This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിറ്റണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിറ്റണി

Dittany

ഔഷധസസ്യം. റൂട്ടേസി (Rutaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ. നാ. ഡിക്ടാംനസ് അല്‍ബസ് (Dictamnus albus). ജപ്പാന്‍, സൈബീരിയ, ഫ്രാന്‍സ്, സ്പെയിന്‍, യൂറോപ്പിന്റെ വ. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, ഏഷ്യയുടെ കിഴക്കു ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതു ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയില്‍ ഹിമാലയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കാശ്മീര്‍ മുതല്‍ കുനവേര്‍ (Kunawer) വരെയുള്ള പ്രദേശങ്ങളിലെ ഉയരംകൂടിയ മലകളിലെ കുറ്റിക്കാടുകളിലും ഡിറ്റണി വളരുന്നുണ്ട്.

ഡിക്ടാംനസ് ആല്‍ബസ്

ഡിറ്റണി ചിരസ്ഥായിയായി വളരുന്ന തീക്ഷണഗന്ധമുള്ള കുറ്റിച്ചെടിയാണ്. 30-60 സെ.മീ വരെ ഉയരത്തില്‍ ഇത് വളരും. ഇതിന്റെ കാണ്ഡം ബലിഷ്ഠമായതും ധാരാളം ശാഖോപശാഖകളോടു കൂടിയതുമാണ്. കാണ്ഡത്തിലും ഇലകളിലും ബാഷ്പശീല തൈലഗ്രന്ഥികളുടെ ചെറിയ പൊട്ടുകള്‍ പോലെയുള്ള അടയാളങ്ങള്‍ കാണപ്പെടുന്നു. 15-30 സെ.മീ. നീളമുള്ള ഇലകളില്‍ 9-15 അവൃന്ത പര്‍ണകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. കുന്താകാരത്തില്‍ 5-10 സെ.മീ. നീളമുള്ള പര്‍ണകങ്ങള്‍ ദന്തുരമാണ്.

ശാഖാഗ്രങ്ങളില്‍ 15-30 സെ.മീ. നീളത്തിലുള്ള അസീമാക്ഷ (raceme) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ ആകര്‍ഷകവും വെളുപ്പോ, പാടലവര്‍ണത്തിലോ ഉള്ളതുമായിരിക്കും. 2.5-3.8 സെ.മീ. നീളമുള്ള പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. ചിരസ്ഥായിയായ, നേരിയ കുന്താകാരത്തിലുള്ള അഞ്ചുബാഹ്യദളങ്ങളുണ്ട്. വിസ്തൃതമായ അഞ്ചുദളങ്ങളും ബാഹ്യദളങ്ങളെക്കാള്‍ വളരെ നീളക്കൂടുതലുള്ളതും കുന്താകാരത്തിലുള്ളതുമാണ്. ദളങ്ങളുടെ നീളം തന്നെയുള്ള പത്തു കേസരങ്ങളുണ്ട്. കേസരതന്തുക്കള്‍ രോമിലവും, ഗ്രന്ഥികളുള്ളതും ശുകാഗ്രമുള്ളതുമാണ്. അണ്ഡാകൃതിയിലുള്ള അണ്ഡാശയം ഗ്രന്ഥീമയ രോമങ്ങളുള്ളതിനാല്‍ പരുപരുപ്പുള്ളതായിരിക്കും. അണ്ഡാശയത്തിന് അഞ്ചുകോശങ്ങളുണ്ടായിരിക്കും; ഓരോ കോശത്തിലും മൂന്നോ നാലോ ബീജാണ്ഡങ്ങളും. വര്‍ത്തിക നീളം കൂടിയതും സരളവുമാണ്. ഫലങ്ങളുടെ ഒരറ്റം ചുണ്ടുപോലെ അല്പം വളഞ്ഞിരിക്കും. 1.2 സെ.മീറ്ററോളം നീളമുള്ള ഫലങ്ങള്‍ ഘനരോമിലമാണ്. ഓരോ ഫലത്തിലും തിളക്കമുള്ള കറുപ്പു നിറത്തോടുകൂടിയ രണ്ടോ മൂന്നോ വിത്തുകളുണ്ടായിരിക്കും.

വേരിന്റെ തൊലി തീക്ഷണ ഗന്ധമുള്ളതാണ്. ഇത് നാഡീരോഗങ്ങള്‍, ഇടവിട്ടുള്ള പനി, അനാര്‍ത്തവം, ഹിസ്റ്റീരിയ എന്നീ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു, ഇന്‍ഡോചൈനയില്‍ വേരിന്റെ തൊലികൊണ്ട് ചൊറിക്കും മറ്റുത്വഗ്രോഗങ്ങള്‍ക്കും ഔഷധങ്ങളുണ്ടാക്കുന്നുണ്ട്. ജ്വരം ശമിപ്പിക്കാനുതകുന്ന ഔഷധങ്ങളും വേദനസംഹാരികളും ഉണ്ടാക്കാനും വേരിന്റെ തൊലി ഉപയോഗിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍