This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിയാമ്ലെര്‍ ബെന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിയാമ്ലെര്‍ ബെന്‍സ്

Daimler Benz

വിഖ്യാതമായ മെഴ്സിഡസ്-ബെന്‍സ് വാഹനങ്ങളുടെ നിര്‍മാണക്കമ്പനി. ജര്‍മനിയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍മാരായിരുന്ന കാള്‍ ഫെഡ്റീഷ് ബെന്‍സും (1844-1929) ഗോട്ട്ലെയ്ബ് ഡിയാമ്ലെറുമാണ് (1834-1900) ഈ കമ്പനിയുടെ സ്ഥാപകര്‍. ഡിയാമ്ലെറും ബെന്‍സും വാഹനനിര്‍മാണ വ്യവസായം സ്വതന്ത്രമായിട്ടാണ് ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ പെട്രോള്‍ വാഹനം നിര്‍മിച്ചത് ബെന്‍സ് ആണ്. 1885-ല്‍ പെട്രോള്‍ ഉപയോഗിച്ച് ഓടുന്ന ബെന്‍സ്കാര്‍ രൂപകല്പന ചെയ്തു പുറത്തിറക്കി. 1895-ല്‍ ബെന്‍സ് നാലുചക്ര വാഹനങ്ങള്‍ക്കു രൂപം നല്‍കി. 1886-ല്‍ കാര്‍ നിര്‍മാണത്തിനുള്ള പേറ്റന്റ് അവകാശം ബെന്‍സിനു ലഭിച്ചിരുന്നു. 1900 ആയപ്പോഴേക്കും ബെന്‍സ് കമ്പനി യൂറോപ്പിലെ ഏറ്റവും വലിയ വാഹനനിര്‍മാണക്കമ്പനിയായി വളര്‍ന്നു. 1886-ല്‍ തന്നെ ഡിയാമ്ലെറും കാര്‍ നിര്‍മാണം ആരംഭിച്ചിരുന്നു. 1890-ല്‍ ഇദ്ദേഹം ഡിയാമ്ലെര്‍ മോട്ടോര്‍ കമ്പനി സ്ഥാപിച്ചു. ഈ കമ്പനിയാണ് മെഴ്സിഡസ് കാറുകള്‍ വിപണിയിലിറക്കിയത്.

'ഈശ്വരപ്രീതി' എന്നര്‍ഥം വരുന്ന ഒരു സ്പാനിഷ് ക്രൈസ്തവ പദമാണ് മെഴ്സിഡസ്. ഡിയാമ്ലെറുടെ സുഹൃത്തും ആസ്റ്റ്രിയന്‍ വ്യവസായിയുമായ എമില്‍ ജെല്ലിനെക്കിന്റെ മകളുടെ പേരും മെഴ്സിഡസ് എന്നായിരുന്നു. ജെല്ലിനെക്കിന്റെ നിര്‍ദേശപ്രകാരമാണ് ഡിയാമ്ലെര്‍ തന്റെ കാറിന് മെഴ്സിഡസ് എന്ന പേരിട്ടത്. 1901-ലെ കാറോട്ട മത്സരത്തില്‍ ഉപയോഗിക്കപ്പെട്ടതോടെ, മെഴ്സിഡസ് വാഹനത്തിന്റെ പ്രശസ്തി രാജ്യാന്തരതലത്തിലേക്കുയര്‍ന്നു. അതോടെ, വാഹനവ്യവസായരംഗത്ത് ഒരു 'മെഴ്സിഡസ് യുഗ'ത്തിനു തുടക്കമായി. 'മൂന്നഗ്രങ്ങളുള്ള നക്ഷത്രം' എന്ന ചിഹ്നം മെഴ്സിഡസിന്റെ വ്യാപാരമുദ്രയായി സ്വീകരിച്ചത് 1909-ലാണ്. ഇന്നു ലോകമെമ്പാടും മെഴ്സിഡസ് ബെന്‍സ് കാര്‍ അറിയപ്പെടുന്നത് 'നക്ഷത്രത്തോടുകൂടിയ കാര്‍' എന്നാണ്.

ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പല വാഹനനിര്‍മാതാക്കളും തകരുകയും ചില കമ്പനികള്‍ മറ്റു കമ്പനികളുമായി ലയിക്കുകയും ചെയ്തു. ഇതിനകംതന്നെ അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ചു കഴിഞ്ഞിരുന്ന ഡിയാമ്ലെറും ബെന്‍സും 1926-ല്‍ ലയനക്കരാറില്‍ ഒപ്പുവയ്ക്കുകയും ഒറ്റക്കമ്പനിയായി മാറുകയും ചെയ്തു. 'ഡിയാമ്ലെര്‍ ബെന്‍സ് എ. ജി.' എന്ന് കമ്പനിയെ പുനര്‍നാമകരണം ചെയ്തു. രണ്ടു കമ്പനികളുടേയും ചരിത്രത്തെ പ്രതീകവല്‍ക്കരിക്കുന്നതിനുവേണ്ടി മെഴ്സിഡസ്-ബെന്‍സ് എന്ന സംയുക്തനാമവും മൂന്നഗ്രങ്ങളുള്ള നക്ഷത്രവും ട്രേഡ്മാര്‍ക്കായി സ്വീകരിച്ചു. വാഹനഗതാഗതരംഗത്തെ പാരമ്പര്യത്തിന്റേയും ആധുനികതയുടേയും പര്യായമായിട്ടാണ് മെഴ്സിഡസ് ബെന്‍സ് അറിയപ്പെടുന്നത്. മെഴ്സിഡസ് നക്ഷത്രത്തെ ഗുണമേന്മ, സാങ്കേതിക മികവ്, സുരക്ഷിതത്വം, സഞ്ചാരസുഖം എന്നിവയുടെ പ്രതീകമായി കണക്കാക്കിവരുന്നു.

യൂറോപ്പ്, വ. അമേരിക്ക, ലാറ്റിനമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ഏഷ്യ, തെക്കുകിഴക്കനേഷ്യ, ആസ്റ്റ്രേലിയ തുടങ്ങിയ പ്രദേശങ്ങളില്‍ മെഴ്സിഡസ് ബെന്‍സിന്റെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തെ 190 രാജ്യങ്ങളില്‍ മെഴ്സിഡസ് ബെന്‍സ് വാഹനങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. ഇവര്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും പ്രശസ്തമായിട്ടുള്ളത് കാറുകളാണ്. സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ് എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മെഴ്സിഡസ്-ബെന്‍സ് കാറുകള്‍ വിപണിയിലെത്തിക്കുന്നത്. ആഡംബരത്തിന്റേയും സഞ്ചാരസുഖത്തിന്റേയും അവസാനവാക്ക് എന്നാണ് ഈ കാറുകള്‍ അറിയപ്പെടുന്നത്. ഈ മൂന്നു വിഭാഗങ്ങളില്‍ ഏറ്റവും വിലയേറിയത് എസ്-ക്ളാസ് കാറുകളാണ്. 1998-ല്‍ പുറത്തിറക്കിയ ഈ കാര്‍, ലോകത്തെ ആഡംബരകാര്‍ വിപണിയുടെ ഗണ്യമായൊരു പങ്ക് നേടിക്കഴിഞ്ഞു. പശ്ചിമ യൂറോപ്പില്‍ പുതിയ കാര്‍ രജിസ്ട്രേഷനുകളുടെ 46%-വും അമേരിക്കയില്‍ 40%-വും ജപ്പാനില്‍ 58%-വും മെഴ്സിഡസ് ബെന്‍സ് കാറുകളുടേതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലെല്ലാം കൂടി 1,99,000 തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്. കാറുകള്‍ക്കുപുറമേ ട്രാക്ടറുകള്‍, ട്രക്കുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നീ വിഭാഗങ്ങളിലുള്ള വാഹനങ്ങളും ഡിയാമ്ലെര്‍-ബെന്‍സ് കമ്പനി നിര്‍മിക്കുന്നുണ്ട്. കാറോട്ടമത്സരങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ബെന്‍സ് കാറുകളാണ്.

ഇന്ത്യയില്‍ ഡിയാമ്ലെര്‍ ബെന്‍സിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 1994-ലാണ്. പൂനെയില്‍ സ്ഥാപിച്ച മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഡിയാമ്ലെര്‍ ബെന്‍സിന്റെ നൂറുശതമാനം ഓഹരി ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയിലെ ആഡംബര വിഭാഗത്തിലെ മുഖ്യ ഉത്പ്പാദനകേന്ദ്രമായി മാറിയിട്ടുണ്ട് ബെന്‍സ് കമ്പനി. 2000 ജനു.-ല്‍ ഇ-ക്ലാസിലെ പെട്രോള്‍-ഡീസല്‍ കാറുകള്‍ വിപണിയിലിറക്കുകയുണ്ടായി. 2000 സെപ്.-ല്‍ ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍പ്പെടുന്ന എസ്-ക്ലാസ് കാറുകളും വിപണിയിലെത്തിച്ചു. തുടര്‍ന്ന് താരതമ്യേന താഴ്ന്ന വിഭാഗത്തില്‍പ്പെടുന്ന സി-ക്ലാസ് കാറുകളും മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ ലിമിറ്റഡ് നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍