This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിവിഡന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിവിഡന്റ്

Divident


ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്ന് ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്ന വിഹിതം.

പുതിയതായി ഒരു കമ്പനി തുടങ്ങുമ്പോള്‍ അതിനാവശ്യമായ മൂലധനം പ്രധാനമായും ഓഹരികള്‍ മുഖാന്തരമാണ് സമാഹരിക്കുന്നത്. ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ മേല്‍ ചില അധികാര-അവകാശങ്ങളുണ്ട്. കമ്പനിയുടെ ലാഭവീതത്തിനുള്ള അര്‍ഹതയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഓഹരികളുടെ സ്വഭാവമനുസരിച്ച് ലാഭവിതരണത്തിനുള്ള മാനദണ്ഡങ്ങളും വ്യത്യസ്തമായിരിക്കും. പ്രധാനമായും രണ്ടുതരം ഓഹരികളാണ് കന്വനികള്‍ പുറപ്പെടുവിക്കുന്നത്; സാധാരണ ഓഹരികളും മുന്‍ഗണനാ ഓഹരികളും. സാധാരണ ഓഹരികള്‍ക്ക് കമ്പനിയുടെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം ലാഭമായി നല്‍കുന്നു. നഷ്ടമുണ്ടാകുന്ന വര്‍ഷങ്ങളില്‍ ലാഭവീതം നല്‍കുന്നതല്ല. എന്നാല്‍, മുന്‍ഗണനാ ഓഹരികള്‍ക്ക് ലാഭവീതം നല്‍കുന്നത് കമ്പനിയുടെ ലാഭനഷ്ടക്കണക്കുകളെ ആശ്രയിച്ചല്ല. ലാഭവിഭജനത്തില്‍ മുന്‍ഗണന ലഭിക്കുന്നു എന്നതാണ് ഇത്തരം ഓഹരികളുടെ പ്രത്യേകത. സാധാരണ ഓഹരി ഉടമകള്‍ക്ക് ലാഭവീതം ലഭിക്കുന്നതിനുമുമ്പ് ഒരു മുന്‍നിശ്ചിത നിരക്കില്‍ ലാഭവിഹിതം ലഭിക്കാന്‍ മുന്‍ഗണനാ ഓഹരി ഉടമകള്‍ക്കവകാശമുണ്ട്. ലാഭമായാലും നഷ്ടമായാലും ഒരു നിശ്ചിത ശതമാനം ലാഭം ഈ ഓഹരികളുടെ ഉടമകള്‍ക്ക് ലഭിക്കും. കമ്പനി വമ്പിച്ച ലാഭമുണ്ടാക്കുന്ന വര്‍ഷങ്ങളില്‍ സാധാരണ ഓഹരികള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ലാഭവീതം കിട്ടുമ്പോള്‍ മുന്‍ഗണനാ ഓഹരികള്‍ക്ക് മുന്‍നിശ്ചിതമായ സ്ഥിരശതമാനത്തില്‍ മാത്രമേ ലാഭം കിട്ടുകയുള്ളൂ.

മുന്‍ഗണനാ ഓഹരികള്‍ പലവിധമുണ്ട്. 1. കുടിശ്ശിക മുന്‍ഗണനാ ഓഹരികള്‍, 2. കുടിശ്ശികരഹിത മുന്‍ഗണനാ ഓഹരികള്‍, 3. പങ്കാളിത്ത മുന്‍ഗണനാ ഓഹരികള്‍, 4. പങ്കാളിത്തേതര മുന്‍ഗണനാ ഓഹരികള്‍, 5. സമയബാധ്യതാ ഓഹരികള്‍.

കുടിശ്ശിക മുന്‍ഗണനാ ഓഹരികളിന്‍മേല്‍ നിശ്ചിത ലാഭവിഹിതം കുടിശ്ശികയായി പെരുകുന്നു. അതായത്, മുന്‍കൊല്ലത്തെ ലാഭവീതം കൊടുത്തില്ലെങ്കില്‍ അത് ഇക്കൊല്ലത്തെ ലാഭത്തില്‍ നിന്നും കൊടുത്തു തീര്‍ക്കേണ്ട കുടിശ്ശികയായി കണക്കാക്കുന്നു. ഈ കുടിശ്ശിക കൊടുത്തു തീര്‍ത്തശേഷമേ സാധാരണ ഓഹരികള്‍ക്ക് ലാഭവീതം ലഭിക്കുകയുള്ളൂ. കുടിശ്ശികരഹിത മുന്‍ഗണനാ ഓഹരികളിന്‍മേല്‍ ലാഭവീതം കുടിശ്ശികയായി വളരുന്നില്ല. എന്നാല്‍, ലാഭവിഭജനത്തില്‍ ഈ ഓഹരികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത ലാഭവിഹിതം ലഭിച്ചതിനുശേഷവും സാധാരണ ഓഹരിയുടമകള്‍ക്ക് കൊടുത്തു ബാക്കിയുള്ള ലാഭത്തിലും പങ്കുപറ്റാനവകാശമുള്ള ഓഹരികളാണ് പങ്കാളിത്ത മുന്‍ഗണനാ ഓഹരികള്‍. എന്നാല്‍, ഇതിന് കമ്പനിയുടെ നിയമാവലിയില്‍ പ്രത്യേക വ്യവസ്ഥയുണ്ടായിരിക്കേണ്ടതാവശ്യമാണ്. പങ്കാളിത്തേതര മുന്‍ഗണനാ ഓഹരികള്‍ക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല. സമയ ബാധ്യതാ ഓഹരികള്‍ക്ക്, കമ്പനി പ്രത്യേകം രൂപീകരിക്കുന്ന 'മൂലധന ബാധ്യതാനിധി'യില്‍ നിന്നും ലാഭവീതം ലഭിക്കുന്നു. കമ്പനി പിരിച്ചുവിടുമ്പോഴാണ്, സാധാരണഗതിയില്‍ മൂലധനം തിരികെ നല്‍കുന്നത്. കമ്പനി പിരിച്ചുവിട്ടാലുമില്ലെങ്കിലും ഒരു നിശ്ചിതകാലയളവിനുശേഷം തിരിച്ചുകൊടുക്കേണ്ട ഓഹരികളെയാണ് സമയബാധ്യതാ ഓഹരികള്‍ എന്നു പറയുന്നത്.

സാധാരണ ഓഹരികള്‍ക്കും മുന്‍ഗണനാ ഓഹരികള്‍ക്കും ലാഭവീതം നല്‍കിയതിനുശേഷം മാത്രം ലാഭവീതം നല്‍കിയാല്‍ മതിയാവുന്ന ഓഹരികളുമുണ്ട്. ഇത് സാധാരണയായി കമ്പനിയുടെ സംഘാടകര്‍ തന്നെ കൈവശം വയ്ക്കുകയാണ് പതിവ്. വന്‍തോതില്‍ ആദായമോ ലാഭമോ കിട്ടുന്ന വര്‍ഷങ്ങളില്‍ മറ്റു രണ്ടു ഓഹരികള്‍ക്കും കൊടുക്കേണ്ട ലാഭവീതത്തിനുശേഷം അവശേഷിക്കുന്ന എല്ലാ ആദായവും ലാഭവും ഇപ്രകാരം സംഘാടകന്റെ കൈവശമുള്ള ഓഹരികള്‍ക്ക് കിട്ടുന്നു.

ഓഹരി വാറണ്ടിനോടൊപ്പം ലാഭവീതരസീതും നല്‍കുകയാണ് പതിവ്. നിര്‍ദിഷ്ട ഓഹരികളിന്‍മേല്‍ 'കൈവശ'ക്കാരന് അവകാശമുണ്ടെന്നു കമ്പനി സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് 'ഓഹരി വാറണ്ട്'. വാറണ്ടിന്റെ കൈവശക്കാരന് ലാഭവീതം ലഭിക്കാനുള്ള അര്‍ഹതയുണ്ട്. കമ്പനി ലാഭവീതം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ നിശ്ചിത തീയതിക്കകം ഈ രസീത് ഹാജരാക്കിയാല്‍ മതിയാകും. ലാഭവീതം സാധാരണയായി പണമായിട്ടാണ് നല്‍കുക. കൂടുതല്‍ ഓഹരികള്‍ക്കുള്ള ഉടമസ്ഥാവകാശമായും ഡിവിഡന്റ് നല്‍കാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍