This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസംബറിസ്റ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസംബറിസ്റ്റുകള്‍

Decembrists

റഷ്യയില്‍ 19-ാം ശ.-ത്തില്‍ രൂപംകൊണ്ട പരിഷ്കരണവാദികളുടെ സംഘം. സാര്‍ ചക്രവര്‍ത്തിമാരുടെ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് രാഷ്ട്രീയവും സാമൂഹികവുമായ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ചക്രവര്‍ത്തിയായിരുന്ന സാര്‍ അലക്സാണ്ടര്‍ Iന്റെ മരണത്തെ തുടര്‍ന്ന് 1825-ലുണ്ടായ അനിശ്ചിതാവസ്ഥ മുതലെടുത്ത് ഇവര്‍ കലാപത്തിനു മുതിര്‍ന്നു. നിക്കോളാസ്- I ഭരണാധിപനാകുന്നതു തടഞ്ഞുകൊണ്ട് തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഇവര്‍ പരിപാടിയിട്ടത്. പക്ഷേ, ഇത് വിജയപ്രദമായില്ല.

ഫ്രഞ്ച് ലിബറല്‍ ദര്‍ശനങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതി ലക്ഷ്യമാക്കി 19-ാം ശ.-ന്റെ രണ്ടാം ദശാബ്ദത്തോടെ രഹസ്യ സമിതികള്‍ രൂപവത്കരിച്ചിരുന്നു. സേച്ഛാധിപത്യ ഭരണത്തിനു പകരം റഷ്യയില്‍ വ്യവസ്ഥാപിത ഭരണം സ്ഥാപിക്കണമെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇത് എപ്രകാരമുള്ളതായിരിക്കണമെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. ഇവരില്‍ ചിലര്‍ ഭരണഘടനാനുസൃതമായ രാജഭരണത്തെ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ ജനാധിപത്യ റിപ്പബ്ളിക്കന്‍ ഭരണമാണ് കാംക്ഷിച്ചത്. സുസംഘടിതമായ പ്രവര്‍ത്തനവും ഇവര്‍ക്കുണ്ടായിരുന്നില്ല.

മക്കളില്ലാതിരുന്ന അലക്സാണ്ടര്‍ 1825 ഡി.-ല്‍ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ആരായിരിക്കാം അടുത്ത അവകാശിയെന്നത് രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കി. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സഹോദരനായ കോണ്‍സ്റ്റാന്റിന്‍ 1822-ല്‍ അധികാരസ്ഥാനം തിരസ്കരിച്ചിരുന്നു. എന്നാല്‍ ഈ വസ്തുത അറിയാതെ ഡിസംബറിസ്റ്റുകള്‍ കോണ്‍സ്റ്റാന്റിനോട് കൂറു പ്രഖ്യാപിക്കുകയാണുണ്ടായത്. ജനസമ്മതനായ കോണ്‍സ്റ്റാന്റിന്‍ ഭരണപരിഷ്കാരങ്ങളോട് അനുഭാവപൂര്‍വമായ സമീപനമായിരിക്കും സ്വീകരിക്കുക എന്ന വിശ്വാസമാണ് ഇദ്ദേഹത്തെ പിന്തുണക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. എന്നാല്‍ കോണ്‍സ്റ്റാന്റിന്‍ ഭരണാവകാശം ഉപേക്ഷിച്ച സാഹചര്യത്തില്‍ നിക്കോളാസ് ആയിത്തീര്‍ന്നു അടുത്ത അവകാശി. ഉദ്യോഗസ്ഥന്മാരും സൈനികരും തന്നോട് കൂറു പ്രഖ്യാപിക്കണമെന്ന് നിക്കോളാസ് ആജ്ഞാപിച്ചു. സേച്ഛാധിപതിയായ നിക്കോളാസിനോട് കൂറു പ്രഖ്യാപിക്കുവാന്‍ ഡിസംബറിസ്റ്റുകള്‍ വിസമ്മതിച്ചു. നിക്കോളാസ് ഒന്നാമന്റെ കിരീടധാരണ സമയത്ത് ഇവരില്‍ ഒരു വിഭാഗം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ കലാപം സംഘടിപ്പിച്ചു. മൂവായിരത്തോളം വരുന്ന സേനാംഗങ്ങളുമായി ഇവര്‍ സെനറ്റ് സ്ക്വയറില്‍ തടിച്ചുകൂടി നിക്കോളാസിനു പകരം കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തിയാകണമെന്ന് ആവശ്യപ്പെട്ടു. കലാപം അടിച്ചമര്‍ത്താന്‍ നിക്കോളാസ് സൈനിക നടപടികള്‍ കൈക്കൊളളുകയുണ്ടായി. തുടര്‍ന്നു നടന്ന വെടിവയ്പില്‍ കുറേപ്പേര്‍ മരണമടയുകയും ചെയ്തു. വിപ്ളവത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ അറസ്റ്റിലുമായി. വിചാരണയെത്തുടര്‍ന്ന് ഡിസംബറിസ്റ്റുകള്‍ തൂക്കിലേറ്റപ്പെടുകയും മറ്റു ധാരാളം പേര്‍ സൈബീരിയയിലേക്ക് നാടു കടത്തപ്പെടുകയും ചെയ്തു.

(ഡോ.ബി. സുഗീത, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍