസുകളാണ്. പ്രതിഫലമായി ബില്ലിന്റെ മുഖവിലയില്‍ നിന്ന് ഡിസ്കൌണ്ട് തുക കിഴിക്കുന്നു. ബില്‍ കാലപൂര്‍ണത (maturity) എത്തുന്നതിനു വേണ്ട ദിവസങ്ങളിലേക്കുള്ള പലിശ കണക്കാക്കി ബില്ലിന്റെ മുഖവിലയില്‍നിന്നു കിഴിച്ച് ബാക്കി തുക നല്‍കി ബില്ലിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നതിനാണ് ഡിസ്കൌണ്ട് ചെയ്യുക എന്നു പറയുന്നത്. കാലപൂര്‍ണത എത്തുമ്പോള്‍ ബില്‍ ആരുടെ കൈവശം ഇരിക്കുന്നുവോ, അയാള്‍ക്ക് ബില്‍ എഴുതിയ ആള്‍ പണം കൊടുക്കാന്‍ ബാധ്യസ്ഥനാണ്. വ്യാപാരികളില്‍നിന്നു വാങ്ങുന്ന വിനിമയ ബില്ലുകള്‍ ബാങ്കുകളില്‍ ഹാജരാക്കിയിട്ടാണ് ഡിസ്കൗണ്ട് ഹൗസുകള്‍ വായ്പയെടുക്കുന്നത്. ഈ ഇടപാടില്‍ ബാങ്കുകള്‍ക്കും ലാഭമുണ്ടാകുന്നു. ക്രേതാക്കള്‍ക്കും വിക്രേതാക്കള്‍ക്കുമുണ്ടാകുന്ന വൈഷമ്യങ്ങള്‍ പരിഹരിക്കാന്‍ ഡിസ്കൗണ്ടിങ് സേവനത്തിലൂടെ കഴിയുന്നു. മാത്രവുമല്ല, പണമടയ്ക്കുന്നതിന് ക്രേതാക്കള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യും.
വിനിമയ ബില്ലുകളുടെ ഇടപാടുകളില്‍ മാന്ദ്യം സംഭവിച്ചതോടെ, ഡിസ്കൗണ്ട് ഹൗസുകള്‍ ട്രഷറി ബില്ലുകളുടെ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്രിട്ടിഷ് ഗവണ്‍മെന്റ് പുറപ്പെടുവിക്കുന്ന ഹ്രസ്വകാല ട്രഷറി ബില്ലുകളുടെ കാലാവധി 91 ദിവസമാണ്. വാണിജ്യബാങ്കുകള്‍ ഡിസ്കൗണ്ടു ഹൗസുകളില്‍ നിന്നുമാണ് സാധാരണയായി ട്രഷറി ബില്ലുകള്‍ വാങ്ങുന്നത്. ട്രഷറി ബില്ലുകളുടെ കാര്യത്തിലും വാണിജ്യബാങ്കുകളുടെ അധിക കരുതല്‍ ധനം ലാഭകരമായി നിക്ഷേപിക്കാന്‍ ഡിസ്കൗണ്ട് വിപണി സഹായകരമാവുന്നു.
1930-കളിലെ സാമ്പത്തിക കുഴപ്പങ്ങളെത്തുടര്‍ന്ന്, വിനിമയബില്ലുകളില്‍നിന്നും ട്രഷറി ബില്ലുകളില്‍ നിന്നുമുള്ള വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ഈ നഷ്ടം നികത്തുന്നതിനു വേണ്ടി ഡിസ്കൗണ്ട് ഹൌസുകള്‍ ഹ്രസ്വകാല ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ വ്യാപാരത്തിലേക്കു തിരിഞ്ഞു. സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ കുറവുണ്ടാകുമ്പോഴും പൊതുമേഖലാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണത്തിന് ദൗര്‍ലഭ്യം നേരിടുമ്പോഴും, സര്‍ക്കാര്‍ ബോണ്ടുകള്‍ ഇറക്കാറുണ്ട്. ഈ ബോണ്ടുകള്‍ വാങ്ങുന്നതിലൂടെ, ഡിസ്കൗണ്ട് ഹൗസുകള്‍ സര്‍ക്കാറിനെ സാമ്പത്തികമായി സഹായിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തര ഘട്ടത്തില്‍ ഡിസ്കൗണ്ട് ഹൗസുകളുടെ ഏറ്റവും പ്രധാന വ്യാപാരമേഖലയായി വികസിച്ചത് ഇത്തരം ബോണ്ടുകളിലുള്ള നിക്ഷേപമാണ്. എന്നാല്‍, വിനിമയ ബില്ലുകളുടെ ഇടപാടുകളെ അപേക്ഷിച്ച്, ബോണ്ടുകളിലുള്ള വ്യാപാരത്തിന് കൂടുതല്‍ കെട്ടുറപ്പുള്ളതും ഭദ്രവുമായ മൂലധനഘടന ആവശ്യമായിരുന്നു. അതിനാല്‍, പല ഡിസ്കൗണ്ട് ഹൗസുകളും പരസ്പരം സംയോജിച്ചുകൊണ്ട് അവയുടെ സാമ്പത്തികഭദ്രത കൂടുതല്‍ ദൃഢമാക്കുകയുണ്ടായി.
ചുരുക്കത്തില്‍, ഡിസ്കൗണ്ട് വിപണിയും ഡിസ്കൗണ്ട് ഹൗസുകളും ബ്രിട്ടിഷ് പണകമ്പോളത്തില്‍ വിലപ്പെട്ട സേവനങ്ങളാണ് അനുഷ്ഠിക്കുന്നത്. ഡിസ്കൗണ്ട് വിപണിയുടെ ആവിര്‍ഭാവത്തിനു കാരണമായ ചരിത്രസാഹചര്യങ്ങള്‍ ഇന്നു നിലനില്‍ക്കുന്നില്ല എന്നതൊരു വസ്തുതയാണ്. എങ്കിലും ഈ വിപണിയുടെ പ്രയോജനം ഇപ്പോഴും ഇടപാടുപകാര്‍ക്കു ലഭിക്കുന്നുണ്ട്. ലണ്ടന്‍ പണവിപണിക്ക് ആഗോള പണകമ്പോളത്തിലുണ്ടായിരുന്ന പ്രാമുഖ്യം നഷ്ടമായതാണ്, ഡിസ്കൗണ്ട് ഹൗസുകള്‍ക്കുണ്ടായ ഏറ്റവും വലിയ ആഘാതം. അന്താരാഷ്ട്ര വാണിജ്യബന്ധങ്ങള്‍ കൂടുതല്‍ ഉദാരവും സ്വതന്ത്രവുമാകുന്ന പശ്ചാത്തലത്തില്‍ വാണിജ്യബില്ലുകളുടെ പ്രചാരം വര്‍ധിക്കുമെന്നാണ് ചില ധനതത്ത്വശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. അത് ഡിസ്കൗണ്ട് ഹൗസുകളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യയിലെ ബാങ്കിങ് സമ്പ്രദായത്തില്‍ ഡിസ്കൗണ്ട് ഹൗസുകള്‍ നിലവിലില്ല.
കമ്പനി വിലയേക്കാള്‍ കുറച്ച് ഉത്പന്നങ്ങള്‍ വില്ക്കുന്ന വ്യാപാരസ്ഥാപനങ്ങളേയും ഡിസ്കൗണ്ട് ഹൗസുകള്‍ എന്നു വിളിക്കാറുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുവേണ്ടി, ചില്ലറ വ്യാപാരികള്‍ ഡിസ്കൗണ്ട് നല്‍കുന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ മാത്രം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥവിലയില്‍ നിന്നും ആകര്‍ഷകമായ കിഴിവ് നല്‍കി വരുന്നു. രണ്ടാം ലോക യുദ്ധത്തെത്തുടര്‍ന്ന്, കമ്പനി വിലയ്ക്കുതന്നെ സാധനങ്ങള്‍ വില്‍ക്കണമെന്നുള്ള വ്യാപാരനിയമങ്ങള്‍ തകര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഡിസ്കൗണ്ട് ഹൗസുകള്‍ പ്രചാരത്തില്‍വന്നത്.